കരുവന്നൂർ ബാങ്കിൽ ആർക്കാണ് പ്രശ്നം !!!


എം.ബി. ബാബു

കരുവന്നൂർ സഹകരണ ബാങ്ക്| Photo: File Mathrubhumi

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സാമൂഹികമാധ്യമങ്ങളിലൂടെ മുട്ടാപ്പോക്ക് വിശദീകരണം നൽകിയും മാധ്യമങ്ങളെ പഴിച്ചും തടിതപ്പാനാണ്‌ ബന്ധപ്പെട്ടവരുടെ ശ്രമം. ‘കരുവന്നൂർ ബാങ്കിൽ എന്താണ് പ്രശ്നം’ എന്ന തലക്കെട്ടോടുകൂടിയ കുറിപ്പാണ് പ്രചരിപ്പിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ടുള്ള വാർത്തകളിൽ സാധാരണക്കാർക്കുണ്ടാകുന്ന രോഷം ശമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വിശദമായ കുറിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. ചോദ്യോത്തര രീതിയിൽ നൽകിയിരിക്കുന്ന വിശദീകരണങ്ങളിൽ മിക്കതും വ്യാജ വാദങ്ങളാണ്. യാഥാർഥ്യം എന്തെന്നു പരിശോധിക്കാം.

വ്യാജ വാദം
ബാങ്കിലെ ഭൂരിപക്ഷം വായ്പകളും ആ ബാങ്കിലെ വോട്ടവകാശമുള്ള എ-ക്ലാസ് അംഗങ്ങൾക്ക് തന്നെയാണ് നൽകിയിട്ടുള്ളത്.

യാഥാർഥ്യം
ബാങ്ക് ജീവനക്കാരനായ കിരൺ സി-ക്ലാസ് അംഗത്വമെടുത്ത് 52 ആളുകളുടെപേരിൽ 36.33 കോടി വായ്പയെടുത്തു. ബാങ്ക് അക്കൗണ്ടന്റായ സി.കെ. ജിൽസിന് ബാങ്കിൽ മൂന്ന് സി-ക്ലാസ് അംഗത്വമെടുത്ത് 5.49 കോടിയും റബ്‌കോ ഏജൻസിയുടെ കമ്മിഷൻ ഏജന്റായിരുന്ന ബിജോയി 35.09 കോടിയും തട്ടി (സഹകരണ ഉന്നതതല കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് പേജ്-4).

വ്യാജ വാദം
312 കോടിയുടെ തട്ടിപ്പ് എന്നത് പെരുപ്പിച്ച കണക്കാണ്. 312 കോടി ആ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ തുകയാണ്. മൊത്തം വിഴുങ്ങി എന്ന് പ്രചരിപ്പിക്കുകയാണ്.

യാഥാർഥ്യം
312.71 കോടി നിക്ഷേപവും 381.45 കോടി വായ്പയുമുള്ള കരുവന്നൂർ ബാങ്കിൽ 219.34 കോടിയുടെ തട്ടിപ്പുനടന്നിട്ടുണ്ട്. (സഹകരണ ഉന്നതതല കമ്മിറ്റിയുടെ അന്തിമറിപ്പോർട്ട് പേജ്-45).

വ്യാജ വാദം
അഴിമതിക്ക് കൂട്ടുനിന്ന ഭരണസമിതിയും ഉദ്യോഗസ്ഥരും ഓഡിറ്റ് വകുപ്പ് ജീവനക്കാരും നടപടി നേരിടുന്നുണ്ട്.

യാഥാർഥ്യം
ആദ്യം അറസ്റ്റിലായ ആറുപ്രതികളിൽ നാലുപേരും പുറത്തിറങ്ങി. അറസ്റ്റിലായ 10 ഭരണസമിതിയംഗങ്ങളും പുറത്തിറങ്ങി. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയില്ല. കേസെടുത്തിട്ട് ഒരുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയില്ല. സസ്പെൻഡ് ചെയ്യപ്പെട്ട 17 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.

വ്യാജ വാദം
മാനദണ്ഡം പാലിക്കാതെ വായ്പനൽകിയാൽ നിക്ഷേപകർ വന്നാൽ പണം പിൻവലിക്കാൻ ഉണ്ടാകാതെവരും. ആ പണമെല്ലാം ദീർഘകാല വായ്പകൾ ആയി പലരുടെയും കൈയിലായിരിക്കും.

യാഥാർഥ്യം
2018-’19ൽ ബാങ്കിന് 401.78 കോടിയുടെ നിക്ഷേപവും 437.71 കോടി വായ്പയുമുണ്ട്. നിക്ഷേപങ്ങളുടെ 70 ശതമാനംവരെ മാത്രമേ വായ്പ അനുവദിക്കാവൂ എന്നിരിക്കേ 110 ശതമാനത്തിലേറെ വായ്പയായി നൽകി (2018-’19ലെ ഓഡിറ്റ് റിപ്പോർട്ട്).

വ്യാജ വാദം
ബാങ്കിന് ലിക്വിഡിറ്റി ക്രൈസിസ് വന്നാൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. ആദ്യം വരുന്നവരോ സ്വാധീനം ഉള്ളവരോ മാത്രം പണംവാങ്ങി പോകാതിരിക്കാനാണിത്.

യാഥാർഥ്യം
2015-’16 സാമ്പത്തികവർഷം 501 കോടിയുടെ നിക്ഷേപമുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2020-’21ൽ നിക്ഷേപം 301 കോടിയായി. അഞ്ചുവർഷത്തിൽ 200 കോടിയാണ് പിൻവലിച്ചത് (2020-’21ലെ ഓഡിറ്റ് റിപ്പോർട്ട്). സ്വാധീനമുള്ളവർക്ക് തട്ടിപ്പുകാരും പാർട്ടിക്കാരും വിവരംനൽകി സഹായിച്ചു എന്നാണ് ആരോപണം.

വ്യാജവാദം
ബാങ്കിനെപ്പറ്റി കേൾക്കുമ്പോൾ നിക്ഷേപകർക്ക് ഉണ്ടാകുന്ന ഭീതി മറികടക്കാൻകൂടിയാണ് ഇത്തരം നിയന്ത്രണങ്ങൾ. ക്രമേണ പിൻവലിക്കൽ തോത് ഉയർത്തും.

യാഥാർഥ്യം
കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിച്ച 2021 ജൂലായ്‌മുതൽ നിക്ഷേപകർക്ക് ആഴ്ചയിൽ 10,000 രൂപ നൽകിയിരുന്നു. സെപ്റ്റംബറിൽ ഇത് മാസത്തിലൊരിക്കലാക്കി. നവംബർ 15 മുതൽ ഇത് 45 ദിവസത്തിലൊരിക്കലാക്കി. ഡിസംബർ 20 മുതൽ മൂന്നുമാസത്തിലൊരിക്കലാക്കി. ഇപ്പോഴിത് നാലുമാസത്തിൽ ഒരിക്കലാണ്.

വ്യാജ വാദം
നിക്ഷേപകർക്ക് പണം പെട്ടെന്ന് നൽകണമെന്ന കാര്യംവന്നപ്പോൾ ആദ്യം ആലോചിച്ചത് കൺസോർഷ്യമാണ്. എന്നാൽ, റിസർവ് ബാങ്ക് അനുമതി ലഭിച്ചില്ല.

യാഥാർഥ്യം
കൺസോർഷ്യം കാര്യം തൃശ്ശൂർ ജില്ലാതലത്തിലാണ് ചർച്ചചെയ്തത്. എല്ലാ സഹകരണസംഘങ്ങളും 50 ലക്ഷംവരെ നൽകി സഹായിക്കണമെന്ന് സഹകരണവകുപ്പ് കത്തയച്ചപ്പോൾ അർബൻബാങ്കുകളെ ഇതിൽനിന്ന് വിലക്കുക മാത്രമാണ് റിസർവ് ബാങ്ക് ചെയ്തത്.

വ്യാജ വാദം
ഇപ്പോൾ സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരളബാങ്ക് മുഖേന 25 കോടിയുടെ ഓവർ ഡ്രാഫ്റ്റും 10 കോടിയുടെ വായ്പയും നൽകും.

യാഥാർഥ്യം
കേരളബാങ്കിൽ കരുവന്നൂർ ബാങ്ക് 36.92 കോടിയുടെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. (സഹകരണ ഉന്നതതല കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട്-പേജ് നാല്). ഇത് തിരിച്ചുപിടിക്കാനായി കേരള ബാങ്ക് കരുവന്നൂർ ബാങ്കിന്റെ ഉറപ്പുള്ള വായ്പകൾ ഏറ്റെടുക്കുകയാണ്.

വ്യാജ വാദം
ബാങ്കിന്റെ ആസ്തിയുമായി തട്ടിച്ചുനോക്കുമ്പോൾ എളുപ്പം കരകയറാവുന്ന താത്കാലികപ്രശ്നം മാത്രമാണിത്.

യാഥാർഥ്യം
കരുവന്നൂർ ബാങ്കിലെ സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യം-8.07 കോടിമാത്രം (സഹകരണ ഉന്നതതല കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട്-പേജ് നാല്).

വ്യാജ വാദം
കരുവന്നൂർ സംഭവത്തിൽ സർക്കാർ ഇടപെട്ടു. ഭരണസമിതിയെ മാറ്റി അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. റിക്കവറിനടപടികൾ പുരോഗമിക്കുന്നു.

യാഥാർഥ്യം
2011-’12 വർഷംമുതൽ കരുവന്നൂർ ബാങ്കിൽ വായ്പനൽകുന്നതിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. എന്നാൽ, നടപടികളുണ്ടായില്ല (സഹകരണ ഉന്നതതല കമ്മിറ്റിയുടെ അന്തിമറിപ്പോർട്ട്-പേജ് 24). കേസെടുത്തിട്ട് ഒരുവർഷം കഴിഞ്ഞിട്ടും റിക്കവറി നടന്നില്ല.

വ്യാജ വാദം
സഹകരണ മന്ത്രി പറഞ്ഞത് നിക്ഷേപം തിരികെനൽകാനാകാത്ത 164 സഹകരണ സംഘങ്ങൾ എന്നാണ്. ഭൂരിപക്ഷവും ബാങ്കിങ്‌ ബിസിനസ് ചെയ്യുന്നവയല്ല.

യാഥാർഥ്യം
സഹകരണ നിയമത്തിൽ രൂപവത്കരിക്കുന്നവയെല്ലാം സഹകരണ സംഘങ്ങളാണ്. എല്ലാം ഒരേരീതിയിൽ പ്രവർത്തിക്കുന്നവ. ചില സ്ഥാപനങ്ങൾ പേരിനോടൊപ്പം ബാങ്ക് എന്നു ചേർക്കുന്നു എന്നുമാത്രം.

വ്യാജ വാദം
ബാങ്ക് മെമ്പർ എന്നനിലയിൽ ബാലൻസ് ഷീറ്റ് പരിശോധിച്ച് പൊതുയോഗത്തിൽ ചോദ്യംചെയ്യണം.

യാഥാർഥ്യം
ഇത്തരത്തിൽ കരുവന്നൂർ ബാങ്കിൽ ചോദ്യംചെയ്ത മാടായിക്കോണം സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. കണ്ടാരംതറ ബ്രാഞ്ച് സെക്രട്ടറിയും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ വി.എ. സുരേഷിനെയും പാർട്ടിയിൽനിന്ന് പുറത്താക്കി.

വ്യാജ വാദം
ബാങ്ക് പൊളിഞ്ഞാൽ ഏറ്റവും കൂടുതൽ സഹിക്കേണ്ടിവരുക ജീവനക്കാർ ആയിരിക്കും. ശമ്പളം കിട്ടാതിരിക്കുകയോ കുറയുകയോ ചെയ്യും.

യാഥാർഥ്യം
കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് വകുപ്പുതലത്തിൽ ചൂണ്ടിക്കാണിച്ച ബ്രാഞ്ചിന്റെ ചുമതലയുള്ള അക്കൗണ്ടന്റ് വി.എ. സുരേഷിനെ 2015 നവംബർ ഏഴിന് സസ്പെൻഡ് ചെയ്തു. 2020 ഓഗസ്റ്റ് 11-ന് പിരിച്ചുവിട്ടു.

വ്യാജ വാദം
സഹകരണമേഖല തകർക്കാൻ ഗൂഢാലോചന യുണ്ട്. പെരുപ്പിച്ച കണക്കുകളുമായി വാർത്തകൊടുത്ത് നിക്ഷേപകരെ ഭീതിയിലാക്കുന്നത് മേഖലയിലെ വിശ്വാസം തകർക്കാനാണ്.

യാഥാർഥ്യം
2011 മുതൽ ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നുകാണിച്ച് 2019 നവംബർ 18-ന് കിട്ടിയ പരാതിയിൽ ഡെപ്യൂട്ടി രജിസ്‌ട്രാർ 2020 മാർച്ച് 31-ന് സമർപ്പിച്ച അന്വേഷണറിപ്പോർട്ടിൽ തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് കാണിച്ചത്. ബാങ്കിനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കണം . (സർക്കാർ നിയോഗിച്ച ഉന്നതതല സമിതി 2021 ഒക്ടോബർ 10-ന് സമർപ്പിച്ച അന്തിമറിപ്പോർട്ട് -പേജ് 27).

Content Highlights: karuvannur bank

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..