ഉപ്പുസത്യാഗ്രഹവും തിരുവിതാംകൂറും; വരിക വരിക സഹജരേ...


കെ. ബാലകൃഷ്ണൻ

സ്വാതന്ത്ര്യ സ്മൃതി

.

മൂന്നായി മുറിഞ്ഞുകിടന്ന മലയാളനാടിനെ ഐക്യകേരളമാക്കുന്നതിൽ ഉപ്പുസത്യാഗ്രഹത്തിന് പരോക്ഷമായ പങ്കുണ്ട്. നെയ്യാറ്റിൻകരമുതൽ ദക്ഷിണകന്നഡവരെയുള്ള പ്രദേശങ്ങളുടെ പ്രാതിനിധ്യമുള്ള ആദ്യത്തെ സമരവും സംഗമവും ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്‌ ഉണ്ടാകുന്നത്. ബ്രിട്ടീഷ് മലബാറിലാണ് ഉപ്പുസത്യാഗ്രഹംനടന്നതെങ്കിലും നാട്ടുരാജ്യമായ തിരുവിതാംകൂറിലെ ധീരദേശാഭിമാനികൾക്കും അതിൽ വലിയ പങ്കുണ്ട്. തിരുവിതാംകൂറിൽനിന്ന് പയ്യന്നൂരിലേക്കുനടന്ന ഉപ്പുസത്യാഗ്രഹജാഥയ്ക്ക് സ്വാതന്ത്യ്രസമരചരിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ല.

കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന ഉപ്പുസത്യാഗ്രഹജാഥയെക്കുറിച്ച്‌ അറിഞ്ഞാണ് തിരുവിതാംകൂറിലെ കോൺഗ്രസ് പ്രവർത്തകർ പൊന്നറ ശ്രീധറിന്റെയും എൻ.പി. കുരുക്കളുടെയുംമറ്റും നേതൃത്വത്തിൽ തൈക്കാട്ടെ കോൺഗ്രസ് ഓഫീസിൽ യോഗംചേർന്ന് പയ്യന്നൂരിലേക്ക് ജാഥനടത്താൻ തീരുമാനിച്ചത്. ജയിലിൽ കിടക്കാനും മർദനമേൽക്കാനും എന്തുത്യാഗവുംചെയ്യാൻ സന്നദ്ധരായവർ അപേക്ഷിക്കണമെന്നും 25 പേരെയാണ് ജാഥാംഗങ്ങളാക്കുകയെന്നും 1930 ഏപ്രിൽ 30-ന് ജാഥ പുറപ്പെടുമെന്നും പരസ്യപ്പെടുത്തി. അപേക്ഷകരിലൊരാൾ വൈക്കം സ്വദേശിയും എറണാകുളത്തെ ഹിന്ദിപ്രചാരകുമായ പി. കൃഷ്ണപിള്ളയായിരുന്നു. പക്ഷേ, ഏപ്രിൽ 30 വരെ ക്ഷമിച്ചിരിക്കാനാവാഞ്ഞതിനാൽ അദ്ദേഹം കോഴിക്കോട്ടുചെന്ന് ഏപ്രിൽ 13-ന് തുടങ്ങുന്ന ഉപ്പുസത്യാഗ്രഹജാഥയുടെ നേതാക്കളിലൊരാളായി.

പൊന്നറ ശ്രീധർ എന്ന ദേശാഭിമാനി

ഏപ്രിൽ 30-ന് സെക്രട്ടേറിയറ്റിന്റെ മുമ്പിൽ റോഡിനപ്പുറത്തെ വിശാലമായ മൈതാനത്തുനിന്ന് പൊന്നറ ശ്രീധറിന്റെ നേതൃത്വത്തിലുള്ള ജാഥ പുറപ്പെട്ടു. നിസ്സഹകരണസമരത്തിലെ പോരാളിയും കോൺഗ്രസ് പതാകസംരക്ഷണത്തിന് 1923-ൽ നാഗ്പുരിൽനടന്ന ഫ്ലാഗ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് മർദനത്തിനിരയായ വ്യക്തിയുമായിരുന്നു പിൽക്കാലത്ത് തിരുവിതാംകൂർ യൂത്ത് ലീഗിന്റെ സ്ഥാപകൻകൂടിയായ പൊന്നറ. പാട്ടുണ്ടാക്കി പാടാൻ പ്രസിദ്ധനായ അംശി നാരായണപിള്ളയുണ്ടായിരുന്നു ജാഥയിൽ. മുഖ്യപ്രസംഗകനായി കൊല്ലത്തെ കുഴിക്കാല കുമാർ. 1920-‘21ലെ നിസ്സഹകരണപ്രസ്ഥാനകാലത്ത് കോളേജ് വിട്ടിറങ്ങിയ പോരാളിയാണ് വാഗ്മിയായ കുമാർ. എൻ.പി. കുരുക്കൾ, എൻ.സി. ശേഖർ, സി. ചിന്നൻ, എൻ.സി.പി. നാരായണപിള്ള, ജനാർദനൻനായർ (പന്മന), ഗോപാല റേ (അമ്പലപ്പുഴ), രാമകൃഷ്ണപിള്ള, ശിവരാമപണിക്കർ(അമ്പലപ്പുഴ), വേലായുധൻപിള്ള( കൊല്ലം) തുടങ്ങിയവരാണ് ജാഥയിൽ. കെ.ജി. കുഞ്ഞുകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്ഘാടനംനടന്നത്. ‘വരിക വരിക സഹജരേ സഹനസമര സമയമായ്, കരളുറച്ച് കൈകൾ കോർത്ത് കാൽനടയ്ക്കുപോക നാം...’ എന്ന അംശിയുടെ പാട്ട് ജാഥയെ ഏറെ പ്രിയങ്കരമാക്കി. നാട്ടുരാജ്യസർക്കാരുകളും ബ്രിട്ടീഷ് ഭരണവും നിരോധിച്ച ആ പാട്ട് പിന്നീട് കേരളത്തിന്റെ സ്വാതന്ത്ര്യഗീതമായി എല്ലാ സമരഭൂമിയിലും ആവേശപൂർവം ആലപിച്ചു, ഇപ്പോഴും ആലപിക്കുന്നു.

തിരുവിതാംകൂർ പ്രതികരിക്കുന്നു

ഓരോ കേന്ദ്രത്തിൽനിന്നും അടുത്ത കേന്ദ്രത്തിലേക്ക് വലിയ ആൾക്കൂട്ടം ജാഥയോടൊപ്പംചേർന്ന് വലിയ പ്രകടനമായിമാറിയത് തിരുവിതാംകൂറിൽ ദേശീയപ്രസ്ഥാനത്തിന് ആഴത്തിൽ വേരോട്ടമുണ്ടാക്കാൻ സഹായകമായി. കൊല്ലം മയ്യനാട്ട് ജാഥയെ വരവേറ്റ് പ്രസംഗിച്ചതും പാട്ടുപാടിയതും, പിന്നീട് നിവർത്തനപ്രക്ഷോഭനായകനും തിരു-കൊച്ചി മുഖ്യമന്ത്രിയുമായ സി. കേശവനായിരുന്നു. ജാഥയെ മയ്യനാട്ടുനിന്ന് കൊല്ലംവരെ അദ്ദേഹം അനുഗമിച്ചു. പടിഞ്ഞാറെ കൊല്ലത്ത് മലയാളരാജ്യം പത്രാധിപരായ കെ.ജി. ശങ്കറാണ് സ്വീകരണമൊരുക്കിയത്. കൊല്ലം, പന്മന, ചവറ, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ഹരിപ്പാട്, കരുവാറ്റ, തോട്ടപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ, കോട്ടയം, ഏറ്റുമാനൂർ, വൈക്കം എന്നിവിടങ്ങളിലൂടെ പ്രയാണം നടത്തിയജാഥ മേയ് 13-ന് എറണാകുളത്തെത്തി. എറണാകുളത്തും മട്ടാഞ്ചേരിയിലും എ.സി. സേലത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. യഹൂദസമുദായ നേതാവും കോൺഗ്രസ് നേതാവുമായിരുന്നു സേലം. മട്ടാഞ്ചേരിയിൽ യഹൂദസമുദായാംഗങ്ങൾ വലിയ സ്വീകരണമാണ് നൽകിയത്.

തീവണ്ടിയിൽ ഉടനെത്തുക

അപ്പോഴേക്കും സേലത്തിന് കെ.പി.സി.സി. പ്രസിഡന്റും കോഴിക്കോട്ടെ സമരത്തിന്റെ ഡിക്ടേറ്ററുമായ കെ. മാധവൻനായരുടെ കമ്പിസന്ദേശം ലഭിച്ചിട്ടുണ്ടായിരുന്നു. ‘തിരുവിതാംകൂർജാഥ കാൽനട മതിയാക്കി തീവണ്ടിയിൽ ഉടനെ കോഴിക്കോട്ടെത്തണം. കാരണം പയ്യന്നൂരിലെ ഉപ്പുകുറുക്കൽ സമരത്തിന്റെ തുടർച്ചയായി കോഴിക്കോട്ടുനടന്ന നിയമലംഘനസമരത്തിനുനേരെ പോലീസ് മർദനമഴിച്ചുവിട്ടു. കേളപ്പനും അബ്ദുറഹ്മാൻ സാഹിബുമടക്കമുള്ളവർ അറസ്റ്റിലായി’ -എന്നുതുടങ്ങിയ വിവരങ്ങളായിരുന്നു ലഭിച്ചത്‌. ഉപ്പുസത്യാഗ്രഹത്തിൽ അണിചേരാൻ പാലക്കാട്ടുനിന്ന് കെ.വി. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ഒരു ജാഥയെത്തിയിരുന്നു. കൃഷ്ണയ്യരടക്കമുള്ളവരും അറസ്റ്റിലായി.

എറണാകുളത്തുനിന്ന് കോഴിക്കോട്ടെത്തിയ തിരുവിതാംകൂർ ജാഥ ഏതാനും ദിവസംകഴിഞ്ഞാണ് പയ്യന്നൂരിലേക്ക് തീവണ്ടിമാർഗം പോയത്. എന്നാൽ, ജാഥയിലെ വാഗ്മിയായ കുഴിക്കാല കുമാറിനെ കെ. മാധവൻനായർ കണ്ണൂരിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കാനായി നേരത്തേത്തന്നെ അയച്ചു. പയ്യന്നൂരിൽ കേളപ്പന്റെ നേതൃത്വത്തിൽനടന്ന ഉപ്പുകുറുക്കലിനുശേഷം പയ്യന്നൂരിലും മലബാറിലെ മറ്റുപല കേന്ദ്രത്തിലും വിവിധ സ്ഥലത്തുനിന്നുള്ള പ്രവർത്തകരെത്തി ഉപ്പുകുറുക്കി നിയമം ലംഘിക്കുന്നുണ്ടായിരുന്നു. അതിനെല്ലാം ആവേശംപകരുന്നതിനാണ് കൊല്ലത്തുകാരനായ കുഴിക്കാല കുമാറിനെ അയച്ചത്.

പയ്യന്നൂരിൽനിന്ന്‌ ധരാസനയിലേക്ക്

കേളപ്പൻ കോഴിക്കോട്ട് നിയമലംഘനത്തിന് നേതൃത്വംനൽകാൻ പോകുമ്പോൾ പയ്യന്നൂരിലെ സമരനേതാവായി മൊയാരത്ത് ശങ്കരനെയാണ് നിയോഗിച്ചത്. കോഴിക്കോട്ടുനിന്നുള്ള ഉപ്പുസത്യാഗ്രഹജാഥയുടെ പൈലറ്റായിരുന്നു അദ്ദേഹം. തിരുവിതാംകൂറിൽനിന്നുള്ള സംഘം പയ്യന്നൂരിൽ പൊന്നറ ശ്രീധറിന്റെ നേതൃത്വത്തിൽ ഉപ്പുകുറുക്കി നിയമം ലംഘിച്ചശേഷം മുംബൈയിലേക്ക് വണ്ടികയറി. അവിടെ ധരാസനയിൽ സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടക്കുകയായിരുന്നു. എൻ.സി. ശേഖറടക്കം ചിലർ മുംബൈയിലേക്കുപോകാതെ കോഴിക്കോട്ടേക്ക് മടങ്ങി. ധരാസനയിൽ നടന്ന സമരത്തിൽ പങ്കെടുത്ത പൊന്നറയ്ക്കും ബാലരാമപുരം സ്വദേശി സി. ചിന്നനുംമറ്റും പോലീസ് മർദനത്തിൽ പരിക്കേറ്റു.

കോഴിക്കോടുകേന്ദ്രീകരിച്ചുനടന്ന രണ്ടാം നിയമലംഘനസമരത്തിലും തിരുവിതാംകൂർ നേതാക്കൾ വലിയ പങ്കുവഹിച്ചു. 1931 മാർച്ച് 23-ന് ഭഗത് സിങ്ങിനെയും സുഖ്‌ദേവിനെയും രാജഗുരുവിനെയും തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പൊന്നറയും സഹപ്രവർത്തകരും ചേർന്ന് വലിയ റാലി സംഘടിപ്പിച്ചത് ഉപ്പുസത്യാഗ്രഹസമരത്തിലെ ആവേശവും പ്രചോദനവുംകൊണ്ടാണ്.

വിവരങ്ങൾ : എൻ.സി. ശേഖറിന്റെ ‘അഗ്നിവീഥികൾ’ എന്ന ആത്മകഥയിൽനിന്ന്

Content Highlights: Salt March

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..