മണിയുടെ വൺ ടു ത്രീയും ജയരാജന്റെ ശുംഭനും


2 min read
Read later
Print
Share

.

വാവിട്ടുപോയ വാക്കിന്റെ പേരിൽ പിന്നീട് വെള്ളംകുടിക്കേണ്ടിവന്ന രാഷ്ട്രീയക്കാരിൽ മുന്നണി വ്യത്യാസമില്ലാതെ നേതാക്കളുണ്ട്. പഞ്ചാബ് മോഡൽ പ്രസംഗിച്ച ആർ. ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിക്കസേര തെറിച്ചെങ്കിൽ വെറുമൊരു വാക്പ്രയോഗത്തിന്റെ പേരിൽ അഴിക്കുള്ളിലായവരാണ് സി.പി.എം. നേതാക്കളായ എം.വി. ജയരാജനും എം.എം. മണിയും.

പൊതുനിരത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച ഹൈക്കോടതിവിധിക്കെതിരേയായിരുന്നു 2010 ജൂൺ 26-ന് ജയരാജന്റെ പ്രസ്താവന. അത് ഇങ്ങനെ: ‘ദൗർഭാഗ്യവശാൽ നമ്മുടെ നീതിപീഠത്തിലിരുന്നുകൊണ്ട് ഏതാനും ചില ശുംഭൻമാർ പറയുന്നത് മറ്റൊന്നുമല്ല. അവർതന്നെ നിയമം നിർമിക്കുന്നു, അവർതന്നെ ഉത്തരവുകളിറക്കുന്നു. ഇത് ജനാധിപത്യരാജ്യത്തിന് യോജിച്ചതല്ല...’ ഇങ്ങനെ കത്തിക്കയറിയ പ്രസംഗത്തിലെ ശുംഭൻ പ്രയോഗമാണ് ജയരാജന് വിനയായത്. പദപ്രയോഗം വിവാദമായതോടെ ശുംഭൻ എന്ന പദത്തിന് പ്രകാശം പരത്തുന്നവൻ എന്ന് അർഥമുണ്ടെന്നായിരുന്നു ജയരാജന്റെ വ്യാഖ്യാനം. പ്രസ്താവനയിൽ ജയരാജന് ഹൈക്കോടതി ആറുമാസം തടവും രണ്ടായിരം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ ജയരാജൻ സുപ്രീംകോടതിയെ സമീപിച്ചു. ജയരാജന്റെ പ്രസംഗം അംഗീകരിക്കാതിരുന്ന സുപ്രീംകോടതി തടവ് നാലാഴ്ചയായി കുറച്ചു.

സി.പി.എം. ജില്ലാസെക്രട്ടറിയായിരുന്ന എം.എം. മണിയുടെ വാക്കുകൾ പാർട്ടിക്ക് ഏറെ പൊല്ലാപ്പാണ് സൃഷ്ടിച്ചത്. ശാന്തൻപാറയിൽ പാർട്ടിക്കെതിരേ പ്രവർത്തിച്ചവരെ പട്ടിക തയ്യാറാക്കി കൈകാര്യംചെയ്തെന്നായിരുന്നു മണിയുടെ പ്രസംഗം: ‘‘ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. 13 പേർ. വൺ, ടൂ, ത്രീ, ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു...’’ പ്രസംഗം വിവാദമായതോടെ മണിയെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് സി.പി.എം. നീക്കി. ഇടുക്കിയിലെ രാഷ്ട്രീയകൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ചോദ്യംചെയ്ത് കേസെടുക്കുകയും റിമാൻഡിലാവുകയും ചെയ്തു.

പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വംനൽകിയ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്ന പ്രസംഗവും മണിയെ വിവാദത്തിലാക്കിയിരുന്നു.
മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഒട്ടേറെ പ്രസ്താവനകൾ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം.എ. കുട്ടപ്പനെ ഹരിജൻ കുട്ടപ്പൻ എന്ന് മുഖ്യമന്ത്രി ഇ.കെ. നായനാർ അഭിസംബോധനചെയ്തത് പിന്നീട് നിയമനടപടികൾ നേരിട്ടു.

ചോറുവേണോ, മുട്ടയും പാലും പോരേ?

‘‘നമുക്ക് ചോറുതന്നെ വേണോ, രണ്ടുമുട്ടയും ഒരു ഗ്ലാസ് പാലും കോഴിയിറച്ചിയും പോരേ’’ എന്ന് ഉപദേശിച്ച മന്ത്രി സി. ദിവാകരനും വി.എസ്. സർക്കാരിന്റെകാലത്ത് പുലിവാൽ പിടിച്ചിരുന്നു. വിലക്കയറ്റം നേരിടാനുള്ള ഉപദേശമാണ് തൃശ്ശൂരിൽ മൃഗസംരക്ഷണമേള ഉദ്ഘാടനംചെയ്തുകൊണ്ട്‌ അദ്ദേഹം നടത്തിയത്. വിലക്കയറ്റം നാട്ടിൽ ചിലർ പറഞ്ഞുപരത്തുന്നതാണെന്നും നാട്ടിൽ വിലക്കയറ്റമുണ്ടായിട്ടില്ലെന്നുമുള്ള ദിവാകരന്റെ പ്രസംഗം വിവാദമായിരുന്നു.
വിവാദപ്രസ്താവനകളിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഒട്ടും പിന്നിലായിരുന്നില്ല. മുംബൈ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തോട് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ അനാദരവുകാട്ടിയെന്നത് ഏറെനാൾ നിയമസഭയിലും പുറത്തും ചർച്ചചെയ്തു. വീരമൃത്യുവരിച്ച സന്ദീപിന്റെ വീട്ടിൽ പോയതുസംബന്ധിച്ച വി.എസിന്റെ പ്രതികരണമാണ് അദ്ദേഹത്തെ വിവാദത്തിൽ കുരുക്കിയത്. വീരമൃത്യുവരിച്ച സന്ദീപിന്റെ വീടല്ലായിരുന്നെങ്കിൽ ഒരു പട്ടിപോലും അവിടെ പോകില്ലെന്നായിരുന്നു വി.എസിന്റെ പ്രസ്താവന. മലമ്പുഴയിൽ എതിർസ്ഥാനാർഥിയായിരുന്ന ലതികാ സുഭാഷിനെതിരേ ദ്വയാർഥപ്രയോഗത്തിൽ സംസാരിച്ചതും സിന്ധു ജോയിക്കെതിരായ കറിവേപ്പില പ്രയോഗവും വി.എസിനെതിരേ യു.ഡി.എഫ്. ദീർഘനാൾ ആയുധമാക്കി.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച രമ്യാ ഹരിദാസിനെതിരേ അന്നത്തെ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നടത്തിയ പ്രസ്താവനയും വിവാദത്തിൽ കലാശിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ കോവിഡ് റാണി പ്രയോഗവും പൊല്ലാപ്പായിരുന്നു. നിപ രാജകുമാരി എന്ന്‌ പേരെടുത്തശേഷം കോവിഡ് റാണിയാകാനാണ് ശൈലജ ശ്രമിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജിന്റെ കൊലപാതകത്തെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ. സുധാകരൻ വിശേഷിപ്പിച്ചതിന്റെ വിവാദം ഇപ്പോഴും ഒടുങ്ങിയിട്ടില്ല.

പരാമർശം അനുചിതം

ഡോ. സെബാസ്റ്റ്യൻ പോൾ

മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ അനൗചിത്യമുണ്ട്‌. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെന്നനിലയിൽ പരാമർശം ശരിയായില്ല. പക്ഷേ, ഭരണഘടനയെ വിമർശിക്കരുതെന്ന് എവിടെയും പറയുന്നില്ല. മന്ത്രി രാജി വെക്കണമെന്ന ആവശ്യത്തിൽ കാര്യവുമില്ല. ആർ. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തെക്കുറിച്ചാണ് പലരും ഒാർമിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം ഭരണഘടനാവിരുദ്ധമായിരുന്നില്ല. തന്റെ രാജി മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നു എന്നാണ് പിന്നീട് അദ്ദേഹംതന്നെ പറഞ്ഞത്.

തയ്യാറാക്കിയത്‌: ടി.ജി. ബേബിക്കുട്ടി

Content Highlights: Saji Cheriyan's constitution remark row

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..