ശശി തരൂർ
ആദരണീയനായ മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജി പ്രഖ്യാപിച്ചതിനുശേഷം പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകുന്നെന്നാണ് പലരും കരുതുന്നത്. കഴിഞ്ഞ കുറെനാളുകളായി കോൺഗ്രസ് പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്കുകളിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായ ഈ സംഭവം മാധ്യമങ്ങളുടെ ഊഹാപോഹങ്ങളുടെയും ദിനംതോറും പാർട്ടിക്കായി എഴുതപ്പെടുന്ന ചരമഗീതങ്ങളുടെയും ആക്കം കൂട്ടിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലേറ്റ പരാജയം കൊണ്ടുതന്നെ തളർന്നിരിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം ഇതോടെ വീണ്ടും തകരാനിടയുണ്ട്. തങ്ങളുടെ രാഷ്ട്രീയബന്ധങ്ങളും ബോധ്യങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസിനെ ഉറ്റുനോക്കിയിരിക്കുന്ന സാധാരണ പൗരന്മാരും 20 ശതമാനത്തോളം വരുന്ന വോട്ടർമാരും നിരാശരാകും.
മുതിർന്ന സഹപ്രവർത്തകരുടെ ഇറങ്ങിപ്പോക്ക് കോൺഗ്രസിന് ഒരിക്കലും ഗുണകരമാവില്ല. ഇത്തരം യാത്രപറച്ചിലുകളിൽ വ്യക്തിപരമായി എനിക്ക് ഖേദമുണ്ട്. കാരണം, ഈ സുഹൃത്തുക്കളെല്ലാം പാർട്ടിയിൽത്തന്നെ തുടരണമെന്നും അതിനെ നവീകരിച്ചെടുക്കാനായി പൊരുതണമെന്നും ഞാനാഗ്രഹിക്കുന്നു. ‘ജി23’ സംഘത്തിന്റെ അപേക്ഷയിൽ ഒപ്പുവെച്ച ഒരംഗമെന്ന നിലയിൽ, കോൺഗ്രസ് പുനരുജ്ജീവിക്കണമെന്നാഗ്രഹിക്കുന്ന പാർട്ടി അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമിടയിൽ മാസങ്ങളായി ഉണ്ടായിക്കൊണ്ടിരുന്ന ആശങ്കകൾ ആ കത്തിൽ പങ്കുവെക്കപ്പെട്ടിരുന്നു. ആ ആശങ്കകൾ മുഴുവൻ പാർട്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു. മറിച്ച് കോൺഗ്രസിന്റെ ആദർശങ്ങളെക്കുറിച്ചോ അതിന്റെ മൂല്യങ്ങളെക്കുറിച്ചോ ആയിരുന്നില്ല. പാർട്ടിയെ വിഭജിക്കാനോ ദുർബലമാക്കാനോ അല്ല, അതിനെ ശക്തിപ്പെടുത്തുകയും പുനർജീവൻ നൽകുകയുമാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. ബി.ജെ.പി. ഈ രാജ്യത്ത് ചെയ്തുകൂട്ടുന്നതിനെ പ്രതിരോധിക്കാൻ കഴിയുന്ന കാര്യക്ഷമമായ കോൺഗ്രസ് പാർട്ടിയെയാണ് ഞങ്ങൾ തേടുന്നത്. ഏതെങ്കിലുമൊരു വ്യക്തിക്കെതിരേയല്ല, മറിച്ച് കോൺഗ്രസ് പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന രീതി മാറണമെന്നാണ് ഞങ്ങളാഗ്രഹിക്കുന്നത്. പല വിമർശകരും ചൂണ്ടിക്കാട്ടുന്നതുപോലെ മേൽവിലാസമില്ലാത്ത കവർ പോലെയാണ് ഇന്ന് കോൺഗ്രസ് എന്നതാണ് പ്രധാനപ്രശ്നം.
എഴുതിത്തള്ളാനാവില്ല കോൺഗ്രസിനെ
ഇതൊക്കെയാണെങ്കിലും കോൺഗ്രസിനെ എഴുതിത്തള്ളേണ്ട ഒരു കാരണവുമില്ല. ഒന്ന്, ഏറക്കുറെ ഇന്ത്യ മുഴുവനും സാന്നിധ്യമുള്ള ബി.ജെ.പി.യുടെ ആധിപത്യത്തിന് മറ്റൊരു ദേശീയ ബദലില്ല. രാജ്യത്തെ മറ്റ് രാഷ്ട്രീയശക്തികൾ ഒന്നോ ഏറിവന്നാൽ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നവയാണ്. കോൺഗ്രസ് പാർട്ടിയെ ജീവസ്സുറ്റതാക്കുന്ന അതിന്റെ കാതലായ പ്രത്യയശാസ്ത്രത്തിന്റെ സമഗ്രതയെ ഇന്ത്യൻ ജനാധിപത്യത്തിനും ആവശ്യമാണ്. എന്നാൽ, ബി.ജെ.പി.ക്ക് ബദൽ എന്ന നിലയിൽ എന്താണ് തങ്ങൾക്ക് രാജ്യത്തിന് നൽകാനുള്ളത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസിന് കഴിയണം. ഒപ്പം സ്വന്തം ഭാവി സുരക്ഷിതമാക്കാൻ മുന്നോട്ടുള്ള വഴി കണ്ടെത്താനുമാകണം; ഒട്ടും കാലവിളംബമില്ലാതെ. നേതൃശൂന്യത പാർട്ടിക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. എന്നിട്ടും കഴിഞ്ഞകാലത്തെ പല ദുഷ്കരമായ നിമിഷങ്ങളും താണ്ടി സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പരുവപ്പെടാനും ഓരോ തവണയും വിജയത്തിലേക്ക് തിരികെ വരാനുമുള്ള അപാരമായ കഴിവ് ഈ മഹത്തായ പാർട്ടി കാണിച്ചു. എന്നാൽ, നിലവിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഈ പ്രക്ഷുബ്ധമായ സാഹചര്യത്തെ നേരിടാൻ പാർട്ടി കൃത്യമായി എന്താണ് ചെയ്യേണ്ടത്?
കോൺഗ്രസ് പാർട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസിലെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന സംവിധാനമായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി. ഒക്ടോബർ 19-നാണ് തിരഞ്ഞെടുപ്പ്. വർക്കിങ് കമ്മിറ്റിയിൽ ഒഴിവുള്ള ഡസൻ കണക്കിന് സീറ്റുകളിലേക്കുകൂടി ഇതോടൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമായിരുന്നു. പാർട്ടിയെ ആരുനയിക്കണമെന്ന് തീരുമാനിക്കാൻ എ.ഐ.സി.സി., പി.സി.സി. എന്നിവിടങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ അനുവദിക്കുന്നത് വരാനിരിക്കുന്ന പുതിയ നേതൃത്വത്തെ കൂടുതൽ നിയമാനുസൃതമാക്കാനും അവർക്ക് പാർട്ടിയെ നയിക്കാൻ വിശ്വസനീയമായ അധികാരം നൽകാനും സഹായിക്കുമായിരുന്നു. എങ്കിലും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനംതന്നെ കോൺഗ്രസിന് അനിവാര്യമായ പുനരുജ്ജീവനത്തിന് തുടക്കമിടുന്നതാണ്.
തിരിച്ചെത്തിക്കേണ്ട ദേശീയ താത്പര്യം
മാത്രമല്ല, ഇതിന് മറ്റ് പ്രയോജനങ്ങളും ഉണ്ടായേക്കാം. ഉദാഹരണത്തിന്, അടുത്തിടെ ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിനെ ആഗോളതലത്തിൽ താത്പര്യത്തോടെ കണ്ടതിന് നമ്മൾ സാക്ഷികളാണ്. 2019-ൽ തെരേസ മേയ്ക്ക് പകരമായി ഒരു ഡസനിലേറെ സ്ഥാനാർഥികൾ മത്സരിക്കുകയും മേയ്ക്ക് മുകളിലേക്ക് ബോറിസ് ജോൺസൺ കടന്നുവരുകയും ചെയ്തപ്പോഴും ഇതേ താത്പര്യം നമ്മൾ കണ്ടു. സമാനമായ സാഹചര്യം കോൺഗ്രസിലും ആവർത്തിക്കുന്നത് പാർട്ടിയോടുള്ള ദേശീയ താത്പര്യം വർധിപ്പിക്കുകയും കൂടുതൽ വോട്ടർമാരെ വീണ്ടും പാർട്ടിയിലേക്ക് ആകർഷിക്കുകയും ചെയ്യും. ഇക്കാരണത്താൽത്തന്നെ ഒട്ടേറെ സ്ഥാനാർഥികൾ തങ്ങളെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ടുവരുമെന്നാണ് എന്റെ പ്രതീക്ഷ. പാർട്ടിക്കും രാജ്യത്തിനുമായുള്ള അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുന്നത് തീർച്ചയായും പൊതുതാത്പര്യത്തെയും ഉണർത്തും.
പാർട്ടിക്ക് അടിമുടി നവീകരണം ആവശ്യമായിരിക്കേ, ഏറ്റവും അടിയന്തരമായി നികത്തപ്പെടേണ്ട സ്ഥാനം സ്വാഭാവികമായും കോൺഗ്രസ് അധ്യക്ഷന്റേതു തന്നെയാണ്. പാർട്ടിയുടെ നിലവിലെ അവസ്ഥയും മുന്നിലുള്ള പ്രതിസന്ധിയെക്കുറിച്ചുള്ള ധാരണയും ദേശീയ ചിത്രവും കണക്കിലെടുക്കുമ്പോൾ ആര് പ്രസിഡന്റ് സ്ഥാനത്തെത്തിയാലും പാർട്ടിപ്രവർത്തകരെ ഉത്തേജിപ്പിക്കുകയും വോട്ടർമാരെ പ്രചോദിപ്പിക്കുകയും ചെയ്യുകയെന്ന ഇരട്ടലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ട്. പാർട്ടിയെ കുഴയ്ക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതിയും ഇന്ത്യയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും പ്രസിഡന്റാകുന്ന ആൾക്കുണ്ടാകണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വിസമ്മതിച്ചതും ഗാന്ധികുടുംബത്തിൽനിന്ന് മറ്റാരും തനിക്കുപകരം വരേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും കോൺഗ്രസ് അനുഭാവികളെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എന്തു തീരുമാനമെടുക്കണമെന്ന് കൂട്ടായി തീരുമാനിക്കേണ്ടത് ഗാന്ധികുടുംബമാണ്. എന്നാൽ, ജനാധിപത്യത്തിൽ, ഒരു കുടുംബത്തിനുമാത്രമേ തങ്ങളെ നയിക്കാനാകൂവെന്ന് വിശ്വസിക്കുന്ന അവസ്ഥയിലേക്ക് ഒരു പാർട്ടിക്കും മാറാനാവില്ല. എന്തായാലും ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാർഗമായിരിക്കും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്. ഇത് വരാനിരിക്കുന്ന പ്രസിഡന്റിന് നൽകുന്ന ജനവിധിയെ കൂടുതൽ നിയമാനുസൃതമാക്കും.
തിരിച്ചുവരും കോൺഗ്രസ്
ഈ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിപ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വ്യാപകമായി ഞാൻ കേട്ടിട്ടുള്ള വികാരമാണ് ഈ ലേഖനത്തിലൂടെ പ്രതിഫലിക്കുന്നത്. ശക്തവും സമഗ്രവും നവോത്ഥാനതന്ത്രം നടപ്പാക്കാൻ കഴിവും സാമർഥ്യവുമുള്ള ഒരു നേതൃത്വത്തെയാണ് അവരാഗ്രഹിക്കുന്നത്.
നിലവിലെ നേതൃശൂന്യത പരിഹരിക്കാനും ഉന്നതതലങ്ങളിൽ തങ്ങളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കളോട് ഒരു പ്രവർത്തകന് വ്യക്തമായ അഭിപ്രായപ്രകടനം നടത്താനാകുന്ന അവസ്ഥ സംജാതമാക്കാനും തിരഞ്ഞെടുപ്പിനാകും. മാത്രമല്ല, സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ഇടയിൽ കൂടുതൽ കാലുറപ്പിക്കാൻ പാർട്ടിയെ സജ്ജമാക്കും.
കോൺഗ്രസിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിൽ ഒട്ടേറെ ഇരുണ്ട രാത്രികളുണ്ടായിട്ടുണ്ട്. എന്നാൽ, സ്വാതന്ത്ര്യത്തിനായി ഒരു കാലത്ത് രാജ്യത്തെ മുഴുവൻ ഒന്നിച്ചുനിർത്തിയ, രാജ്യത്തെ സ്ത്രീകൾക്കും പുരുഷന്മാർക്കും ദിശാബോധവും നേതൃത്വവും നൽകിയ പാർട്ടി, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിനാശകരമായ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ സമത്വം, സമഗ്രത, സാമൂഹികനീതി എന്നീ തത്ത്വങ്ങളിലൂടെ ഈ രാജ്യത്തിന്റെ ആത്മാവിൽ വേരുകളാഴ്ത്തിയ കോൺഗ്രസ് ഈ രാത്രിയും കടന്ന് പുതിയൊരു പ്രഭാതത്തിലേക്ക് വീണ്ടും ഉദിച്ചുയരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോൺഗ്രസ് പാർട്ടിക്ക് പുതിയ പ്രഭാതമാവശ്യമുണ്ട്. രാജ്യത്തെ വീണ്ടും നയിക്കാൻ അത് കോൺഗ്രസിനെ പ്രചോദിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..