.jpg?$p=e881e88&f=16x10&w=856&q=0.8)
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ
മതങ്ങളുടെയും സംസ്കാരങ്ങളുടെയും കലവറയായ അറേബ്യയും വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും സംസ്കാരം ഉൾച്ചേർന്ന ഇന്ത്യയും തമ്മിലുള്ള ആത്മബന്ധത്തിന് ആയിരത്താണ്ടുകളുടെ പാരമ്പര്യമാണുള്ളത്. ഈ പാരമ്പര്യത്തിന് വിള്ളൽവീഴാതെ കാത്തുസൂക്ഷിക്കാൻ നമുക്കിരുവർക്കും സാധിച്ചു. സകലമനുഷ്യരും ബന്ധുക്കളാണെന്ന ആശയത്തെ ഉൾക്കൊള്ളാനും മനുഷ്യർ തമ്മിലുള്ള ആത്മബന്ധത്തെ ദൃഢപ്പെടുത്താനും കഴിഞ്ഞകാലങ്ങളിലെ ഭരണാധികാരികൾക്കായി.ഇന്തോ-അറബ് സമൂഹങ്ങൾക്കിടയിലെ ആത്മബന്ധത്തെ പുതിയകാലത്ത് ദൃഢപ്പെടുത്തിയ ഭരണാധികാരിയായിരുന്നു വിടപറഞ്ഞ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇ.യെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരി കാലത്തിന്റെ വേഗവും ലോകത്തിന്റെ മാറ്റങ്ങളും ഉൾക്കൊണ്ട് വികസനമുന്നേറ്റത്തിലൂടെ അദ്ദേഹം വിസ്മയം സൃഷ്ടിച്ചു. വികസനവിപ്ലവം സൃഷ്ടിക്കുമ്പോഴും പരിസ്ഥിതിക്ക് ദോഷമാവാതിരിക്കാൻ ശ്രദ്ധിച്ചു. വരാനിരിക്കുന്ന തലമുറകൾക്ക് കരുതിയിരിപ്പുണ്ടാക്കാൻ പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
മനുഷ്യസൗഹൃദത്തിന്റെ വികാസമാണ് ഏറ്റവും വലിയ വികസനമെന്ന് അദ്ദേഹത്തിന്റെ ഭരണപരിഷ്കരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെ തങ്ങളിലേക്ക് ആകർഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾത്തന്നെ ചൂഷണരഹിതമാക്കാനും ശ്രദ്ധ ചെലുത്തി. എല്ലാവരെയും ഉൾക്കൊള്ളാനും വിവിധ വിശ്വാസാചാരങ്ങളെ ആദരിക്കാനും സാധിച്ചു. ഇന്ത്യയോട് പ്രത്യേക സ്നേഹം കാണിക്കുകയും ഇന്ത്യക്കാരെ വിശ്വാസത്തിലെടുക്കുകയും ചെയ്തു അദ്ദേഹം. ഇത് നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയടക്കം ഉണ്ടാക്കിയെടുത്ത ഇന്തോ-അറബ് ചരിത്രത്തിന്റെ വർത്തമാനകാല ശേഷിപ്പായി ബോധ്യമാവും. യു.എ.ഇ.യുടെ വികസനക്കുതിപ്പിനൊപ്പം ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് ലക്ഷക്കണക്കിന് കേരളീയർക്ക് തൊഴിൽ ലഭ്യമാക്കി.ആ മുന്നേറ്റത്തിന് മാനവവിഭവശേഷി നൽകാൻ നമ്മുടെ രാജ്യത്തിനും സാധിച്ചു എന്നതിൽ നമുക്കും അഭിമാനിക്കാം. മലയാളിയുടെ സംസ്കാരത്തിലും സാഹിത്യത്തിലും ഭാഷാപ്രയോഗങ്ങളിലും ആചാരങ്ങളിലുമെല്ലാം അറേബ്യൻ സ്വാധീനം കടന്നുവന്നത് ആ ആത്മബന്ധത്തിന്റെ ബാക്കിപത്രമാണ്. കരയായും കടലായും ആകാശയാത്രയായും കാലത്തിന്റെ മാറ്റങ്ങളിലൂടെ, തലമുറകളുടെ കൈമാറ്റത്തിലൂടെ ആ ബന്ധം കൂടുതൽ ദൃഢമാവുകയാണുണ്ടായത്.
1948-ൽ ജനിച്ച ശൈഖ് ഖലീഫ സായിദ് 2004-ലാണ് യു.എ.ഇ. പ്രസിഡന്റായത്.യു.എ.ഇ.യുടെ സമഗ്രവികസനമെന്ന ലക്ഷ്യത്തിനായി ഭരണരംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു. പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഭരണപാടവത്തിന്റെ പിന്തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ ഭരണനിർവഹണം.ശൈഖ് സായിദ് വിത്തുപാകിയ വികസനസ്വപ്നങ്ങൾക്ക് നിറംപകരാൻ അദ്ദേഹത്തിന് സാധിച്ചു. വികസനമുന്നേറ്റത്തോടൊപ്പം ക്ഷേമ-കാരുണ്യ പ്രവർത്തനരംഗത്തും പ്രത്യേക ശ്രദ്ധകൊടുത്തു. ഭരണീയരിൽ മാനവികതയും സാഹോദര്യവും നിലനിർത്തുന്നതിനായി ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകി.കച്ചവടാവശ്യത്തിന് ഒട്ടേറെ രാജ്യക്കാർ കേരളക്കരയിലേക്ക് കടൽ കടന്നുവന്നിട്ടുണ്ട്. കച്ചവടത്തിനായി ഇന്ത്യക്കാരും ഒട്ടേറെ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. എന്നാൽ, കച്ചവട-തൊഴിൽ ബന്ധങ്ങളിൽ ചൂഷണമില്ലാതെ, സൗഹൃദവും സാഹോദര്യവും നിലനിർത്തി ഇരുരാജ്യവും. ആയിരത്താണ്ടുകളുടെ ആ ആത്മബന്ധത്തിന്റെ തുടർക്കണ്ണിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. അദ്ദേഹത്തിന്റെ വിയോഗം നമ്മുടെകൂടി ദുഃഖമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..