മേജർ രവി. ഫോട്ടോ എസ്. ശ്രീകേഷ്, മാതൃഭൂമി
കേന്ദ്രസർക്കാർ രാജ്യത്തിനായി കൊണ്ടുവന്ന ‘അഗ്നിപഥ്’ എന്ന പദ്ധതി പലകോണുകളിൽനിന്നും പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കയാണ്. സൈന്യത്തിൽ രാജ്യത്തെ 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ പോരാളികളായി നിയമിക്കുന്ന ‘അഗ്നിപഥ്’ പദ്ധതി ഒറ്റനോട്ടത്തിൽ അഭിമാനത്തിന്റെയും ആവേശത്തിന്റെയും അടയാളമാകേണ്ടതാണ്. എന്നാൽ, വേണ്ടത്ര മുന്നൊരുക്കവും ദീർഘവീക്ഷണവും ഇല്ലാതെയാണോ ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. സൈനികനും സിനിമാ സംവിധായകനുമായ മേജർ രവി ‘മാതൃഭൂമി’
പ്രതിനിധി സിറാജ് കാസിമുമായി സംസാരിക്കുന്നു.
പുതിയ സൈനികപദ്ധതിയായ അഗ്നിപഥിനെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്
= ആശയം കൊള്ളാം, പക്ഷേ, പണി പാളി എന്നാണ് ഒറ്റവാചകത്തിൽ എനിക്കു പറയാനുള്ളത്. യുവാക്കളെ സൈനികരംഗത്തേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ആശയം എപ്പോഴും സ്വാഗതാർഹമാകേണ്ട ഒന്നാണ്. പക്ഷേ, ഈ പദ്ധതിക്ക് അതിനപ്പുറം വലിയൊരപകടം പതിയിരിക്കുന്നുണ്ട്. ഈ പദ്ധതി വരുന്നതിലൂടെ സൈനികരംഗത്തേക്കു മറ്റേതെങ്കിലും റിക്രൂട്ട്മെന്റ് നടക്കാതെ വരുമെന്നതാണ് ഇതിൽ പ്രധാനം. നാലുവർഷം കഴിഞ്ഞാൽ ഇവരിൽ 75 ശതമാനവും പുറത്തുപോകുമെന്നതും വലിയ അപകടകരമായ സംഗതിയാണ്.
രാജ്യത്തെ യുവാക്കൾക്ക് അഭിമാനവും ആത്മവിശ്വാസവും ഏറ്റുന്നതാണ് പുതിയ പദ്ധതിയെന്നാണല്ലോ സർക്കാർ പറയുന്നത്
= അഗ്നിപഥ് വരുന്നതോടെ മറ്റു തരത്തിലുള്ള റിക്രൂട്ട്മെന്റ് ഇല്ലാതാകുന്നെന്ന അപകടത്തിന്റെ ആഴം നമ്മൾ വിചാരിക്കുന്നതിനേക്കാൾ അപ്പുറമാണ്. കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് ഉൾപ്പെടെയുള്ള കാര്യങ്ങളാൽ സൈനികരംഗത്തേക്കു റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. നിലവിൽ സൈന്യത്തിൽ ചേരാൻ അപേക്ഷ നൽകി പരീക്ഷയ്ക്കു കാത്തിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളെ നിരാശപ്പെടുത്തുന്നതാണ് പുതിയ നീക്കം.
സാഹചര്യങ്ങളനുസരിച്ചു മറ്റു മേഖലകളിലേതുപോലെ സൈനികരംഗത്തും വെട്ടിക്കുറയ്ക്കലുകൾ ആവശ്യമായി വരില്ലേ
= സർക്കാർ പറയുന്ന വെട്ടിക്കുറയ്ക്കലുകൾ എല്ലാരംഗത്തും ആവശ്യമായി വരുമെങ്കിലും സൈനികരംഗത്ത് അതു പ്രായോഗികമാകില്ല. സൈനികരംഗത്തോട് അത്തരമൊരു സമീപനം പാടില്ല. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ സൈനികരുടെ കൈകളിലാണ്. 1971-ലെ യുദ്ധമുണ്ടായപ്പോഴും കാർഗിൽ യുദ്ധമുണ്ടായപ്പോഴും പട്ടാളക്കാരാണ് അവിടേക്കു പോയത്. ഏതെങ്കിലും രാഷ്ട്രീയക്കാരനോ മറ്റേതെങ്കിലും മേഖലയിൽ ജോലിചെയ്യുന്നവരോ അങ്ങോട്ടേക്കു പോയില്ല. രാജ്യത്തിനു വേണ്ടിയുള്ളതല്ലേയെന്നു കരുതി മറ്റാർക്കും അങ്ങോട്ടേക്കു പോകാനുമാകില്ല. പ്രത്യേക പരിശീലനം ലഭിച്ച സൈനികനുമാത്രം കഴിയുന്ന അത്തരം സാഹചര്യങ്ങൾ ദീർഘവീക്ഷണത്തോടെ കാണാൻ സർക്കാരിനു കഴിയണം.
സൈനികരെ വെട്ടിക്കുറച്ച് സമാഹരിക്കുന്ന തുക കൊണ്ട് സാങ്കേതികമായും ആയുധപരമായും സൈന്യത്തെ ശക്തിപ്പെടുത്താമെന്ന ചിന്താഗതിയെ എങ്ങനെ കാണുന്നു
= ഇത്തരം ചിന്താഗതി ചരിത്രത്തിൽ നമ്മൾ ഇതിനുമുമ്പും കണ്ടിട്ടുണ്ട്. ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചൈനയും ഇന്ത്യയും ‘ഭായി ഭായി’ ആണെന്നും അതിനാൽ നമുക്ക് ഇത്രയും സൈനികശേഷി വേണമോയെന്നുമുള്ള ചിന്തകളുണ്ടായി. ആ സമയത്ത് ചൈനയുടെ നീക്കം എങ്ങനെയായിരുന്നെന്നു നമ്മളെല്ലാം കണ്ടതാണ്. ഇപ്പോൾ അതിന്റെ മറ്റൊരു തലത്തിലുള്ള സാധ്യതകളാണ് ഗൗരവത്തോടെ കാണേണ്ടത്. ഇപ്പോൾ നിയമിക്കുന്നവരിൽ നാലിൽ മൂന്നുഭാഗവും അതോടൊപ്പം നിലവിലുള്ള സൈന്യത്തിലെ ഒരുവിഭാഗവും പുറത്തുപോകുന്നതോടെ ശത്രുരാജ്യങ്ങൾക്കു മുന്നിൽ അതൊരു സാധ്യതയാണ്.
ഈ പദ്ധതിയുടെ അവതരണത്തിൽ എന്തൊക്കെ പാളിച്ചകളാണ് സംഭവിച്ചത്
= സർക്കാർ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം അതിലേക്കു വിളിക്കേണ്ടിയിരുന്നത് സൈനിക മേഖലയിലുള്ളവരെത്തന്നെയായിരുന്നു. അതിനു ശ്രമിക്കാതെ രാഷ്ട്രീയക്കാരും ഐ.എ.എസ്. ഉദ്യോഗസ്ഥരും മാത്രമിരുന്നു ചർച്ച ചെയ്താണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നത്. എന്റെ വീട്ടിലെ പ്രശ്നം എനിക്കല്ലേ അറിയൂ. അവിടത്തെ പ്രശ്നം പരിഹരിക്കാനുള്ള ചർച്ചയിൽ എന്നെയോ എന്റെ ഭാര്യയെയോ മക്കളെയോ അച്ഛനമ്മമാരെയോ വിളിക്കാതെ മറ്റു കുറെപ്പേർ ചർച്ചചെയ്തിട്ടു കാര്യമുണ്ടോ. അതുപോലെതന്നെയാണ് അഗ്നിപഥ് പദ്ധതിയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.
അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കൾക്കു ലഭിക്കുന്ന വേതനവും മറ്റും നല്ലതല്ലേ
= നാലുവർഷം കൊണ്ട് ലഭിക്കുന്ന വേതനം മാത്രമല്ല പരിഗണിക്കേണ്ടത്. ഒരാൾ സൈന്യത്തിലെത്തി വിവിധതരത്തിലുള്ള പരിശീലനത്തിലൂടെ ദേശസ്നേഹവും ആത്മവീര്യവുമുള്ള ഒരു സൈനികനാകാൻ കുറെ സമയമെടുക്കും. ആ ഘട്ടത്തിലെത്തി കഴിഞ്ഞാൽ പിന്നെ അവർക്ക് രാജ്യത്തേക്കാൾ വലുതായി മറ്റൊന്നുമുണ്ടാകില്ല. നാലു വർഷത്തെ ചെറിയ സമയംകൊണ്ട് അത്തരമൊരു സൈനികനാകാൻ ആർക്കും കഴിയില്ലെന്നുറപ്പാണ്. എന്നാൽ, അച്ചടക്കവും തീവ്ര പരിശീലനവും ഉൾപ്പെടെയുള്ള കുറെ ഗുണങ്ങൾ അവർക്കു ഇവിടെ കിട്ടും.
പദ്ധതിയോടുള്ള എതിർപ്പിൽ രാജ്യം സംഘർഷത്തിലേക്കു നീങ്ങുന്നതിനെ എങ്ങനെ കാണുന്നു
= സംഘർഷവും അക്രമവും ഒന്നിനും പരിഹാരമല്ല. ഇതിന്റെപേരിൽ ആദ്യം പ്രതിഷേധങ്ങളുണ്ടായത് ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിലാണ്. അവിടെ ഇതിനുപിന്നിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ കുട്ടികളെ പരിശീലിപ്പിക്കുകയും റിക്രൂട്ട്മെന്റിലേക്കു കൊണ്ടുവരികയും ചെയ്യുന്ന ലോബി കോടികളുടെ കച്ചവടമാണ് അവിടെ നടത്തുന്നത്. അവരാണ് പ്രധാനമായും ഇപ്പോൾ നടക്കുന്ന അക്രമങ്ങളുടെ പിന്നിലുള്ളത്.
Watch Video | അഗ്നിപഥ് | അവരുടെ ജീവിതം ചോദ്യചിഹ്നമാവരുത്?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..