ചരിത്രത്തിന്റെ ഭാരംപേറിയ രാജ്ഞി


ശശി തരൂർ

എലിസബത്ത് രാജ്ഞി | Photo: AP

എലിസബത്ത് രാജ്ഞിയുടെ ദേഹവിയോഗവാർത്ത ലോകമെങ്ങും നിറഞ്ഞുകഴിഞ്ഞു. കിരീടം ധരിച്ചതിനുശേഷമുള്ള നീണ്ട എഴുപതുവർഷം അവരുടെ സാന്നിധ്യത്തെ നിത്യമാക്കിയതിനാൽ ആ മരണം പലരിലും അവിശ്വാസം ജനിപ്പിച്ചു എന്നുതന്നെ പറയാം. പതിനഞ്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ വാഴിച്ച (അതിലൊരാളെ അവർ നിയമിച്ചതാകട്ടെ മരിക്കുന്നതിനുതൊട്ടുമുമ്പും) പതിനഞ്ച് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ കാലം നീണ്ട, പതിന്നാലു അമേരിക്കൻ പ്രസിൻറുമാരെയും ഏഴ്‌ മാർപാപ്പമാരെയും കണ്ട ഭരണാധികാരിയുടെ അന്ത്യം ഒരർഥത്തിൽ ഒരു യുഗാന്ത്യംകൂടിയാണ്.

ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിരുന്നെങ്കിലും 1952-ൽ എലിസബത്ത് രാജ്ഞി സിംഹാസനമേറുമ്പോൾ ബ്രിട്ടൻ ലോകം മുഴുവൻ വേരുപടർത്തിയ സാമ്രാജ്യംതന്നെയായിരുന്നു. തന്റെ ഇരുപത്തിയൊന്നാമത്തെ പിറന്നാൾദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ആജീവനാന്തം സംരക്ഷിക്കാമെന്നേറ്റ ആ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം അവരുടെ അവസാന കാലഘട്ടമാവുമ്പോഴേക്കും തകർന്നുകഴിഞ്ഞിരുന്നു. ഏതാനും വിദൂരസ്ഥമായ ദ്വീപുകൾ മാത്രമേ കൊളോണിയൽ നീക്കിയിരിപ്പായി ബാക്കിയുണ്ടായിരുന്നുള്ളൂ.കാലത്തിനൊപ്പം ഒഴുകിയ റാണി

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും അതിന്റെ കൊളോണിയൽ സ്വാധീനത്തിന്റെ ശേഷിപ്പായ കോമൺവെൽത്തിന്റെയും പേരിനുള്ള അധിപ എന്നതിനപ്പുറം മാറ്റങ്ങൾക്കുമുന്നിൽ അതിനോടു പൊരുത്തപ്പെടുക എന്നതൊഴിച്ച് അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാജാധികാരം ആചാരപരം മാത്രമായിരുന്നു. പദവി അവരോട്‌ അതിൽ വിരാജിക്കുകയെന്നതല്ലാതെ ഭരണം ആവശ്യപ്പെട്ടിരുന്നില്ല. ഇക്കാര്യങ്ങൾ അവർ അനിതരസാധാരണമായ മികവോടെ കൈകാര്യം ചെയ്തു. സ്വേച്ഛ വാസനയില്ലാതെ പ്രസാദാത്മകത്വം പുലർത്തിയ അവർ പൊതുമധ്യത്തിൽ അസാധാരണമായി തിളങ്ങിനിന്നു. പക്ഷേ, അവർ തീരുമാനങ്ങളൊന്നും കൈക്കൊണ്ടില്ല, നയങ്ങളൊന്നും രൂപവത്‌കരിച്ചില്ല തന്റെ കാലത്തുണ്ടായ ഒരു കാര്യത്തിനും ഉത്തരവാദിത്വമേറ്റെടുത്തുമില്ല.

പത്തൊമ്പതാം നൂറ്റാണ്ടിലെ വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ വാൾട്ടർ ബേജറ്റിന്റെ നിർവചനത്തിൽ ബ്രിട്ടൻ പോലൊരു ഭരണഘടനാബന്ധിതമായ രാജവാഴ്ച സംവിധാനത്തിൽ പരമാധികാരിക്ക് മൂന്ന്‌ അവകാശങ്ങളാണുള്ളത്. വിദഗ്‌ധാഭിപ്രായം പറയാനുള്ള അവകാശം, പ്രോത്സാഹിപ്പിക്കാനുള്ള അവകാശം, മുന്നറിയിപ്പു നൽകാനുള്ള അവകാശം. ഇതു മൂന്നും എലിസബത്ത്‌ രാജ്ഞി നിർവഹിച്ചു. അധ്യക്ഷത വഹിക്കുക, റിബൺ മുറിക്കുക. രാജകീയ സന്ദർശനങ്ങൾ നടത്തുക, വിശിഷ്ടവ്യക്തികളെ സ്വീകരിക്കുക ബ്രിട്ടീഷ് വൈഭവം പ്രകടിപ്പിക്കുക എന്നതിൽക്കവിഞ്ഞ് മറ്റൊരു അധികാരവും അവർ കൈയാളിയിരുന്നില്ല എന്നതാണ് സത്യം. ചടങ്ങുകളിൽപ്പോലും എഴുതിയതുമാത്രം വായിച്ചു. ഈ എഴുപതു കൊല്ലവും അക്കാര്യത്തിൽ അവർ തികഞ്ഞ സൂക്ഷ്മത കാട്ടി. മര്യാദാ ലംഘനത്തിന്റെയോ അനൗചിത്യത്തിന്റെയോ ഒരു തരിമ്പുപോലും ആ ജീവിതത്തിൽ അക്കാര്യത്തിൽ ഉണ്ടായിരുന്നില്ലതന്നെ.

വിമർശനങ്ങളുടെ കൂരമ്പുകൾ

രാജ്ഞിയുടെ മരണത്തിൽ ആദരം പ്രകടിപ്പിക്കാത്തവരുമുണ്ടായിരുന്നു. ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് എന്ന ഒരു ദക്ഷിണാഫ്രിക്കൻ സംഘം അവരെ ഇകഴ്ത്തിക്കൊണ്ടൊരു പ്രസ്താവനയിറക്കി. ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനതയെ നിർദയമായി അടിച്ചമർത്താനായി ഉയിർകൊണ്ട, നിലകൊണ്ട, ഇപ്പോഴും നിലകൊള്ളുന്ന ഒരു സ്ഥാപനത്തിന്റെ നേതാവ്‌ എന്നായിരുന്ന ആ പ്രസ്താവന. ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ നിരങ്കുശമായ ചൂഷണത്തെയും ദയാരഹിതമായ കൊള്ളയെയും മനുഷ്യത്വരഹിതമായ അടിമവത്കരണത്തെയും ഓർമിപ്പിക്കുന്നതായിരുന്നു അത്. ബ്രിട്ടീഷ് സിംഹാസനത്തെും സമാന സംവിധാനങ്ങളെയും പരിപോഷിപ്പിക്കാനായി രാജ്യസമ്പത്തിനെ തിരിമറി ചെയ്തതിനെയും അവർ നിശിതമായി വിമർശിച്ചു.

ഇന്ത്യക്കാർക്കും ഇതുതന്നെ വള്ളിപുള്ളി വിടാതെ പറയാൻ പറ്റുമായിരുന്നു പക്ഷേ, ഭൂരിപക്ഷവും അതിനു മുതിർന്നില്ല. അതിനുകാരണം മരിച്ചവരോടു കാണിക്കുന്ന ആദരംമാത്രമായിരുന്നില്ല, ജീവിച്ചിരുന്നപ്പോഴും രാജ്ഞിയോടു നാം ഭയഭക്തിയോളമെത്തുന്ന ബഹുമാനം പ്രകടിപ്പിച്ചിരുന്നു. തന്റെ രാജ്യത്തിനും തന്റെ സ്ഥാനത്തിനും തടിച്ചു കൊഴുക്കാനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ദശാബ്ദങ്ങളോളം കൊള്ളയടിച്ചതിനും അടിച്ചമർത്തിയതിനും മാപ്പു പറയാനുള്ള ആർജവം അവർ കാട്ടിയിരുന്നില്ല. അവർ കരീടധാരണം നടത്തിയതിനു ശേഷവും നിഷ്ഠുരമായ കൃത്യങ്ങൾ ചിലത്‌ അരങ്ങേറിയിരുന്നു. മൗ മൗ സ്വാതന്ത്ര്യപോരാളികളെ ക്രൂരമായ പീഡിപ്പിച്ച കെനിയയിലെ കോൺസെൻട്രേഷൻ ക്യാമ്പുകൾ അക്കാലത്തുയർന്നു പൊങ്ങി. കമ്യൂണിസ്റ്റ് അസ്വാസ്ഥ്യകാലത്ത് മലേഷ്യയിൽ ബ്രിട്ടീഷുകാർ കൂട്ടക്കൊല നടത്തി. ഇരു സംഭവങ്ങളിലും ബേജറ്റ് പറഞ്ഞപോലെ അവരെ ആരെങ്കിലും ഉപദേശത്തിനായി സമീപിച്ചിരുന്നോ, അതോ അവർ ആരെയെങ്കിലും പ്രോത്സാഹിപ്പിച്ചോ അതോ മുന്നറിയിപ്പു നൽകിയോ എന്നൊന്നും നമുക്കറിയില്ല. ഏതായാലും അവരും ഭർത്താവും ഇന്ത്യാ സന്ദർശനവേളയിൽ ജലിയൻവാലാബാഗ് സന്ദർശിച്ചപ്പോൾ സന്ദർശക പുസ്തകത്തിൽ ഒപ്പു ചാർത്തിയതിൽ കവിഞ്ഞ് ആ കൂട്ടക്കൊലയിൽ ഖേദം പുലർത്തുന്ന ഒരു വാക്കെങ്കിലും ശബ്ദിക്കാനുള്ള ഔചിത്യം കാട്ടിയില്ല.

വാചാലമായ മൗനങ്ങൾ

അത്തരം കാര്യങ്ങളിൽ തനിക്ക് നേരിട്ടൊരു ഉത്തരവാദിത്വവും ഇല്ല എന്നു കാണിക്കാനായി അവർ ഒരു പക്ഷേ, സ്വയം ഒഴിഞ്ഞു മാറിയതായിരിക്കാം. എല്ലാ അതിക്രമങ്ങളും പരമാധികാരി അറിഞ്ഞല്ല സംഭവിക്കുന്നത് എന്ന ന്യായീകരണം അവർ പുലർത്തിയിരിക്കാം. രാജ്ഞി ഒരു പദവി മാത്രമായിരുന്നു എന്നും വാദിക്കാം. പക്ഷേ, എന്തിന്റെ പ്രതീകം എന്ന ചോദ്യം അപ്പോഴും ഉയരും. അതിന്റെ ഉത്തരം ആ ചോദ്യമുയർത്തുന്നയാളെ അനുസരിച്ചു മാറുകയും ചെയ്യും. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിരൂപം, രാജവാഴ്ചയുടെ ഉത്തമനിദർശനം, തന്റെ പ്രജകളുടെ പ്രതീക്ഷകളുടെ കൊടിയടയാളം, ദൂരദേശങ്ങളിലെ ജനങ്ങളോടു തന്റെ രാജ്യം ചെയ്ത എല്ലാ ക്രൂരകൃത്യങ്ങളുടെയും പ്രതീകം, അങ്ങനെയങ്ങനെ. എല്ലാം പ്രതീകവത്കരിക്കുമ്പോൾ ഒന്നുകിൽ നിങ്ങൾ എല്ലാത്തിനും ഉത്തരവാദിയാവും അല്ലെങ്കിൽ ഒന്നിനും ഉത്തരവാദിയല്ലാതെയുമാവും. പരമാധികാരിയെന്ന നിലയിൽ എലിസബത്ത് രാജ്ഞി എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറിനിന്നു. അതിന്റെ ഗുണം അവർക്കു കിട്ടി, എന്നാൽ, അവർക്കതിൽ ഉത്തരവാദിത്വമുണ്ടായിരിന്നു. പക്ഷേ, നേരിട്ടു പങ്കില്ലാത്തതിനാൽ സാമ്രാജ്യം കാട്ടിക്കൂട്ടിയ കൊടുംക്രൂരതകളിൽ അവരെ കുറ്റം പറയുന്നതിൽ കാര്യമൊട്ടില്ലതാനും.

എന്തൊക്കെയായാലും സൗമ്യശീലയായ വന്ദ്യവയോധിക 96-ാം വയസ്സിൽ യാത്രയായിരിക്കുകയാണ്. അവർ എന്തു ശബ്ദിച്ചാലും എന്തു ചെയ്താലും വാർത്തയായിരുന്നു. ഒരു മനുഷ്യൻ എന്ന രീതിയിൽ അവർ ബഹുമാനം അർഹിക്കുന്നു. കരുണയും മാന്യതയും വിവേകവും തികഞ്ഞ രസികത്വവുമുള്ള വ്യക്തിയായിരുന്നു അവർ. ചരിത്രമുയർത്തുന്ന സംവാദശരങ്ങൾ അവർക്കുചുറ്റും മൂളിനടന്നെങ്കിലും ജീവിതത്തിലും മരണത്തിലും അവർ അതിനപ്രാപ്യയായി നിലകൊണ്ടു.

Content Highlights: shashi tharoor on demise of queen elizabeth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..