.
12-ാം ക്ലാസിലെ രാഷ്ട്രതന്ത്രവിജ്ഞാനീയ പുസ്തകത്തിൽനിന്ന് ഗാന്ധിവധത്തെയും ആർ.എസ്.എസിനെയുംകുറിച്ചുള്ള വസ്തുനിഷ്ഠവിവരണം, ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി ഗാന്ധിജി നടത്തിയ നിതാന്തയത്നം, ഹിന്ദുത്വതീവ്രവാദികളെ അത് പ്രകോപിപ്പിച്ച കാര്യം തുടങ്ങിയ ചരിത്രയാഥാർഥ്യങ്ങൾ മായ്‌ച്ചുകളഞ്ഞു
ആറുമുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾചരിത്രം, ജനാധിപത്യം, ബഹുത്വം, ജനകീയസമരങ്ങൾ, ജനകീയപ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യാരാഷ്ട്രീയം, പൗരധർമം. ദളിത് പ്രശ്നം ഇത്യാദി മർമപ്രധാന പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി. വെട്ടിമാറ്റിയതോടെ അക്ഷരാർഥത്തിൽ ഇന്ത്യാചരിത്രത്തിന്റെ ‘ലോഗോ’ എന്ന് വിശേഷിപ്പിക്കാവുന്ന ‘കിളി’ പോയി(പോക്കി)രിക്കുന്നു. വിദ്യാർഥികൾ അവശ്യം അറിഞ്ഞിരിക്കേണ്ട ബഹുസ്വരതയുടെയും സമന്വയാത്മകസംസ്കാരത്തിന്റെയും മഹത്തായ ജനാധിപത്യ പ്രതിഷ്ഠാപനചരിത്രത്തിന്റെയും നിദർശനങ്ങളായ ഈ ‘പൊൻകിളി’കളെ പുറത്താക്കുന്നതിലൂടെ ഹിന്ദുത്വപ്രത്യയശാസ്ത്രം പ്രക്ഷേപിക്കുന്ന വെറുപ്പിന്റെയും അപരവത്കരണത്തിന്റെയും പുതിയ ലോഗോ ഇന്ത്യാചരിത്രത്തിൽ ആലേഖനം ചെയ്യുകയാണ് എൻ.സി.ഇ.ആർ.ടി.യും അതിന്റെ ചുവടുപിടിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും.
‘സർജിക്കൽ സ്‌ട്രൈക്ക്’ എന്ന് ശരിക്കും വിളിക്കാവുന്ന വെട്ടിമാറ്റൽ നടത്തിയത് 12-ാം ക്ലാസിലെ രാഷ്ട്രതന്ത്രവിജ്ഞാനീയ പുസ്തകത്തിലാണ്. അതിലെ അധ്യായങ്ങളിൽനിന്ന് ഗാന്ധിവധത്തെയും ആർ.എസ്.എസിനെയുംകുറിച്ചുള്ള വസ്തുനിഷ്ഠവിവരണം, ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി ഗാന്ധിജി നടത്തിയ നിതാന്തയത്നം, ഹിന്ദുത്വതീവ്രവാദികളെ അത് പ്രകോപിപ്പിച്ച കാര്യം എന്നിങ്ങനെയുള്ള ചരിത്രയാഥാർഥ്യങ്ങളാണ് അരിഞ്ഞുമാറ്റിയത്. ഗാന്ധിജി ഉയർത്തിപ്പിടിച്ച മറ്റുകാതലായ ദർശനങ്ങൾ അഗണ്യകോടിയിൽ തള്ളി രാഷ്ട്രപിതാവിനെ സ്വച്ഛ് ഭാരത് അഭിയാനിലൂടെ ശുചിത്വപരിപാലനത്തിന്റെ സുവിശേഷകനായി വെട്ടിച്ചുരുക്കിയത് എന്തിനാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. ഹിന്ദുത്വപ്രഘോഷകരെ സംബന്ധിച്ച് കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നതാണ് ഗാന്ധിജി മുന്നോട്ടുവെച്ച മൂല്യധാരകൾ. യു.പി.യിൽ മുഗൾഭരണകാലം മാത്രമല്ല ഗുജറാത്ത് കലാപം, ഇസ്‌ലാമിന്റെ വളർച്ച, ജനകീയമുന്നേറ്റങ്ങൾ, ദളിത് വിവേചനം, അശോക ചക്രവർത്തിയെയും ഭക്രാനംഗൽ അണക്കെട്ടിനെയുംപറ്റിയുള്ള നെഹ്രുവിന്റെ നിരീക്ഷണങ്ങൾ തുടങ്ങിയവ നീക്കിയ പാഠപുസ്തകങ്ങളാണ് ഇക്കൊല്ലം വിദ്യാർഥികൾക്കുമുമ്പിലെത്തുന്നത്.
കോവിഡ്കാലത്ത് വിദ്യാർഥിയുടെ അമിതപഠനഭാരം ലഘൂകരിക്കാനാണ് ഇവയെല്ലാം വെട്ടിമാറ്റിയതെന്നാണ് എൻ.സി.ഇ.ആർ.ടി.യുടെ ഭാഷ്യം. എന്നാൽ, കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് മുഗൾചരിത്രം, ജനാധിപത്യം, ബഹുസ്വരത, ഗാന്ധിവധം, ആർ.എസ്.എസ്. നിരോധനം, ഹിന്ദു-മുസ്‌ലിം ഐക്യം, ബഹുജനസമരങ്ങൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നിവ പ്രതിപാദിക്കുന്ന പാഠഭാഗങ്ങൾ പ്രത്യേകിച്ച് ‘അമിതഭാര’വും അരോചകത്വവുമുണ്ടാക്കുന്നു എന്ന രാഷ്ട്രീയപരമാർഥം സമാന്തരമായുണ്ട് എന്നത് കാണാതിരിക്കാനാവില്ല.ലോകത്തെല്ലായിടത്തും വ്യത്യസ്ത നാഗരികതകളിൽ നിലനിന്നിരുന്നതും ചരിത്രത്തെക്കുറിച്ചുള്ള പാശ്ചാത്യ ബൃഹദാഖ്യാനപടലത്തിൽ മൂടിവെക്കപ്പെട്ടതുമായ ഭൂതകാലത്തിലെ (ചരിത്രത്തിലെ) മഹനീയമായ വൈവിധ്യവും നാനാത്വവും വർധിതമായ ആത്മവിശ്വാസത്തോടെ പ്രകാശിപ്പിക്കപ്പെടുന്ന കാലമാണിത്. ജാക്ക് ഗുഡിയുടെ ‘ദ തെഫ്റ്റ് ഓഫ് ഹിസ്റ്ററി’(2006) എന്ന ഗ്രന്ഥം വിവരിക്കുന്നത്, ‘ചരിത്രത്തിലെ ഇടമുറിയാതെയുള്ള പുരോഗതി’ എന്ന പാശ്ചാത്യസങ്കല്പത്തിന് ഇടമുണ്ടാക്കാൻ എങ്ങനെ തദ്ദേശീയ സമൂഹങ്ങൾക്കുണ്ടായിരുന്ന സ്ഥലകാല ധാരണകളെയും ഭൂതകാലത്തെക്കുറിച്ച് അവയ്ക്കുണ്ടായിരുന്ന വ്യത്യസ്തമായ ആശയങ്ങളെയും തുടച്ചുമാറ്റി എന്ന കാര്യമാണ്. റോമില ഥാപ്പറിന്റെ മാസ്റ്റർപീസ് എന്നുവിളിക്കാവുന്ന, ‘ദ പാസ്റ്റ് ബിഫോർ അസ്: ഹിസ്റ്റോറിക്കൽ ട്രഡീഷൻസ് ഇൻ ഏർളി നോർത്ത് ഇന്ത്യ’ (2013) എന്ന ഗ്രന്ഥം അനാവരണംചെയ്യുന്നത് പ്രാചീനേന്ത്യയിൽ ഭൂതകാലത്തെക്കുറിച്ച് നിലനിന്നിരുന്ന വ്യതിരിക്തമായ അവബോധങ്ങളും പരിപ്രേക്ഷ്യങ്ങളുമാണ്. ഇന്ത്യയിൽ നടക്കുന്നത് ജാക്ക് ഗുഡി പറഞ്ഞതുപോലെ ചരിത്രത്തിന്റെ തട്ടിപ്പറി മാത്രമല്ല ഛേദനവുമാണ്. വൈദികസംസ്കാരത്തിൽനിന്ന് അനന്യഭിന്നമായ ഹാരപ്പൻ സംസ്കാരത്തെ വൈദികസംസ്കാരത്തിലേക്ക് കൂട്ടിച്ചേർക്കാനുള്ള തീവ്രയത്ന രാഷ്ട്രീയപരിപാടി തട്ടിപ്പറിയാണ്; തങ്ങൾക്ക് അപ്രിയമായ ഭൂതകാലത്തെ ഓരോ തൊടുന്യായം പറഞ്ഞ് ഒഴിവാക്കുന്നത് ഛേദനവും.
തിരുത്തപ്പെടേണ്ടതല്ല ചരിത്രം
ചരിത്രവിജ്ഞാനീയത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ അഭൂതപൂർവവും അതിബൃഹദ് മാനങ്ങളുമുള്ള പരിവർത്തനങ്ങളുണ്ടായിട്ടുണ്ട്. ഒരു സുപ്രധാനപാഠം പക്ഷേ, മാറ്റമില്ലാതെ നിലനിൽക്കുന്നു. ഭരണകൂടം എവിടെയെല്ലാം, എപ്പോഴെല്ലാം ഏതേത് ചരിത്രമാണ് വിദ്യാർഥികളും പൗരൻമാരും പഠിക്കേണ്ടതെന്ന് നിർണയിക്കുന്ന കാര്യത്തിൽ ഇടപെട്ടിട്ടുണ്ടോ അപ്പോഴെല്ലാം ചരിത്രമെന്ന ജ്ഞാനശാഖയ്ക്കും സമൂഹത്തിനും ലഘൂകരിക്കാനാകാത്ത അത്യാപത്താണുണ്ടാക്കിയത്. ചരിത്രത്തെ തിരുത്തിയെഴുതുന്നതും വക്രീകരിക്കുന്നതും വെട്ടിമാറ്റുന്നതും കല്പിതകഥയാക്കി മാറ്റുന്നതും ചരിത്രത്തെയും സമൂഹത്തെയും ഭരണകൂടത്തെയും മുരടിപ്പിക്കുകയാണ് ചെയ്യുക.
ഇക്കാര്യം മനസ്സിലാക്കാൻ നാസി ജർമനിയിലേക്കോ സമഗ്രാധിപത്യം ചുറ്റിവരിഞ്ഞിരുന്ന മറ്റിടങ്ങളിലേക്കോ പോകേണ്ടതില്ല. നമ്മുടെ അയൽരാജ്യമായ പാകിസ്താന്റെകാര്യംമാത്രം നോക്കിയാൽമതി. 1947-ൽ സൃഷ്ടിക്കപ്പെട്ട പാകിസ്താന് കഷ്ടി 76 വർഷം പ്രായമേയുള്ളൂവെങ്കിലും ആ നവരാഷ്ട്രത്തിന്റെ ചരിത്രം തുടങ്ങുന്നത് സിന്ധുനദീതട നാഗരികതയിൽനിന്നാണ്. ഈ പ്രാചീന വെങ്കലയുഗ നാഗരികതയിൽ ‘ഹൈന്ദവാംശം’ അശേഷമില്ല എന്ന് അടിവരയിട്ടുസ്ഥാപിച്ചാണ് അവിടത്തെ പാഠപുസ്തകങ്ങൾ ആരംഭിക്കുന്നത് (വൈദിക പൈതൃകാംശമില്ല എന്നത് ശരിയാണ്). ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രാഗ് മുസ്‌ലിം കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഹൈന്ദവച്ചുവയുള്ളതെന്ന് തോന്നുന്നതൊക്കെ പാഠഭാഗങ്ങൾ തയ്യാറാക്കുന്നവർ വെട്ടിമാറ്റുകയാണ് പതിവ്. ‘ആദ്യത്തെ പാകിസ്താനി’, സിന്ധ് ആക്രമിച്ച് കീഴടക്കിയ (712 സി.ഇ.) അറബ് സൈന്യാധിപൻ മുഹമ്മദ് ബിൻ ഖാസിം ആണെന്നാണ് പാകിസ്താനിലെ പാഠപുസ്തകങ്ങളിലുള്ളത്!
ഇന്ത്യ ‘അശുദ്ധവും അപരിഷ്കൃത’വുമായിരുന്നെന്നും മുസ്‌ലിങ്ങളുടെ വരവോടെയാണ് ‘പരിഷ്കൃതിയുടെ പ്രകാശം’ ഇവിടെയെത്തിയതെന്നും പാകിസ്താനിലെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നു. ഇന്ത്യാചരിത്രത്തിലെ പ്രാഗ് മുസ്‌ലിം ഭരണഘട്ടത്തെക്കുറിച്ച് പരാമർശിച്ചാൽപ്പോലും അത് ആത്യന്തികമായി ‘മുസ്‌ലിം പ്രഭാവ’ത്തെ പൊലിപ്പിക്കാനാണ് സന്ദർഭോചിതമായി പറയുക. അങ്ങനെ അതിർത്തിയുടെ ഇരുവശത്തും ഇന്ത്യയിലും പാകിസ്താനിലും കണ്ണാടിയിൽ വിപരീതപ്രതിച്ഛായയുള്ള ചരിത്രം പഠിപ്പിക്കുന്നു (ഹാരൂൺ ഖാലിദ് 2018, ഓഗസ്റ്റ് 19-ന് ‘ഡോൺ’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽനിന്ന്).
ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ കല, വാസ്തുശില്പവിദ്യ, സംഗീതം, സാഹിത്യം, ചരിത്രം, പാചകകല തുടങ്ങിയവ പരിപോഷിപ്പിച്ച മുഗളൻമാരോട് പൊതുവിലും ഔറംഗസേബിനോട് വിശേഷിച്ചുമാണ് ഹിന്ദുത്വവാദികൾക്കുള്ള പകയും രോഷവും വെറുപ്പും. ഭൂതകാലത്തെ വർത്തമാനത്തിന്റെ വർഗീയയുക്തിയോ സെക്യുലർ യുക്തിപോലുമോ ഉരകല്ലാക്കി വിലയിരുത്തുന്ന പ്രവണതയുണ്ട്. വാസ്തവത്തിൽ ഭൂതകാലപഠനമല്ല, വർത്തമാന രാഷ്ട്രീയാവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ഉപാധിയാണ് ഇന്ത്യയിലും മറ്റുപല രാജ്യങ്ങളിലും ഇന്ന് ചരിത്രവിജ്ഞാനീയം. ക്ഷേത്രധ്വസംകനും ഹിന്ദുപീഡകനുമായി പേർത്തും പേർത്തും ഔറംഗസേബിനെ ഭർത്സിക്കുന്ന ഹിന്ദുത്വവാദികൾ 1650-കളിൽ എല്ലോറ േക്ഷത്രസമുച്ചയം അദ്ദേഹം സന്ദർശിച്ചപ്പോൾ അതിനെ അദ്‌ഭുതാദരത്തോടെ വർണിച്ചത് വായിക്കണം: ‘സാക്ഷാൽ അതിശയിപ്പിക്കുന്ന നിർമാണ വൈദഗ്ധ്യത്തോടെ നിർമിക്കപ്പെട്ട (ദൈവം) അതിസുന്ദരമായ അത്യാശ്ചര്യമാണിത്’. ‘ഇന്ത്യ ഇൻ ദ പേർഷ്യനേറ്റ് ഏജ്’ എന്ന ഗ്രന്ഥത്തിൽ റിച്ചാർഡ് എം. ഈറ്റൺ എഴുതുന്നു: അടുത്ത വരിയിൽ ഈറ്റൺ ‘ഔറംഗസേബിന്റെ രക്ഷാകർതൃത്വത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളോടും അദ്ദേഹത്തിന്റെ സാമ്രാജ്യശത്രുക്കളുടെ അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളോടുമുള്ള ഇടപെടൽ വ്യത്യസ്തവും വിരുദ്ധവുമായിരുന്നു’ എന്നും എഴുതുന്നു. ചരിത്രം ലളി തമല്ല സങ്കീർണമാണ്.
(എറണാകുളം മഹാരാജാസ് കോളേജ് ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകൻ)
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..