.
ദേശീയതലത്തിൽ കായികരംഗത്ത് കേരളത്തിന് സമ്പന്നമായ ഭൂതകാലമുണ്ടായിരുന്നു. എന്നാൽ, വർത്തമാനകാലത്ത് കേരള കായികരംഗത്തിന്റെ വളർച്ച താഴോട്ടാണ്. ഒന്നോ രണ്ടോ കായികയിനങ്ങളിൽ മാത്രമേ ഇപ്പോഴും പഴയപാരമ്പര്യം നിലനിർത്താൻ കഴിയുന്നുള്ളൂ. അത്‌ലറ്റിക്‌സിൽ കേരളം പിറകോട്ടുപോകുന്നു. ഫുട്‌ബോളിൽ കഴിഞ്ഞവർഷം സന്തോഷ് ട്രോഫിയിൽ വിജയിച്ചെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കുതിപ്പിനൊപ്പം സഞ്ചരിക്കാനാകുന്നില്ല. ദേശീയതലത്തിൽ നേട്ടമുണ്ടാക്കിയിരുന്ന വോളിബോളിൽ വരുംവർഷങ്ങളിൽ എന്തുസംഭവിക്കുമെന്ന് കണ്ടറിയണം. ചെസ്സിലും ഫെൻസിങ്ങിലും ഷൂട്ടിങ്ങിലും തുഴച്ചിലിലും പിറകോട്ടുപോയി.അസോസിയേഷനുകളുടെ തമ്മിലടി മാത്രമല്ല ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിലും ഗ്രാസ്‌റൂട്ട് തലത്തിൽ മികച്ച പ്രവർത്തനം നടത്തുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതാണ് കേരളത്തെ പിന്നോട്ടടിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള പരിശീലനം നൽകാൻ അസോസിയേഷനുകൾക്ക് കഴിയുന്നില്ല. സ്‌പോർട്‌സ് കൗൺസിലിന്റെ പദ്ധതികൾ പൂർണവിജയമാകുന്നില്ല. കളിക്കാർക്കൊപ്പംതന്നെ മികച്ച പരിശീലകരെ വളർത്തിയെടുക്കാനുള്ള പദ്ധതിയും നിലവിലില്ല.
ചേരിപ്പോരിൽ തുലയുന്ന ഭാവി
അസോസിയേഷനുകൾ ഭിന്നിക്കുന്നതും നടപടിക്ക് വിധേയമാകുന്നതും താരങ്ങളുടെ ഭാവിയെയാണ് താറുമാറാക്കുന്നത്. കരിയർ വളർത്താനുള്ള പിന്തുണലഭിക്കാതെ പോകുന്നതാണ് ഇതിൽ പ്രധാനം. മികച്ച പരിശീലനസൗകര്യങ്ങളും കൃത്യമായ മാർഗനിർദേശങ്ങളും ലഭിക്കുന്നില്ല. അന്താരാഷ്ട്ര തലത്തിൽ മത്സരപരിചയമുണ്ടാക്കാനുള്ള അവസരങ്ങളും നഷ്ടമാകുന്നു. ഇതിനൊപ്പം അർഹിക്കുന്ന പല ആനുകൂല്യങ്ങളും അവർക്ക് ലഭിക്കാതെപോകുന്നു.ദേശീയ ഫെഡറേഷനുകളുടെ അംഗീകാരമില്ലാത്ത സംസ്ഥാന അസോസിയേഷനുകളിലെ താരങ്ങൾക്ക് ദേശീയ-അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. ദേശീയ ഫെഡറേഷൻ അംഗീകാരം ഉള്ളതും എന്നാൽ, സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരവുമില്ലാത്ത അസോസിയേഷനുള്ളിൽപ്പെട്ടവർക്ക് സംസ്ഥാനതലത്തിൽ ലഭിക്കേണ്ട അംഗീകാരവും ആനുകൂല്യവും നഷ്ടമാകുന്നു.ഏത് അസോസിയേഷനാണ് അംഗീകാരമെന്നകാര്യത്തിൽ കളിക്കാർക്ക് വ്യക്തതയില്ലാതിരിക്കുന്നതും പ്രതിസന്ധിയാകും. അസോസിയേഷനുകളിലെ ചേരിപ്പോര് കാരണം കളംവിടുന്ന കളിക്കാരുടെ എണ്ണവും കുറവല്ല. കബഡി, ടേബിൾ ടെന്നീസ് തുടങ്ങിയവതന്നെ ഉദാഹരണം.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അസോസിയേഷനുകളാണെങ്കിൽ താഴെത്തട്ടിൽവരെ മത്സരങ്ങളും പരിശീലനത്തിനുള്ള അവസരങ്ങളും ലഭ്യമാകും. ഫുട്‌ബോളിലും അത്‌ലറ്റിക്‌സിലും ബാഡ്മിന്റണിലും ബാസ്‌കറ്റ്‌ബോളിലുമൊക്കെ ഇതിനുള്ള അവസരമുണ്ട്. വോളിബോളിൽ മലബാറിൽ നൂറുകണക്കിന് ചെറുതും വലുതുമായ ടൂർണമെന്റുകൾ നടന്ന കാലമുണ്ടായിരുന്നു.
തുലാസിലാക്കുന്ന സ്പോർട്‌സ് ക്വാട്ട
കായികയിനങ്ങളിൽ മികവുപുലർത്തിയാൽ അവർക്ക് പ്രോത്സാഹനം നൽകാൻ സർക്കാർതലത്തിൽ ഒട്ടേറെ പദ്ധതികളുണ്ട്. എന്നാൽ, അസോസിയേഷനുകൾ തലതിരിഞ്ഞുപോയാൽ അതൊന്നും ലഭിക്കില്ല. സസ്‌പെൻഷൻ നേരിട്ട അസോസിയേഷനുകളിലെയും അഡ്‌ഹോക്ക് കമ്മിറ്റി നിലവിലുള്ള അസോസിയേഷനുകളിലെയും താരങ്ങൾക്ക് സ്‌പോർട്‌സ് ക്വാട്ട വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളും ഗ്രേസ് മാർക്ക് അടക്കമുള്ള പ്രോത്സാഹനങ്ങളും ലഭിക്കില്ല. പിന്നെയുള്ള മാർഗം കോടതിയെ സമീപിക്കലാണ്. അത് എല്ലാ താരങ്ങൾക്കും പറ്റണമെന്നില്ല.സർക്കാർ ജോലിക്കും, സ്‌കൂൾ, കോളേജ് അഡ്മിഷനും സ്‌പോർട്‌സ് ക്വാട്ടയുണ്ട്. അതത് കായികയിനങ്ങളിൽ മികവുപുലർത്തിയവർക്ക്, അവരുടെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ റാങ്കിങ് നിശ്ചയിച്ചാണ് സ്‌പോർട്‌സ് ക്വാട്ട വഴി നിയമനവും പ്രവേശനവുമൊക്കെ ലഭിക്കുന്നത്.
ഒളിമ്പിക്‌സിൽ സ്വർണം നേടുന്നവർക്കാണ് ജോലിനിയമനത്തിൽ ആദ്യപരിഗണന. തുടർന്ന് വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്കാണ് പരിഗണന. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധാനംചെയ്യൽ, ദേശീയതലത്തിലെ മെഡലുകൾ, സംസ്ഥാനതലത്തിലെ മെഡലുകൾ എന്നീക്രമത്തിൽ പരിഗണന താഴേക്കുവരും. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്കിങ്ങിലാണ് താരങ്ങൾക്ക് ജോലിലഭിക്കുന്നത്.
സ്‌കൂൾ അഡ്മിഷനും ഏറക്കുറെ ഇതേരീതിയിലാണ് നടത്തുന്നത്. സ്‌പോർട്‌സ് ക്വാട്ടയിലെ റാങ്കിങ് പട്ടിക തയ്യാറാക്കുമ്പോൾ ഒളിമ്പിക് സ്വർണം നേടിയ താരത്തിന് 100 മാർക്കാണ് ലഭിക്കുക. ഏറ്റവും കുറവ് മാർക്ക് സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനത്തിന് ലഭിക്കുന്ന 6.5 ആണ്. കോളേജ് അഡ്മിഷന് ജില്ലാതലത്തിലെ മൂന്നാം സ്ഥാനത്തിന് ലഭിക്കുന്ന 36 മാർക്കാണ് ഏറ്റവും കുറഞ്ഞത്. ഒളിമ്പിക് സ്വർണത്തിന് 100 മാർക്കും ലഭിക്കും.
പരിശീലനം കട്ടപ്പുറത്ത്
അസോസിയേഷൻ നല്ലതാണെങ്കിൽ ദേശീയതലത്തിൽ മത്സരിക്കാൻ പോകുമ്പോൾ കായികതാരത്തിന്റെ കീശചോരില്ല. മറിച്ചാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയുമുണ്ടാകും. എ ഗ്രേഡ് അസോസിയേഷനാണെങ്കിൽ ഓരോ കുട്ടിക്കും 450 രൂപ വീതമാണ് കൗൺസിൽ നൽകുന്നത്. 21 ദിവസം ക്യാമ്പും നടത്താം. ഇതിനുപുറമേ മത്സരത്തിനുപോയി തിരിച്ചുവരുന്നതുവരെ 400 രൂപ ദിനബത്തയും ലഭിക്കും. യാത്രാടിക്കറ്റും വഹിക്കും.ബാക്കി ഗ്രേഡിലുള്ള അസോസിയേഷനുകൾക്ക് 15 ദിവസത്തെ ക്യാമ്പാണ് നടത്താൻ കഴിയുക. 400 രൂപവീതം ക്യാമ്പ് ദിവസങ്ങളിലും മത്സരസമയത്ത് 400 രൂപവീതം ബത്തയുമാണ്. എന്നാൽ, എ ഗ്രേഡ് അസോസിയേഷനുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്ന പരാതിയുമുണ്ട്. തമ്മിലടി കാരണം പല അസോസിയേഷനുകൾക്കും തുക വാങ്ങിയെടുക്കാൻ കഴിയാതെ േപാവുന്നു. ഇത് മത്സരത്തിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കുന്നു. അടുത്തിടെ തുർക്കിയിൽനടന്ന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഓരോ താരത്തിനും ചെലവായത് രണ്ടരലക്ഷം രൂപയാണ്. ഇത് കുട്ടികളും അസോസിയേഷനും ചേർന്നാണ് വഹിച്ചത്. സ്‌പോർട്‌സ് കൗൺസിലിൽനിന്ന് ഇതുവരെ ആനുകൂല്യമൊന്നും ലഭിച്ചില്ലെന്നാണ് അവരുടെ പക്ഷം.
മൂപ്പിളമത്തർക്കം
ഗ്രേസ് മാർക്കിന്റെ കാര്യത്തിലും സ്‌പോർട്‌സ് ക്വാട്ടയുടെ കാര്യത്തിലും വലിയ അസോസിയേഷനുകളും ചെറിയ അസോസിയേഷനുകളും തമ്മിൽ തർക്കമുണ്ട്.ചെറിയ അസോസിയേഷനുകളിൽപ്പെട്ട കുട്ടികൾക്ക് എളുപ്പത്തിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനും വിജയിക്കാനും കഴിയുന്നുവെന്നും ഇത് സ്‌പോർട്‌സ് ക്വാട്ടയുടെ റാങ്കിങ്ങിൽ അവർക്ക് മേധാവിത്വം നൽകുന്നുവെന്നുമാണ് വലിയ അസോസിയേഷനുകളുടെ വാദം. അതേസമയം, വമ്പൻ അസോസിയേഷനുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും സ്‌പോൺസർഷിപ്പ് പോലെയുള്ളവയും തങ്ങൾക്ക് ലഭിക്കാറില്ലെന്നും പരിമിതികളോട് പടവെട്ടിയാണ് തങ്ങളുടെ താരങ്ങൾ മുന്നേറുന്നതെന്നുമാണ് ചെറിയ അസോസിയേഷനുകളുടെ അമരക്കാർ വ്യക്തമാക്കുന്നത്.സംസ്ഥാനത്ത് നേരത്തേ ഓരോ കായികയിനത്തിനും സർക്കാർ ജോലിക്ക് നിശ്ചിത ക്വാട്ടയുണ്ടായിരുന്നു. എന്നാൽ, നിലവിൽ മൊത്തം കായികയിനങ്ങൾക്കുമായാണ് ക്വാട്ട നിശ്ചയിക്കുന്നത്. ഓരോ താരത്തിന്റെയും റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാകും നിയമനം ലഭിക്കുന്നത്.
മാനസയുടെ സങ്കടം
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന സ്വപ്നവുമായിട്ടാണ് കോഴിക്കോട്ടുകാരി മാനസയും കൂട്ടുകാരികളും ഉസ്‌ബെക്കിസ്താനിലേക്ക് പറന്നത്. അവിടെയെത്തി മണിക്കൂറുകൾക്കകമാണ് ഞെട്ടിക്കുന്ന ആ വാർത്ത പുറത്തുവന്നത്. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ സസ്‌പെൻഡുചെയ്തു.
ഏഷ്യൻ കോൺഫെഡറേഷന്റെ വനിതാ എ.എഫ്.സി. കപ്പിൽ കളിക്കാൻപോയ ഗോകുലം ടീമിൽ അംഗമായിരുന്നു മാനസ. മാനസയ്ക്കുപുറമേ ആറ് മലയാളി താരങ്ങളും ടീമിലുണ്ടായിരുന്നു. കളിച്ചിരുന്നെങ്കിൽ കരിയറിനും ഭാവിക്കും അത് വലിയ ഗുണമാകുമായിരുന്നെന്ന് മാനസ ഇന്നും കരുതുന്നു. ‘‘ഏഷ്യൻ തലത്തിൽ കളിക്കാനുള്ള ആവേശത്തിലാണ് ഞങ്ങൾ പോയത്. അവിടെ എത്തിയപ്പോഴേക്കും കളിക്കാൻ കഴിയില്ലെന്ന വാർത്തവന്നു. അതിന്റെ സങ്കടം ഇതുവരെ മാറിയിട്ടില്ല’’ -മാനസ പറയുന്നു.
ഫെഡറേഷനെതിരേയുള്ള ഫിഫയുടെ അച്ചടക്കനടപടി അറിഞ്ഞതോടെ ഗോകുലം മാനേജ്‌മെന്റ് കേന്ദ്ര കായിക മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരാഴ്ചയ്ക്കുശേഷം കളിക്കാൻ കഴിയാതെ ടീം തിരിച്ച് നാട്ടിലേക്ക് മടങ്ങി. ക്ലബ്ബിന് 35 ലക്ഷത്തോളം രൂപ വെറുതേ ചെലവായി.
അഖിലേന്ത്യാ ഫെഡറേഷനിൽ പ്രഫുൽ പട്ടേലും സംഘവും തൂങ്ങിപ്പിടിച്ചു കിടക്കുകയും കൃത്യമായി തിരഞ്ഞെടുപ്പ് നടത്താതിരിക്കുകയും ചെയ്തതിന്റെ അനന്തരഫലമാണ് ഫിഫയുടെ നടപടിവരെയെത്തിച്ചത്. അന്ന് ഇന്ത്യൻ ഫുട്‌ബോളിൽ കാര്യമായ നഷ്ടം നേരിട്ടത് ഗോകുലം മാനേജ്‌മെന്റിനും താരങ്ങൾക്കുമായിരുന്നു.
(തുടരും)
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..