ചിരഞ്ജീവിക്ക് പ്രണാമം


സി. രാധാകൃഷ്ണൻ

ആയുർവേദത്തെ ലോകത്തോളമുയർത്തിയ കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർ ഓർമയായിട്ട് ഇന്നേക്ക് ഒരുവർഷം

ഡോ. പി.കെ. വാരിയർ

കാലത്തിനുമുമ്പേ നടന്നവരെപ്പോലും കാത്തുനിൽക്കാതെ കാലം കടന്നുപോകുന്നു എന്ന് നമുക്കുതോന്നുന്നു. പക്ഷേ, കാലം അവരുടെ ഭൗതികാസ്തിത്വത്തെ മാത്രമാണ് മറികടക്കുന്നത്. അവരുടെ ഉണ്മതന്നെയാണ് കാലത്തിന്റെ തിളക്കം. അത് എപ്പോഴും കാലത്തോടൊപ്പം സഞ്ചരിക്കുന്നു. ഒരു ഉദാഹരണം ഇതാ. ഋഷിപരമ്പരവഴി ഒരു പി.എസ്. വാരിയരിലേക്ക്, അവിടന്നും മുന്നോട്ട് ഒരു പി.കെ. വാരിയരിലേക്ക്...
കാലത്തിനുമുമ്പേനടന്ന കൂട്ടരുടെ ശാരീരികവിയോഗത്തിൽ സങ്കടപ്പെടാനില്ല എന്നർഥം. അവരെ ഓർക്കാൻ അവസരം കിട്ടുന്നതുതന്നെ ഭാഗ്യം.

പ്രകാശംപരത്തിയ ഒരാൾ

നൂറാംപിറന്നാൾ ആഘോഷിച്ച് ഒരു മാസം കഴിയുമ്പോഴാണ് ഡോ. പി.കെ. വാരിയർ നമ്മെ വിട്ടുപിരിയുന്നത്. ഏഴുപതിറ്റാണ്ടോളം കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സാരഥിയായി പ്രവർത്തിച്ച അദ്ദേഹം ആ സ്ഥാപനത്തെ ലോകപ്രശസ്തമാക്കുകയും ആയുർവേദത്തിന്‌ സാർവലൗകിക അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു. പ്രഖ്യാതനായ ഡോക്ടർ എന്നതിനൊപ്പം മികച്ച പ്രസംഗകനും ഗദ്യകാരനുംകൂടിയായിരുന്നു അദ്ദേഹം. ‘സ്മൃതിപർവം’ എന്ന പ്രസിദ്ധമായ ആത്മകഥയടക്കം ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. ആത്മകഥാരചനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും വൈദ്യരംഗത്തെ സേവനത്തിന് ‘ധന്വന്തരി’ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളും ലഭിച്ചു. രാഷ്ട്രം പദ്‌മഭൂഷൺ നൽകി ആദരിച്ചു.
ഇടതുപക്ഷ സഹയാത്രികനായി ജീവിതമാരംഭിച്ച അദ്ദേഹം അവസാനനിമിഷംവരെ മനുഷ്യസമത്വത്തിലും സാർവലൗകികക്ഷേമത്തിലും അടിയുറപ്പിച്ച് നിലകൊണ്ടു. സർവമതചിഹ്നങ്ങളും ഒരുമിച്ച് അലങ്കരിക്കുന്ന ഒരു വീട്ടിൽ താമസിച്ചു.

മാതൃകാപുരുഷൻ

പ്രകാശം പ്രസരിപ്പിക്കുന്നതും ഊർജസ്വലവുമായി പ്രപഞ്ചത്തിൽ എന്തുണ്ടോ അതിൽ എല്ലാം ഈശ്വരസാന്നിധ്യം പ്രത്യക്ഷമായിത്തന്നെ കാണാം എന്നാണ് ഗീത പറയുന്നത്. ഉറച്ചുനിൽക്കുന്നവയിൽ ഹിമാലയം, നദികളിൽ ഗംഗ, ജലാശയങ്ങളിൽ സമുദ്രം, മുനിമാരിൽ വ്യാസൻ എന്നിങ്ങനെ ഉദാഹരണങ്ങളും പറയുന്നു. എനിക്ക് തോന്നാറുണ്ട്, ഗീതയുടെ ആ ഭാഗത്ത് ‘വൈദ്യാനാം കുട്ടിമാനസ്മി’ എന്നുകൂടി ആകാമായിരുന്നു എന്ന് (ഡോ. പി.കെ. വാരിയരെ ഉറ്റവർ ‘കുട്ടിമ്മാൻ’ എന്ന് വിളിച്ചിരുന്നു).

മഹജ്ജന്മങ്ങൾ രണ്ടു വലിയ കാര്യങ്ങൾ ഒപ്പം സാധിക്കുന്നു: തങ്ങളുടെ ജന്മോദ്ദേശ്യം നിർവഹിക്കുന്നു എന്നത് ഒന്ന്, എല്ലാറ്റിനും എല്ലാവർക്കും മാതൃകയാകുന്നു എന്നത് രണ്ടാമത്തേത്.
രാത്രി വഴിയിൽ വെളിച്ചം കാണിക്കുന്ന ചന്ദ്രനെയും ദിശപിഴയ്ക്കാതെ കാക്കുന്ന നക്ഷത്രത്തെയുംപറ്റി നമുക്ക് അനുഭവമുള്ള ഒരു കാര്യം നാം നീങ്ങുന്നതിനുമുമ്പേ ഇവരും നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒരിക്കലും പിന്നിലാവില്ല. ചിരഞ്ജീവികളുമാണ്.

ഇവർക്ക് ജാതിമതങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളോ ഇല്ല. ഭയമില്ല, അധികാരഭാവമില്ല, കോപതാപങ്ങൾ കാര്യമായി ഇല്ല, ഇവർ മാനസികമായി വേറൊരാളുടെയും മുകളിലോ താഴെയോ അല്ല, അശാന്തി ഒട്ടും ഇല്ല.

തണലിന്റെ സുഖം

മൂന്നു പതിറ്റാണ്ടിലേറെക്കാലം ഇദ്ദേഹത്തെ അടുത്തറിയാൻ എനിക്ക് ഭാഗ്യമുണ്ടായി. അരികിലെത്തിയാൽ ഒരു വലിയ തണലിലെത്തിയ സുഖമാണ്, അനന്യമായ രക്ഷാബോധവുമാണ്. അത് എങ്ങനെ സംഭവിക്കുന്നു എന്ന് നിശ്ചയമില്ല. സംഭവിപ്പിക്കാനായി എന്തെങ്കിലും പറയുകയോ ഭാവിക്കുകയോ ഉണ്ടായതായി ഓർമയില്ല.

നട്ടെല്ലിനുവന്ന തേയ്മാനംമൂലം കൈകാലുകൾ അനക്കാൻ വയ്യാതെയും അസഹ്യമായ വേദന സഹിച്ചുകൊണ്ടുമാണ് ആദ്യമായി ഒരു രോഗി എന്നനിലയിൽ അദ്ദേഹത്തെ കാണാനെത്തുന്നത്. നാലാഴ്ചത്തെ ചികിത്സവിധിച്ച് നിറവേറ്റി. അത് കഴിഞ്ഞുപോകുമ്പോഴും എന്റെ വിഷമങ്ങൾ അതേപടി നിലനിന്നു. അക്കാര്യം ഞാൻ സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരിപടർന്നു. ‘‘ഇനിയൊരു നാലാഴ്ച കഴിയുമ്പോൾ ഈ ബുദ്ധിമുട്ടുകൾ പകുതിയായി കുറയും, പിന്നെയൊരു ഞായറാഴ്ചകൂടി കഴിയുമ്പോൾ അതിന്റെയും പകുതിയാവും. അങ്ങനെ അങ്ങനെ...’’

എന്നുവെച്ചാൽ എത്ര കാലം കഴിഞ്ഞാലും വയ്യായ്ക അല്പം ബാക്കിയുണ്ടാവും എന്നുതന്നെ അർഥം എന്നറിയാൻ മതിയായ ഗണിതം എനിക്കും വശം! അതിനാൽ ഞാനും ചിരിച്ചു. ഉടനെ ദയാമയമായ ആ പുഞ്ചിരി കുറച്ചുകൂടി വികസിച്ചു, ‘‘ആണ്ടിലൊരിക്കൽ ഏതാനും ദിവസം ഇവിടെയാവാം!’’

അന്യഥാ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്ന് എനിക്കുറപ്പുണ്ട്. എന്നാലോ ഇങ്ങനെ ഒരു വലിയ കാര്യം എനിക്ക് സാധിച്ചുതന്നു എന്ന കാര്യം നോക്കിലോ വാക്കിലോ ഒരിക്കലും അദ്ദേഹത്തിൽ കാണാനും കഴിഞ്ഞില്ല!

ഞാൻ അദ്ദേഹത്തെ മനസ്സുകൊണ്ട് നമസ്‌കരിക്കാത്ത ഒരു ദിവസവും ഇല്ല. ഇതേ സ്മരണപുലർത്തുന്ന ബഹുസഹസ്രം ആളുകൾ ലോകത്തിന്റെ നാനാഭാഗത്തുമുണ്ട്. അവർക്കെല്ലാംവേണ്ടി ഈ സാഷ്ടാംഗപ്രണാമം!

Content Highlights: P.K. Warrier's death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..