റബ്ബർബോർഡ് വേണോ? വേണ്ടേ?


ഡോ. ടി.എം. തോമസ് ഐസക്‌

4 min read
Read later
Print
Share

ധനവിചാരം

Thomas Issac (photo: Mathrubhumi archives)

കേരളത്തിലെ റബ്ബർക്കൃഷിയുടെ തകർച്ച പൂർത്തിയാക്കുന്നതിനുള്ള ഒരു ഗൂഢപദ്ധതി ദേശീയതലത്തിൽ ഒരുങ്ങിക്കൊണ്ടിരിക്കയാണ്. ഇതിന്റെ ഭാഗമാണ് റബ്ബർ ബോർഡ് നിർത്തലാക്കണമെന്ന് നിതി ആയോഗ് കേന്ദ്രസർക്കാരിനോട്‌ ശുപാർശചെയ്തിരിക്കുന്നത്. മാതൃഭൂമി പത്രത്തിലെ റിപ്പോർട്ട്പ്രകാരം, റബ്ബർമേഖല പ്രോത്സാഹനം ആവശ്യമില്ലാത്തവിധം വളർന്നിരിക്കുന്നുവെന്നാണ് നിതി ആയോഗിന്റെ അഭിപ്രായം. ഈ സാഹചര്യത്തിൽ റബ്ബർ ബോർഡ്പോലൊരു സ്ഥാപനത്തിന് ഇനി പ്രസക്തിയില്ലപോലും!

പുതിയ റബ്ബർനിയമം

1947-ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര വാണിജ്യവകുപ്പ്. 1947-ലെ നിയമപ്രകാരം റബ്ബർ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുംമുമ്പ് റബ്ബർ ബോർഡിനെ കൺസൾട്ട് ചെയ്യണമായിരുന്നു. ഇതിനുപകരം റബ്ബർ ബോർഡിനെ മറികടക്കാനുള്ള അവകാശം പുതിയ നിയമം കേന്ദ്രസർക്കാരിന്‌ നൽകുന്നു. ഏതുവ്യവസായത്തെയും റബ്ബർ ബോർഡിൽ രജിസ്റ്റർചെയ്യുന്നതിൽനിന്ന് ഒഴിവുനൽകാൻ കേന്ദ്രസർക്കാരിന് അവകാശംനൽകുന്നു.
ഇപ്പോഴും ഇന്ത്യയിലെ 90 ശതമാനം റബ്ബറും ഉത്‌പാദിപ്പിക്കുന്നത്‌ കേരളമാണ്. പക്ഷേ, റബ്ബർ ബോർഡിൽ കേരളത്തിനുണ്ടായിരുന്ന പ്രത്യേക പരിഗണനകളെല്ലാം അവസാനിപ്പിക്കുകയാണ്. ഇഷ്ടമുള്ള അംഗങ്ങളെ നിയമിക്കാം. ബോർഡിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നു. റബ്ബർ ബോർഡിനെ ഒരു റബ്ബർസ്റ്റാമ്പാക്കാനാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇപ്പോൾ നിതി ആയോഗ് പറയുന്നത് ഈ റബ്ബർ സ്റ്റാമ്പുപോലും വേണ്ടെന്നാണ്.

എന്തുകൊണ്ട് ബോർഡുകൾ?

റബ്ബർ, തേയില, കാപ്പി, സ്പൈസസ് തുടങ്ങി വാണിജ്യവിളകൾക്കെല്ലാം പ്രത്യേകം ബോർഡുകൾക്ക്‌ സ്വാതന്ത്ര്യാനന്തരകാലത്ത്‌ രൂപംനൽകി. ഈ ബോർഡുകളിൽ കൃഷിക്കാർക്കും പ്ലാന്റർമാർക്കുമായിരുന്നു മുൻകൈ. ന്യായവില ലഭിക്കുന്നതിന് ഉത്‌പന്നങ്ങളുടെ ലേലവിപണനം ബോർഡുകൾ സംഘടിപ്പിച്ചിരുന്നു. കയറ്റുമതി-ഇറക്കുമതി തീരുമാനങ്ങൾ ബോർഡുകളുടെ ശുപാർശപ്രകാരമായിരുന്നു. എന്നാൽ, വിദേശവ്യാപാര ഉദാരവത്‌കരണത്തോടെ ഈ സ്ഥിതിവിശേഷം മാറി. കമ്പോള ഇടപെടലുകൾക്കുള്ള ബോർഡുകളുടെ അധികാരം പടിപടിയായി ഇല്ലായ്മചെയ്തു.
ഏതാനും വർഷമായി ശക്തമായി പ്രചരിക്കുന്ന ഒരു അഭ്യൂഹമാണ് റബ്ബർ ബോർഡ് നിർത്തലാക്കുമെന്നുള്ളത്. 2017-ൽ പി.ജെ. കുര്യന്റെ പ്രമേയത്തിന്‌ മറുപടിയായി അന്നത്തെ വാണിജ്യമന്ത്രി നിർമലാ സീതാരാമൻ അത്‌ ശക്തമായി നിഷേധിക്കുകയുംചെയ്തിരുന്നു. റബ്ബർ ബോർഡ് ഇല്ലാതാകുന്നതോടെ റബ്ബർ മേഖല പൂർണമായും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്കുനീങ്ങും.
കാർഷികവരുമാനം വർധിപ്പിക്കുന്നതിന് രണ്ടാം ഹരിതവിപ്ലവം അനിവാര്യമാണെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. ഒന്നാം ഹരിതവിപ്ലവത്തിൽനിന്ന്‌ വ്യത്യസ്തമായി ജലസേചിതപ്രദേശങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നതാവില്ല പുതിയ തന്ത്രം. വാണിജ്യവിളകളെയും ഹരിതവിപ്ലവ തന്ത്രപരിധിയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
പക്ഷേ, ആരാണിതിന്‌ നേതൃത്വംനൽകുക? സർക്കാർ ഏജൻസികളോ വിള ബോർഡുകളോ ആയിരിക്കില്ല. ആഗ്രി ബിസിനസ് കോർപ്പറേഷനുകളായിരിക്കും. കൃഷിക്കാർ അവരുമായി കരാറിൽ ഏർപ്പെട്ടാൽ മതി. അവർ വായ്പയും വിപണിയും സാങ്കേതികവിദ്യയുമെല്ലാം ഉറപ്പാക്കിക്കൊള്ളും. ഇങ്ങനെയൊരു ഭാവിയാണ് കേന്ദ്രസർക്കാർ റബ്ബർ കൃഷിക്കാർക്കു വാഗ്ദാനംചെയ്യുന്നത്. അപ്പോൾപ്പിന്നെ എന്തിന്‌ റബ്ബർ ബോർഡ്?

ടയർ ലോബി

റബ്ബറിനുലഭിച്ച പ്രത്യേക പരിഗണനയ്ക്കെതിരേ എക്കാലവും ടയർ ലോബി ഉപജാപങ്ങൾ നടത്തിയിട്ടുണ്ട്. വിദേശത്തുനിന്ന്‌ റബ്ബർ ഇറക്കുമതി ചെയ്യാൻ അനുവദിച്ചാൽ രാജ്യത്തെ റബ്ബറിന്റെ വില കുറയുമെന്നും ടയറിന്റെ ഉത്‌പാദച്ചെലവ് താഴുമെന്നും അതുവഴി ടയറിന്റെ കയറ്റുമതി വർധിപ്പിക്കാനാകുമെന്നുമായിരുന്നു അവരുടെ വാദം. ടയറിന്റെ സിംഹപങ്കും രാജ്യത്തുതന്നെ ഉപയോഗിക്കുന്നതാണെന്ന യാഥാർഥ്യം വിസ്മരിക്കപ്പെട്ടു. രാജ്യത്തെ ദശലക്ഷക്കണക്കിന്‌ റബ്ബർക്കൃഷിക്കാരെക്കാൾ, വിരലിലെണ്ണാവുന്ന ടയർ വ്യവസായികളുടെ താത്‌പര്യം ആധിപത്യംനേടിയതിന്റെ തെളിവായിരുന്നു ആസിയാൻ കരാർ.

നെഹ്രുവിന്റെ നയം

മൻമോഹൻ സിങ്‌ ഉദാരവത്‌കരണനയങ്ങൾ ആവിഷ്കരിക്കുന്നതിനുമുമ്പ് ഇന്ത്യ സ്വീകരിച്ചിരുന്നത് നെഹ്രുവിന്റെ വികസനനയമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുനിന്ന്‌ വ്യത്യസ്തമായി റബ്ബറിന്റെ ഇറക്കുമതി നിരോധിച്ചു. ഇറക്കുമതിചെയ്യുന്നതിനുപകരം റബ്ബർ ഇന്ത്യയിൽത്തന്നെ ഉത്‌പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ഇതിനായി റബ്ബർ ബോർഡും സ്ഥാപിച്ചു.
റബ്ബർക്കൃഷിക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനം റബ്ബറിനുലഭിച്ചുകൊണ്ടിരുന്ന നല്ല വിലയായിരുന്നു. അന്തർദേശീയ വിലയെക്കാൾ 50 ശതമാനംവരെ ഉയർന്ന വില കേരളത്തിൽ റബ്ബറിനുലഭിച്ചു. റബ്ബറായിരുന്നു ഏറ്റവും ലാഭകരമായ കൃഷി. തന്മൂലം മധ്യതിരുവിതാംകൂർമേഖലവിട്ട് റബ്ബറിന് അത്ര അനുയോജ്യമല്ലാത്ത മലബാറിലേക്കും തെക്കൻ തിരുവിതാംകൂറിലേക്കും റബ്ബർക്കൃഷി വ്യാപിച്ചു.

ആസിയാൻ കരാർ

കേരളത്തിലെ റബ്ബറിന്റെ ശനിദശ ആരംഭിച്ചത് ആസിയാൻ കരാറോടെയാണ്. ഇതുമൂലം ഇന്ത്യക്ക്‌ വലിയ നേട്ടങ്ങളുണ്ടായി. നമ്മുടെ സോഫ്‌റ്റ്‌വേറിന്റെയും മരുന്നുപോലുള്ള ഉത്‌പന്നങ്ങളുടെയും ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഗണ്യമായി ഉയർന്നു. അതേസമയം, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അതേഭൂപ്രകൃതിയുള്ള കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുമായി. അവിടെനിന്ന്‌ റബ്ബറും മറ്റ്‌ വാണിജ്യവിളകളും ഇന്ത്യയിലേക്ക് വലിയതോതിൽ ഇറക്കുമതിചെയ്യപ്പെട്ടു. ഇതുമൂലം റബ്ബറിന്റെ വിലയിടിഞ്ഞു, കൃഷിക്കാരൻ വലിയ പ്രതിസന്ധിയിലുമായി. മിനിമം ചെയ്യേണ്ടുന്ന ഒരു കാര്യമുണ്ടായിരുന്നു. രാജ്യത്തിനുകിട്ടിയ വലിയ നേട്ടത്തിന്റെ ഒരുഭാഗം നഷ്ടംപറ്റിയ കേരളത്തിലെ റബ്ബർക്കൃഷിക്കാർക്ക്‌ നൽകുക. അതുണ്ടായില്ല.

ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ ഇന്ത്യയിലെ റബ്ബറിന്റെ വിലയും അന്തർദേശീയവിലയും ഒരുപോലെയായി. ഇതോടെ ഉത്‌പാദനക്ഷമത കുറഞ്ഞ പ്രദേശങ്ങളിലെ റബ്ബർക്കൃഷി വലിയ നഷ്ടമായി. റബ്ബർ വെട്ടിമാറ്റി റീപ്ലാന്റ് ചെയ്യുന്നതിന്‌ കൃഷിക്കാർ വിമുഖരായി. അത്‌ വീണ്ടും ഉത്‌പാദനക്ഷമത കുറച്ചു. റബ്ബർക്കൃഷി കൂടുതൽ അനാദായകരമായി.

കേരളത്തിന്‌ പൂജ്യം സബ്‌സിഡി

ജി.എസ്.ടി. വന്നപ്പോൾ റബ്ബർ സെസ് ജി.എസ്.ടി.യിൽ ലയിച്ചു. പകരം റബ്ബർ ബോർഡിന് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. അതിന്റെ ഫലമായി കൃഷിക്കാർക്കുള്ള ആനുകൂല്യം റബ്ബർ ബോർഡ് നിർത്തലാക്കിക്കൊണ്ടിരിക്കയാണ്. കൗതുകകരമായ ഒരു കാര്യം, ഇന്ത്യയിൽ കൊടുത്തുകൊണ്ടിരുന്ന സബ്‌സിഡി തെക്കുകിഴക്കൻ ഏഷ്യൻരാജ്യങ്ങൾ നൽകുന്നതിനെക്കാൾ വളരെ താഴ്ന്നതായിരുന്നു എന്നതായിരുന്നു. അതുപോലും ഇല്ലാതാവുകയാണ്.
കേരളത്തിന്റെ ഇന്നത്തെ ദൗർബല്യം മരങ്ങളുടെ പ്രായാധിക്യമാണ്. അവ അടിയന്തരമായി വെട്ടിമാറ്റി റീപ്ലാന്റ് ചെയ്യണം. പക്ഷേ, റീപ്ലാന്റിങ്ങിനുള്ള സബ്‌സിഡിയില്ലാതായി. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ തോട്ടങ്ങൾ െവച്ചുപിടിപ്പിക്കുന്നതിന്‌ വലിയതോതിൽ സബ്‌സിഡി നൽകുകയും ചെയ്യുന്നു.
ഇന്നിപ്പോൾ ഈ വിവേചനംമൂലം നമ്മുടെ റബ്ബർകൃഷി പൂർണതകർച്ചയിലെത്തുകയാണ്. നഷ്ടപരിഹാരമില്ലെന്നുമാത്രമല്ല, ഉള്ള സഹായങ്ങളും നിർത്തുകയാണ്. ദേശീയ നയത്തിന്റെ ഭാഗമായിട്ടാണ് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് നമ്മുടെ മലയോരങ്ങളിലെല്ലാം റബ്ബർ െവച്ചുപിടിപ്പിച്ചത്. അവയെ തകർച്ചയുടെ കയത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ട് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ റബ്ബർ െവച്ചുപിടിപ്പിക്കാനുള്ള വലിയൊരു ആസൂത്രിതപദ്ധതി തയ്യാറാക്കുകയാണ് കേന്ദ്രസർക്കാർ.

റബ്ബർബോർഡ് ഒരു ശല്യം!

ചുരുക്കത്തിൽ, മറ്റെല്ലാ കാർഷികവിളകളുടെയും കാര്യത്തിലെന്നപോലെ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള കാർഷിക വികസന തന്ത്രത്തിലേക്ക് കേന്ദ്രസർക്കാർ നീങ്ങിക്കൊണ്ടിരിക്കയാണ്. ഈ പുതിയ വികസനതന്ത്രം നടപ്പാക്കുന്നതിന്‌ കേരളമടക്കം പങ്കാളിത്തമുള്ള താരതമ്യേന സ്വതന്ത്രമായ ഒരു റബ്ബർ ബോർഡിനെക്കാൾ നല്ലത് വാണിജ്യമന്ത്രാലയത്തിന്റെ പ്ലാന്റേഷൻ വിഭാഗമായിരിക്കുമെന്നാണ്‌ കേന്ദ്ര സർക്കാർ കരുതുന്നത്. പുതിയ പ്ലാന്റേഷനുകൾക്കുള്ള സഹായം കേരളത്തിന്‌ ഇനി ലഭിക്കാൻ സാധ്യതയില്ലല്ലോ. റബ്ബറിന്‌ നീക്കിവെക്കുന്ന പണംമുഴുവൻ പുതിയ പ്ലാന്റേഷനുകൾ വികസിപ്പിക്കുന്നതിന്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്‌ നൽകുകയാണ്.

വാൽക്കഷണം:

റബ്ബറിന്റെ കാര്യത്തിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ വലിയൊരു തർക്കം നടക്കുന്നുണ്ട്-റബ്ബർ വ്യവസായമാണോ കൃഷിയാണോ എന്നതു സംബന്ധിച്ച്. വ്യവസായമെന്നനിലയിലാണ് ഇപ്പോഴത്തെ കരാർ. അതുമാറ്റണമെന്നാണ് കേരള സർക്കാരിന്റെയും കൃഷിക്കാരന്റെയും ആവശ്യം. എന്നാൽ, പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന പുതിയ റബ്ബർ നിയമത്തിൽ റബ്ബറിനെ വ്യവസായമായിട്ടാണ് നിർവചിക്കുന്നത്. അത്‌ നിയമമായാൽ പിന്നെ ഡബ്ല്യു.ടി.ഒ.യിലെ നമ്മുടെ ­വാദങ്ങളെല്ലാം അവസാനിക്കും.

Content Highlights: thomas issac

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..