ചില ആശങ്കകൾ


By പി. ചിദംബരം

3 min read
Read later
Print
Share

പി. ചിദംബരം | Photo: PTI

2022 ഫെബ്രുവരിയിൽ കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും പുറത്തിറക്കിയ റിപ്പോർട്ടുകൾ വായിക്കുകയായിരുന്നു ഞാൻ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ, പണത്തിന്റെ ഉപഭോഗം എന്നിവയുടെ ഉത്തരവാദിത്വം ധനമന്ത്രാലയത്തിനാണ്. അതുകൊണ്ടുതന്നെ അവരുടെ റിപ്പോർട്ടിലെ ആത്മപ്രശംസ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, രാജ്യത്തിന്റെ ധനപരമായ നടത്തിപ്പിനെക്കുറിച്ച് റിസർവ് ബാങ്ക്, വിമർശനാത്മകമായി തുറന്നു സംസാരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ രണ്ടുറിപ്പോർട്ടുകളും വായിച്ചശേഷം ഇതു രണ്ടും ഒരേയാൾ തന്നെ എഴുതിയതാണോ എന്നായിരുന്നു എന്റെ സംശയം.

‘ആഗോള സമ്പദ്‌വ്യവസ്ഥയാകെ ഭീഷണികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒമിക്രോൺ എല്ലാ പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. എക്കാലത്തെയും ഉയരത്തിലേക്കുപോകുന്ന പണപ്പെരുപ്പവും വികസിത, വികസ്വര സമ്പദ്‌വ്യവസ്ഥകളടക്കം പണനയം കർശനമാക്കാൻ തിരക്കുകൂട്ടുന്നതിനെയും റിസർവ് ബാങ്ക് നിരീക്ഷിച്ചുവരുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം തീർച്ചയായും ഭീഷണിയിലാണ്’ - എന്ന വരണ്ട കുറിപ്പോടെയാണ് ആർ.ബി.ഐ. റിപ്പോർട്ട് തുടങ്ങുന്നത്.

മറ്റൊരു ഭയാനകമായ കുറിപ്പുകൂടി റിപ്പോർട്ടിലുണ്ട്. ‘ചില്ലറവിലയിലുണ്ടായ വർധനയും വിതരണശൃംഖലയിൽ നിലനിൽക്കുന്ന തടസ്സങ്ങളും കാരണം പണപ്പെരുപ്പം സമ്പദ് വ്യവസ്ഥയിലുടനീളം വേരൂന്നിയിരിക്കുന്നു. അനിശ്ചിതത്വത്തിന്റെ മൂർധന്യത്തിലാണ് ആഗോള സ്ഥൂലസാമ്പത്തിക സാഹചര്യം. ഭീഷണികളെല്ലാം തകർച്ചയായി മാറിക്കൊണ്ടിരിക്കുന്നു’ - തുടക്കംമുതൽ ഒടുക്കംവരെ ആർ.­ബി.ഐ. റിപ്പോർട്ടും ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടും തമ്മിൽ ഒരു മാറ്റവുമില്ല.
‘അടുത്തിടെയുണ്ടായ ഭൗമരാഷ്ട്രീയ വികാസങ്ങൾ അടുത്ത സാമ്പത്തികവർഷത്തെ സാമ്പത്തികവളർച്ചയുടെയും പണപ്പെരുപ്പത്തിന്റെയും കാര്യത്തിൽ അനിശ്ചിതത്വം കൊണ്ടുവന്നിട്ടുണ്ട്‌’ എന്ന ഒറ്റപ്പെട്ട കുറിപ്പ്‌ ഒഴിച്ചുനിർത്തിയാൽ ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് സന്തോഷദായകവും സ്വയം പുകഴ്ത്തലുമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ക്ഷേമപ്രവർത്തനം വികസനമോ?
ഈ സാഹചര്യം അടിയന്തര ഇടപെടലുകൾ ആവശ്യപ്പെടുന്നു. ദൈനംദിന വളർച്ചാ സൂചകങ്ങൾ രാജ്യത്തെ സമ്പന്ന-ഇടത്തരം കുടുംബങ്ങളുടെ സാമ്പത്തികസാഹചര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉയരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഏറ്റവും കൂടുതൽ ബാധിക്കുന്ന പാവപ്പെട്ടവരുടെ അവസ്ഥയാണ് ആശങ്കാജനകം.

തൊഴിൽ സംബന്ധിച്ച് സർക്കാർ കൊട്ടിഘോഷിക്കുന്ന വിവരങ്ങൾ സംശയാസ്പദമാണ്. വിദ്യാഭ്യാസവും നൈപുണിയും കുറഞ്ഞ പാവപ്പെട്ട തൊഴിലാളികൾക്ക് ആഗ്രഹിക്കാനാകാത്ത തരം തൊഴിലുകളാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. അവർക്കു പാടങ്ങളിലും സൂക്ഷ്മ-ഇടത്തരം വ്യവസായങ്ങളിലുമാണ് ജോലി വേണ്ടത്.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളിലും ഭൂരിപക്ഷം ജനങ്ങളും വികസനമാഗ്രഹിച്ചിരുന്നുവെന്ന് സർവേകളായ സർവേ മുഴുവൻ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും അവർ ഭരണകക്ഷി തുടരാൻ വോട്ടുചെയ്തു. ക്ഷേമപദ്ധതികൾ ഉപയോഗപ്രദം തന്നെ. പക്ഷേ, അവയൊരിക്കലും സുസ്ഥിരവും യഥാർഥവുമായ വികസനത്തിന് പകരമാവില്ല. സമൂല പരിഷ്കാരങ്ങൾ, കുറഞ്ഞ സർക്കാർ നിയന്ത്രണം, ഉയർന്ന മത്സരക്ഷമത, ഭയമില്ലാത്ത അന്തരീക്ഷം, വ്യത്യാസങ്ങളംഗീകരിക്കാനുള്ള സഹിഷ്ണുത, ശരിയായ ഫെഡറലിസം എന്നിവയിലൂടെ മാത്രമേ യഥാർഥവും സുസ്ഥിരവുമായ വികസനം കൈവരിക്കാനാകൂ. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ജനങ്ങൾ മാറ്റത്തെക്കാൾകൂടുതൽ തുടർച്ചയ്ക്ക് വോട്ടുചെയ്തതായി തോന്നുന്നു. മുൻപ് പറഞ്ഞതിലുമപ്പുറം, അവർ ശരിക്കും ശരിയായ വികസനത്തിനെതിരായി വോട്ടുചെയ്തതാണോ. കാലം പറയും.

അസ്വസ്ഥജനകമായ വസ്തുതകൾ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ചു നിൽക്കണമെന്നുതന്നെയാണ് എന്റെയും ആഗ്രഹമെങ്കിലും ചില ആശങ്കകൾ പങ്കുവെക്കേണ്ടത് ഉചിതമാണെന്നു തോന്നുന്നു.


# 1 എല്ലാ പ്രധാന സമ്പദ് വ്യവസ്ഥകളുടെയും എല്ലാ മേഖലകളുടെയും പ്രതീക്ഷിത ആഭ്യന്തര വളർച്ചനിരക്കിൽ അന്താരാഷ്്ട്ര നാണ്യനിധി ശരാശരി 1.5 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. യു.എസിന്റെ വളർച്ചനിരക്കിൽ രണ്ടുശതമാനത്തിന്റെയും ചൈനയുടെ വളർച്ചനിരക്കിൽ 3.2 ശതമാനവുമാണ് കുറച്ചത്. അതേസമയം, ഇന്ത്യയുടെ വളർച്ചനിരക്കിൽ 0.5 ശതമാനത്തിന്റെ കുറവുമാത്രമേയുണ്ടാകൂവെന്നും 2022-’23 ലെ ജി.ഡി.പി. ഒമ്പത് ശതമാനത്തിൽ തുടരുമെന്നുമുള്ള അനുമാനം അവിശ്വസനീയമാണ്.

# 2 എല്ലാ വികസിത-വികസ്വര സമ്പദ്‌വ്യവസ്ഥകളെയും പണപ്പെരുപ്പം ബാധിച്ചിട്ടുണ്ട്. സ്വർണം, ഭക്ഷണം, ചില്ലറ ഉപഭോഗവസ്തുക്കൾ ഇവയുടെയെല്ലാം വില കുതിക്കുകയാണ്. ഇന്ത്യയുടെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ 13.1 ശതമാനവും ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.1 ശതമാനവുമാണ്. ഭക്ഷ്യവിലയിൽ 5.9 ശതമാനവും ഉത്പാദന മേഖലയിൽ 9.8 ശതമാനവും ഇന്ധന-ഊർജ മേഖലയിൽ 8.7 ശതമാനവുമായി പണപ്പെരുപ്പം വർധിച്ചിട്ടുണ്ട്.

# 3 നിക്ഷേപകരിലും ചാഞ്ചാട്ടമുണ്ടായി. ഓഹരിവിപണി താഴ്ന്നനിലയിലാണ്. ബോണ്ട് വിലകൾ വർധിപ്പിച്ചു. പലിശനിരക്ക് കൂട്ടുമെന്ന് കേന്ദ്രബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

# 4 തൊഴിലിനെ സംബന്ധിച്ചാണെങ്കിൽ, ഇന്ത്യയുടെ തൊഴിൽ പങ്കാളിത്ത നിരക്കിലും തൊഴിലുള്ളവരുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്.

# 5 ചെലവിന്റെ കാര്യത്തിൽ, മൂലധനച്ചെലവിനെ ആശ്രയിച്ചാണ് സർക്കാരിന്റെ നിലനിൽപ്പ്. (സ്വകാര്യ നിക്ഷേപകരുടെ വലിയ നിരയുണ്ടെന്ന സർക്കാരിന്റെ വാദം ചർച്ചാവിഷയമാണ്). മൂലധനച്ചെലവിന്റെ കാര്യത്തിലെ സർക്കാർ അനുമാനം സംശയാസ്പദമാണ്. കൂടാതെ ഒരേയിനംതന്നെ രണ്ടുതവണ കൂട്ടുന്നതിനുള്ള (ഡബിൾ കൗണ്ടിങ്) സാധ്യതയുമുണ്ട്. മൂലധനച്ചെലവിനുള്ള പണം പ്രധാനമായും വരുന്നത് വിപണിയിൽനിന്ന് കടമെടുക്കുന്നതിലൂടെയാണ്.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..