അഗ്നിപഥ്: കലാപങ്ങൾക്കുപിന്നിൽ നിക്ഷിപ്ത താത്‌പര്യം


കുമ്മനം രാജശേഖരൻ

Kummanam Rajasekharan | Photo: Mathrubhumi

കേന്ദ്രസർക്കാർ ഒന്നരവർഷത്തിനുള്ളിൽ പത്തുലക്ഷം പേർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിയമനം നൽകുന്ന പദ്ധതി പ്രഖ്യാപിക്കുന്നു. സൈന്യത്തിൽ അഗ്നിപഥ് എന്ന പേരിൽ നടപ്പാക്കുന്ന പുതിയ പരിഷ്കാരവും ഇതിൽ വിശദീകരിക്കുന്നു. പ്രഖ്യാപന വാർത്ത പുറത്തുവന്നയുടൻതന്നെ ബിഹാറിൽ അക്രമാസക്തമായ സമരം തുടങ്ങുന്നു. ബസുകളും തീവണ്ടികളും അഗ്നിക്കിരയാക്കുന്നു.
അത് മറ്റുചില സംസ്ഥാനങ്ങളിലേക്കും പടരുന്നു. ഇതിനു പിന്തുണയുമായി കോൺഗ്രസും ഇടതുപാർട്ടികളും രംഗത്തുവരുന്നു. ഇത്ര അക്രമാസക്തമായ സമരത്തിന് എന്താണ് ന്യായീകരണം? ആരാണിതിനു പിന്നിൽ ? എന്താണ് അവരുടെ ലക്ഷ്യം.?

ഛിദ്രശക്തികളുടെ ഇരകൾ

കൊള്ളിവെപ്പും അക്രമവുമായി അഴിഞ്ഞാടുന്നവരെ പിന്തുണയ്ക്കുന്നവർ പറയുന്നത് പല ന്യായങ്ങളാണ്. തൊഴിൽ സുരക്ഷിതത്വമില്ല എന്നൊരു വാദം. ആർ.എസ്.എസുകാരെ കുത്തിനിറയ്ക്കുമെന്ന് മറ്റൊരു വാദം. ഹ്രസ്വകാല പരിശീലനം കഴിഞ്ഞിറങ്ങുന്നവരെ തീവ്രവാദികൾ ദുരുപയോഗം ചെയ്യുമെന്ന് വേറൊരു ന്യായം. നിക്ഷിപ്തതാത്‌പര്യമുള്ള ചില ഛിദ്രശക്തികളുടെ കെണിയിൽപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർ നടത്തുന്ന ദേശവിരുദ്ധ അക്രമസമരമാണ് ഇതെന്നതാണ് വാസ്തവം. നേരത്തേ കർഷകസമരം, റെയിൽവേ റിക്രൂട്ട്‌മെന്റ് സമരം എന്നിവയും ഇതേ രീതിയിലാണ് നടത്തിയത്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരത്തിന്റെ തുടർച്ചയാണ് ഇതും.

സൈനികസേവനം എന്നത് നാട്ടിലെ തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരമല്ല. തൊഴിലുറപ്പ് പദ്ധതിയുമല്ല. ശാരീരികക്ഷമതയുള്ള, അരോഗദൃഢഗാത്രരായവരെ തിരഞ്ഞെടുത്ത് നമ്മുടെ സൈനികശക്തി കുറ്റമറ്റതാക്കുന്ന സംവിധാനമാണ്. കാലാകാലങ്ങളിൽ വിദഗ്ധസമിതികളുടെ ശുപാർശ പ്രകാരം അതിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാറുണ്ട് . കാർഗിൽ യുദ്ധാനന്തരം നമ്മുടെ സേനയ്ക്കുവരുത്തേണ്ട നവീകരണത്തെപ്പറ്റി പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അവരുടെ ശുപാർശപ്രകാരം സേന കുറച്ചുകൂടെ ചെറുപ്പമാകണമെന്ന നിർദേശം വന്നു. പരമ്പരാഗത യുദ്ധമുറകൾ അടിമുടി പരിഷ്കരിക്കണമെന്നും ശുപാർശയുണ്ടായി. യു.പി.എ. സർക്കാരുകളുടെ കാലത്ത് ഈ കമ്മിറ്റികളുടെ പ്രവർത്തനവും ശുപാർശയും ആരും ഗൗരവമായെടുത്തില്ല. മോദി സർക്കാർ ഈ കമ്മിറ്റിനൽകിയ ശുപാർശയെ ഗൗരവമായെടുക്കുകയും സേനയെ നവീകരിക്കാൻ തീരുമാനിക്കുകയും ചെയ്തതിനെത്തുടർന്നാണ് അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.

വിവിദങ്ങൾക്കുപിന്നിൽ

സൈന്യത്തെ കരുത്തുറ്റതാക്കാനുള്ള പരിശ്രമം നടക്കുമ്പോഴെല്ലാം ഇവിടെ വിവാദമുണ്ടാക്കുന്നതിൽ ദുരൂഹതയുണ്ട്. കാർഗിൽയുദ്ധത്തിൽ പാകിസ്താനെ തോൽപ്പിച്ചപ്പോൾ അതിന്റെ നിറംകെടുത്താൻ ശവപ്പെട്ടി വിവാദം കൊണ്ടുവന്നു. പുൽവാമയിലെ പാകിസ്താൻ അതിക്രമത്തിന് മറുപടിയായി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയപ്പോൾ അതിനെതിരേയും വിവാദമുണ്ടായി. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും തെളിവു വേണമെന്നും വാദിക്കാൻ മുന്നിൽനിന്നത് കോൺഗ്രസിന്റെ പ്രമുഖനേതാവ് രാഹുൽഗാന്ധിയായിരുന്നു. റഫാൽ വിമാനങ്ങൾ വാങ്ങി വ്യോമസേനയെ ശക്തിപ്പെടുത്താൻ നീക്കമാരംഭിച്ചപ്പോഴും വിവാദങ്ങളുണ്ടായി. ബാഹ്യശക്തികൾക്ക് താത്‌പര്യമുള്ള ഈ വിവാദങ്ങളെല്ലാം ഏറ്റുപിടിച്ചത് ഇവിടുത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളാണെന്നതാണ് ഏറെ ഗൗരവതരം. ഇപ്പോഴത്തേത് അതിന്റെയെല്ലാം ആവർത്തനമാണ്.

സൈന്യത്തിൽ കരാർനിയമനം പാടില്ലെന്ന് പറയുന്നവരോട് ചോദിക്കട്ടെ, പോലീസിൽ അതാകാമോ? എത്ര വർഷങ്ങളായി ഹോംഗാർഡുകൾ എന്ന പേരിൽ കേരള പോലീസിൽ കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. എന്തേ അതിനെതിരേ ആരും ശബ്ദിക്കാത്തത് ?
പി.എസ്.സി. റാങ്ക് ലിസ്റ്റിൽ പേരുവന്നിട്ടും ജോലി ലഭിക്കാതെ നിരാശരായ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞ് കണ്ണീരൊഴുക്കി പ്രതിഷേധിച്ചപ്പോൾ ആയിരക്കണക്കിന് താത്‌കാലിക നിയമനങ്ങൾ നടത്തി അവരെ വേട്ടയാടിയവരാണ് ഇപ്പോൾ അഗ്നിവീരരായ യുവാക്കളെ നോക്കി പരിഹസിക്കുന്നത്.

സർക്കാരാശുപത്രികളിൽ, കോളേജുകളിൽ, ഓഫീസുകളിൽ എല്ലാം പിൻവാതിൽ നിയമനങ്ങളിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റുന്നവരാണ് വ്യവസ്ഥാപിതമായ രീതിയിൽ സൈന്യത്തിൽ മെച്ചപ്പെട്ട സാമ്പത്തിക പാക്കേജുകളോടെ നടത്തുന്ന അഗ്നിപഥിനെ വിമർശിക്കുന്നത്. നാലുവർഷം സൈനികസേവനം നടത്തുന്നവരെ തീവ്രവാദത്തിനുപയോഗിക്കുമെന്ന വാദം ബാലിശമാണ്. പട്ടാളസേവനത്തിലൂടെ ദേശസ്നേഹമുള്ള ഒരു തലമുറ രൂപപ്പെട്ടു വരുമെന്നതാണ് അനുഭവം.

താത്‌പര്യമുള്ളവർമാത്രം സേനയിൽ ചേർന്നാൽ മതി. ആരെയും നിർബന്ധിക്കുന്നില്ല. അങ്ങനെ ചേരാൻ താത്‌പര്യമുള്ളവർക്ക് ആകർഷകമായ സാമ്പത്തികവ്യവസ്ഥകളുമുണ്ട്. പട്ടാളത്തിൽ നിയമനം വാഗ്ദാനംചെയ്ത് ചൂഷണം നടത്തുന്ന തട്ടിപ്പുകാർക്ക് ഈ പദ്ധതി തിരിച്ചടിയാണ്. അക്കൂട്ടർ ഇപ്പോഴത്തെ അക്രമസമരത്തെ ആളിക്കത്തിക്കാൻ കൂടെക്കൂടിയിട്ടുണ്ടെങ്കിൽ അതിശയിക്കേണ്ട.

അഗ്നിപഥ് പദ്ധതി വന്നതോടെ സേനാ റിക്രൂട്ട്‌മെന്റ് നിർത്തിവെച്ചു എന്നും കായികപരിശോധന കഴിഞ്ഞവർക്ക് സേനയിൽ ജോലികിട്ടില്ലെന്നും മറ്റും പ്രചരിപ്പിച്ച് യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സേനാ നിയമനത്തിൽ 10 ശതമാനം റിസർവ്‌ചെയ്യുമെന്നും കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നു. റിക്രൂട്ട്‌മെന്റ് നിർത്തിവെച്ചിട്ടില്ലെന്ന് വ്യക്തം.

ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌ ലേഖകൻ

Content Highlights: kummanam rajasekharan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..