കെ-ഫോൺ ഒരു നിശ്ശബ്ദവിപ്ളവം


2 min read
Read later
Print
Share

.

? കേരളത്തിലെ 20 ലക്ഷത്തോളം ബി.പി. എൽ. കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്നതാണല്ലോ കെ- ഫോണിലൂടെ സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്

= അതെ. സർക്കാർ വിചാരിച്ചാൽ പടിപടിയായി അതു നൽകാനാവും. ആദ്യ ഘട്ടത്തിൽ 14,000 ബി.പി. എൽ. കുടുംബങ്ങൾക്കും 30,000 -ത്തോളം സർക്കാർ ഓഫീസുകളിലും സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. വാണിജ്യപരമായ സേവനംകൂടി കണക്കിലെടുത്താൽ നിലവിൽ ഒന്നരലക്ഷം പേർക്ക് കണക്‌ഷൻ നൽകാനാവും. ഭാവിയിൽ 40 ലക്ഷം വരെ ഉയർത്താനുള്ള ശേഷി നിലവിലുള്ള സംവിധാനത്തിനുണ്ട്. കൂടുതൽ ആവശ്യക്കാർ വരുന്ന മുറയ്ക്ക് കൂടുതൽ നിക്ഷേപം നടത്തേണ്ടിവരും. ഒരു സൗജന്യ കണക്‌ഷന് ഒരുമാസം ശരാശരി 300 രൂപവരെ സർക്കാരിന് ചെലവു വരുന്നുണ്ട്. വീടുകളിലേക്ക് കേബിൾ വലിക്കാൻവരെ ഒരു പൈസപോലും വാങ്ങാതെയാണ് ബി.പി.എൽ. കണക്‌ഷൻ നൽകിവരുന്നത്. വിപണിയിൽനിന്ന് കെ-ഫോണിന് കൂടുതൽ വരുമാനം വരുന്നമുറയ്ക്ക് കൂടുതൽ സൗജന്യ കണക്‌ഷനുകൾ നൽകാനാവും.

? ഒരു സ്വകാര്യ ഐ.എസ്.പി. യും ( ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ) കെ-ഫോണും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം എന്താണ്

= ഒന്നുമില്ല. മറ്റേതൊരു ഐ.എസ്.പി. നൽകുന്ന എല്ലാ സേവനങ്ങളും ഭാവിയിൽ കെ-ഫോണിലൂടെ ലഭ്യമാവും. ടെലിവിഷൻ ഉൾപ്പെടെ. ആദ്യ ഘട്ടത്തിലെ 14,000 കണക്‌ഷനുകൾ കേരള വിഷനാണ് വീടുകളിൽ എത്തിക്കുന്നത്. ഭാവിയിൽ ആ ഉത്തരവാദിത്വവും കെ-ഫോൺ ഏറ്റെടുക്കും. നിലവിൽ കേബിളിലൂടെയുള്ള ഫൈബർ ടു ഹോം കണക്‌ഷനുകളാണ് നൽകുന്നതെങ്കിലും ഭാവിയിൽ വയർലെസ് ഇന്റർനെറ്റ് നൽകാനും പദ്ധതിയുണ്ട്. കേരളത്തിൽ ഏറ്റവും ബൃഹത്തായ കേബിൾ ശൃംഖലയുള്ളത് കെ-ഫോണിനായിരിക്കും. കുന്നുകളും കാടുകളുമടങ്ങുന്ന ലാഭകരമല്ലാത്ത പ്രദേശങ്ങളെ സ്വകാര്യ സംരംഭകർ അവഗണിക്കുമ്പോൾ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തുമെന്നതാണ് കെ-ഫോണിന്റെ മറ്റൊരു പ്രത്യേകത.

? കടുത്ത മത്സരം നടക്കുന്ന ഇന്റർനെറ്റ് വിതരണമേഖലയിൽ സ്വകാര്യ സംരംഭകരുമായി മത്സരിച്ച് കെ-ഫോൺ എന്ന പൊതുമേഖലാ സ്ഥാപനത്തിന് പിടിച്ചുനിൽക്കാനാവുമെന്നുറപ്പുണ്ടോ കേരളത്തിന്റെ അനുഭവം മറിച്ചാണ്.

= സർക്കാരിന്റെ പൂർണ പിന്തുണ ലഭിക്കുകയാണെങ്കിൽ ഒരുവർഷംകൊണ്ട് കെ-ഫോണിനെ 500 കോടി വരവുള്ള കമ്പനിയായി മാറ്റാമെന്ന ആത്മവിശ്വാസമുണ്ട്. വൻസാധ്യതകളാണ് കെ-ഫോൺ തുറന്നിട്ടിരിക്കുന്നത്. 30,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ, കെ.എസ്.ഇ.ബി.യുടെ 376 സബ്‌സ്റ്റേഷനുകളിൽ കെ-ഫോണിന്റെ പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി.) സംവിധാനം, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററിൽനിന്ന് ബന്ധിപ്പിക്കുന്ന 14 കോർ പോപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ ഇത്ര വിപുലമായ ശൃംഖല രാജ്യത്തെ ഒരു സ്വകാര്യ സംരംഭകർക്കും അവകാശപ്പെടാനാവില്ല. കെ-ഫോൺ ഒരു സേവനദാതാവ് മാത്രമല്ല, മറ്റുള്ള സേവന ദാതാക്കൾക്ക് ശൃംഖല പാട്ടത്തിന് നൽകാനാവുന്ന വെണ്ടർ ന്യൂട്രൽ ഫൈബർ നെറ്റ്‌വർക്കുകൂടിയാണ്. അനേകം സ്രോതസ്സുകളിൽനിന്ന് കെ-ഫോൺ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. 5000-ത്തോളം വാണിജ്യ അപേക്ഷകർ ഇതിനകം കെ-ഫോണിന്റെ ആപ്പിൽ രജിസ്റ്റർ ചെയ്തു എന്നതുതന്നെ ഇതിന്റെ സാധ്യതകളല്ലേ വെളിപ്പെടുത്തുന്നത്.

? പദ്ധതിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ

= കെ-ഫോണിനെക്കുറിച്ച് പുറത്തു പ്രചരിക്കുന്നതിൽ 90 ശതമാനവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ഇത്രയും സുതാര്യമായി നടപ്പാക്കിയ ഒരു പദ്ധതി മറ്റെങ്ങുമുണ്ടാവില്ല. അത്ര കൃത്യമായ മാനദണ്ഡങ്ങളാണ് (ആർ.എഫ്.പി.) ഇതിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്രസർക്കാർ നവരത്ന കമ്പനിയായി പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുന്നതും പരിപാലനം ചെയ്യുന്നതും. എസ്.ആർ.ഐ.ടി., റെയിൽ ടെൽ, എൽ.എസ്. കേബിൾസ് എന്നീ കമ്പനികൾ ആ കൺസോർഷ്യത്തിന്റെ ഭാഗമാണ്. കെ-ഫോണിന് ഈ കമ്പനികളുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. ഓരോ പ്രവൃത്തിയുടെയും ബിൽ തരുന്നതുപോലും ബെൽ ആണ്. മൂന്നും നാലും തല പരിശോധനകൾ നടത്തിയാണ് ബില്ലുകൾ പാസാക്കുന്നത്. ഗുഡ്ഗാവിൽ നിർമിക്കുന്ന എൽ.എസ്. കേബിൾസിന്റെയും ചെന്നൈയിൽ നിർമിക്കുന്ന സ്റ്റെർലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ, കഴിഞ്ഞ അഞ്ചുമാസമായി സി.എ.ജി.യുടെ ഓഡിറ്റിങ് നടന്നുവരുകയാണ്.

Content Highlights: kfon a silent revolution

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..