വൈകിക്കൂടാ മലയാളത്തിനൊരു പരിഭാഷാ പദ്ധതി


കെ. ജയകുമാർ 

മായരുത്‌ മലയാളം

.

ഒരു ഭാഷയെ ലോകം ആദരിക്കാനും അംഗീകരിക്കാനും തുടങ്ങുന്നത് ആ ഭാഷയിൽ രചിക്കപ്പെടുന്ന സാഹിത്യകൃതികൾക്കു ലഭിക്കുന്ന പ്രാധാന്യംകൊണ്ടാണ്. അല്ലാതെ എങ്ങനെയാണ്, ഭാരതംപോലൊരു ബഹുഭാഷാരാജ്യത്തിനുള്ളിലെ ഒരു ഭാഷ ശ്രദ്ധിക്കപ്പെടുക

ഈവർഷത്തെ ബുക്കർസമ്മാനം നേടിയ ‘Tomb of Sand’ എന്ന കൃതി ഗീതാഞ്ജലിശ്രീ ഹിന്ദിയിൽ എഴുതിയ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. ഡെയ്‌സി റോക്‌വെൽ ആണ് പരിഭാഷക. പരിഭാഷപ്പെടുത്തിയ ഒരിന്ത്യൻ കൃതിക്ക് ഈ അന്തർദേശീയപുരസ്കാരം ലഭിക്കുന്നത് ഇതാദ്യം. ഇതിനുമുമ്പ് ബുക്കർസമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരായ അരുന്ധതി റോയ്, കിരൺ ദേശായി, അരവിന്ദ് അഡിഗ എന്നിവരെല്ലാം ഇംഗ്ലീഷിൽ എഴുതുന്നവരാണ്.പരിഭാഷപ്പെടുത്തിയ ഒരു ഹിന്ദി നോവലിനെത്തേടി ഈവർഷത്തെ ബുക്കർസമ്മാനം വന്നു എന്ന വസ്തുതയെ അതു പ്രസരിപ്പിക്കുന്ന എല്ലാ അർഥവ്യാപ്തിയോടുംകൂടി കാണണം. ഒരിന്ത്യൻ എഴുത്തുകാരിക്ക് ഈ അംഗീകാരം കിട്ടി എന്നത്‌ ആഹ്ളാദകരവും അഭിമാനപ്രദവും ആയിരിക്കുമ്പോൾതന്നെ, സാഹിത്യകൃതികളുടെ പരിഭാഷയ്ക്ക്‌ കഴിഞ്ഞ ഏതാനുംവർഷങ്ങളായി പ്രസാധനലോകത്ത് കൈവന്നുകൊണ്ടിരിക്കുന്ന പുതിയ അംഗീകാരത്തെ മലയാളസാഹിത്യലോകവും ബന്ധപ്പെട്ട സ്ഥാപനങ്ങളും പൂർണതോതിൽ മനസ്സിലാക്കിയതായി കരുതാൻവയ്യ. ഒരു ഭാഷയെ ലോകം ആദരിക്കാനും അംഗീകരിക്കാനും തുടങ്ങുന്നത് ആ ഭാഷയിൽ രചിക്കപ്പെടുന്ന സാഹിത്യകൃതികൾക്കു ലഭിക്കുന്ന പ്രാധാന്യംകൊണ്ടാണ്. അല്ലാതെ എങ്ങനെയാണ്, ഭാരതംപോലൊരു ബഹുഭാഷാരാജ്യത്തിനുള്ളിലെ ഒരു ഭാഷ ശ്രദ്ധിക്കപ്പെടുക?

പരിഭാഷയെന്ന വാതായനം

നൂറ്റിപ്പത്ത് വർഷംമുമ്പ് രവീന്ദ്രനാഥ ടാഗോറിന് നൊബേൽ സമ്മാനം ലഭിച്ചതിലൂടെ ബംഗാളിഭാഷയ്ക്കും സാഹിത്യത്തിനും കൈവന്ന വ്യാപകമായ പ്രാമുഖ്യവും അംഗീകാരവും നമുക്ക് അറിവുള്ളതാണ്. അനേകം ബംഗാളി എഴുത്തുകാരെ ഇങ്ങ്‌ കേരളത്തിൽ നാം പരിഭാഷയിലൂടെ പരിചയപ്പെട്ടു (എന്നാൽ, എത്ര മലയാളി എഴുത്തുകാരുടെ കൃതികൾ ബംഗാളിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന അന്വേഷണം നമ്മളെ നിരാശപ്പെടുത്തും). ഇനി ടാഗോറിന്റെ നൊബേൽ സമ്മാനത്തിലേക്കു വന്നാലോ? സർവോന്നത പുരസ്കാരത്തിന് അർഹമായ ഗീതാഞ്ജലിതന്നെ പരിഭാഷപ്പെടുത്തപ്പെട്ട കവനങ്ങളായിരുന്നുവല്ലോ. ടാഗോർ പലപ്പോഴായി ബംഗാളിയിൽ എഴുതി പ്രസിദ്ധീകരിച്ച കവിതകളിൽനിന്ന് മഹാകവിതന്നെ നൂറ്റിമൂന്നെണ്ണം തിരഞ്ഞെടുത്ത് ‘തന്നാലാവുംവിധം’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാണ് സമ്മാനിതമായ ഗീതാജ്ഞലി. (ടാഗോറിനുശേഷം മറ്റൊരു സാഹിത്യ നൊബേൽ ഇന്ത്യയിലേക്ക് വരുകയുണ്ടായില്ല എന്നും ഓർക്കണം.) മലയാളത്തിലേക്ക്‌ വളരെ നേരത്തേ വിവർത്തനം ചെയ്യപ്പെട്ട ക്ളാസിക് റഷ്യൻ, ഫ്രഞ്ച് നോവലുകൾക്കുലഭിച്ച സ്വീകാര്യത ആരെയും അമ്പരപ്പിക്കും. എന്നാൽ, മലയാളകൃതികൾ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള പരിശ്രമങ്ങൾ ഇപ്പോഴും വ്യക്തിപരമായ ഇഷ്ടങ്ങൾക്കപ്പുറത്തേക്ക്‌ വളർന്നിട്ടില്ല.

വിവർത്തനത്തിലൂടെ വ്യാപകമായ ശ്രദ്ധനേടിയ ആദ്യ മലയാളനോവൽ തകഴിയുടെ ചെമ്മീൻ ആയിരുന്നു. പിന്നീട് ആഷർ എന്ന ഇംഗ്ലീഷ് ഭാഷാപണ്ഡിതൻ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിൽ ആകൃഷ്ടനായി ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌’ ഉൾപ്പെടെയുള്ള, പരിഭാഷയ്ക്കു വഴങ്ങാത്ത കൃതികൾ ശ്രദ്ധേയമാംവിധം മൊഴിമാറ്റംചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ അദ്ദേഹംതന്നെ പരിഭാഷപ്പെടുത്തി.

വി. അബ്ദുള്ളയെപ്പോലുള്ളവരുടെ ശ്രമഫലമായി കുറെയേറെ മലയാളം ചെറുകഥകളും നോവലുകളും വിവർത്തനം ചെയ്യപ്പെട്ടു. എം.ടി.യുടെ കഥകളും നോവലുകളും ഗീതാ കൃഷ്ണൻകുട്ടിയുടെ വിവർത്തനത്തിൽ മികച്ച പ്രസാധകർ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. എം. മുകുന്ദന്റെ കൃതികൾക്ക് ഇംഗ്ളീഷിലും ഫ്രഞ്ചിലും പരിഭാഷകളുണ്ടായി. സേതുവിന്റെ നോവലുകൾ ഇംഗ്ളീഷിലും ജർമൻഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ടു. എഴുത്തുകാരന്റെ പ്രതിഭയും പ്രാധാന്യവും ഈ പരിഭാഷകൾ സാധ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
(തുടരും)

Content Highlights: malayalam needs translation programme

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..