മഹാരാഷ്ട്ര രാഷ്ട്രീയം; തീരാത്ത തന്ത്രങ്ങളുടെ ചതുരംഗപ്പലക


മനോജ് മേനോൻ

.

പാതിരാ കരുനീക്കങ്ങളിലൂടെയും പുലർകാല സത്യപ്രതിജ്ഞയിലൂടെയും 2019 ൽ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച നാടകങ്ങളുടെ ആവർത്തനമാണ് മോദി-അമിത് ഷാ തന്ത്രശാലകളിൽ മഹാരാഷ്ട്രയ്ക്കായി ഒരുങ്ങുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ദിവസങ്ങൾമാത്രം ബാക്കി നിൽക്കേ, ശരദ് പവാറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ സ്ഥാനാർഥിക്കായി ഡൽഹിയിൽ യോഗം ചേരുന്നതിനിടയിൽ എൻ.സി.പി-ശിവസേന-കോൺഗ്രസ് സഖ്യത്തിന്റെ അടിക്കല്ലുകൾ ഇളകിയത് അവിചാരിതമല്ല. സമയവും തന്ത്രവും നടപടികളും ആസൂത്രിതം. ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായിരുന്നിട്ടും മൂന്ന് സീറ്റുകൾ സ്വന്തമാക്കി ബി.ജെ.പി. നടത്തിയ പ്രായോഗിക നീക്കം തിരിച്ചറിയാൻ വൈകിയ മഹാവികാസ് അഘാഡിക്ക്‌ പിഴച്ചു. അതൃപ്തരായ നേതാക്കളെ പ്രലോഭനവും സമ്മർദവുംവഴി സ്വന്തമാക്കുന്ന പതിവുതന്ത്രം ബി.ജെ.പി. എപ്പോൾ വേണമെങ്കിലും പ്രയോഗിക്കാമെന്ന ജാഗ്രത കാത്തുവെക്കാൻ ശരദ് പവാറുൾപ്പെടെയുള്ള കുശാഗ്രബുദ്ധികൾക്കുമായില്ല. അതോടെ, മഹാരാഷ്ട്ര ഒരിക്കൽകൂടി വെട്ടുകളുടെയും മറുവെട്ടുകളുടെയും ചതുരംഗപ്പലകയായി.

നാല് ഘടകങ്ങൾചുരുക്കിയെഴുതിയാൽ നാല് ഘടകങ്ങളാണ് ഈ നീക്കത്തിൽനിന്ന് വായിച്ചെടുക്കാവുന്നത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രരാഷ്ട്രീയത്തിന്റെ മേൽവിലാസം, രാഷ്ട്രപതി തി​ര​െഞ്ഞടുപ്പ്, മഹാരാഷ്ട്രയിലെ മുതിർന്ന നേതാവായ ശരദ് പവാറിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടക്കുന്ന പ്രതിപക്ഷ നീക്കം, ചേരുംപടി ചേരാത്ത സഖ്യം നയിക്കുന്ന മഹാരാഷ്ട്ര സർക്കാർ. ഈ രാഷ്ട്രീയഘടകങ്ങളാണ് പുതിയ സംഭവവികാസങ്ങളുടെ അടിത്തറ. ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനമായ മുംബൈ ­ഉൾപ്പെടുന്ന ­മഹാരാഷ്ട്രയുടെ അധികാരക്കടി­ഞ്ഞാൺ രാജ്യംഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ കൈവശമില്ല എന്നത് ബി.ജെ.പി.ക്ക് രാജ്യ-രാജ്യാന്തര അഭിമാന പ്രശ്നമാണ്. അതിനാൽ, മഹാരാഷ്ട്രയുടെ ഭരണം ബി.ജെ.പി.ക്ക് അനിവാര്യം. അതുകൊണ്ടാണ് 2019 നവംബറിൽ എൻ.സി.പി.യിൽനിന്ന് അജിത് പവാറിനെ സ്വാധീനിച്ച് പുലർകാല സത്യപ്രതിജ്ഞയിലൂടെ സർക്കാരുണ്ടാക്കാൻ ബി.ജെ.പി. ദേശീയ നേതൃത്വം പുലർകാലനാടകം അരങ്ങേറ്റിയത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുറപ്പിക്കാൻ എൻ.ഡി.എ. സഖ്യത്തിന് പതിമ്മൂവായിരം വോട്ട് മൂല്യത്തിന്റെ കുറവുണ്ട്. ഈ കുറവ് പരിഹരിക്കാൻ ബി.ജെ.പി. അണിയറനീക്കങ്ങളുടെ തിരക്കിലാണ്. ഏത് പാർട്ടിയിൽനിന്നും ചേരിമാറി വോട്ടുനേടുക എന്നതിലാണ് ശ്രദ്ധ. ശിവസേനയെ പിളർത്തുന്നതിലൂടെ മഹാരാഷ്ട്ര ഭരണം അട്ടിമറിക്കുക, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കുക എന്ന ഇരട്ടലക്ഷ്യങ്ങളാണ് ബി.ജെ.പി.യുടെ മനസ്സിൽ. ബാക്കിവോട്ടുകൾ ബി.ജെ.ഡി.യും വൈ.എസ്.ആർ. കോൺഗ്രസും ചെറുപാർട്ടികളും ബി.ജെ.പി.ക്ക് സംഭാവന നൽകുന്നതോടെ എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയുടെ വിജയം ഉറപ്പാകും. കൂടാതെ, ശരദ് പവാറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ രാഷ്ട്രപതിസ്ഥാനാർഥിക്കായി ദേശീയതലത്തിൽ നടത്തുന്ന നീക്കങ്ങൾ 2024-ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് നീളുമെന്ന തിരിച്ചറിവും ബി.ജെ.പി. ദേശീയ നേതൃത്വത്തിനുണ്ട്. ചിതറിയ പ്രതിപക്ഷം 2014-ലും 2019-ലും നൽകിയ വൻവിജയത്തിന്റെ ആവർത്തനം 2024-ലും സ്വപ്നംകാണുന്ന ബി.ജെ.പി.ക്ക് പ്രതിപക്ഷ കൂട്ടായ്മയുടെ ശാശ്വത നിലനിൽപ്പിൽ സ്വാഭാവികമായും താത്‌പര്യമില്ല.

ചേരാത്ത ഉള്ളടക്കം

നയത്തിലും നിലപാടുകളിലും മോരും മുതിരയും പോലെ ചേരുംപടി ചേരാതെ നിൽക്കുന്ന മൂന്ന് പാർട്ടികളാണ് മഹാവികാസ് അഘാഡിയുടെ ഉള്ളടക്കം. അയോധ്യ, ഹിജാബ് തുടങ്ങിയ വിവാദ വിഷയങ്ങളിലെല്ലാം ശിവസേനയും കോൺഗ്രസ്, എൻ.സി.പി. പാർട്ടികളും തമ്മിലുള്ള ഭിന്നാഭിപ്രായങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. ഭരണനടപടികളിലുമുണ്ട് അസ്വസ്ഥതകൾ. ശിവസേനയുടെ ചേർച്ച ബി.ജെ.പി.യുമായാണെന്ന് വിശ്വസിക്കുന്ന നേതാക്കളും പ്രവർത്തകരും ഇരുപാർട്ടികളിലും ചെറിയ തോതിലല്ല. അതിനാൽ, 2024-ലെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞടുപ്പുകൾക്ക് മുമ്പ് ശിവസേന-ബി.ജെ.പി. സഖ്യം മോഹിക്കുന്നവരുടെ പ്രേരണയും പുതിയ നീക്കത്തിനു പിന്നിലുണ്ട്.

എന്നാൽ, തന്ത്രങ്ങളും കരുനീക്കങ്ങളും മഹാരാഷ്ട്രയിൽ ഏകപക്ഷീയമായിരിക്കില്ല. ചാണക്യനായ അമിത് ഷാ കരുനീക്കുന്നത് തന്ത്രജ്ഞനായ ശരദ് പവാറിനോടാണ്. 2019-ലെ ബി.ജെ.പി.യുടെ വെട്ടിനെ മറുവെട്ടു കൊണ്ട് നേരിട്ടത് പവാറാണ്. ബി.ജെ.പി. ദേശീയനേതാക്കളുടെയും ചങ്ങാതിയായ ശരദ് പവാറിന്റെ മനസ്സിലിരിപ്പ് ഇക്കുറിയും പ്രധാനമാണ്. 2019-ലുണ്ടായ പാളിച്ചകൾ മനസ്സിലാക്കി അമിത് ഷാ ഈ മനസ്സിലിരിപ്പിനെ കടത്തിവെട്ടിയാൽ ചതുരംഗപ്പലകയിൽ ജയം ബി.ജെ.പി.ക്കായിരിക്കും.

Content Highlights: maharashtra polictics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..