Representational Image
46 ലക്ഷത്തിലധികം അംഗങ്ങളുള്ള സ്ത്രീകളുടെ പ്രസ്ഥാനം, അഥവാ, കുടുംബശ്രീ എങ്ങനെയാണ് വലിയൊരു ചരിത്രമായി മാറുന്നതെന്ന ചോദ്യത്തിന് കാൽനൂറ്റാണ്ടിലൂടെ അതിനുണ്ടായ വളർച്ച ഉത്തരംനൽകും. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന്, സ്ത്രീശാക്തീകരണത്തിന് 1998-ൽ പിറവിയെടുത്ത കുടുംബശ്രീ ഇന്ന് ലക്ഷങ്ങൾക്ക് താങ്ങും തണലും ശക്തിയുമായി രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൽ എത്തിയിരിക്കുന്നു. ഈ കാൽനൂറ്റാണ്ട്, അതൊരു മുന്നേറ്റത്തിെന്റയും കരുതലിന്റെയും ചരിത്രമാണ്, രാജ്യമാതൃകയാണ്. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സംഘടനാസംവിധാനം ഇന്ന് ചുവടുവെക്കാത്ത മേഖലകൾ കുറവ്.
1996-ൽ ‘അധികാരം ജനങ്ങളിലേക്ക്’ എന്ന മുദ്രാവാക്യമുയർത്തിയ ജനകീയാസൂത്രണത്തിനുപിന്നാലെയാണ് കുടുംബശ്രീയുടെ വരവ്. ദാരിദ്ര്യനിർമാർജനത്തിന് നൂതനവഴിതേടാൻ അന്ന് തദ്ദേശഭരണ സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ടി.എം. തോമസ് ഐസക്, ഡോ. പ്രകാശ് ബക്ഷി എന്നിവരടങ്ങിയ കമ്മിറ്റിയെയാണ് സംസ്ഥാനസർക്കാർ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ ശുപാർശപ്രകാരം 1997-’98ലെ സംസ്ഥാന ബജറ്റിൽ സംസ്ഥാന ദാരിദ്ര്യനിർമാർജനമിഷനായി കുടുംബശ്രീയുടെ രൂപവത്കരണം സർക്കാർ പ്രഖ്യാപിച്ചതോടെ പുതിയ ചരിത്രത്തിന്റെ തുടക്കമായി. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് സ്ത്രീകേന്ദ്രിതവും പങ്കാളിത്താധിഷ്ഠിതവുമായ സമഗ്രപദ്ധതിയായി കുടുംബശ്രീ പതുക്കെപ്പതുക്കെ വളരാൻ തുടങ്ങി.
കരുതലിന്റെ മേഖലകൾ
ജനങ്ങളുടെ ദാരിദ്ര്യം ലഘൂകരിക്കാൻ അവരുടെ പങ്കാളിത്തത്തോടെ മിതവ്യയം അടിസ്ഥാനമാക്കി വായ്പ ലഭ്യമാക്കുന്ന നയപരിപാടിയായാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആഹാരം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം തുടങ്ങിയ അടിസ്ഥാനാവകാശങ്ങളുടെ നിഷേധിക്കലോ ഇല്ലായ്മകൂടിയോ ആണ് ദാരിദ്ര്യമെന്ന് തിരിച്ചറിഞ്ഞായിരുന്നു കുടുംബശ്രീയുടെ പ്രവർത്തനം.
ഓരോ തദ്ദേശവാർഡിലും പത്തുമുതൽ ഇരുപതുവരെ സ്ത്രീകൾ അംഗങ്ങളായ അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാനതലം. ഈ അയൽക്കൂട്ടങ്ങളെ ഉൾപ്പെടുത്തി ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികളും (എ.ഡി.എസ്.) എ.ഡി.എസുകൾ ചേർന്ന് കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളും(സി.ഡി.എസ്.) ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീയുടേത്. നിലവിൽ മൂന്നുലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകളുണ്ട് കുടുംബശ്രീയിൽ. പാർശ്വവത്‌കരിക്കപ്പെട്ടവരെമാത്രമല്ല, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെയെല്ലാം കുടുംബശ്രീ ചേർത്തുപിടിക്കുന്നു.
പുതിയ വരുമാനമാർഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ കണ്ടെത്തുന്നു. അവർക്ക് സ്വന്തംകാലിൽ നിൽക്കാനാവുന്നു. അവർക്ക് എത്താനാവാത്ത ഇടങ്ങളില്ല. വനിതകൾ സംരംഭകരായി. സൂക്ഷ്മസംരംഭങ്ങൾ, അയൽക്കൂട്ടങ്ങളിലെ സമ്പാദ്യവും വായ്പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കൽ, അവരുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടൽശേഷിയും കാര്യശേഷിയും വർധിപ്പിച്ചാണ് ജൂബിലിയിലെ മുന്നേറ്റം. അതാണ് രാഷ്ട്രപതിയുടെ പ്രശംസയ്ക്ക് കാരണമായതും.
വൈവിധ്യങ്ങളിലേയ്ക്ക്
സാമൂഹികപുരോഗതിയുടെ ഓരോ മേഖലയിലും കുടുംബശ്രീക്കൂട്ടായ്മയുടെ അടയാളപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. അടിസ്ഥാന വിവരശേഖരണത്തിനുള്ള റിസോഴ്‌സ് പേഴ്‌സണായി കുടുംബശ്രീ മാറിക്കഴിഞ്ഞു.
ലഘുസമ്പാദ്യപദ്ധതിമുതൽ അത് തുടങ്ങുന്നു. സ്ത്രീകളുടെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തൽ, യുവാക്കൾക്ക് സോഫ്റ്റ് സ്കില്ലിൽ പരിശീലനം നൽകുന്ന കണക്ട് ടു വർക്ക്, മൈക്രോഫിനാൻസ്, ലഘുസംരംഭങ്ങളിൽ ഏർപ്പെടുത്തുന്ന ലിങ്കേജ് ബാങ്കിങ്, അങ്കണവാടികളിൽ പോഷകാഹാരം എത്തിക്കുന്ന അമൃതം ഫുഡ് സപ്ലിമെന്റ്, ജനകീയ ഹോട്ടൽ, ജീവിതശൈലീ രോഗങ്ങൾ ബുദ്ധിമുട്ടിക്കുന്നവർക്ക് സഹായമായി സാന്ത്വനപരിചരണം, ഹരിതകർമസേനയിലൂടെ വരുമാനം കണ്ടെത്തലും മാലിന്യനിർമാർജനത്തിൽ പങ്കാളിയാകലും, പാർശ്വവത്കൃത വിഭാഗങ്ങളിൽപ്പെട്ട അവിവാഹിതരായ അമ്മമാർ, ട്രാൻസ്‌ജെൻഡേഴ്‌സ്, മാനസികവൈകല്യം നേരിടുന്ന കുട്ടികൾ, അവരുടെ അമ്മമാർ, കിടപ്പുരോഗികൾ, തുടങ്ങിയവർക്ക് സൂക്ഷ്മസംരംഭങ്ങൾ ഒരുക്കുന്ന പ്രത്യാശ, ഭവനനിർമാണ ഗ്രൂപ്പുകൾ, നിർമാണസാധനങ്ങളുടെ ഉത്പാദനയൂണിറ്റുകൾ എന്നിവ പ്രവർത്തനമേഖലകളിൽ മികവ് അടയാളപ്പെടുത്തിയതാണ്.
കൂടാതെ ബാലസഭ, ബഡ്‌സ് സ്ഥാപനങ്ങൾ, ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പുനരധിവാസവും ഉറപ്പാക്കുന്ന ജെൻഡർ, കാർഷികമേഖലയിലെയും മൃഗസംരക്ഷണമേഖലയിലെയും പ്രവർത്തനങ്ങളും കേരള ചിക്കനുമൊക്കെ കുടുംബശ്രീയുടെ പ്രവർത്തനരംഗങ്ങളിൽ ചിലത്. പുരുഷന്മാർക്കുമാത്രം സാധ്യമായിരുന്ന കിണർനിർമാണം ഉൾപ്പെടെയുള്ളവ കുടുംബശ്രീ ഏറ്റെടുത്തു. കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും വിവിധ സേവനങ്ങൾക്ക് കുടുംബശ്രീയുണ്ട്. 28 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും കുടുംബശ്രീമാതൃക ഏറ്റെടുത്തു. കോവിഡ് മഹാമാരിയിലും പ്രളയകാലത്തും ഈ പെൺകൂട്ടായ്മയുടെ കൈയൊപ്പ് സേവനമേഖലയിലുണ്ടായി. എന്തിനും ഏതിനും കുടുംബശ്രീ എന്നാക്കി കാൽനൂറ്റാണ്ടിന്റെ കാലം.
കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി ‘കുടുംബശ്രീ’ മാറിയിരിക്കുന്നു. ഈ പൗരസ്വീകരണവേളയിൽ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതിന് കേരള സർക്കാരിനോട് ഞാൻ നന്ദി പറയുന്നു (രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ മാർച്ച് 17-ന് തിരുവനന്തപുരത്ത് പൗരസ്വീകരണത്തിൽ പറഞ്ഞത്)
ആകാശത്തോളം സാധ്യതകൾ
കാൽനൂറ്റാണ്ട് തികച്ച കുടുംബശ്രീയുടെ ഭാവി എങ്ങനെയായിരിക്കണം. പ്രതീക്ഷകൾ പങ്കുവെക്കുകയാണ് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ്
? രജതജൂബിലിയിലെത്തിയ കുടുംബശ്രീയുടെ ഭാവി എങ്ങനെയൊക്കെയാകണം
= കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ കുടുംബശ്രീ ലക്ഷ്യംവെക്കേണ്ടത് ദാരിദ്ര്യനിർമാർജനം എന്നതിൽനിന്ന് വരുമാനവർധനയിലേക്കാണ്. അടുത്ത 25 കൊല്ലംകൊണ്ട് കേരളത്തെ ഉയർന്ന വരുമാനമുള്ള സമൂഹങ്ങളുടെ നിരയിലേക്ക് എത്തിക്കുന്നതിനാണ് സംസ്ഥാനസർക്കാർ പരിശ്രമിക്കുന്നത്. ഷീ സ്റ്റാർട്ട്‌സ് എന്നപേരിൽ പ്രൊഫഷണലുകളായ യുവതികളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ ആരംഭിക്കാനാണ് ഇരുപത്തഞ്ചാം വർഷത്തിൽ തയ്യാറെടുക്കുന്നത്. ചെറുകിട-സൂക്ഷ്മ സംരംഭങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിലുള്ള വലിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങളുടെ അനന്തസാധ്യതകൾ സൃഷ്ടിച്ച് വരുമാനവർധന നേടിയെടുക്കുന്നതിനുമുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്
? ജൂബിലിയിലെത്തിയ കുടുംബശ്രീ സ്വന്തംനിലയ്ക്ക് വലിയ പദ്ധതികൾ ഏറ്റെടുക്കുമോ? പുതിയ തൊഴിൽമേഖല ഏതൊക്കെയായിരിക്കും
= കേരളത്തിന്റെ എല്ലാ ജീവിതമേഖലകളിലും കുടുംബശ്രീ അതിന്റെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരിക്കയാണ്. ഹരിതകർമസേനയായി, ജനകീയഹോട്ടലുകളായി, ബഡ്‌സ് സ്കൂളുകളായി,
കേരള ചിക്കൻ ഔട്ട്‌ലെറ്റുകളായി നടത്തുന്നതെല്ലാം വൈപുല്യമുള്ള പദ്ധതികൾതന്നെയാണ്. കേരളത്തിലെമ്പാടും പ്രീമിയം റെസ്റ്റോറന്റ് ശൃംഖല, ഫെസിലിറ്റി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയെല്ലാം ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് കുടുംബശ്രീ മിഷൻ.
? കുടുംബശ്രീ ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണി എങ്ങനെയൊക്കെയാണ് ഉറപ്പാക്കുക
= കുടുംബശ്രീ ഉത്‌പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണിയും സംരംഭകർക്ക് വരുമാനലഭ്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒ.എൻ.ഡി.സി. ഡിജിറ്റൽ പ്ളാറ്റ്‌ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാരരംഗത്തേക്ക് കുടുംബശ്രീ കടന്നുകഴിഞ്ഞു. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. കുടുംബശ്രീ ബസാർഡോട്ട്‌കോം (kudumbashreebazaar.com) കൂടാതെ ആമസോൺ സഹേലി, ഫ്ളിപ്കാർട്ട് എന്നിവയിലൂടെയും ഉത്‌പന്നവിപണനം ഊർജിതപ്പെടുത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..