സ്റ്റാലിൻ: ഒരു ചുവട് പിന്നോട്ട്


വി.ടി. സന്തോഷ്‌

4 min read
Read later
Print
Share

തമിഴ്‌നാട്‌ കത്ത്

എം.കെ. സ്റ്റാലിൻ | Photo: PTI

ഡി.എം.കെ. അധികാരത്തിൽവന്നാൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നയാളാണ് എം.കെ. സ്റ്റാലിൻ. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ആ വാഗ്ദാനം. മദ്യനിരോധനത്തിന്റെ അപകടമോർത്താവും, തമിഴ്‌നാട്ടിലെ ജനങ്ങൾ അക്കുറി ഡി.എം.കെ.യ്ക്ക് ഭരണം നൽകിയില്ല. അഞ്ചുവർഷംകൂടി കഴിഞ്ഞ് വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോഴേക്ക് മദ്യനിരോധന വാഗ്ദാനം മുഖ്യമന്ത്രി സ്റ്റാലിൻ മറന്നിരുന്നു; ജനങ്ങളും.

മദ്യം നിരോധിക്കുന്നത് വ്യാജമദ്യദുരന്തങ്ങൾക്കു വഴിയൊരുക്കുമെന്നതാണ് നിരോധനമില്ലാത്തിടത്തെ സർക്കാരുകളുടെയെല്ലാം സുചിന്തിതനിലപാട്. പൊതുമേഖലയിലെ ടാസ്മാക് വഴി മദ്യവിതരണം ഉദാരമാക്കിയ സ്റ്റാലിൻസർക്കാർ മദ്യവിൽപ്പനയ്ക്ക് വെൻഡിങ് മെഷീൻ അവതരിപ്പിക്കുകയും കായികമേളകളിലും വിരുന്നുകളിലും മദ്യം വിളമ്പാൻ അനുമതിനൽകുന്നതിന് അബ്കാരിച്ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുകയും ചെയ്തു. പക്ഷേ, വ്യാജമദ്യവിൽപ്പനയ്ക്ക് കുറവൊന്നുമുണ്ടായില്ല. വടക്കൻ തമിഴ്‌നാട്ടിലെ വിഴുപുരത്തും ചെങ്കൽപ്പെട്ടിലും ഈയാഴ്ചയുണ്ടായ മദ്യദുരന്തങ്ങളിൽ 18 പേരാണ് മരിച്ചത്.
മദ്യത്തിന്റെ വിഷയം വന്നതോടെ, ഉറങ്ങിക്കിടക്കുകയായിരുന്ന പ്രതിപക്ഷം ഉണർന്നെണീറ്റു. സ്റ്റാലിൻ രാജിവെക്കണമെന്ന ആവശ്യമുയർന്നു. സർക്കാരിന്‌ പ്രതിരോധത്തിലേക്കു മാറേണ്ടിവന്നു. പ്രവർത്തനമികവിലൂടെ ബഹുദൂരം മുന്നേറിയിരുന്ന സ്റ്റാലിൻ മന്ത്രിസഭ അടുത്തയിടെ നേരിട്ട തിരിച്ചടികളിൽ ഏറ്റവും ഒടുവിലത്തേതാണ് വ്യാജമദ്യദുരന്തം.

മികവിന്റെ രണ്ടുവർഷം

മേയ് ഏഴിന് മൂന്നാം വർഷത്തിലേക്കുകടന്ന സ്റ്റാലിൻ മന്ത്രിസഭയ്ക്ക് ഭരണനേട്ടങ്ങൾ പലതുണ്ട് പറയാൻ. രണ്ടുവർഷംകൊണ്ട് 2.7 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് എത്തിയത്. ഇവയിൽ 3.9 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 13.74 ശതമാനം വളർച്ചയോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണിന്ന് തമിഴ്‌നാട്. 2030-ഓടെ ഒരു ലക്ഷം കോടിരൂപയുടെ സമ്പദ്‌വ്യവസ്ഥയാക്കിമാറ്റുകയാണ് ലക്ഷ്യം. കൂടുതൽ നിക്ഷേപം തേടി മുഖ്യമന്ത്രി അടുത്തയാഴ്ച വിദേശസന്ദർശനത്തിന് ഒരുങ്ങുകയാണ്.

സാമ്പത്തിക വളർച്ചയോടൊപ്പം സാമൂഹികനീതികൂടി ഉൾച്ചേർന്നതാണ് സ്റ്റാലിന്റെ ദ്രാവിഡമോഡൽ. പ്രൈമറി വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി, സർക്കാർ സ്‌കൂളുകളിൽ പഠിച്ച പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാസം 1000 രൂപ നൽകുന്ന പദ്ധതി, പത്തുലക്ഷം കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന ഞാൻ മുതൽവൻ പദ്ധതി, വൈദ്യസഹായം വീട്ടിലെത്തിക്കുന്ന ‘മക്കളെത്തേടി മരുത്വം’, കൊഴിഞ്ഞുപോയ കുട്ടികളെ വീട്ടിൽനിന്നേ ബോധവത്കരിച്ച് സ്‌കൂളുകളിൽ തിരിച്ചെത്തിക്കുന്നതിനുള്ള ‘ഇല്ലം തേടി കൽവി’ തുടങ്ങി ക്ഷേമപദ്ധതികൾ പലതും ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട് സർക്കാർ. വീട്ടമ്മമാർക്ക് മാസം 1000 രൂപ നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം ഈ വർഷംതന്നെ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.

തമിഴിന്റെ അഭിമാനമുയർത്തിക്കാണിച്ച് ദ്രാവിഡരാഷ്ട്രീയം പറഞ്ഞുറപ്പിക്കുന്ന സ്റ്റാലിൻ കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാരിനെതിരേ പ്രതിപക്ഷനിര കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമവും തുടരുന്നു. അതിന് നരേന്ദ്രമോദി സർക്കാരിനു കീഴിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നേരിടുന്ന ഭീഷണിയെ ആയുധമാക്കുന്നു. പ്രതിപക്ഷത്തിൽനിന്ന് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ലാത്ത ഡി.എം.കെ. സർക്കാരിനുമുന്നിൽ പ്രതിപക്ഷമായിനിന്ന് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഗവർണർ ആർ.എൻ. രവിയാണ്. ഓൺലൈൻ ചൂതാട്ടം തടയുന്നതിനുള്ള ബിൽ ഗവർണർ തിരിച്ചയച്ചിട്ടും നിയമമാക്കാനായത് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് തെളിവായി. കേന്ദ്രവുമായി ഏറ്റുമുട്ടൽ തുടരുമ്പോഴും സംസ്ഥാനത്തിന്റെ പദ്ധതികൾക്ക് കേന്ദ്രാനുമതിനേടിയെടുക്കാൻ സ്റ്റാലിനു കഴിയുന്നുണ്ട്. മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഓർമയ്ക്കായി കടലിൽ തൂലികാസ്മാരകം നിർമിക്കുന്നതിനുള്ള പാരിസ്ഥിതികാനുമതിയാണ് അക്കൂട്ടത്തിൽ ഏറ്റവും പുതിയത്.

പിഴവുകളുടെ നയംമാറ്റം

നേട്ടങ്ങളുടെ കൊടുമുടിയിൽ രണ്ടുവർഷം പൂർത്തിയാക്കാനിരിക്കുമ്പോഴാണ് തൊഴിൽസമയം വർധിപ്പിക്കാനുള്ള നിയമഭേദഗതിയിൽ സർക്കാരിന് ചുവടുതെറ്റിയത്. തൊഴിൽശാലകളിലെ ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറിൽ കൂടാൻപാടില്ലെന്ന് നിഷ്‌കർഷിക്കുന്ന ഫാക്ടറീസ് ആക്ട് വലിയ ചർച്ചയൊന്നും കൂടാതെയാണ് തമിഴ്‌നാട് നിയമസഭ ഭേദഗതിചെയ്തത്. അത്‌ നിയമമായാൽ ചില വ്യവസായസ്ഥാപനങ്ങൾക്ക് ജോലിസമയം ദിവസം എട്ടുമണിക്കൂറിൽനിന്ന് 12 മണിക്കൂർവരെയായി ഉയർത്താൻ കഴിയുമായിരുന്നു. വിദേശനിക്ഷേപം ആകർഷിക്കാൻ ഇതൊക്കെ വേണ്ടിവരും എന്നതാണ് ന്യായം. ഏപ്രിൽ 21-ന് ബിൽ നിയമസഭ പാസാക്കിയപ്പോൾ സഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐ.യും വി.സി.കെ.യും ഇറങ്ങിപ്പോയി. ഇടതുപക്ഷത്തിനൊപ്പം ഡി.എം.കെ.യുടെ തൊഴിലാളിസംഘടനയും പ്രതിഷേധവുമായി എത്തിയതോടെ ബിൽ മരവിപ്പിച്ചു. നിയമഭേദഗതി ഉപേക്ഷിക്കുന്നതായി മേയ്ദിനത്തിൽ മുഖ്യമന്ത്രിക്ക്‌ പ്രഖ്യാപിക്കേണ്ടിവന്നു.

തൊഴിൽ നിയമഭേദഗതിയിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് മദ്യവിതരണം ഉദാരമാക്കുന്നതിനുള്ള ചട്ടഭേദഗതിവന്നത്. സ്റ്റേഡിയങ്ങൾ, കോൺഫറൻസ് ഹാളുകൾ, കൺവെൻഷൻ സെന്ററുകൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ചടങ്ങുകൾ നടക്കുന്ന സമയത്ത് മദ്യം നൽകുന്നതിന് പ്രത്യേക ലൈസൻസ് അനുവദിക്കുന്നതിന് അബ്കാരി ചട്ടം ഭേദഗതിചെയ്തുകൊണ്ട് ഏപ്രിൽ 24-ന് ഗസറ്റ് വിജ്ഞാപനമിറങ്ങി. കല്യാണച്ചടങ്ങുകളിൽ മദ്യമൊഴുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നുപറഞ്ഞ് പ്രതിപക്ഷം ബഹളംവെച്ചതോടെ സർക്കാരിന് പിൻവലിയേണ്ടിവന്നു. അന്താരാഷ്ട്ര കായികമേളകൾക്കുമാത്രമേ മദ്യത്തിന് ലൈസൻസ് ലഭിക്കുകയുള്ളൂ എന്ന് എക്‌സൈസ് മന്ത്രി വിശദീകരിച്ചു. പൊതുതാത്‌പര്യഹർജി പരിഗണിച്ച് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ ഈ നയംമാറ്റവും മരവിപ്പിക്കപ്പെട്ടു. നിയമസഭയിലോ പാർട്ടിയിലോ ചർച്ചചെയ്യാതെയാണ് രണ്ടു നയംമാറ്റങ്ങളും വന്നതെന്ന വസ്തുത പിന്നാലെ വെളിപ്പെട്ടു. ചില ഉന്നതോദ്യോഗസ്ഥരാണ് അതിനുള്ള ചരടുവലിച്ചത്. ഡി.എം.കെ. സർക്കാരിന്റെ ഭരണനിർവഹണ സംവിധാനം തന്നെയാണ് അതോടെ ചോദ്യംചെയ്യപ്പെട്ടത്.

ഭരണനിർവഹണത്തിലെ വീഴ്ചകളുണ്ടെങ്കിലും രാഷ്ട്രീയനിലപാടിൽ തലയുയർത്തിത്തന്നെയാണ് സ്റ്റാലിന്റെ നിൽപ്പ്‌. ദേശീയതലത്തിൽ ബി.ജെ.പി. ഇതര കക്ഷികളുടെ മുന്നണിയുണ്ടാക്കുമ്പോൾ അതിൽനിന്ന് കോൺഗ്രസിനെ ഒഴിച്ചുനിർത്താനാവില്ല എന്ന സ്റ്റാലിന്റെ നിലപാടിന് കർണാടക നിയമസഭാ തിരഞ്ഞെടുപ്പുഫലം കരുത്തുപകർന്നിരിക്കുകയാണ്. തമിഴ്‌നാട്ടിൽ സ്റ്റാലിനെതിരേ പടനയിക്കുന്ന അണ്ണാമലൈയ്ക്കായിരുന്നു കർണാടക തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ ചുമതല എന്നതുകൊണ്ട് കോൺഗ്രസിന്റെ വിജയത്തിൽ ഡി.എം.കെ.യ്ക്ക് പ്രത്യേക സന്തോഷമുണ്ട്. അതിന്റെകൂടി ആവേശത്തിൽ, ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ച് ഡി.എം.കെ. നേതൃത്വം അടുത്തവർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

ആരോപണങ്ങളുടെ ശബ്ദരേഖ

ഡി.എം.കെ. നേതൃത്വത്തിനെതിരേ ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ ഉയർത്തിയ അഴിമതിയാരോപണങ്ങളുടെ തുടർച്ചയായിരുന്നു മുഖ്യമന്ത്രി പ്രത്യേക താത്‌പര്യമെടുത്ത് മന്ത്രിസഭയിലേക്കു കൊണ്ടുവന്ന ബാങ്കിങ് വിദഗ്ധൻ പഴനിവേൽ ത്യാഗരാജന്റെ വകുപ്പുമാറ്റം. ഡി.എം.കെ. ഫയൽസ് എന്നപേരിൽ വിഷുദിനത്തിൽ അണ്ണാമലൈ പുറത്തുവിട്ട ആരോപണങ്ങളെ മാനനഷ്ടക്കേസിലൂടെ നേരിടാനായിരുന്നു ഡി.എം.കെ. നേതൃത്വത്തിന്റെ ശ്രമം. ഭരണനേതൃത്വവുമായി ബന്ധമുണ്ടെന്നു പറയുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ആദായനികുതി റെയ്ഡ് നടക്കുന്നതിനിടെ പുറത്തുവന്ന ശബ്ദരേഖകളാണ് ആ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. സ്റ്റാലിന്റെ മകൻ ഉദയനിധിയും മരുമകൻ ശബരീശനും അടുത്തകാലത്തു സമ്പാദിച്ച സ്വത്തിനെക്കുറിച്ചുള്ള പരാമർശങ്ങളാണ് മന്ത്രി പഴനിവേൽ ത്യാഗരാജന്റെ എന്നുപറയുന്ന ആദ്യത്തെ ശബ്ദരേഖയിലുള്ളത്. പാർട്ടി നേതൃത്വവും ഭരണവും ഒരേ വ്യക്തികൾ കൈയാളുന്നത് അവസാനിപ്പിക്കണം എന്ന നിർദേശമായിരുന്നു രണ്ടാമത്തേതിൽ. മാധ്യമപ്രവർത്തകരുമായി പി.ടി.ആർ. നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ഭാഗം ചോർന്നുകിട്ടിയതാണ് ഇത് എന്നാണ് അവ പ്രചരിപ്പിച്ച ബി.ജെ.പി. നേതാക്കൾ പറയുന്നത്. ശബ്ദരേഖ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് മന്ത്രിയും ബി.ജെ.പി.യുടെ തരംതാണ രാഷ്ട്രീയക്കളിയാണിതെന്ന് മുഖ്യമന്ത്രിയും പറഞ്ഞെങ്കിലും പ്രശ്നം പാർട്ടിക്കുള്ളിൽ നീറിപ്പുകഞ്ഞു. മേയ് 11-നുനടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ പി.ടി.ആറിനെ ധനകാര്യത്തിൽനിന്ന് വിവരസാങ്കേതികവിദ്യാ വകുപ്പിലേക്കു മാറ്റി.

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..