ചരൺജിത്ത് സിങ് ചന്നി, അരവിന്ദ് കെജ്രിവാൾ | Photo: PTI
നാലു നേതാക്കളുടെ രാഷ്ട്രീയഭാവിക്കാണ് പഞ്ചാബികൾ വിധിയെഴുതിയത്. കോൺഗ്രസ്വിട്ട് പുതിയ പാർട്ടിയുണ്ടാക്കി ബി.ജെ.പി.ക്കൊപ്പം മത്സരിച്ച പട്യാലയുടെ ‘മഹാരാജ’ ക്യാപ്റ്റൻ അമരീന്ദർ സിങ്, ക്യാപ്റ്റന്‍ പകരം അപ്രതീക്ഷിതമായി മുഖ്യമന്ത്രിക്കസേര ലഭിച്ച് അഞ്ചുമാസം ഭരിച്ച ചരൺജിത്ത് ചന്നി, പാർട്ടികൾമാറി ഭാഗ്യംപരീക്ഷിക്കുകയും ചന്നിക്കെതിരേ അങ്കംനയിക്കുകയും ചെയ്യുന്ന കോൺഗ്രസ് അധ്യക്ഷൻ സിദ്ദു, എ.എ.പി.യുടെ ഡൽഹിയിലെ ഭരണനേട്ടവും അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായയും മുൻനിർത്തി മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന ഭഗവന്ത് മാൻ എന്നിവരാണ് ഈ നേതാക്കൾ.
ചന്നിക്കെതിരേ ശക്തമായ വികാരമൊന്നും പഞ്ചാബിൽ കാണാനില്ല. അനധികൃതഖനനവുമായി ബന്ധപ്പെട്ട് മരുമകനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത് ചന്നിയുടെ പാവം പ്രതിച്ഛായയ്ക്ക് അല്പം മങ്ങലേൽപ്പിച്ചിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ രാഷ്ട്രീയനടപടിയായി അതിനെ ചിത്രീകരിക്കുന്നതിൽ ഒരുപരിധിവരെ കോൺഗ്രസും ചന്നിയും വിജയിച്ചു. ജയിക്കാനാവശ്യമായ 59 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചാൽ മുഖ്യമന്ത്രിസ്ഥാനത്തിനായി സിദ്ദു പരസ്യവടംവലി നടത്തിയേക്കും. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ജയിച്ചുകയറണമെന്നതും സിദ്ദുവിന് വെല്ലുവിളിയാണ്. ബദ്ധശത്രുവായ ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയയോടാണ് സിദ്ദുവിന് ജയിക്കേണ്ടത്.
മുഖ്യമന്ത്രിസ്ഥാനം പോയതോടെ കോൺഗ്രസ് ഹൈക്കമാൻഡുമായി തെറ്റി പുറത്തുപോവുകയും പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കുകയും ചെയ്ത ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ രാഷ്ട്രീയഭാവിയും മാർച്ച് പത്തിന് നിർണയിക്കപ്പെടും. പഞ്ചാബിൽ ശക്തമായ വേരുകളില്ലാത്ത ബി.ജെ.പി.ക്കൊപ്പം ചേർന്ന ക്യാപ്റ്റനെ സ്വന്തം നാട്ടുകാരായ പട്യാലക്കാരെങ്കിലും തുണച്ചില്ലെങ്കിൽ അദ്ദേഹത്തിന് വലിയ ക്ഷീണമാകും.
ഭഗവന്ത് സിങ് മാനെ സംബന്ധിച്ചിടത്തോളം, തന്റെ പേരിനെക്കാൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായയാണ് തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയതെന്ന ആശ്വാസമുണ്ട്. കോൺഗ്രസിനും അകാലിദളിനും ഏറെ അവസരം നൽകിയതിനാൽ ഇക്കുറി ആപ്പിനിരിക്കട്ടേ വോട്ടെന്ന് പഞ്ചാബികൾ ഭൂരിഭാഗവും തീരുമാനിച്ചാൽ ഭാഗ്യം മാനിനൊപ്പം നൽക്കും.
എന്നാൽ, കെജ്രിവാൾ രാജ്യവിരുദ്ധനാണെന്നും വിഘടനവാദികളായ ഖാലിസ്ഥാനികളിൽ നിന്നുപോലും സഹായം സ്വീകരിക്കുന്നതായും എതിരാളികളുടെ ആരോപണത്തോട് അതിർത്തിസംസ്ഥാനമായ പഞ്ചാബ് എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. ഓരോ കുടുംബത്തിലും പട്ടാളക്കാരുള്ള പഞ്ചാബുകാരെ ദേശസ്നേഹം പറഞ്ഞ് ഇളക്കിവിടാൻ ബി.ജെ.പി. നന്നായി ശ്രമിച്ചിട്ടുമുണ്ട്.
തൂക്കുസഭയുടെ സാധ്യതകൾ
പഞ്ചാബ് നിയമസഭ ഭരിക്കാൻ കേവലഭൂരിപക്ഷത്തിനാവശ്യമായ 59 എന്ന മാന്ത്രിക സംഖ്യ കടക്കാൻ ആർക്കും കഴിയാതെവരുമോ? അതിനുള്ള സാധ്യതയും തള്ളാനാവില്ല. ഭരണവിരുദ്ധ വികാരത്തിൽ പുതിയ പരീക്ഷണത്തിന് പഞ്ചാബ് മുതിർന്നാൽത്തന്നെയും മാൽവ മേഖലവിട്ടൊരു വളർച്ച ആം ആദ്മി പാർട്ടിക്ക് സാധ്യമായില്ലെങ്കിൽ കാര്യങ്ങൾ ആ വഴിക്ക് നീങ്ങിയേക്കും. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിനുശേഷമുള്ള കൂട്ടുകക്ഷിഭരണത്തിന് പഞ്ചാബിൽ സാധ്യത കുറവാണ്.
ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും കൂടുതൽ സീറ്റുകൾ ലഭിക്കുകയും ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാവാതിരിക്കുകയും ചെയ്തുവെന്നിരിക്കട്ടെ. ശിരോമണി അകാലിദളുമായി ചേരാൻ കോൺഗ്രസിനോ എ.എ.പി.ക്കോ എളുപ്പമല്ല.
അഴിമതി, മാഫിയ, മയക്കുമരുന്ന് ആരോപണങ്ങൾ നേരിടുന്ന അകാലിദളുമായി ചേർന്നാൽ എ.എ.പി.യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേക്കും. എക്കാലത്തെയും ബദ്ധവൈരികളായ അകാലിയുമായി കോൺഗ്രസിനും സഖ്യമുണ്ടാക്കാനാവില്ല. ബി.ജെ.പി.ക്കൊപ്പംനിന്ന ക്യാപ്റ്റന്റെ പാർട്ടിയുമായും ഇരുവർക്കും കൂട്ടുചേരാനാവില്ല. അതിനാൽ ന്യൂനപക്ഷ സർക്കാർ എന്ന സാധ്യതയും തള്ളാനാവില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..