ചിലപ്പോൾ അപ്രതീക്ഷിതമായതും സംഭവിക്കും


2 min read
Read later
Print
Share

ടെൻഷൻ വേണ്ട, സമാധാനമായിരിക്കൂ... ടെൻഷനടിക്കേണ്ട ഒരു കാര്യവുമില്ല. ഞാൻ എത്ര ശാന്തമായാണ് ഇരിക്കുന്നത്. പ്രതീക്ഷിക്കുന്നതുമാത്രമല്ലല്ലോ, ചിലപ്പോൾ അപ്രതീക്ഷിതമായതും സംഭവിക്കും. തന്റെ രാജിപ്രഖ്യാപനത്തിനുമുമ്പ് സജി ചെറിയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞതാണിത്

സജി ചെറിയാൻ| Photo: Mathrubhumi

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ ജൂലായ് മൂന്നിന് സി.പി.എമ്മിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുമ്പോൾ ഞാൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വാർത്തകൾ വരുകയാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാമൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. ഞാൻ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം, നമ്മുടെ ഭരണഘടന ഇന്ന് നേരിടുന്ന അസാധാരണമായ വെല്ലുവിളികൾക്കെതിരായി അതിശക്തമായ പ്രതിരോധം തീർക്കാനുള്ള പ്രയത്നത്തിലാണ്. നിയമപരമായും രാഷ്ട്രീയമായുമുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ചാണ് ഞങ്ങൾ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമകരമായ പ്രയത്നത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിനായി നമ്മുടെ ഭരണഘടനാമൂല്യങ്ങൾ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തിൽ സുചിന്തിതമായ അഭിപ്രായമാണ് സി.പി.എം. എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എനിക്കുള്ളത്. ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമായി ഏറ്റെടുത്തവരാണ് സി.പി.എമ്മും ഇടതുപക്ഷവും.സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏഴരദശാബ്ദ കാലയളവിൽ പല ഘട്ടങ്ങളിലും ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും മാത്രമല്ല, സാമ്പത്തികനീതിക്കുവേണ്ടിയുള്ള ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെട്ടതായി നമ്മൾ കണ്ടതാണ്.

ഈ ഘട്ടങ്ങളിലെല്ലാം ഇത്തരം നീക്കങ്ങളെ ചെറുക്കുന്നതിൽ ഞാനുൾപ്പെടുന്ന പ്രസ്ഥാനം അഭിമാനാർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്; ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നത്. 1975-77 ലെ അടിയന്തരാവസ്ഥ, 2019-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതി, വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കാതെ അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയുംചെയ്ത നടപടികൾ എന്നിവയ്ക്കെതിരെയെല്ലാമുള്ള ജനകീയ സമരങ്ങളിൽ എന്റെ പ്രസ്ഥാനം മുൻപന്തിയിൽ നിന്നിട്ടുണ്ട്.
കോൺഗ്രസും ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി.യും ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിൽ പല ഘട്ടങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇവർ വ്യാപകമായി നടപ്പാക്കി. 1959-ൽ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ഈ രീതിയിലാണ് പിരിച്ചുവിട്ടത്. മതനിരപേക്ഷമൂല്യങ്ങൾ ഇപ്പോൾ നേരിടുന്ന വെല്ലുവിളി വളരെ കടുത്തതാണ്. ഏറ്റവും ഒടുവിൽ ഗുജറാത്ത് കലാപത്തിന് ഉത്തരവാദികളായവരെ തുറന്നുകാട്ടാൻ ശ്രമിച്ചവർക്കെതിരേ സ്വീകരിച്ച ജനാധിപത്യവിരുദ്ധനടപടികളും നാം കാണുകയാണ്.

ഈ വിമർശനമുന്നയിച്ചപ്പോൾ ഞാൻ എന്റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കൽപ്പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാൻ കരുതിയില്ല. അങ്ങനെ ഞാൻ ഉദ്ദേശിച്ചിട്ടേയില്ല. ഇക്കാര്യം ഇന്നലെ നിയമസഭയിൽത്തന്നെ വ്യക്തമാക്കിയതാണ്. എന്നിരിക്കിലും ഞാൻ പറഞ്ഞ ചില വാക്കുകൾ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കയാണ്. ഒരുമണിക്കൂർനീണ്ട എന്റെ പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തിമാറ്റിയാണ് ഈ ദുഷ്പ്രചാരണം നടത്തുന്നത്. ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണിയും സംസ്ഥാന സർക്കാരും ഉയർത്തിപ്പിടിക്കുന്ന സമീപനങ്ങളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

ഇടതുപക്ഷ മുന്നണിയുടെയും സംസ്ഥാന സർക്കാരിന്റെയും നയസമീപനങ്ങളെ ദുർബലപ്പെടുത്താൻ എന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്നനിലയിൽ എന്നിൽ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ട്. ഞാൻ ഒരിക്കൽപ്പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി ബഹുമാനപ്പെട്ട മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും ഞാൻ മനസ്സിലാക്കുന്നു. ആ സാഹചര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് ഞാൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്. അതിനാൽ, ഞാൻ എന്റെ മന്ത്രിസ്ഥാനം രാജിവെക്കുകയാണ്. എന്റെ രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് എന്റെ പ്രസ്ഥാനം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഞാൻ തുടർന്നും സജീവമായി ഉണ്ടായിരിക്കും എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു.

Content Highlights: saji cheriyan

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..