നമ്മൾ വലുതാവുമ്പോൾ


ഡോ. ജെ. രത്‌നകുമാർ, ഡോ. കെ.പി. വിപിൻ ചന്ദ്രൻ

4 min read
Read later
Print
Share

ബുധനാഴ്ച പുറത്തിറക്കിയ യു.എൻ. പോപ്പുലേഷൻ ഫണ്ടിന്റെ വാർഷിക ജനസംഖ്യാ റിപ്പോർട്ട് പ്രകാരം ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഒന്നാമതെത്തിയിരിക്കുന്നു. ഈ വാർത്തയ്ക്ക് രാജ്യാന്തരതലത്തിലടക്കം വലിയ പ്രാധാന്യം കല്പിച്ചിരിക്കുന്നതിനാൽ നമ്മുടെ മുമ്പിലുള്ള വെല്ലുവിളികളും സാധ്യതകളും പരിശോധിക്കുകയാണിവിടെ

മുബൈ ജുഹു ബീച്ചിൽ നിന്നുള്ള ദൃശ്യം| പ്രതീകാത്മക ചിത്രം-AP

1950-ൽ ഇന്ത്യൻ ജനതയുടെ (35.3 കോടി) ഏകദേശം ഒന്നര മടങ്ങിലധികമായിരുന്നു ചൈനീസ് ജനതയുടെ (53.9 കോടി) എണ്ണം. എന്നാൽ, ഇപ്പോൾ ചൈനയിലെയും ഇന്ത്യയിലെയും ജനസംഖ്യ യഥാക്രമം 142.57 കോടിയും, 142.86 കോടിയുമാണ്. അതായത്, കഴിഞ്ഞ ഏഴു ദശാബ്ദത്തിനുള്ളിൽ രണ്ടുരാജ്യങ്ങളുടെയും ഇടയിൽ ജനസംഖ്യയിൽ നിലനിന്നിരുന്ന അന്തരം പൂർണമായി ഇല്ലാതായി. 1950-ൽ ലോകത്തെ 100-ൽ 14-ഓളം വ്യക്തികൾ ഇന്ത്യയിൽനിന്നും 21-ഓളം വ്യക്തികൾ ചൈനയിൽനിന്നുമായിരുന്നു. രണ്ടുരാജ്യങ്ങളിലെ ജനസംഖ്യാ പ്രാതിനിധ്യം സമാനരീതിയിൽ ഇപ്പോൾ നിർണയിച്ചാൽ ഏകദേശം 17-ഓളം വ്യക്തികൾ വീതമാകും. നിലവിൽ ലോകത്തെ മൂന്നിലൊന്നിലധികം ജനങ്ങളുടെ ആവാസകേന്ദ്രമായതിനാൽ ഈ മേഖലയിലെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾപോലും ആഗോള ജനസംഖ്യയെ ഭാവിയിൽ വലിയരീതിയിൽ സ്വാധീനിക്കും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലെത്തുമ്പോഴേക്കും ചൈനയിലെ ജനസംഖ്യയുടെ ഇരട്ടി ജനസംഖ്യ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയാണ് യു.എൻ. മുന്നോട്ടുവെക്കുന്നത്. ചൈനയുടെ ജനസംഖ്യ ഇപ്പോൾത്തന്നെ അവരുടെ മൂർധന്യാവസ്ഥയിലുള്ള 142 കോടിയിലെത്തിയെങ്കിലും ഇന്ത്യയുടെ സമാനനിരക്കെന്ന് കരുതപ്പെടുന്ന 169 കോടിയിലെത്താൻ ഇനി നാലു ദശാബ്ദംകൂടി കാത്തിരിക്കേണ്ടതായിവരും. 2023-നുശേഷവും ഇരുരാജ്യങ്ങളുടെയും ഇടയിലുള്ള ജനസംഖ്യാവിടവ് വർധിച്ചുകൊണ്ടേയിരിക്കും. രണ്ടു രാജ്യങ്ങളിലെയും ജനസംഖ്യവളർച്ചനിരക്കുകൾ ഭാവിയിൽ വീണ്ടും കുറയുമെന്ന അനുമാനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുക എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതരീതിയിൽ അധിഷ്ഠിതമായ കുടുംബാസൂത്രണ മാർഗങ്ങളിലൂടെ പ്രത്യുത്‌പാദനനിരക്കും ജനസംഖ്യവളർച്ചനിരക്കും കുറയ്ക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. അപ്പോഴും ജനസംഖ്യവളർച്ച നിയന്ത്രണം ലക്ഷ്യമാക്കി കർശനമായ നിയമങ്ങൾ ദേശീയതലത്തിൽ ഒരിക്കലും അടിച്ചേൽപ്പിച്ചില്ല. മറുവശത്ത്, വിട്ടുവീഴ്ചയില്ലാത്ത ജനസംഖ്യവളർച്ച നിയന്ത്രണങ്ങളുമായി ചൈന മുന്നേറിയത് (ഉദാ. ഒറ്റക്കുട്ടി നയം) ജനസംഖ്യാ വലുപ്പത്തിൽ അവർ നമ്മെ മറികടക്കുന്നതിനുള്ള കാലദൈർഘ്യം ഗണ്യമായി കുറയുന്നതിന് കാരണമായിമാറി.

# ഡെമോഗ്രാഫിക് ഡിവിഡെന്റ് ഇന്ത്യയിൽ എന്നുവരെ?
ഒരു രാജ്യത്തിന്റെ വികസനത്തിന് ഇന്ധനംപകരുന്ന മുഖ്യഘടകമാണ് ആ രാജ്യത്തെ തൊഴിൽസേനയുടെ വലുപ്പം. ജനസംഖ്യാ കണക്കെടുപ്പിൽ ജോലിചെയ്യുന്ന പ്രായത്തിലുള്ള ആളുകളുടെ അനുപാതം ആശ്രിതരായ ആളുകളുടെ അനുപാതത്തേക്കാൾ ഉയർന്നുനിൽക്കുന്നതിനെ സൂചിപ്പിക്കുന്ന പദമാണ് ‘ഡെമോഗ്രാഫിക് ഡിവിഡെന്റ്.’ മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ ഡെമോഗ്രാഫിക് ഡിവിഡെന്റിന്റെ സാന്നിധ്യമുള്ളതിനാലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമാണെന്ന് പറയപ്പെടുന്നത്. എന്നാൽ, ഇതിന്റെ കാലഘട്ടത്തെ സംബന്ധിച്ച് വിഭിന്നവാദഗതികളാണ് വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. മുൻകാലങ്ങളിൽ ചൈന, സിങ്കപ്പൂർ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളുടെ സാമ്പത്തികമുന്നേറ്റത്തിന് ഡെമോഗ്രാഫിക് ഡിവിഡെന്റ് കളമൊരുക്കിയതായി വിവിധ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇത് പകർന്നുനൽകിയ അവസരങ്ങളുടെ ജാലകം ചില രാജ്യങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തി എന്നതാണ് വാസ്തവം. 2018-19ലെ സാമ്പത്തികസർവേയിൽ ഇന്ത്യ ഡെമോഗ്രാഫിക് ഡിവിഡെന്റിന്റെ ഉച്ചസ്ഥായിയിൽ 2041 ആകുമ്പോഴേക്കും എത്തിച്ചേരുമെന്ന് പ്രവചിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ, ഈ ജനസംഖ്യാ പ്രതിഭാസത്തിന്റെ കാലദൈർഘ്യം നമ്മുടെ രാജ്യത്ത് 2055 വരെയെങ്കിലും തുടർന്നേക്കാം.

# വെല്ലുവിളികൾ ഒട്ടേറെ
ഡെമോഗ്രാഫിക് ഡിവിഡെന്റ് ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ മാനവിക വികസന രംഗത്ത് നമുക്ക് മുന്നേറ്റം അനിവാര്യമാണ്. സാക്ഷരതാ നിരക്കിലുണ്ടാകേണ്ട ഔന്നത്യം ഇതിന്റെ ആദ്യ ചൂണ്ടുപലകയായിട്ടാണ് പരിഗണിക്കുന്നത്. രാജ്യത്തെ മുഴുവൻ കുട്ടികളെയും സ്‌കൂളുകളിലേക്ക് എത്തിച്ച് പ്രവേശനനിരക്കുകൾ നൂറുശതമാനത്തിലേക്ക് എത്തിക്കുന്നതിൽ നാം ഇതുവരെ ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. കൂടാതെ, കുട്ടികളുടെ കൊഴിഞ്ഞുപോക്കുനിരക്കുകൾ കുറച്ച് അവരെ സ്‌കൂളുകളിൽ നിലനിർത്തി വിദ്യാഭ്യാസം പൂർത്തീകരിച്ചെടുക്കേണ്ടതായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ഉത്‌പാദനപ്രക്രിയയിൽ ശ്രദ്ധേയമായത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചില സൂചകങ്ങളാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ഇടയിലുള്ള ഉയർന്ന പോഷകാഹാരക്കുറവും വിളർച്ചയും പരിഹരിക്കേണ്ടതായിട്ടുണ്ട്. അതോടൊപ്പം, ഒട്ടുമിക്ക ആരോഗ്യസൂചകങ്ങളുടെ നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമങ്ങളും ആവശ്യമാണ്.
സാക്ഷരതയും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുന്നതോടൊപ്പം നൈപുണ്യമുള്ള തൊഴിലാളികളെ പ്രദാനംചെയ്യുന്നതിൽ നാം വളരെദൂരം മുന്നോട്ടുപോകാനുണ്ടെന്ന സൂചനയാണ് ലഭ്യമായ കണക്കുകൾ നൽകുന്നത്. സാമ്പത്തിക സർവേ (2022-23) പുറത്തുവിട്ട കണക്കുകൾപ്രകാരം രാജ്യത്തെ പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴിൽപങ്കാളിത്തനിരക്കുകൾ യഥാക്രമം 57.5 ശതമാനവും 25.1 ശതമാനവുമാണ്. ലോകബാങ്കിന്റെ കണക്കുകൾപ്രകാരം ഇന്ത്യയിലെ തൊഴിൽ പങ്കാളിത്തനിരക്കുകൾ ആഗോളശരാശരിക്കും വളരെ താഴെയാണ്‌. നമ്മുടെ തൊഴിൽസേനയുടെ ഭൂരിഭാഗവും കാർഷികമേഖലയിലോ, വൈദഗ്ധ്യമില്ലാത്ത അനൗപചാരിക മേഖലയിൽനിന്ന് കുറഞ്ഞ വേതനം കൈപ്പറ്റി ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ്.

2015-19 കാലഘട്ടത്തിൽ ഇന്ത്യൻ തൊഴിൽസേനയിലെ അഞ്ചിലൊന്നുപേർക്ക് മാത്രമാണ് (21.2 ശതമാനം) മതിയായ നൈപുണ്യശേഷിയുള്ളത്. ഇക്കാര്യത്തിൽ 162 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 129-ാമത് മാത്രമാണ്. വളർച്ചയിൽ ചടുലത കൈവരിക്കേണ്ട സാഹചര്യത്തിലുള്ള ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ വിഭാഗത്തിന് എന്ത് സംഭാവനനൽകാൻ കഴിയും എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നിലവിൽ ചൈനയിൽ 90 കോടിയോളം വിദഗ്ധതൊഴിലാളികൾ ഉണ്ടെന്നും രാജ്യത്തിന്റെ വളർച്ചയ്ക്ക് എണ്ണപ്പെരുപ്പത്തെക്കാൾ ഗുണത്തിലാണ് ജനസംഖ്യാവർധന പ്രയോജനപ്പെടുന്നത് എന്നും ചൈനീസ് വിദേശകാര്യമന്ത്രാലയവക്താവ് വാങ് വെൻസിൻ പ്രസ്താവിച്ചിരുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ചുള്ള പരോക്ഷവിമർശനമാണെങ്കിലും നമ്മുടെ മാനവവിഭവശേഷിയുടെ ഗുണനിലവാരക്കുറവിന്റെ അവസ്ഥയുമായി ചേർത്തുവായിക്കേണ്ടതാണ്.
ഇന്ത്യയിലെ തൊഴിൽസേന അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ചെറുതായിക്കാണാനാവില്ല. അതിവേഗം കുറയുന്ന പ്രതുത്‌പാദനനിരക്കുകളും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉണ്ടാകുന്ന കുടിയേറ്റം സൃഷ്ടിക്കുന്ന മസ്തിഷ്‌കചോർച്ചയും രാജ്യത്തിന്റെ വികസനത്തിന് വെല്ലുവിളിയായിമാറുന്നു. അന്താരാഷ്ട്രനിലവാരം പാലിച്ചുകൊണ്ട് ആഗോള വിപണിക്കുതകുന്നതരത്തിൽ നൈപുണ്യമുള്ള തൊഴിൽസേനയെ വാർത്തെടുക്കുക എന്നതാണ് നാം അഭിമുഖീകരിക്കാൻപോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി, തൊഴിൽ ഉത്‌പാദനക്ഷമത, നൈപുണ്യവികസനം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവ മെച്ചപ്പെടുത്തുന്നതിലേക്കായി കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടതായിട്ടുണ്ട്. വരുംകാലഘട്ടത്തിൽ നിർമിതബുദ്ധിയും റോബോട്ടിക്സും സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയിലധിഷ്ഠിതമായ മാറ്റങ്ങളെ തിരിച്ചറിയുകയും അതിനൊപ്പം സഞ്ചരിക്കാൻ തൊഴിലാളികളെ പ്രാപ്തരാക്കേണ്ടതുമുണ്ട്. ആഗോളതലത്തിൽ ജനസംഖ്യയിൽ മുൻപന്തിയിലെത്തുമ്പോഴും, നമ്മുടെ മനുഷ്യമൂലധനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ മാത്രമേ നവീനലോകക്രമത്തിൽ സ്വാധീനശക്തിയായി നമുക്ക് മാറാനാകൂ.

പ്രതീക്ഷകൾ വാനോളം
യു.എൻ. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 68 ശതമാനവും 15-നും 64-നും ഇടയിൽ പ്രായമുള്ളവരാണെന്നതാണ് നമ്മുടെ പ്രതീക്ഷ. അതിനാൽ, ലഭ്യമായ അവസരം ശരിയായരീതിയിൽ വിനിയോഗിക്കണമെങ്കിൽ നമ്മൾ സമസ്തമേഖലകളിലും ദ്രുതഗതിയിലുള്ള മുന്നേറ്റം കൈവരിച്ചേ മതിയാകൂ. ഇന്ത്യൻ ജനസംഖ്യയുടെ പകുതിക്ക് 28.2 വയസ്സുമാത്രം പ്രായമുള്ളപ്പോൾ ചൈനയിലെ സമാനവിഭാഗത്തിലുള്ളവരുടെ പ്രായം 39 വയസ്സാണ്. ഇത് ഇന്ത്യൻ ജനസംഖ്യ കൂടുതൽ ചെറുപ്പമാണെന്ന വ്യക്തമായ സൂചനനൽകുന്നു.
ചൈനയിൽ നിലവിലെ വയോധികരുടെ ശതമാനം (19.5 ശതമാനം) ഇന്ത്യയുടേതിനെക്കാൾ ഏകദേശം ഇരട്ടിയാണ് (10.7 ശതമാനം). 2051 ആകുമ്പോഴേക്കും ചൈനയിലെ ജനസംഖ്യയുടെ 40 ശതമാനം പേരും 60 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ളവരായിരിക്കും. അതേസമയം, ഇന്ത്യക്കാരിൽ ഇതേ പ്രായത്തിലുള്ള ജനവിഭാഗം അഞ്ചിലൊന്ന് മാത്രമായിരിക്കും (പട്ടിക കാണുക). ജനസംഖ്യയിൽ യുവാക്കൾക്ക് പ്രാമുഖ്യമുള്ളതിനാൽ ഇന്ത്യക്ക്‌ ഭാവിയിൽ ഉയർന്നതും സുസ്ഥിരവുമായ സാമ്പത്തികവളർച്ച നേടാനുള്ള വഴികൾ ഏറെയാണ്.

(ഡോ. ജെ. രത്‌നകുമാർ ന്യൂഡൽഹി സ്പീക്കേഴ്‌സ് റിസേർച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേർച്ച് ഫെലോയും ഡോ. കെ.പി. വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..