കൊച്ചി മെട്രോയ്ക്ക്‌ അഞ്ചു വയസ്സ്‌| KMRL എം.ഡി. ലോക്‌നാഥ് ബെഹ്‌റ അഭിമുഖം


Photo: Mathrubhumi

കൊച്ചി മെട്രോയുടെയും അതിന്റെ മാതൃകമ്പനിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും (കെ.എം.ആർ.എൽ.) കുതിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ

കേരളത്തിലെ ആദ്യ മെട്രോയ്ക്ക് ഈ മാസം അഞ്ചുവയസ്സാകും. 2017 ജൂൺ 17-ന് ആലുവയിൽനിന്ന് പാലാരിവട്ടത്തേക്ക്‌ തുടങ്ങിയ കുതിപ്പ് പേട്ടയിലെത്തി നിൽക്കുന്നു. ആദ്യ 13.2 കിലോമീറ്ററിൽനിന്ന് 25 കിലോമീറ്ററെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്ര കൊച്ചിയുടെ മുഖച്ഛായ മാറ്റി. പേട്ട വരെയുള്ള മെട്രോ റൂട്ട് 2020 സെപ്റ്റംബറിലാണ് പൂർത്തിയായത്. എസ്.എൻ. ജങ്‌ഷനിലേക്കും തൃപ്പൂണിത്തുറയിലേക്കും ഓടിയെത്താനുള്ള ഒരുക്കത്തിലാണ് മെട്രോ ഇപ്പോൾ. 5182 കോടിയിൽ തീർക്കാനുദ്ദേശിച്ച നിർമാണം പൂർത്തിയായപ്പോൾ ചെലവായത് 6218.14 കോടി രൂപയാണ്. ഇന്നിപ്പോൾ മെട്രോയ്ക്ക് അനുബന്ധമായി പദ്ധതികൾ ഏറെയുണ്ട്. കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാട്ടർ മെട്രോ, കൊച്ചിയിലെ കനാലുകളുടെ നവീകരണം, തിരുവനന്തപുരത്തും കൊച്ചിയിലും വിഭാവനം ചെയ്യുന്ന മെട്രോ പദ്ധതിയുടെ ചുമതല... പട്ടിക നീളുന്നു.

മെട്രോ വളരും

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും മറൈൻഡ്രൈവിലേക്കും മെട്രോ പാത നീളും. അഞ്ചു വർഷത്തിനുള്ളിൽ എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്‌. കലൂർ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കാണ് മെട്രോയുടെ രണ്ടാംഘട്ടം. അതിനൊപ്പം വികസനത്തിന്റെ മൂന്നും നാലും അഞ്ചും ഘട്ടങ്ങൾവരെ മെട്രോയ്ക്കുണ്ടാകും. ആലുവയിൽനിന്ന് അങ്കമാലിയിലേക്കാണ് മൂന്നാംഘട്ടം. ഇതിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും ബന്ധിപ്പിക്കും. നേരത്തേത്തന്നെ വിഭാവനം ചെയ്തിരുന്ന പദ്ധതിയാണിത്. 2014-ൽ തയ്യാറാക്കിയതാണ് ഇതിനുള്ള പദ്ധതി രൂപരേഖ. പുതിയ മെട്രോ മാനദണ്ഡങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും അനുസരിച്ച് ഇതിൽ മാറ്റം വരുത്തും. അലൈൻമെന്റ് നേരത്തേ തീരുമാനിച്ചിട്ടുണ്ടെന്നത് സമയനഷ്ടം കുറയ്ക്കും. നാലാംഘട്ടമായി ഉദ്ദേശിക്കുന്നത് തൃപ്പൂണിത്തുറയിൽനിന്ന്‌ നേരിട്ട് കാക്കനാട്ടേക്ക്‌ മെട്രോയെ ബന്ധിപ്പിക്കാനാണ്.

അഞ്ചാംഘട്ടത്തിൽ മെട്രോ നിയോ

തികച്ചും ആധുനികമായ മെട്രോ നിയോ കൊച്ചിയിൽ നടപ്പാക്കുന്നതിനും പദ്ധതിയുണ്ട്. എം.ജി. റോഡിൽനിന്ന് ഹൈക്കോടതി, മറൈൻഡ്രൈവ്, സുഭാഷ് പാർക്ക്, റവന്യൂ ടവർ, മഹാരാജാസ് കോളേജ് പരിസരം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് മെട്രോ നിയോ ആസൂത്രണം ചെയ്യുന്നത്. ഏകദേശ റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിലിത് ചർച്ച ചെയ്യും. വിശദമായ പദ്ധതി രൂപരേഖ ഉൾപ്പെടെ തയ്യാറാക്കേണ്ടതുണ്ട്. ഇലക്‌ട്രിക് ബസ് കോച്ചുകൾ ഉൾപ്പെടുന്നതാണ് മെട്രോ നിയോ.

കാക്കനാട്ടേക്കുള്ള നിർമാണം ഈ വർഷം തുടങ്ങും

കലൂർ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം ഈ വർഷം തന്നെ തുടങ്ങും. സാങ്കേതികമായ ചില തടസ്സങ്ങളുണ്ടായിരുന്നു. അന്തിമാനുമതിയുമായി ബന്ധപ്പെട്ട് കുറച്ച് വിശദാംശങ്ങൾ കേന്ദ്രം തേടിയിരുന്നു. അതെല്ലാം നൽകിയിട്ടുണ്ട്. അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ റൂട്ടിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ നേരത്തേത്തന്നെ തുടങ്ങിയിരുന്നു. ഇത് പൂർത്തിയായിവരുകയാണ്. സ്റ്റേഷന് ആവശ്യമായ ഭൂമി കുറച്ച് ഏറ്റെടുക്കാനുണ്ട്. വൈകുന്നതിനനുസരിച്ച് പദ്ധതിച്ചെലവ് കൂടും.

പേട്ട-എസ്.എൻ. ജങ്‌ഷൻ ഉദ്ഘാടനത്തിലേക്ക്

പേട്ടയിൽനിന്ന് എസ്.എൻ. ജങ്‌ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ ഈ റൂട്ടിൽ യാത്രാ സർവീസ് തുടങ്ങാനാകും. 1.8 കിലോമീറ്ററാണ്‌ ഈ റൂട്ടിലുള്ളത്. വടക്കേക്കോട്ട, എസ്.എൻ. ജങ്‌ഷൻ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകളുമുണ്ട്. മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേക്കോട്ടയിലേത്. തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള അടുത്തഘട്ടം 2023 ജൂണിൽ പൂർത്തിയാകും. 1.20 കിലോമീറ്ററാണിത്‌.

ലക്ഷ്യം ലക്ഷം യാത്രക്കാർ

മെട്രോയിൽ പ്രതിദിനം യാത്രചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. ഡിസംബർ 31-ന് മുൻപ് ഇത് യാഥാർഥ്യമാക്കാനാണ് നീക്കം. ഇപ്പോൾ പ്രതിദിനം യാത്രക്കാരുടെ എണ്ണം 73,000 വരെയെത്തിയിരുന്നു.

ടിക്കറ്റിതര വരുമാനം

ടിക്കറ്റിതര വരുമാനത്തിലൂടെ മെട്രോയെ ലാഭത്തിലാക്കാനാകും. ഇതിനായി വിവിധ പദ്ധതികളുണ്ട്. കാക്കനാട്ട് ആസൂത്രണം ചെയ്യുന്ന ബ്ലിസ് സിറ്റിയാണ് ഇതിലൊന്ന്. 31 ഏക്കറിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. 17 ഏക്കർ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലത്തിനായി സർക്കാരിനെ സമീപിക്കും. വാണിജ്യസ്ഥാപനങ്ങൾ, ആശുപത്രി, വെൽനെസ് സെന്റർ, വിനോദോപാധികൾ എന്നിവയെല്ലാം ഇവിടെയുണ്ടാകും. നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

ടിക്കറ്റ്നിരക്ക് കൂട്ടില്ല

പേട്ടയിൽനിന്ന് എസ്.എൻ. ജങ്‌ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്താലും ടിക്കറ്റ്നിരക്കിൽ വർധനയുണ്ടാകില്ല. ആലുവയിൽനിന്ന് പേട്ട വരെ 60 രൂപയാണ് ടിക്കറ്റിന്. എസ്.എൻ. ജങ്‌ഷൻവരെയും ഇതേ നിരക്കിൽത്തന്നെ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യം പല മേഖലകളിൽനിന്ന് ഉയർന്നിട്ടുണ്ട്. മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർധിച്ചാലേ വരുമാനത്തിൽ വർധനയുണ്ടാകൂ.

വനിതകൾക്ക്‌ ടിക്കറ്റിൽ ഇളവ്

മെട്രോയിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ വിവിധ പദ്ധതികൾ പരിഗണനയിലുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ വനിതകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നതിനുള്ള പദ്ധതി ഉൾപ്പെടെയാണിത്. ഷോപ്പിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് മെട്രോ ഉപയോഗിക്കാൻ ഇതുവഴി കൂടുതൽ വനിതകൾ തയ്യാറാകും. കെ.വൈ.സി.പോലെയുള്ള നൂലാമാലകൾ ഒഴിവാക്കിയുള്ള ട്രാവൽ കാർഡാണ് മറ്റൊന്ന്. ഒരാഴ്ചത്തേക്കും ഒരു മാസത്തേക്കുമെല്ലാം ഈ കാർഡുകൾ ലഭിക്കും. യാത്രക്കാർക്ക് വിനോദത്തിനായി എഫ്.എം. റേഡിയോ തുടങ്ങാനും പദ്ധതിയുണ്ട്. ഇതിന്റെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. വിനോദത്തിനൊപ്പം വിജ്ഞാനപ്രദമായ വിവരങ്ങളും യാത്രക്കാരിലേക്ക് എത്തിക്കാൻ ഇതുവഴി കഴിയും. പരസ്യത്തിലൂടെ വരുമാനവും ലഭിക്കും.

കോഴിക്കോട്, തിരുവനന്തപുരം

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ മെട്രോ പദ്ധതിക്കായി ഗതാഗത രൂപരേഖ തയ്യാറാക്കും. ഏതു മാതൃകയിലുള്ള മെട്രോ വേണമെന്ന്‌ ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. ലൈറ്റ് മെട്രോയാണ് ഈ നഗരങ്ങളിൽ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗതപദ്ധതിയിൽനിന്നുള്ള വിവരങ്ങൾ വിലയിരുത്തിയാണ് അനുമതി നൽകുക.
പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് കെ.എം.ആർ.എലിന്റെ ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം ലഭിച്ചാൽ ഗതാഗതപദ്ധതി തയ്യാറാക്കലുമായി മുന്നോട്ടുപോകാനാകും.

തൂണിന്റെ ബലക്ഷയം ചീത്തപ്പേരുണ്ടാക്കി

പത്തടിപ്പാലത്ത് മെട്രോ തൂണിനുണ്ടായ ബലക്ഷയം കൊച്ചി മെട്രോയ്ക്ക് ചീത്തപ്പേരുണ്ടാക്കി. മെട്രോയുടെ ബ്രാൻഡിങ്ങിനെ ഉൾപ്പെടെയിത് ദോഷകരമായി ബാധിച്ചു. പല ഭാഗത്തുനിന്നും വിമർശനങ്ങളുണ്ടായി. വരുമാനത്തെയും ബാധിച്ചു. തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാൽ സർവീസ് സമയത്തിലുൾപ്പെടെ വ്യത്യാസം വന്നു. സർവീസ് വൈകുന്നതിനാൽ യാത്രക്കാർ മെട്രോയിൽ കയറാൻ മടിച്ചു. അടിത്തറയിലുണ്ടായ അപാകം തന്നെയാണ് പത്തടിപ്പാലത്ത് 347-ാം നമ്പർ തൂണിന്റെ ബലക്ഷയത്തിന് കാരണമായത്. ഇത് ശക്തിപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഈ മാസം 30-ഓടെ ജോലികൾ പൂർത്തിയാകും. ഗതാഗതം പഴയ രീതിയിലാകും.

ട്രെയിനിലെ വര: സുരക്ഷ ശക്തമാക്കും

മെട്രോ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരച്ച സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. അതി സുരക്ഷയുള്ള മേഖലയാണ് യാർഡ്. നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. ഇടവേളകളിൽ പട്രോളിങ്ങിനും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർതലത്തിലും സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികളുണ്ടാകും.

കാത്തിരിപ്പ് ജലമെട്രോയ്ക്ക്

ജലമെട്രോ സർവീസ് തുടങ്ങാൻ വൈകും. ബോട്ട് കിട്ടാത്തതാണ് പ്രശ്നം. സർവീസ് തുടങ്ങുന്നതിന് അഞ്ചു ബോട്ടുകൾ വേണം. ഇപ്പോഴാകെ ഒരു ബോട്ടാണുള്ളത്. ഹൈക്കോടതി, വൈപ്പിൻ, ബോൾഗാട്ടി, ഫോർട്ടുകൊച്ചി, ചിറ്റൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് ഉദ്ദേശിക്കുന്നത്. കൂടുതൽ ബോട്ടുകളുടെ നിർമാണത്തിന് ആഗോള ടെൻഡർ വിളിച്ചിട്ടുണ്ട്. 50 പേർക്ക് യാത്ര ചെയ്യാവുന്നതാണ് ഈ ബോട്ടുകൾ. കൊച്ചിയിലെ കനാലുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിയും കെ.എം.ആർ.എലിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്.

തയ്യാറാക്കിയത്: കെ.പി. പ്രവിത

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..