പുഴയോരസംരക്ഷണം മിയാവാക്കി മാതൃകയിൽ


എം.ആർ. ഹരി

അമൂല്യങ്ങളായ ജലവും വനവും അവയുടെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുതന്നെ സംരക്ഷിക്കാം

miyawaki

കുട്ടിക്കാലത്ത്‌ എന്റെ തലമുറയിൽപ്പെട്ട ചിലരെങ്കിലും വളരെ ആസ്വദിച്ചിരുന്ന ഒരു കാര്യമാണ് ചരൽനിറഞ്ഞ ഇടവഴികളിലൂടെ മഴക്കാലത്തുള്ള യാത്ര. കണ്ണുനീർത്തുള്ളിപോലെ നിർമലമായ ജലം പാദങ്ങളെ തഴുകിയൊഴുകുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊരു യാത്രയ്ക്കും തരാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇന്ന് ഉൾനാടൻ പ്രദേശങ്ങളിൽപ്പോലും നീരൊഴുക്കു തടസ്സപ്പെടുകയും മഴവെള്ളം ചെളിവെള്ളമായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ ജലസ്രോതസ്സുകളെ നമ്മൾതന്നെ മലിനീകരിക്കുകയും മണ്ണിന്റെ അരിപ്പകളെ മതിൽകെട്ടി അടയ്ക്കുകയും കക്കൂസ് മാലിന്യംമുതൽ അറവുമാലിന്യംവരെയെല്ലാം നേരെ വഴിയിലേക്കും പുഴയിലേക്കുമൊഴുക്കിയുമാണ് നമ്മൾ ഈ സ്ഥിതിയിലെത്തിയത്.

ഇതിനൊക്കെ ഇടയിലും മാലിന്യസംസ്കരണത്തിനും പുഴയോരങ്ങളും നദീതീരങ്ങളും സംരക്ഷിക്കുന്നതിനുമുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ധാരാളം നടക്കുന്നുണ്ട്. പുഴയോരങ്ങളെ കരിങ്കൽ മതിൽകെട്ടി സംരക്ഷിക്കാനോ, മുളങ്കാടുകൾ വെച്ചുപിടിപ്പിച്ചു സംരക്ഷിക്കാനോ ഉള്ള ശ്രമങ്ങളാണ് കാണുന്നത്. ഇരുകരയിലും മുളങ്കാടുകൾ നട്ടുപിടിപ്പിച്ച്‌ പുഴയും നദിയുമൊക്കെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ പ്രകൃതിസ്നേഹികളാണെന്ന കാര്യത്തിലും അവരുടെ ആത്മാർഥതയുടെ കാര്യത്തിലും സംശയംവേണ്ട. എന്നാൽ, തീരങ്ങളെ മുളങ്കാടുകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നത് എത്രമാത്രം പ്രായോഗികമാണ്? കഴിഞ്ഞ രണ്ടുമൂന്നു വെള്ളപ്പൊക്കങ്ങളിൽ പലയിടങ്ങളിലും മുളങ്കൂട്ടങ്ങൾ അടിയിളകി ഒഴുകിപ്പോകുന്ന കാഴ്ച നമ്മൾ കണ്ടതല്ലേ? മുളങ്കൂട്ടത്തോടൊപ്പം ഒന്നുരണ്ടു സെന്റ്‌ സ്ഥലംകൂടി ഒഴുകിപ്പോകുന്നതും കാണുന്നുണ്ട്.

പുഴയോരസംരക്ഷണത്തിന്‌ ബദൽ മാർഗങ്ങളുണ്ടോ?

പുഴസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വർഷങ്ങളായി പഠനം നടത്തുന്ന ശാസ്ത്രജ്ഞർ കേരളത്തിലുടനീളമുണ്ട്. എന്നാൽ, അവരുടെ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും അർഹിക്കുന്ന ഗൗരവം കിട്ടുന്നുണ്ടോ എന്നു സംശയമാണ്. കരിങ്കൽഭിത്തികളുടെ എൻജിനിയറിങ്‌ ബലത്തിലോ, മുളങ്കാടുകളുടെ പ്രകൃതിസൗഹൃദ കൂട്ടായ്മകളിലോ തീരങ്ങൾ സംരക്ഷിക്കാൻ ആവുമെന്നു നമ്മൾ ഉറച്ചുവിശ്വസിക്കുന്നു, പ്രവർത്തിക്കുന്നു.
ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്ന ചില കാര്യങ്ങളുണ്ട്. നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങളിലൂടെ പുഴയോരങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന ഒരു സസ്യവിന്യാസമുണ്ട്. നീരൊഴുക്കിനെ തടസ്സപ്പെടുത്താതെ, നദീപാർശ്വങ്ങളെ ബലപ്പെടുത്തി നിലനിന്നിരുന്ന ആ സസ്യവിന്യാസം നമ്മൾ ഒട്ടുമുക്കാലും തകർത്തുകഴിഞ്ഞിരിക്കുന്നു, പ്രത്യേകിച്ചും ജനവാസമുള്ള പ്രദേശങ്ങളിൽ. കേരളത്തിനുള്ളിൽ പശ്ചിമഘട്ടത്തിൽനിന്നു കടലിലേക്കുള്ള ശരാശരിദൂരം 29 കിലോമീറ്ററാണ്. മലമുകളിൽനിന്ന് സമുദ്രനിരപ്പിലേക്ക് ചെരിഞ്ഞൊഴുകുന്ന പുഴകളുടെ ഇരു വശങ്ങളിലുമുള്ള ചെടികളും മരങ്ങളും ഭൂനിരപ്പനുസരിച്ചു വ്യത്യാസപ്പെടുന്നുണ്ട്. ഇതുപോലെത്തന്നെ പ്രധാനമാണ് പുഴകളുടെ ഇരുകരയിലും നിൽക്കുന്ന സസ്യങ്ങളുടെ വിന്യാസം. പുഴകൾക്ക്‌ ഏതാണ്ട് ഇംഗ്ലീഷിൽ ‘വി’ എന്ന അക്ഷരത്തിന്റെ ആകൃതിയാണല്ലോ സ്വാഭാവികമായുള്ളത്. ഇത്‌ നിലനിർത്തണം. ഇരുകരയിലും പ്രകൃതിതന്നെ മൂന്നോ നാലോ തട്ടുള്ള ഒരു ഗാലറി പണിതീർത്തിരിക്കുന്നു എന്നു വിചാരിക്കുക. ഈ ഗാലറിയുടെ ഓരോ തട്ടിലും വ്യത്യസ്ത ചെടികളാണ് നമ്മൾ കാണുന്നത്. ഈ രണ്ടു വ്യത്യാസങ്ങളും നിലനിർത്തിക്കൊണ്ട്‌ ചെടികൾ വെച്ചുപിടിപ്പിച്ചെങ്കിൽമാത്രമേ പുഴയോരങ്ങളെയും നീർച്ചാലുകളെയുമൊക്കെ നമുക്കു ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷിക്കാനാവൂ.

മരങ്ങളും ചെടികളും മാറുന്നതനുസരിച്ചു അവയ്ക്കിടയിൽ പാർക്കുന്ന ജീവികളുടെയും പക്ഷികളുടെയും ഷഡ്പദങ്ങളുടെയും കാര്യത്തിലും വ്യത്യാസം ഉണ്ടാവുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇതോടൊപ്പംതന്നെ പറയട്ടെ, നദീതീരത്തെ കൽക്കെട്ടുകൾ പൂർണമായും ഒഴിവാക്കാനാവില്ല. ഉദാഹരണത്തിന്, കുളിക്കടവുകളും മറ്റും കല്ലുകെട്ടിസംരക്ഷിച്ചേ പറ്റൂ. അതുപോലെത്തന്നെ വൻതോതിൽ കരയിടിച്ചിൽ സംഭവിച്ച സ്ഥലങ്ങളിലും മറ്റു മാർഗങ്ങളില്ല. എന്നാൽ, അല്ലാത്തയിടങ്ങളിൽ മുളകൊണ്ട് തട്ടുകൾ തിരിക്കുന്നതുപോലെയുള്ള മൃദു എൻജിനിയറിങ്‌ തന്ത്രങ്ങളിലൂടെ താത്കാലിക പരിഹാരങ്ങളുണ്ടാക്കുകയും വനവത്‌കരണത്തിലൂടെ അവയെ ബലപ്പെടുത്തുകയും ചെയ്യാം.

ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. പശ്ചിമഘട്ടത്തിൽനിന്ന്‌ ഉദ്‌ഭവിച്ച് അറബിക്കടലിലേക്കൊഴുകുന്ന ഒരു പുഴയുടെ ഉദ്‌ഭവസ്ഥാനത്തും ഏറ്റവും താഴെ കടലിനടുത്ത ഭാഗങ്ങളിലും ഒരേ സസ്യങ്ങളല്ല സ്വാഭാവികമായി വളരുന്നത്. ഉയരങ്ങളിൽ ആഞ്ഞിലിയും കാട്ടുമാവുമൊക്കെ വളരുമ്പോൾ, താഴ്ന്നപ്രദേശങ്ങളിൽ അവ കാരയും കുടമ്പുളിയും പൂവരശും ചാരുമൊക്കെയായി മാറുന്നു.
അതുപോലെത്തന്നെ നദിയുടെ ഇരുവശങ്ങളിലും ചെരിവനുസരിച്ചു വ്യത്യാസങ്ങൾ വരും. കടമ്പ്, നീർമരുത്, കാര, കാട്ടുമാവ് ഒക്കെയാണ് ഇരുവശത്തെയും ചെരിവിന്റെ ഏറ്റവും മുകളിൽ വളരുക. വെള്ളത്തോടടുത്ത ഭാഗങ്ങളിൽ ഞെക്ക്, ഓടൽ (ഒട്ടൽ), കൈതപോലെയുള്ള സസ്യങ്ങൾ വളരുന്നത് മണ്ണിടിച്ചിൽ ഒഴിവാക്കും. വൻമരങ്ങൾക്കും കൈതപോലെയുള്ളവയ്ക്കും ഇടയിൽ ഇലിപ്പ, വല്ലഭം, ആറ്റുവഞ്ചി പോലെയുള്ളവ നടാം. ഇടയ്ക്കിടെ പച്ചമുളകളും നടാവുന്നതാണ്. എന്നാൽ, മുളകൾ മാത്രമായി നട്ടുപിടിപ്പിക്കുന്നത് ആരോഗ്യകരമല്ല.

പുഴയോരസംരക്ഷണത്തിന്‌ മിയാവാക്കി മാതൃക

പുഴയോരങ്ങളിലെ സസ്യജാലങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഏറ്റവും അനുയോജ്യം മിയാവാക്കി മാതൃകാ വനവത്‌കരണമായിരിക്കും. ഒരു പ്രദേശത്തു സ്വാഭാവികമായി വളരുന്ന ചെടികൾമാത്രം വെച്ചുപിടിപ്പിക്കുക. കുറഞ്ഞത് മുപ്പത് ഇനം ചെടികളെങ്കിലും നട്ടുപിടിപ്പിക്കുക. വൻമരങ്ങൾ, ചെറുമരങ്ങൾ, കുറ്റിച്ചെടികൾ ഇവയൊക്കെ ഇടകലർത്തി നടുക തുടങ്ങി മിയാവാക്കി മാതൃകയുടെ അടിസ്ഥാനതത്ത്വങ്ങളൊക്കെ പുഴയോര സംരക്ഷണത്തിന് അനുയോജ്യമാണ്. എന്നാൽ, അവയിലൊക്കെ പ്രധാനം ദ്രുതഗതിയിലുള്ള അവയുടെ വളർച്ചയാണ്. ഇരുപത്തഞ്ച്‌-മുപ്പതു വർഷംകൊണ്ട് മിയാവാക്കി വനങ്ങൾ നേടുന്നത് സ്വാഭാവിക വനങ്ങൾ നൂറുവർഷംകൊണ്ട്‌ നേടുന്ന വളർച്ചയാണ്. അതായത്, മൂന്നു-നാലു വർഷംകൊണ്ടുതന്നെ പുഴയോരങ്ങൾ സംരക്ഷിക്കാനുള്ള കരുത്ത് അവ നേടിയെടുക്കും.

(ഇൻവിസ് മൾട്ടിമീഡിയയുടെ മാനേജിങ് ഡയറക്ടറും മിയാവാക്കി മാതൃകാ വനവത്‌കരണ രീതിയുടെ പ്രചാരകനുമാണ് ലേഖകൻ)

Content Highlights: riversaving

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..