യൂറോപ്പിന്റെ സൈനിക ഭൂപടത്തിൽ നാറ്റോ


എസ്‌. രാംകുമാർ

നാറ്റോ ആസ്ഥാനം | ഫോട്ടോ: AFP

സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ പ്രസക്തിയെക്കുറിച്ച് പലർക്കും സംശയമുണ്ടായി. 1949-ലാണ് പടിഞ്ഞാറൻ രാഷ്ട്രങ്ങൾ മുൻകൈ എടുത്ത് നാറ്റോ സഖ്യം രൂപവത്കരിച്ചത്. സോവിയറ്റ് യൂണിയന്റെ പടയോട്ടം തടയുക എന്നതായിരുന്നു അതിന്റെ പരമപ്രധാന ലക്ഷ്യം. ശീതയുദ്ധത്തിന് തിരശ്ശീല വീഴുകയും ഒരേയൊരു ശത്രു പിൻവാങ്ങുകയും ചെയ്തതോടെ നാറ്റോയുടെ അടുത്ത കർമപദ്ധതിയെക്കുറിച്ച് ചോദ്യങ്ങളുയർന്നു. സോവിയറ്റ് വിരുദ്ധതയിൽ കവിഞ്ഞ ആശയഐക്യമൊന്നും അംഗങ്ങൾക്കുണ്ടായിരുന്നില്ലതാനും. എങ്കിലും ഒരു പ്രതിരോധ, നയതന്ത്ര സഹകരണ സംഘം എന്ന നിലയ്ക്ക് നാറ്റോ തുടർന്നു. ഒരു ഘട്ടത്തിൽ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള സൈനികശക്തിയായിമാത്രം നാറ്റോ അധഃപതിച്ചുവെന്ന വിമർശനവുമുണ്ടായി. അങ്ങനെയൊരു സ്ഥിതിവിശേഷത്തിൽ യൂറോപ്പിൽനിന്നുള്ള ചില അംഗരാജ്യങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു; പ്രത്യേകിച്ച് ഊർജാവിശ്യങ്ങൾക്കായി റഷ്യയെ ആശ്രയിക്കേണ്ടിവന്ന സാഹചര്യത്തിൽ. ഏറ്റവും ഒടുവിൽ അഫ്ഗാനിസ്താനിൽനിന്ന് വർഷങ്ങൾനീണ്ട യുദ്ധമവസാനിച്ച് നിരുപാധികം പിൻമാറേണ്ടി വന്നത് നാറ്റോയ്ക്ക് വലിയ നാണക്കേടായി. എന്നാൽ ഈ കാലമത്രയും കൂട്ടായ്മ എന്ന നിലയ്ക്ക് അംഗബലം വർധിപ്പിക്കാൻ നാറ്റോയ്ക്ക് സാധിച്ചിട്ടുണ്ട്. ഒടുവിൽ അംഗത്വവിതരണവുമായി യുക്രൈന്റെ പടിക്കൽ എത്തിയപ്പോഴാണ് റഷ്യ യുദ്ധം തുടങ്ങിയത്.

1989-90 കാലത്ത് ബെർലിൻ മതിലിന്റെ തകർച്ചയും ജർമനിയുടെ ഏകീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ നയതന്ത്ര ചർച്ചകളുണ്ടായി. നാറ്റോ കിഴക്കൻ മേഖലയിലേക്ക് സ്വാധീനം വർധിപ്പിക്കില്ലെന്ന് അക്കാലത്ത് ഉറപ്പുലഭിച്ചുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാൽ അക്കാലത്ത് നാറ്റോയുടെ ഭാവി പരിപാടികളെക്കുറിച്ച് ചർച്ചയേ ഉണ്ടായിട്ടില്ലെന്നാണ് സഖ്യരാഷ്ട്രങ്ങൾ വിശദീകരിക്കുന്നത്. എന്തായാലും റഷ്യൻ അതിർത്തിയെ തൊട്ടുകിടക്കുന്ന എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് രാജ്യങ്ങൾവരെ നാറ്റോ എത്തി. യുക്രൈൻകൂടി മറുകണ്ടം ചാടുന്നത് റഷ്യയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
യുക്രൈനിലെ റഷ്യൻ അധിനിവേശം നാറ്റോ അംഗങ്ങളായ ബാൾട്ടിക് രാജ്യങ്ങൾക്ക് വലിയ ആശങ്കയായിട്ടുണ്ട്. മൂർച്ചപോയ ഉപരോധായുധങ്ങൾകൊണ്ടും നയതന്ത്ര സമ്മർദംകൊണ്ടും പുതിന്റെ റഷ്യയെ തടയാനാവില്ലെന്നും പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ സൈനിക ഭൂപടത്തിൽ സായുധസഖ്യം എന്ന നിലയ്ക്ക് നാറ്റോ വീണ്ടും നിർണായകമാവുകയാണ്.
യുക്രൈനെ കുഴപ്പത്തിൽ ചാടിച്ചിട്ട് കൈയൊഴിഞ്ഞവരെന്നാണ് നാറ്റോയെക്കുറിച്ച് ഇപ്പോൾ പലരും കരുതുന്നത്. യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ സാധ്യതയില്ലെങ്കിലും അംഗരാജ്യങ്ങളെ നേരിട്ടാക്രമിക്കുന്ന സാഹചര്യമുണ്ടായാൽ നോക്കിയിരിക്കില്ല എന്ന് നാറ്റോയുടെ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടെൻബർഗ് പറയുന്നു. യുക്രൈൻ അതിർത്തിയിലുള്ള സഖ്യരാജ്യങ്ങളിൽ സൈനികവിന്യാസം വർധിപ്പിച്ചിട്ടുമുണ്ട്. പ്രത്യക്ഷത്തിൽ ഇടപെടുന്നില്ലെങ്കിലും നാറ്റോയിലെ അംഗരാജ്യങ്ങൾ പലതും യുക്രൈനെ രഹസ്യമായി സഹായിക്കുന്നുണ്ട്.

നാറ്റോയുടെ സാധ്യതകൾ

പ്രതിരോധസംവിധാനം ശക്തിപ്പെടുത്തിയെന്നതല്ലാതെ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി കിഴക്കൻ യൂറോപ്പിൽ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് നാറ്റോ കൂടുതൽ ഒന്നും പുറത്തുവിട്ടിട്ടില്ല. എസ്‌തോണിയ, ലാത്വിയ എന്നീ അംഗരാജ്യങ്ങൾ നേരിട്ട് റഷ്യയുമായി അതിർത്തി പങ്കിടുന്നു. ലിത്വാനിയയും പോളണ്ടും ബലാറസുമായും അതിർത്തി പങ്കിടുന്നു.
ലാത്വിയയിൽ യു.എസിന്റെ പാരാ ട്രൂപ്പുകളും അപ്പാച്ചെ ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. രാജ്യത്ത് റഷ്യൻ ടി.വി. ചാനലുകൾ നിരോധിച്ചു. ലിത്വാനിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെയും എസ്‌തോണിയയിലും എഫ്.-35 യുദ്ധവിമാനങ്ങൾ സജ്ജമാണ്. പോളണ്ടാണ് നാറ്റോയുടെ പ്രധാന സൈനിക താവളം. കരിങ്കടലിനോട് ചേർന്നുകിടക്കുന്നതിനാൽ നാവികസേനാ വിന്യാസത്തിന് നാറ്റോയ്ക്ക് ആശ്രയിക്കാവുന്നത് തുർക്കിയെയാണ്. യൂറോപ്പിൽ 90,000 യു.എസ്. ട്രൂപ്പുകളാണ് നേരത്തേമുതൽ തന്നെയുണ്ട്. ഈ ആഴ്ച മാത്രം 7000 ട്രൂപ്പുകളെയാണ് അധികമായി വിന്യസിച്ചത്.

ആണവായുധശേഷി

യുക്രൈനിൽ ബാഹ്യശക്തികൾ ഇടപെട്ടാൽ ചിന്തിക്കാൻ കഴിയാത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് പുതിന്റെ മുന്നറിയിപ്പ്. ആണവായുധം പ്രയോഗിക്കാൻ മടിയില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നതെന്ന് പുതിന്റെ പ്രസ്താവനയെ മുൻനിർത്തി നാറ്റോ വ്യാഖ്യാനിക്കുന്നു. നാറ്റോയും ആണവായുധ ശക്തിയാണെന്ന് മറക്കരുതെന്നാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ പ്രതികരിച്ചത്. യു.എസ്., യു.കെ., ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് നാറ്റോയിലെ ആണവ ശക്തികൾ.

Content Highlights: ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..