ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൾ മറിയ ഉമ്മനും | ഫോട്ടോ: എസ്. ശ്രീകേഷ്
ആരോടും പകയില്ല, വെറുപ്പുമില്ല. വേദനിപ്പിച്ചവർക്ക് മനസ്താപം വരണമെന്ന പ്രാർഥനമാത്രം. എല്ലാമൊരു ഷോക്കായിരുന്നു. കാലങ്ങൾ നഷ്ടമായി. ചിലതൊക്കെ തിരിച്ചെടുക്കാനാവാത്ത നഷ്ടം. പറയുന്നത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മാ ഉമ്മനും മകൾ മറിയയും. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലിരുന്ന് ഇരുവരും ഒരേചോദ്യം ഉയർത്തുന്നു. സോളാർകേസിൽ തെളിവില്ലെന്നു സി.ബി.ഐ. പറഞ്ഞു. എന്നാൽ, ഞങ്ങളനുഭവിച്ച മാനസികപീഡനത്തിന് പരിഹാരമാകുമോ ഇത് ? ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മാ ഉമ്മനും മകൾ മറിയാ ഉമ്മനും മാതൃഭൂമി പ്രതിനിധി എം.കെ. സുരേഷിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്
സോളാർ കേസിൽ തെളിവില്ലെന്ന് കോടതിയെ സി.ബി.ഐ. അറിയിച്ചെന്നവിവരം ഉമ്മൻ ചാണ്ടി അറിയുന്നത് ചികിത്സാകാര്യങ്ങൾക്ക് ബെംഗളൂരൂവിൽ കഴിയുമ്പോഴാണ്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘അന്വേഷണഫലത്തെപ്പറ്റി ഒരുഘട്ടത്തിലും ആശങ്കയുണ്ടായിരുന്നില്ല. ആരന്വേഷിക്കുന്നതിലും പരാതിയുമില്ലായിരുന്നു. സത്യം മൂടിവെക്കാനാവില്ലെന്ന ഉത്തമവിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്..’’ ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണിപ്പോൾ. സോളാർ കേസിൽ ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും പേരിൽ പത്തുവർഷത്തോളം അനുഭവിച്ച വേദനയെ നേരിട്ടതെങ്ങനെയെന്ന് ഓർത്തെടുക്കുകയാണ് ഭാര്യ മറിയാമ്മാ ഉമ്മനും മകൾ മറിയാ ഉമ്മനും
സോളാർകേസിൽ ആരോപണം ഉയർന്നപ്പോൾ അഭിമുഖീകരിച്ചതെങ്ങനെ
മറിയാ ഉമ്മൻ: ആദ്യംകേട്ടപ്പോൾ ഒരുഷോക്കായിരുന്നു. 50 വർഷമായി രാഷ്ട്രീയത്തിൽ നിൽക്കുന്ന അപ്പ ഒരു തുറന്നപുസ്തകമാണ്. ഞാൻ രാഷ്ട്രീയം അധികം പിന്തുടരുന്ന ആളല്ല. ആദ്യമൊന്നും മനസ്സിലായിരുന്നില്ല. പിന്നെത്തോന്നി ഇതാരും ഏറ്റെടുക്കില്ലെന്ന്. കുറച്ചുകഴിഞ്ഞപ്പോൾ ബോംബ് പൊട്ടുന്നതുപോലെ ഓരോന്നു വരുകയായിരുന്നല്ലോ. നല്ല വിഷമം ഉണ്ടായി. പിന്നീടത് ജീവിതത്തിന്റെ ഭാഗമായിക്കണ്ട് മുന്നോട്ടുപോകേണ്ടിവന്നു. വേറെ വഴിയില്ലല്ലോ. അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു.
മറിയാമ്മാ ഉമ്മൻ: വീട്ടിൽ ഒരക്ഷരംപോലും അദ്ദേഹം പറഞ്ഞില്ല. ആരും ചോദിച്ചതുമില്ല. എല്ലാം അഭിമുഖീകരിക്കാൻ ശീലിച്ചു. പക്ഷേ, എല്ലാവർക്കും വലിയ ദുഃഖമുണ്ടായിരുന്നു. സംസാരിച്ച് കൂടുതൽ വിഷമിപ്പിക്കാൻ ഞാനും ശ്രമിച്ചില്ല. എല്ലാവരും ആ വിഷമം അറിയുന്നുണ്ടായിരുന്നു. ഒത്തിരി പ്രാർഥിച്ചു. പ്രാർഥനയുടെ പാഠങ്ങളിലൂടെയായിരുന്നു പിന്നത്തെ യാത്ര. ദൈവം അറിയാതെയൊന്നും ജീവിതത്തിൽ സംഭവിക്കില്ല. നമ്മളെ ശുദ്ധീകരിക്കണം എന്നു ദൈവം ചിന്തിച്ചിട്ടുണ്ടാകും എന്നു ഞാൻ വിചാരിക്കുന്നു. ദുഃഖം നൽകിയവരോട് ക്ഷമിക്കാതെ പറ്റില്ല. ഇല്ലെങ്കിൽ നീറിനീറിയിരിക്കേണ്ടിവരും. നമുക്കു കഷ്ടതവരണമെന്നത് ദൈവത്തിന്റെ തീരുമാനമാകാം. ആ കഷ്ടതകളുടെ അതിവേദനയിൽ ദേവസന്നിധിയിൽ മുട്ടുകുത്തി പ്രാർഥിച്ചു, കണ്ണീരൊഴുക്കി. ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരും ദുഃഖം പങ്കിട്ടു, കണ്ണീരോടെ പ്രാർഥിച്ചു. എല്ലാം ആരോപണമായി അവരും കണ്ടു. ദൈവമേ ഈ കുടുംബത്തിന് ഇത്രയും ദുഃഖം നൽകണമായിരുന്നോ എന്നായിരുന്നു അവരുടെയും ചോദ്യം.

ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണോ, ചതിയാണോ
മറിയ: രാഷ്ട്രീയമാകാം അല്ലാത്തതാകാം. അതേപ്പറ്റി ഒന്നും പറയാനില്ല. വ്യക്തിഹത്യ ചെയ്തതുകൊണ്ട് അപ്പയുടെ പ്രഭാവം കുറഞ്ഞില്ല, ഇനി കുറയുകയുമില്ല. ഇരട്ടിശക്തിയോടെ എല്ലാം നന്മയായിത്തീർന്നു. തീക്കുണ്ഠത്തിലൂടെ നടന്ന അദ്ദേഹം ശുദ്ധീകരിക്കപ്പെട്ടു. കുറെക്കൂടി നേരത്തേ നീതി കിട്ടിയിരുന്നെങ്കിൽ സന്തോഷമായേനെ..., ആശ്വാസമായേനെ. ജീവിതത്തിൽ സന്തോഷിക്കേണ്ട സമയമെല്ലാം ടെൻഷനിലായിരുന്നല്ലോ. അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പോലും ഇതൊക്കെ ബാധിച്ചിട്ടുണ്ടാകും. കുറച്ചല്ലേ സംസാരിക്കൂ. ബെംഗളൂരുവിലെ പരിശോധനയിൽ ആരോഗ്യവാനാണെന്നറിഞ്ഞപ്പോഴാണ് ഞങ്ങൾ ഏറ്റവും സന്തോഷിച്ചത്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് കേസിന്റെ വിവരമറിഞ്ഞത്. അപ്പോഴേക്കും കാലവും ജീവിതവും കുറെ വൈകിയില്ലേ.അന്വേഷണങ്ങളിൽ മുൻധാരണയും പകപോക്കലും ഉണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയോ
മറിയാമ്മാ ഉമ്മൻ: ഓരോ അന്വേഷണം വരുമ്പോഴും ദൈവമേ ഈ കഷ്ടത ഞങ്ങൾ അനുഭവിക്കേണ്ടതാണോ എന്നാണ് മനസ്സ് ചോദിച്ചത്. ഇതിലൂടെയും കടന്നുപോകണമല്ലോ എന്നുതോന്നി. ആരെയും കുറ്റം പറഞ്ഞില്ല, സ്വയം ന്യായീകരണത്തിന് തുനിഞ്ഞതുമില്ല. ഇപ്പോൾ അമിതസന്തോഷമില്ല, പക്ഷേ, ആശ്വാസമുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പറ്റിയാണ് ഞങ്ങളുടെ ടെൻഷൻ. അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നു. പോലീസ് സി.ഡി. തപ്പിപ്പോയത് ഓർമയില്ലേ. ആ യാത്രകണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. ടെലിവിഷൻ ചാനലുകളിൽ കമന്ററി ഉണ്ടായിരുന്നല്ലോ. പക്ഷേ, ആ അന്വേഷണം കായസഞ്ചിയായി. ഇപ്പോൾ ദൈവം സത്യത്തിനൊരു ജയം തന്നു. കേസന്വേഷണത്തിനിടെ അറസ്റ്റുണ്ടാകുമെന്നു നിയമോപദേശം കിട്ടിയിരുന്നു. മുൻകൂർജാമ്യത്തിന് ശ്രമിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചപ്പോൾ വലിയ ആശങ്ക തോന്നി. തിരിച്ചുകിട്ടാത്തതടക്കം പലതും ഞങ്ങൾക്കു നഷ്ടപ്പെട്ടു. ഇപ്പോഴൊരു സമാധാനമുണ്ട്. ഇനി എന്തു സംഭവിച്ചാലെന്താ. തെറ്റു ചെയ്യാത്തതിനാൽ പേടിയില്ലായിരുന്നു അദ്ദേഹത്തിന്. അതിനാലാണ് അന്വേഷണവുമായി സഹകരിച്ചതും മണിക്കൂറുകളോളം അന്വേഷണക്കമ്മിഷനു മുന്നിലിരുന്ന് മൊഴി നൽകാനായതും. അതാണ് ഉമ്മൻ ചാണ്ടി. ആരോപണങ്ങൾ ആരും വിശ്വസിച്ചില്ലെന്നതും സുഹൃത്തുക്കളും ബന്ധുക്കളു മൊക്കെ കൂടെ നിന്നതുമായിരുന്നു വലിയ ആശ്വാസം.
എല്ലാവരോടും ക്ഷമിച്ചോ
മറിയാമ്മാ ഉമ്മൻ: സത്യസന്ധതയോടെയാണ് ദൈവത്തെ വിളിച്ച് പ്രാർഥിച്ചത്. കോപിക്കാൻ എളുപ്പമാണ്. പകയും വിദ്വേഷവും മനസ്സിൽവെച്ചുകൊണ്ടിരുന്നാൽ നമുക്ക് ഒരിക്കലും സന്തോഷത്തോടെയിരിക്കാനാവില്ല. മാത്രവുമല്ല, ക്ഷമയുടെ ഒരുപാട് പാഠങ്ങൾ ഞങ്ങൾ പഠിച്ചു. ആരോടും പകയില്ല.
മറിയ: ആദ്യത്തെ ഷോക്ക് അംഗീകരിച്ചതോടെ പിന്നീട് എങ്ങനെ പ്രശ്നങ്ങളെ നേരിടാമെന്നാണ് പഠിച്ചത്. പ്രത്യേകിച്ചും ക്ളിഫ് ഹൗസിലെ ആൾക്കൂട്ടത്തിനിടയിലാകുമ്പോൾ അതൊരു പ്രശ്നം തന്നെയായിരുന്നു. എല്ലാം ശീലിക്കുകയായിരുന്നു. എല്ലാവർക്കും എല്ലാം അറിയാം. എന്നാൽ, ഒന്നുമറിയാത്തതുപോലെ എല്ലാവരും ഇടപെട്ടു. ഇതിനിടെ, എന്റെ എം.ബി.എ. പഠനം കഴിഞ്ഞു. ഗവേഷണം പൂർത്തിയാകുന്നു. എന്തിനാണിനി പക? ഇപ്പോൾ ഒന്നേയുള്ളു ചിന്ത, അപ്പയുടെ ആരോഗ്യം.
ദ്രോഹിച്ചവരോട് എന്താണ് പറയാനുള്ളത്
മറിയ: ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് എന്തു സംഭവിക്കുന്നു, അവരെ എങ്ങനെ ബാധിക്കുന്നു എന്ന് ഒരിക്കലെങ്കിലും ആലോചിച്ചാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും. അത്തരമൊരു ആലോചന എല്ലാവര്‍ക്കും നല്ലതാകും. അത്രയേ പറയാനുള്ളു.
മറിയാമ്മാ ഉമ്മന്‍: തീയില്ലാതെ പുകയുണ്ടാവില്ലെന്നു സംശയിച്ചവരോടും ദേഷ്യമില്ല. എല്ലാവര്‍ക്കും മനസ്താപം ഉണ്ടാകട്ടെ. ഒരു ചിരികൊണ്ട്, സ്‌നേഹസ്പര്‍ശംകൊണ്ട് നമുക്ക് ആരെയും ആശ്വസിപ്പിക്കാനാവും. നമുക്ക് നന്മ കിട്ടാന്‍ ആരോടും തിന്മ കാട്ടരുത്. ഉമ്മന്‍ ചാണ്ടിക്ക് ഒരേയൊരു മരുന്നേയുള്ളൂ, ആള്‍ക്കൂട്ടം. അത് ഡോക്ടര്‍ക്കും ബോധ്യപ്പെട്ടു.
Content Highlights: Oommenchandy wife Mariyamma Oommen, daughter Mariya Oommen Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..