പരിചയമല്ല, കഴിവാണ് കാര്യം...; നമുക്ക് പറ്റുമോ?


 ശശി തരൂർ

ഭൂരിപക്ഷവാദം വാഴാൻ തുടങ്ങിയ ഇക്കാലത്ത്, ഹിന്ദുവോ സിഖോ ജൈനനോ ബുദ്ധമതക്കാരനോ അല്ലാത്ത ഒരാൾ ഇന്ത്യയെ നയിക്കുന്നതിനെക്കുറിച്ച് നമുക്ക് സങ്കല്പിക്കാനാകുമോ? അങ്ങനെ സംഭവിച്ചാൽ അന്നായിരിക്കും ഇന്ത്യ ജനാധിപത്യരാജ്യമെന്ന നിലയിൽ പക്വതനേടുക

ഋഷി സുനക്, ശശി തരൂർ | ഫോട്ടോ: എ.എഫ്.പി., മാതൃഭൂമി

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്കുള്ള ഋഷി സുനകിന്റെ വരവ് പലതലങ്ങളുടെ ഒരസാധാരണ കഥയാണ്. പ്രത്യക്ഷ ന്യൂനപക്ഷത്തിൽനിന്നുള്ളയാളെ രാജ്യത്തെ സുപ്രധാന സ്ഥാനത്ത് നിയമിക്കാനുള്ള ബ്രിട്ടന്റെ അത്യപൂർവതീരുമാനമാണ് ആദ്യത്തേത്. വർഗം, മതം, വംശം എന്നിവ അവഗണിക്കുന്നത് അസാധ്യമാണെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്ന ഈ ലോകത്ത്, ബ്രിട്ടനിലെ ജനസംഖ്യയുടെ 7.5 ശതമാനം മാത്രംവരുന്ന ഏഷ്യൻ വംശജരിൽനിന്നുള്ള തവിട്ടുനിറമുള്ള ഹിന്ദുവിനെ തങ്ങളുടെ നേതാവായി പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് പാർലമെന്റിലെ കൺസർവേറ്റീവ് അംഗങ്ങളുടെ ഭൂരിപക്ഷം തീരുമാനിച്ചിരിക്കുന്നു. 2008-ൽ ബരാക് ഒബാമ അമേരിക്കൻ പ്രസിഡന്റായതിനെക്കാൾ ത്രസിപ്പിക്കുന്ന നിമിഷമാണിത്. ബ്രിട്ടനിൽ ഇന്ത്യക്കാരോ ഏഷ്യക്കാരോ മുൻനിരയിലേക്ക് വരുന്നതിനു വളരെമുമ്പുതന്നെ വെളുത്തവർഗക്കാരല്ലാത്തവർ അമേരിക്കൻ രാഷ്ട്രീയഭൂമികയുടെ ഭാഗമായിരുന്നതിനാലാണത്.

നൂറ്റാണ്ടുകൾക്കുമുമ്പ്, സാമ്രാജ്യത്വ അധിനിവേശവും അടിച്ചമർത്തലുമായി തങ്ങൾ കോളനികളാക്കി ഭരിച്ചിരുന്നയിടങ്ങളിലേക്ക് വംശീയതയുടെയും വംശീയ വിവേചനത്തിന്റെയും സംസ്കാരം കയറ്റുമതി ചെയ്തവരുടെ അതേ രാജ്യത്ത് വംശീയവ്യത്യാസത്തിന്റെ ‘സാധാരണവത്കരണം’ നടക്കുന്നു. ബ്രിട്ടൻ ചെയ്തതുപോലെ, അതിന്റെ ഏറ്റവും മോശം സംഭാവനകളെ സമഗ്രമായി മറികടക്കുകയെന്നത് ഏതൊരു സമൂഹത്തെ സംബന്ധിച്ചും അസാധാരണമാണ്. ഒരു നൂറ്റാണ്ടുമുമ്പുവരെ, ഇന്ത്യയിലും ആഫ്രിക്കയിലും ബ്രിട്ടൻ സ്ഥാപിച്ച ക്ലബ്ബുകളിൽ വെളുത്തവരല്ലാത്തവർക്ക് പ്രവേശനമില്ലായിരുന്നു. എന്നാലിന്ന്, ഒരുകാലത്ത് ബ്രിട്ടീഷുകാർ അവജ്ഞയോടെ കണ്ട, അവഹേളിക്കപ്പെട്ട അതേ വംശത്തിൽനിന്നുള്ളയാൾ അവരുടെ പ്രധാനമന്ത്രിയായിരിക്കുന്നു.

പരിചയമല്ല, കഴിവാണ് കാര്യം

:പ്രായത്തെക്കുറിച്ചാണ് രണ്ടാമത്തെ കാര്യം. 1980-ൽ ജനിച്ച ഋഷി സുനകിന് പ്രായം 42. 2015-ൽ മാത്രമാണ് അദ്ദേഹത്തിന്റെ പാർലമെന്ററിജീവിതം ആരംഭിച്ചത്. യോക് ഷെയറിലെ പ്രധാന മണ്ഡലമായ റിച്ച്മണ്ടിൽനിന്നാണ് അദ്ദേഹം ആദ്യമായി പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്നുവർഷംകൊണ്ട് തെരേസ മേയ് സർക്കാരിൽ സ്റ്റേറ്റ് ഫോർ ലോക്കൽ ഗവൺമെന്റ് പാർലമെന്ററി അണ്ടർസെക്രട്ടറിയായി. അതിനുശേഷം രണ്ടുവർഷത്തിനുള്ളിൽ ബോറിസ് ജോൺസൺ സുനകിനെ ബ്രിട്ടന്റെ ധനമന്ത്രിയാക്കി. ഏതുമാനദണ്ഡം വെച്ചുനോക്കിയാലും തലകറങ്ങിപ്പോകുന്നൊരു വളർച്ചയാണ്. ഇന്ത്യയിൽ ഇതെല്ലാം അചിന്തനീയമായിരിക്കും. വെറും ഏഴുവർഷംകൊണ്ട് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുകയെന്നത് തീർച്ചയായും വിസ്മയിപ്പിക്കുന്ന നേട്ടംതന്നെ. സുനകിന്റെ കഴിവിനൊപ്പം ആ കഴിവിനെ അംഗീകരിക്കാനും നേരത്തേ അതിനുള്ള പ്രതിഫലം നൽകാനുമുള്ള ബ്രിട്ടന്റെ കഴിവിനെയും ഈ തീരുമാനം എടുത്തുകാണിക്കുന്നു. ഇന്ത്യയിലാണെങ്കിൽ, ഏതു പാർട്ടിയിലാണെങ്കിലും അദ്ദേഹമിപ്പോഴും ഏതെങ്കിലും സംസ്ഥാനത്തെ മികച്ചമന്ത്രിയാകാൻ മത്സരിച്ചുകൊണ്ട് പിൻബെഞ്ചിൽ തന്നെയാണുണ്ടാകുകയെന്ന് ഏറക്കുറെ ഉറപ്പാണ്.

അധികാരത്തിലേറി 45-ാമത്തെ ദിവസം ലിസ് ട്രസിന്റെ രാജിക്ക് കാരണമായ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി സുനകിന് സഹായകമായെന്നത് നിസ്സംശയമാണ്. ധനതന്ത്രത്തിൽ വൈദഗ്ധ്യവും പരിചയവുമുള്ള നേതൃത്വം ബ്രിട്ടന് അത്യാവശ്യമാണ്. കോവിഡ് മഹാമാരിയുടെ ഏറ്റവുംമോശം നാളുകളിൽ സ്വകാര്യമേഖലയിലെ മുൻകാല പ്രവർത്തനപരിചയം, ചാൻസലറെന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സുനകിനെ സഹായിച്ചിരുന്നു. പ്രതിസന്ധിഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് സുനക്. സുനകിനെ പ്രധാനമന്ത്രിയാക്കുക അല്ലെങ്കിൽ പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുക എന്നതാണ് വഴികളെന്ന് കൺസർവേറ്റീവ് എം.പി.മാർ തിരിച്ചറിഞ്ഞിരുന്നു.

ഇന്ത്യക്ക്‌ പഠിക്കാനുള്ളത്

:പരമ്പരാഗത വിശ്വാസങ്ങളിലും ആചാരങ്ങളിലും മുൻവിധികളിലുമൂന്നി ദേശസ്നേഹത്തെ ‘ആധികാരികത’, ‘വേരുകൾ’ എന്നിവയുമായി തുലനംചെയ്തുകൊണ്ട് ഒട്ടേറെ രാജ്യങ്ങൾ കുടിയേറ്റത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും വിവിധരൂപത്തിൽ വിദേശികളോടുള്ള വിദ്വേഷം അനുവർത്തിക്കുകയും ചെയ്യുന്ന കാലത്താണ് ഇതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ജനാധിപത്യരാജ്യങ്ങൾക്കുവേണ്ട സ്വയംവിശ്വാസമാണ് കുടിയേറ്റത്തിലൂടെ പ്രതിഫലിക്കുന്നത്. ഇത് നമുക്കും ഒരു പാഠമാണ്. സുനകിന്റെ സ്ഥാനാരോഹണം ഏറക്കുറെ ഉറപ്പായപ്പോൾ ഞാൻ സാമൂഹികമാധ്യമങ്ങളിലൂടെ ഒരു ചോദ്യം ചോദിച്ചിരുന്നു. ഇതിവിടെ സാധ്യമാകുമോ? എന്ന്. ഒരിക്കൽ ‘കുടിയേറ്റക്കാരി’യായ സോണിയാഗാന്ധിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനംചെയ്യപ്പെട്ടപ്പോൾ ഉണ്ടായ കോലാഹലമൊന്നും മറന്നുപോകരുത്. നൂറുകോടി ഇന്ത്യക്കാരെ ഒരു ‘വിദേശി’ ഭരിക്കുന്നതിൽ അന്ന് കടുത്ത പ്രതിഷേധങ്ങളുണ്ടായി. അങ്ങനെയുണ്ടായാൽ തലമൊട്ടയടിച്ച് പാർലമെന്റിനുമുന്നിൽ ധർണ നടത്തുമെന്നായിരുന്നു പ്രമുഖ വനിതാരാഷ്ട്രീയനേതാവിന്റെ ഭീഷണി. പക്ഷേ, അന്ന് സോണിയാഗാന്ധി പ്രധാനമന്ത്രിയാകാൻ വിസമ്മതിച്ചു. പകരംവന്ന മൻമോഹൻ സിങ് തീർച്ചയായും ന്യൂനപക്ഷത്തിൽനിന്നുള്ളയാൾതന്നെ. എന്നാൽ, ഭൂരിഭാഗം ഹിന്ദുക്കളും സിഖുകാരെ തങ്ങളിൽനിന്ന് വ്യത്യസ്തരായി കാണുന്നില്ല. ഭൂരിപക്ഷവാദം വാഴാൻ തുടങ്ങിയ ഇക്കാലത്ത്, ഹിന്ദുവോ സിഖോ ജൈനനോ ബുദ്ധമതക്കാരനോ അല്ലാത്ത ഒരാൾ ഇന്ത്യയെ നയിക്കുന്നതിനെക്കുറിച്ച് നമുക്ക് സങ്കല്പിക്കാനാകുമോ? അങ്ങനെ സംഭവിച്ചാൽ അന്നായിരിക്കും ഇന്ത്യ ജനാധിപത്യരാജ്യമെന്ന നിലയിൽ പക്വതനേടുക.

ഋഷി സുനകിനോട് പറയാനുള്ളത് ഇത്രമാത്രം... ‘‘വെല്ലുവിളികൾ നിറഞ്ഞ പുതിയ പദവിയിൽ ശോഭിക്കാനാകട്ടെ.’’ നമ്മുടെ കൂട്ടത്തിൽനിന്നൊരാളുടെ നേട്ടത്തെക്കുറിച്ചുള്ള അഭിമാനത്തിനപ്പുറം അത് നമ്മെ പഠിപ്പിക്കുന്ന അസാധാരണമായ പാഠങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മൾ ഇന്ത്യക്കാർക്കുമാകട്ടെ.

‘ചർച്ചിലിന്റെ ഹിന്ദു’ ബ്രിട്ടൻ ഭരിക്കുമ്പോൾ

:‘ഹിന്ദു എന്നത് മൃഗതുല്യമായ മതമുള്ള മൃഗീയരായ ജനത’യാണെന്ന ചർച്ചിലിന്റെ വാക്കുകൾ കുപ്രസിദ്ധമാണ്. ഇപ്പോഴാകട്ടെ, ഹിന്ദുമതത്തിൽ അടിയുറച്ചു വിശ്വസിക്കുക മാത്രമല്ല, മന്ത്രിയായി ഭഗവദ് ഗീതയിൽത്തൊട്ട് സത്യപ്രതിജ്ഞചെയ്ത, ജന്മാഷ്ടമിദിനത്തിൽ ഗോപൂജയും ശ്രീകൃഷ്ണാരാധനയും നടത്തുന്ന ചിത്രങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ഹിന്ദു അതേ ബ്രിട്ടീഷ് സർക്കാരിന്റെ തലപ്പത്തേക്ക് വരുന്നു. ക്രിസ്തീയമതം ഔദ്യോഗികമായ, രാജ്ഞിയുടെ ശവസംസ്കാരച്ചടങ്ങിൽ മുൻ പ്രധാനമന്ത്രി ബൈബിൾ വാക്യങ്ങൾ ഉറക്കെ വായിച്ച ഒരു രാജ്യത്തെ എങ്ങനെ ഹിന്ദുവായ ഒരാൾ ഭരിക്കുമെന്ന സംശയം ചില ബ്രിട്ടീഷുകാർക്കെങ്കിലുമുണ്ടാകും. ഇതേ ഒരു സാഹചര്യം നേരിടേണ്ടിവന്നാൽ സുനകിന് ഇതിന് കഴിയുമോ?
(അദ്ദേഹം ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും സുനക് അതിന് തയ്യാറാകുമെന്ന് മറ്റു ഭൂരിഭാഗം ഹിന്ദുക്കളെയുംപോലെ ഞാനും വിശ്വസിക്കുന്നു. കാരണം, മറ്റു മതങ്ങളുടെ വിശുദ്ധപുസ്തകങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുന്നതിൽ ശരിയായ ഹിന്ദുക്കൾ ഒരിക്കലും വൈമനസ്യം കാണിക്കാറില്ല.)

Content Highlights: rishi sunak shashi tharoor

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..