കിരീടം ചൂടി കീരവാണി


By രവി മേനോൻ

4 min read
Read later
Print
Share

‘‘ഏറ്റവും ആസ്വദിച്ച് ഈണമിട്ടവയാണ് മലയാളത്തിലെ പാട്ടുകളെല്ലാം. ഇത്രയും സ്വാതന്ത്ര്യം അനുവദിക്കുന്ന സിനിമാലോകം വേറെയില്ല.’’ -കീരവാണിയുടെ വാക്കുകൾ.  

.

ജീവിതത്തിലേറ്റവും കടപ്പാട് അച്ഛൻ ശിവശക്തി ദത്തയോടാണ്; സിനിമയിൽ സഹോദരതുല്യനായ എസ്.എസ്. രാജമൗലിയോട്; സംഗീതത്തിലാകട്ടെ രാജാമണിയോടും. രാജാമണിയുടെ സ്നേഹവും പിന്തുണയുമില്ലായിരുന്നെങ്കിൽ സിനിമയുടെ മായാലോകത്ത് നിലയുറപ്പിക്കാൻ കഴിയാതെപോയേനെ എന്ന് വിശ്വസിക്കുന്നു, കീരവാണി. മനസ്സുനിറയെ സംഗീതസ്വപ്നങ്ങളുമായി സിനിമാനഗരത്തിൽ വന്നിറങ്ങിയ നാട്ടിൻപുറത്തുകാരന് ചുറ്റുമുള്ള ലോകം അപരിചിതമായിത്തോന്നിയത് സ്വാഭാവികം. അവനുവേണ്ടിയിരുന്നത് സ്നേഹവും കരുതലുംനിറഞ്ഞ ഒരു തണലാണ്. അതു നൽകിയത് രാജാമണിയും. ‘ആർ ആർ ആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെപേരിലുള്ള ഓസ്‌കർ സ്വീകരിക്കാൻ ലോസ്‌ ആഞ്ജലിസിലെ പ്രൗഢവേദിയിൽ നിൽക്കുമ്പോൾ തീർച്ചയായും രാജാമണിയെ മനസ്സുകൊണ്ട് നമിച്ചിരിക്കും കീരവാണി.

അറുപത്തിരണ്ടാം വയസ്സിൽ കീരവാണിയെ തേടിയെത്തിയ ഓസ്‌കർ അവാർഡ് മലയാളികൾക്കും അഭിമാനംപകരുന്ന നേട്ടം. ശിശിരകാല മേഘമിഥുന രതിപരാഗവും ശശികല ചാർത്തിയ ദീപാവലയം തരളിതരാവിൽ മയങ്ങുന്ന സൂര്യമാനസവുമൊക്കെ ഇപ്പോഴും നമ്മുടെ ചുണ്ടിലും മനസ്സിലുമുണ്ടല്ലോ. ‘‘ഏറ്റവും ആസ്വദിച്ച് ഈണമിട്ടവയാണ് മലയാളത്തിലെ പാട്ടുകളെല്ലാം. ഇത്രയും സ്വാതന്ത്ര്യം അനുവദിക്കുന്ന സിനിമാലോകം വേറെയില്ല.’’ -കീരവാണിയുടെ വാക്കുകൾ.

പാട്ടിലേക്കുവന്ന വഴി

സുഹൃത്തായ ഗിറ്റാറിസ്റ്റ് സുരേഷ് ബാലറാം വഴിയാണ് മലയാളത്തിലെ പഴയകാല സംഗീതസംവിധായകൻ ചിദംബരനാഥിന്റെ മകൻ രാജാമണിയെ കീരവാണി പരിചയപ്പെടുന്നത്. ജീവിതത്തിന്റെ വഴിതിരിച്ചുവിട്ട കൂടിക്കാഴ്ച. തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കേറിയ ഓർക്കസ്ട്ര കണ്ടക്ടറും പശ്ചാത്തലസംഗീതവിദഗ്‌ധനുമാണ് അക്കാലത്ത് രാജാമണി. കീരവാണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ രാജാമണി അദ്ദേഹത്തെ തന്റെ സഹായിയായി സ്വീകരിക്കുന്നു. വർഷങ്ങൾനീണ്ട സംഗീതസൗഹൃദത്തിന്റെ തുടക്കം. ‘‘സംഗീതസംവിധാനത്തിന്റെയും വാദ്യവിന്യാസത്തിന്റെയും സാങ്കേതികവിദ്യയുടെ ഔചിത്യമാർന്ന ഉപയോഗത്തിന്റെയും സാധ്യതകൾ ഞാൻ പഠിച്ചെടുത്തത് രാജാമണിസാറിൽനിന്നാണ്.’’

എം.ജി. രാധാകൃഷ്ണൻ, കണ്ണൂർ രാജൻ, കോട്ടയം ജോയ് തുടങ്ങി പലരുടെയും ഗാനസൃഷ്ടിയിൽ പങ്കാളിയായി ഇക്കാലത്ത്. അതിനിടെ സംഗീതസംവിധായകൻ ചക്രവർത്തിക്കൊപ്പം കുറച്ചുകാലം. സിനിമയിൽ സ്വതന്ത്രസംഗീതസംവിധായകൻ എന്നനിലയിൽ തിരക്കേറിയശേഷവും ഓർക്കസ്ട്ര കണ്ടക്ടറുടെ റോൾ പൂർണമായി ഉപേക്ഷിച്ചില്ല, കീരവാണി എന്നൊരു കൗതുകംകൂടിയുണ്ട്. ഗുരുവായ രാജാമണിയുടെ പകരക്കാരനായി തന്റെ ഗാനങ്ങൾ പലതും കണ്ടക്ട്‌ ചെയ്യാനെത്തിയ കീരവാണിയുടെ ചിത്രം ഇപ്പോഴുമുണ്ട് സംഗീതസംവിധായകൻ വിദ്യാധരന്റെ ഓർമയിൽ. ‘ഉത്തര’ത്തിലെ മഞ്ഞിൻവിലോലമാം, പുറത്തിറങ്ങാതെപോയ ‘യാത്രാമൊഴി’ എന്ന സിനിമയിലെ ‘കൃഷ്ണതുളസിയും മുല്ലയും’ തുടങ്ങിയ വിദ്യാധരഗാനങ്ങൾക്ക് ഓർക്കസ്ട്ര നിയന്ത്രിച്ചത് കീരവാണിയായിരുന്നു.

ബിനാകാ ഗീത് മാല കേട്ടുവളർന്ന കുട്ടി

തന്റെ തലമുറയിലെ എല്ലാ സംഗീതാസ്വാദകരേയുംപോലെ ചെറുപ്പത്തിൽ ബിനാക്കാ ഗീത് മാല എന്ന റേഡിയോ സംഗീതപരിപാടിയുടെ കടുത്ത ആരാധകനായിരുന്നു കീരവാണിയും. മദൻമോഹന്റെയും രോഷന്റെയും ഒ.പി. നയ്യാരുടെയും ഈണങ്ങളിൽ മതിമറന്നിരുന്ന ഒരു കുട്ടി. സ്വപ്നജീവിയായ ആ കൊച്ചുകുട്ടി ഇന്നും കീരവാണിയുടെ ഉള്ളിലുണ്ട്; അന്നുകേട്ട പാട്ടുകൾ ആദ്യശ്രവണമാത്രയിലെ അതേ അനുഭൂതിയോടെ നാവിൻതുമ്പിലും. വെറുതെയല്ല ഹിന്ദിയിൽ കീരവാണി സൃഷ്ടിച്ച ഈണങ്ങൾ നമ്മെ മെലഡിയുടെ വസന്തകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്: ചലോ തുംകോ ലേകർ ചലേ, ജാദു ഹേ നഷാ ഹേ (ജിസം), തും മിലേ ദിൽ ഖിലെ (ക്രിമിനൽ), ആഭിജാ (സുർ)... എല്ലാം ഗൃഹാതുരസ്പർശമുള്ള ശ്രവ്യാനുഭവങ്ങൾ.

ആർ ആർ ആറിലെ പാട്ടുകളിൽ ഹൃദയത്തോട് ഏറ്റവുംചേർന്നുനിന്നത് ‘ജനനീ’ എന്ന പാട്ടാണെന്നുപറയും കീരവാണി. പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്ന ആ ഗാനത്തിലാണ് വൈകാരികാംശം കൂടുതൽ. വരികളാകട്ടെ ഹൃദയസ്പർശിയും. പക്ഷേ, പടം പുറത്തിറങ്ങിയപ്പോൾ ഏറ്റവും ചർച്ചചെയ്യപ്പെട്ടത് നാട്ടു നാട്ടു എന്ന പാട്ടാണ്.

രണ്ടരവർഷമെടുത്ത് സൃഷ്ടിച്ച പാട്ടാണ് ‘നാട്ടു നാട്ടു’. കഥാചർച്ചയുടെ ഓരോഘട്ടത്തിലും ഈണങ്ങൾ മാറിമാറിവന്നു. ചിത്രീകരണത്തിനു ശേഷംപോലും ഈണം അഴിച്ചുപണിയേണ്ടിവന്നിട്ടുണ്ടെന്നു പറയും കീരവാണി. സംവിധായകൻ രാജമൗലി ഓക്കെ പറഞ്ഞിട്ടുപോലും ആത്മസംതൃപ്തിക്കുവേണ്ടിയുള്ള യജ്ഞം തുടർന്നുകൊണ്ടേയിരുന്നു അദ്ദേഹം. ‘‘വഴിക്കുവഴിയായി ഈണങ്ങൾ മാറ്റി കമ്പോസ് ചെയ്യുന്നത് വെല്ലുവിളിയായിത്തോന്നിയിട്ടില്ല, ഒരിക്കലും. അക്കാര്യത്തിൽ എന്റെ പിതാവാണ് എന്റെ മാർഗദർശി. കുട്ടിക്കാലത്ത് ഒരേ പാട്ടിനുവേണ്ടി ഒട്ടേറെ വ്യത്യസ്തമായ ഈണങ്ങൾ എന്നെക്കൊണ്ട് കമ്പോസ് ചെയ്യിക്കുമായിരുന്നു അദ്ദേഹം. പിന്നെപ്പിന്നെ അതൊരു ലഹരിയായി. ഞാനുമത് ആസ്വദിക്കാൻ തുടങ്ങി.’’

നാട്ടു നാട്ടുവിന്റെ കഥ

വെറുമൊരു നൃത്തരംഗത്തിനുവേണ്ടിയായിരുന്നെങ്കിൽ ഇതിലും അനായാസം പാട്ടൊരുക്കാമായിരുന്നു എന്ന് കീരവാണി. പക്ഷേ, ആർ ആർ ആറിലെ നൃത്തരംഗം യഥാർഥത്തിൽ ഒരു ആക്‌ഷൻ സീക്വൻസ് ആണ്. വീറും വാശിയും ദേശസ്നേഹവും പ്രതികാരവാഞ്ഛയുമൊക്കെ പ്രതിഫലിക്കണം പാട്ടിൽ. സിരകളെ ഉത്തേജിപ്പിക്കുന്ന പാട്ട്. ‘നാട്ടു നാട്ടു’വിന് കീരവാണി നൽകിയ ഈണത്തിലും ചന്ദ്രബോസ് എഴുതിയ വരികളിലും കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ്‌ എന്നിവരുടെ ആലാപനത്തിലും അവയെല്ലാം ഉണ്ടായിരുന്നു. ‘‘ചില പാട്ടുകൾ അങ്ങനെയാണ്. നമ്മൾപോലും നിനച്ചിരിക്കാതെ അവയിൽ നാമാഗ്രഹിക്കുന്നതെല്ലാം വന്നുചേരുന്നു.’’

ഈണമിടുമ്പോൾ കീരവാണിയുടെ പ്രിയപ്പെട്ട ഹാർമോണിയത്തിനുമുകളിൽ രണ്ടു ചിത്രങ്ങൾ സ്ഥിരമായുണ്ടാകും -മൂകാംബികയുടെയും വേളാങ്കണ്ണി മാതാവിന്റെയും. മറ്റൊരു ശീലംകൂടിയുണ്ട്. സൗന്ദര്യലഹരിയിലെ ഒരു ശ്ലോകം മൈക്കിലൂടെ ചൊല്ലിക്കൊണ്ടാണ് ദിവസവും റെക്കോഡിങ്‌ തുടങ്ങുക. അവസാനിപ്പിക്കുന്നതും അങ്ങനെത്തന്നെ. സൗന്ദര്യലഹരിയുടെ കർത്താവായ ശങ്കരാചാര്യരുടെ ജന്മസ്ഥലം എന്നപേരിൽ കേരളത്തോടുള്ള തന്റെ ആത്മബന്ധത്തിന് ദശാബ്ദങ്ങൾ പഴക്കമുണ്ടെന്നു പറയും കീരവാണി.

പാട്ടുകാരനോ സന്ന്യാസിയോ

ആരാണ് യഥാർഥ കീരവാണി പാട്ടുകാരനോ!, സംഗീതസംവിധായകനോ! അതോ സന്ന്യാസിയോ? ‘‘മൂന്നിന്റെയും അംശമുണ്ട് എന്നിൽ. ഒരു ത്രിമാനവ്യക്തിത്വം എന്ന് കൂട്ടിക്കോളൂ.’’ പുഞ്ചിരിയോടെ കീരവാണിയുടെ മറുപടി. ‘‘ശങ്കരാചാര്യർ കഴിഞ്ഞാൽ സ്വാമി ശിവാനന്ദയുടെയും ഓഷോ രജനീഷിന്റെയും തത്ത്വങ്ങളാണ് എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. ജീവിതത്തിനു ലക്ഷ്യം അനിവാര്യമാണെന്നാണ് ശിവാനന്ദ സ്വാമിയുടെ വീക്ഷണം. നല്ലതായാലും ചീത്തയായാലും ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് ജീവിതം. പക്ഷേ, ഓഷോയുടേത് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ലക്ഷ്യത്തിൽ വിശ്വസിക്കുന്നില്ല അദ്ദേഹം. മാർഗം മാത്രമേയുള്ളൂ ജീവിതത്തിൽ. ഓരോ നിമിഷവും ആഘോഷപൂർവം ജീവിച്ചുതീർക്കുക. ഈ രണ്ടു സമീപനങ്ങളും ഉൾക്കൊള്ളാനാകും എനിക്ക്. നന്മയും തിന്മയും ഉള്ളിൽ സൂക്ഷിക്കുന്നവരല്ലേ നമ്മൾ? സ്വാഭാവികമായും പരസ്പരവിരുദ്ധമായ ആശയങ്ങളും ഉൾക്കൊള്ളാൻ കഴിയണം നമുക്ക്...’’ തത്ത്വചിന്തകനെപ്പോലെ കീരവാണി സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

വേദിയിൽ തിളങ്ങി ചന്ദ്രബോസും

‘നാട്ടു നാട്ടു’ പാട്ടിന് ലഭിച്ച ഓസ്കർ ഏറ്റുവാങ്ങിയത് സംഗീതസംവിധായകനായ എം.എം. കീരവാണിയും ഗാനരചയിതാവ് കനുകുന്തല സുഭാഷ് ചന്ദ്രബോസും ചേർന്നാണ്. 1995-ൽ താജ് മഹൽ എന്ന തെലുഗുചിത്രത്തിനാണ് ചന്ദ്രബോസ് ആദ്യമായി പാട്ടെഴുതുന്നത്. 25 വർഷത്തിനിടെ 3600-ഓളം പാട്ടുകളെഴുതി. ദൂരദർശനിൽ ഗായകനാവുക എന്നതായിരുന്നു ചെറുപ്പത്തിൽ ആഗ്രഹം. എന്നാൽ, നിരാശയായിരുന്നു ഫലം. തുടർന്ന് ഗാനരചനാരംഗത്തേക്കു കടന്നു. വരികളെഴുതുന്നതിനൊപ്പം പാടുകയും ചെയ്യും ചന്ദ്രബോസ്. നൃത്തസംവിധായക സുചിത്രയാണ് ഭാര്യ.

ശ്രദ്ധേയമായ ചിത്രങ്ങൾ

എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ ജൂനിയർ എൻ.ടി.ആർ. നായകനായ സ്റ്റുഡന്റ് നമ്പർ വൺ, ആര്യ, ഛത്രപതി, ഹാപ്പി, മഗധീര, 100% ലവ്, ബദ്രിനാഥ്, രംഗസ്ഥലം, പുഷ്പ.

Content Highlights: edit page, mm keeravani got oscar for nattu nattu song, rrr movie, chandrabose lyricist oscars 2023

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..