ചാറ്റ്‌ ജി.പി.ടി.; ഇരുതലമൂർച്ചയുള്ള ആയുധം


By ശശി തരൂർ

4 min read
Read later
Print
Share

Shashi Tharoor

ഈയടുത്ത് പുറത്തുവന്ന രണ്ട് വാർത്താ ശകലങ്ങൾ, നിർമിതബുദ്ധി ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ സാധ്യതകളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും നമ്മെ ചിന്തിപ്പിക്കുന്നതാണ്. ഒപ്പം നിർമിത ബുദ്ധിയുടെ ശക്തിയിലേക്കും ദൗർബല്യത്തിലേക്കും അത് വിരൽചൂണ്ടുകയും ചെയ്യുന്നു.
ഒന്നാമത്തേതിൽ, തങ്ങൾക്ക് ലഭിക്കുന്ന െെകയെഴുത്ത് പ്രതികൾ, ബന്ധപ്പെട്ട എഴുത്തുകാർ നേരിട്ട് എഴുതാതെ നിർമിത ബുദ്ധിയിലെ പുതിയ തരംഗമായ ചാറ്റ് ജി.പി.ടി. വഴി എഴുതുന്ന സമ്പ്രദായത്തെക്കുറിച്ചാണ് പറയുന്നത്. അത് വിദേശ പ്രസാധകരിൽ അദ്‌ഭുതമുണ്ടാക്കിയെന്നും അവർ മായികലോകത്തിലെത്തിയെന്നുമാണ് വാർത്ത.
ജപ്പാനിലെ ഒരു പ്രശസ്തനായ മാംഗ കോമിക് എഴുത്തുകാരൻ തന്റെ ഏറ്റവും പുതിയ കോമിക് പുസ്തകത്തിന്, ഒരു പുതിയ കഥാതന്തു നിർദേശിച്ചത് ചാറ്റ് ജി.പി.ടി. ആണെന്ന അവകാശവാദം ഉന്നയിക്കുകയുണ്ടായി. (19-ാം നൂറ്റാണ്ടിൽ ജപ്പാനിൽ വികസിച്ച കോമിക് അല്ലെങ്കിൽ ഗ്രാഫിക്സ് കഥകളാണ് മാംഗ). രണ്ടാമത്തേത് ഇന്ത്യയിൽനിന്നുള്ള ഒരു വാർത്തയാണ്. ആരോ ഒരാൾ അവസാനം നടന്ന യു.പി.എസ്.സി. പരീക്ഷയുടെ ചോദ്യങ്ങൾ ചാറ്റ് ജി.പി.ടി.യിലേക്ക് കടത്തിവിട്ടു. എന്നാൽ, 54ശതമാനം മാർക്കുമാത്രം ലഭിച്ച് അതിൽ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

പ്രതികരിക്കാനുള്ള കഴിവ്

സ്വാഭാവികഭാഷയിൽ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പൺ എ.ഐ. എന്ന കമ്പനി സൃഷ്ടിച്ച ഒരു വലിയ ഭാഷാ മാതൃകയാണ് ചാറ്റ് ജി.പി.ടി. നാം പരസ്പരം ആശയവിനിമയം നടത്തുകയും സാങ്കേതികവിദ്യയുമായി ഇടപഴകുകയും ചെയ്യുന്ന രീതികളെ മാറ്റിമറിക്കാനുള്ള കഴിവ് അതിനുണ്ട്. അതിലുപരിയും അതിനുചെയ്യാൻ കഴിയും. കഥകളും കവിതകളും എഴുതാനും ഇന്റർനെറ്റ്‌ ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും ഇന്റർനെറ്റിൽനിന്ന്‌ വസ്തുതകൾ കണ്ടെത്താനും അതിനു സാധിക്കും. ചാറ്റ് ജി.പി.ടി. സൃഷ്ടിക്കുന്ന പ്രധാന സാധ്യതകളിൽ ഒന്ന് ഞൊടിയിടയിലും കൃത്യമായും ഉപയോക്താക്കളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള അതിന്റെ കഴിവാണ്. അതിവിപുലമായ അളവിൽ വിവരങ്ങൾ കൈകാര്യംചെയ്യാനും ഓരോ ഉപയോക്താവിനും അനുയോജ്യമായ രീതിയിൽ പ്രതികരണങ്ങൾ നൽകാനും കഴിയുക വഴി ഗവേഷണം, വിദ്യാഭ്യാസം, പ്രശ്നപരിഹാരം എന്നിവയ്ക്കുള്ള അമൂല്യമായ ഉപകരണമായി ഇന്ന് ചാറ്റ് ജി.പി.ടി. മാറിയിട്ടുണ്ട്. വ്യാപാരരംഗത്ത് കസ്റ്റമർ സർവീസ് മെച്ചപ്പെടുത്തുക വഴി ഇടപാടുകാരുടെ സംശയങ്ങൾക്ക് വേഗത്തിലും ഫലപ്രദമായും മറുപടി നൽകാനും അതിനുകഴിയും.

ഉപയോഗക്ഷമതയുടെ മാനങ്ങൾ

മടിയന്മാരായ ഉപയോക്താക്കൾക്ക് സമയം ലാഭിക്കാനുള്ള വെറുമൊരു കുറുക്കുവഴിമാത്രമല്ല അത്. ഭിന്നശേഷിക്കാർക്ക് അവരുടെ ഉപയോഗക്ഷമത വർധിപ്പിക്കാൻ ചാറ്റ് ജി.പി.ടി. സഹായകമാണ്. കംപ്യൂട്ടറുകൾക്ക് വിവരം നൽകാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന
കീബോർഡ്, മൗസ് എന്നീ ഇൻപുട്ട് ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്തവർക്ക്, സ്വാഭാവികഭാഷയിൽ നൽകുന്ന വിവരങ്ങളെ ചാറ്റ് ജി.പി.ടി.വഴി വിശകലനം ചെയ്യാൻ കഴിയുമെന്നത് അവരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും.
കാഴ്ചക്കുറവുള്ളവർക്ക് ശ്രവ്യ പ്രതികരണങ്ങളിലൂടെ (audio response) വിവരങ്ങൾ ലഭ്യമാക്കി സഹായിക്കാനും ഇതിനുകഴിയും. അതുമാത്രമല്ല, സ്വാഭാവികഭാഷ മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ള ചാറ്റ് ജി.പി.ടി.യുടെ കഴിവ്, ഭാഷകൾക്കിടയിലെ അതിർവരമ്പുകളെ ഭേദിക്കാനും ഭാഷാപരമായ തടസ്സങ്ങൾ നീക്കാനും വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിൽ ഫലപ്രദമായ ആശയവിനിമയം നടത്താനും സഹായിക്കും. ഇത് അന്താരാഷ്ട്രതലത്തിലുള്ള നയതന്ത്രം, വ്യാപാരം, സഹകരണം, എന്നീ രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ സാധ്യമാക്കും. ഒപ്പം പരിഭാഷ, വ്യാഖ്യാനം എന്നീ സേവനങ്ങൾ യന്ത്രവത്കരിച്ചുകൊണ്ട് വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ എളുപ്പത്തിലുള്ള ആശയവിനിമയത്തിന് ചാറ്റ് ജി.പി.ടി. കളമൊരുക്കുന്നു.
വലിയതോതിൽ സങ്കീർണമായ വിവരങ്ങൾ, കൈകാര്യം ചെയ്യാനും വിശകലനം ചെയ്യാനും ചാറ്റ് ജി.പി.ടി.ക്കുള്ള കഴിവിനെ ശാസ്ത്ര ഗവേഷണംമുതൽ, വിപണി വിശകലനംവരെയുള്ള വിശാലമായ മേഖലകളിൽ പ്രയോഗിക്കാൻ കഴിയും. വിപുലമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ ചാറ്റ്‌ ജി.പി.ടി. പ്രദാനംചെയ്യുന്ന ഉൾക്കാഴ്ചയും കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവും വ്യാപാരത്തെ സഹായിക്കുന്നതോടൊപ്പം ഗവേഷകരെ ശരിയായ നിഗമനങ്ങളിലെത്തിക്കാനും ഉതകും.

ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകൾ

ചാറ്റ് ജി.പി.ടി. ഒരുപാട് അവസരങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും അത് പല അപകട സാധ്യതകളും ഉയർത്തുന്നുണ്ട്. അതിലൊന്ന്‌ സാഹിത്യ ചോരണത്തിനുള്ള സാധ്യതയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ കുട്ടികൾ ഹോംവർക്ക് ചെയ്യുന്നതിനുപോലും ഇപ്പോൾ ചാറ്റ് ജി.പി.ടി. ഉപയോഗിക്കുന്നുണ്ട്. മറ്റൊരു പ്രധാന അപകടം ഈ സാങ്കേതികവിദ്യയിൽ പക്ഷപാതവും വിവേചനവും പിടിമുറുക്കാനുള്ള സാധ്യതയാണ്. ചാറ്റ്‌ ജി.പി.ടി. നൽകുന്ന പ്രതികരണങ്ങൾ അതിനുലഭിച്ച വിവരങ്ങളുടെയും പരിശീലനങ്ങളുടെയും (അൽഗൊരിതം )അടിസ്ഥാനത്തിൽ ആയിരിക്കും. ആ വിവരങ്ങൾ പക്ഷപാതപരമോ അപൂർണമോ ആണെങ്കിൽ പ്രതികരണങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടാകും. ഇത് നിലനിൽക്കുന്ന സാമൂഹിക- സാംസ്കാരിക മുൻധാരണകളെ ശാശ്വതീകരിക്കാനും ഒരുപക്ഷേ, കൂടുതൽ ശക്തിപ്പെടുത്താനും അതുവഴി അന്യായവും വിവേചനപരവുമായ ഫലങ്ങൾ ഉളവാക്കാനും ഇടയാക്കും. ചാറ്റ് ജി.പി.ടി.യുടെ മറ്റൊരപകടം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള അതിന്റെ സാധ്യതയാണ്. ഒരു മനുഷ്യൻ എഴുതിയതു പോലുള്ള ആശയങ്ങൾ സൃഷ്ടിക്കാൻ അതിനുകഴിയും. ഇത്തരം തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കഥകൾ ഉപയോക്താക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും അവിശ്വാസം ജനിപ്പിക്കാനും മാത്രമേ ഉതകുകയുള്ളൂ. ഇത് രാഷ്ട്രീയം, പൊതുജനാരോഗ്യം തുടങ്ങി കൃത്യവും വസ്തുനിഷ്ഠവുമായ വിവരങ്ങൾ ആവശ്യമായ മേഖലകളിൽ ഗണ്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ദുരുപയോഗിക്കപ്പെടാം, അസമത്വം സൃഷ്ടിക്കാം

അതുപോലെ ഇ-മെയിലുകൾ ദുരുപയോഗം ചെയ്യുക, മറ്റ് സോഷ്യൽ എൻജിനിയറിങ് ദുരുപയോഗം എന്നിവയ്ക്കും സാധ്യതയുണ്ട്. ചാറ്റ്‌ ജി.പി.ടി. യുടെ ജോലികൾ യന്ത്രവത്‌കരിക്കാനും മനുഷ്യാധ്വാനത്തിന് പകരംെവക്കാനുമുള്ള സാധ്യത, സാമൂഹിക-സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ തൊഴിലില്ലായ്മ രൂക്ഷമായ ഒരു രാജ്യത്ത്, യന്ത്രവത്കരണത്തിന് കാര്യക്ഷമതയും ഉത്‌പാദനക്ഷമതയും വർധിപ്പിക്കാനുള്ള വൻസാധ്യത ഉണ്ടെങ്കിലും അത് തൊഴിൽനഷ്ടത്തിനും വരുമാനത്തിൽ അസമത്വം വർധിക്കാനും ഇടയാക്കും. ചാറ്റ്‌ ജി.പി.ടി.യുടെ വ്യാപകമായ ഉപയോഗം മറ്റു സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലെ നിലവിലുള്ള അസമത്വം വർധിപ്പിക്കും. അത് നിർമിത ബുദ്ധിപോലുള്ള സാങ്കേതികവിദ്യ നേടാൻ കഴിയുന്നവരും ഇല്ലാത്തവരുമായ വിഭാഗത്തെ സൃഷ്ടിക്കും. ആയതുകൊണ്ട് ചാറ്റ്‌ ജി.പി.ടി.ക്ക് യു.പി.എസ്.സി. പരീക്ഷ വിജയിക്കാൻ കഴിയുന്നില്ല എന്നതിൽ നമ്മൾ ആശ്വാസം കൊള്ളേണ്ടതുണ്ടോ?

ഞാൻ ചാറ്റ്‌ ജി.പി.ടി. യോട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നു ചോദിച്ചപ്പോൾ അതിന്റെ മറുപടി ‘ഒരു നിർമിതബുദ്ധി ഭാഷാ മാതൃക എന്ന നിലയിൽ, എനിക്ക് ഇന്ത്യൻ യു.പി.എസ്‌.സി. പരീക്ഷകൾ ഉൾപ്പെടെയുള്ളവ വിജയിക്കാനുള്ള ഭൗതികമായ കഴിവില്ല.’ എന്നായിരുന്നു. പരീക്ഷ നടത്തിപ്പുകാർ കൂടുതലായും കുട്ടികളുടെയും ഉദ്യോഗാർഥികളുടെയും മൗലികമായും സൃഷ്ടിപരമായും ചിന്തിക്കാനുമുള്ള കഴിവിനെയാണ് പരിശോധിക്കുന്നത്. അല്ലാതെ റോബോട്ടുകൾ ചെയ്യുന്നതുപോലെ വസ്തുതകൾ ഛർദിപ്പിക്കുകയല്ലല്ലോ.

ഇനി ജപ്പാനിലെ മാംഗ എഴുത്തുകാരന്റെ കാര്യം പരിശോധിച്ചാൽ, മൗലികമായ ഒരു കഥാതന്തു വികസിപ്പിക്കാൻ ചാറ്റ്‌ ജി.പി.ടി.ക്ക് കഴിഞ്ഞു എന്നതിൽ നമ്മൾ ഭയപ്പെടേണ്ടതുണ്ടോ? ഒരിക്കലുമില്ല, കാരണം ഒരു നിർമിത ബുദ്ധിയുടെ ഉപകരണമെന്ന നിലയിൽ, ഈ ആശയങ്ങൾ, നിർദേശിക്കപ്പെട്ടത് ഇന്റർനെറ്റിൽ എവിടെയോ നിലനിൽക്കുന്ന കഥകളിൽ നിന്നുതന്നെയായിരിക്കും. അപ്പോൾ ആത്മാഭിമാനമുള്ള ഒരെഴുത്തുകാരൻ, തന്റെ മനസ്സിൽ ഒരുത്തിരിയുന്ന സ്വന്തം ആശയങ്ങളെ രുചിച്ച റിയുന്നതിൽ ആണ് സന്തോഷം കണ്ടെത്തേണ്ടത്. അയാൾ ആ ജോലി ചാറ്റ്‌ ജി.പി.ടി.ക്ക്‌ ഉപകരാറായി കൊടുത്താൽ, അയാൾക്ക് ഒരെഴുത്തുകാരൻ എന്ന നിലയിലുള്ള മഹത്തായ സന്തോഷവും സൃഷ്ടിയുടെ ആനന്ദവും നഷ്ടമാവും.

സൂക്ഷിച്ചുപയോഗിക്കേണ്ട സാങ്കേതികത

ചാറ്റ്‌ ജി.പി.ടി.ക്ക് (അതുപോലെ മറ്റു നിർമിതബുദ്ധി പദ്ധതികൾക്കും) നമ്മൾ പരസ്പരവും സാങ്കേതികവിദ്യയുമായും ഉള്ള ആശയവിനിമയത്തെ വിപ്ലവകരമാക്കാനുള്ള ശേഷിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികഭാഷകളെ വിശകലനം ചെയ്യാനുള്ള അതിന്റെ കഴിവ്, ഗവേഷണം, വിദ്യാഭ്യാസം, പ്രാപ്യത, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കുമെന്ന കാര്യത്തിലും തർക്കമില്ല.
എന്നാൽ, അതുയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കേണ്ടതുണ്ട്. അവ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ടായിരിക്കണം സാങ്കേതികവിദ്യ നാം ഉപയോഗിക്കേണ്ടത്. അന്തിമമായി പറഞ്ഞാൽ ചാറ്റ്‌ ജി.പി.ടി.യുടെയും നിർമിത ബുദ്ധിയുടെയും വരവും അവയുടെ വളർച്ചയും നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. അത് അപകടങ്ങൾ ലഘൂകരിച്ച് സാങ്കേതിക വിദ്യയുടെ ശക്തിയെ കടിഞ്ഞാണിടാനുള്ള നമ്മുടെ കഴിവിനെയും ഒപ്പം ആവശ്യമായ സന്ദർഭത്തിൽ അതിനെ അതിശയിപ്പിക്കാൻ കഴിയുന്ന തരത്തിൽ അതിന്റെ നിലനിൽപ്പുമായി ഇണങ്ങിച്ചേരാനും പൊരുത്തപ്പെടാനുമുള്ള കഴിവിനെയും ആശ്രയിച്ചിരിക്കും. ഇതിനെല്ലാമുപരി നമ്മുടെ അഖണ്ഡതയെയും സൃഷ്ടിപരതയെയും കാത്തുസൂക്ഷിക്കുന്നതിനായി നിർമിതബുദ്ധിയുടെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള നമ്മുടെ കഴിവ് പരമപ്രധാനമാണ്.

Content Highlights: Shashi Tharoor

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..