പോരേ..പൂരം


തയ്യാറാക്കിയത്: ജി. രാജേഷ് കുമാർ, ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി

3 min read
Read later
Print
Share

പൂരം എന്നാൽ, തൃശ്ശൂർ പൂരം. ഇലഞ്ഞിത്തറയ്ക്കുചാരെ സിംഫണിതീർക്കുന്ന പാണ്ടിയും നാദത്തിന്റെ വേലിയേറ്റംതീർക്കുന്ന മഠത്തിൽവരവ്‌ പഞ്ചവാദ്യവും തെക്കോട്ടിറക്കവും ചമയത്തിൽ തിളങ്ങുന്ന ഗജവീരന്മാരും പൂഴിവീഴാത്ത പുരുഷാരവും ദിഗന്തംകുലുക്കുന്ന വെടിക്കെട്ടും. കാഴ്ചകളുടെ, ശബ്ദങ്ങളുടെ, ഗന്ധങ്ങളുടെ മാജിക്കൽ റിയലിസം. കേരളത്തിന്റെ തലപ്പൊക്കമായ പൂരത്തിന് ആമുഖം പറയുകയാണ് കേരളത്തെ തിടമ്പെഴുന്നള്ളിച്ച രണ്ടു കലാകാരന്മാർ: കലാമണ്ഡലം ഗോപിയും പെരുവനം കുട്ടൻ മാരാരും

.

‘‘തുടങ്ങിക്കോളൂ കുട്ടേട്ടാ...’’ ആംഗ്യംകാട്ടി കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻ മാരാരോട് പറഞ്ഞു. പെരുവനത്തിന്റെ കൈകളിലൂടെ താളമൊഴുകിത്തുടങ്ങി, ചെണ്ടയിലല്ലെന്നുമാത്രം. ഗോപിയാശാന്റെ കൈകളാകട്ടെ ഇലത്താളം പിടിച്ചെന്നമാതിരി മേലേക്കും താഴേക്കും താളത്തിൽ ചലിച്ചു.

മഹാപ്രതിഭകൾ വാദ്യോപകരണമില്ലാതെ സൃഷ്ടിച്ച താളപ്രപഞ്ചത്തിനുമുണ്ടായിരുന്നു സവിശേഷ ചന്തം. പൂരപ്പടിവാതിലിൽ ഹൃദ്യമായൊരു വർത്തമാനത്തിന് ശതാബ്ദിവർഷത്തിൽ മാതൃഭൂമി ഒരുക്കിയതായിരുന്നു അവസരം.

ആ പൂരവർത്തമാനങ്ങൾ ഇങ്ങനെ...
ഗോപിയാശാൻ: ‘‘ഞാൻ കുട്ടേട്ടാന്നേ വിളിക്കൂ... പ്രായംകൊണ്ട് ഇളപ്പമാണെങ്കിലും കലയിൽ അങ്ങയുടെ സ്ഥാനത്തിനുചേർന്ന വിളി അതുതന്നെയാ. അപ്പോ... കുട്ടേട്ടാ, നമ്മൾ തൃശ്ശൂരുകാരായത് എന്തൊരു ഭാഗ്യാ ല്ലേ... നമ്മടെ നാട് ലോകത്തിന് പൂരത്തെക്കാൾ നൽകിയ മറ്റൊന്നുണ്ടോ... പൂരത്തിൽ കേമം തൃശ്ശൂർ പൂരം. മേളത്തിൽ കേമം ഇലഞ്ഞിത്തറ. ന്താ ശരിയല്ലേ...’’

പെരുവനം: ‘‘ആശാനൊപ്പം ഇങ്ങനെ പൂരവർത്തമാനം പറയാൻ കിട്ടിയ അവസരം വലിയൊരു ഭാഗ്യം. അങ്ങയുടെ പൂരഭ്രമം പണ്ടേ ഞാൻ അറിഞ്ഞിട്ടുണ്ട്. ഇലഞ്ഞിത്തറ മേളത്തെ മേളത്തിൽ കേമം എന്ന് അങ്ങ് വിശേഷിപ്പിച്ചപ്പോൾ ചില ചിന്തകൾ കടന്നുവരുന്നു. സത്യമാണ്. കേമം തന്നെ. മൂന്നരമണിക്കൂർ 250-ഓളം കലാകാരന്മാർ ശബ്ദച്ചോർച്ചയില്ലാതെ, മേളക്കൊഴുപ്പു കുറയാതെ സൃഷ്ടിക്കുന്ന വാദ്യപ്രപഞ്ചം എങ്ങനെ കേമമാകാതിരിക്കും. അത് എന്റെ കേമത്തരമല്ല. മുൻഗാമികളായ മഹത്തുക്കളുടെ ഗുരുത്വം ഇലഞ്ഞിത്തറയിൽ ആവോളമുണ്ട്.’’
ഗോപിയാശാൻ: ‘‘ഇലഞ്ഞിത്തറയിലേക്ക് മേളത്തിനെത്തുംമുമ്പ് കുട്ടേട്ടൻ എന്തെങ്കിലും തയ്യാറെടുപ്പ് നടത്താറുണ്ടോ’’

കുട്ടൻ മാരാർ: ‘‘അനുഭവപരിചയം കൈമുതലാക്കി മാത്രമാണ് ഇലഞ്ഞിത്തറയിലേക്കെത്തുന്നത്. ഇവിടത്തെ മേളത്തിന് ഒരു ചിട്ട പഴയ പ്രമാണിമാർ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അവർക്കൊപ്പം കൊട്ടിശീലിച്ചതിന്റെ ഗുണം ആ തണലിലെത്തുമ്പോൾ താനേ കൈവരും. പിന്നെ എന്നെക്കൊണ്ടാവുന്നതരത്തിൽ, നമ്മുടേതായ ഭാഷയിൽ എത്രയും ഭംഗിയാക്കാൻ ശ്രമിക്കും. ഓരോ ഇലഞ്ഞിത്തറമേളം കഴിയുമ്പോഴും മേളാസ്വാദകരുടെ മുഖത്തുവിരിയുന്ന സന്തോഷം നൽകുന്ന തൃപ്തി ചെറുതല്ല.’’

ഗോപിയാശാൻ: ‘‘എന്നെ കഥകളിക്കാരനായി മാത്രം കാണണ്ടകേട്ടോ. കലാരംഗത്തേക്ക് ഞാൻ ചുവടുവെച്ചത് ഇലത്താളം കൈയിൽപ്പിടിച്ചായിരുന്നു. എന്റെ അമ്മാവൻ വടക്കൻ നാരായണൻ നായർ പേരുകേട്ട ഇലത്താളപ്രമാണിയായിരുന്നു. പൂരമേളത്തിൽ അമ്മാവൻ സ്ഥിരസാന്നിധ്യമായിരുന്നു. നല്ല ഉയരമുള്ള അദ്ദേഹം ഇലത്താളം മേലോട്ടുയർത്തി താളവിസ്മയം തീർക്കുന്നതുകണ്ട്‌ വളർന്ന ഞാനും ആ വഴിക്ക് ഒരു കൈ നോക്കിയിരുന്നു. പിന്നെ ഓട്ടൻ തുള്ളൽ വഴി കഥകളിയിലെത്തിയത് ദൈവനിശ്ചയമായിരിക്കാം...’’
കുട്ടൻ മാരാർ: ‘‘ആശാന്റെ മനസ്സിൽ അന്നത്തെ താളം നന്നായി ഉറച്ചതുകൊണ്ടാണ് കഥകളിയിൽ തിളങ്ങിയതെന്നാണ് എന്റെപക്ഷം. അടിസ്ഥാനപരമായി കല മനസ്സിലുണ്ടെങ്കിൽ പിന്നെ എല്ലാം വഴിയേവരും. ഇപ്പോൾ കവിതയെഴുത്തിൽവരെ ആശാനെത്തി.’’
ഗോപിയാശാൻ: ‘‘കഥകളിത്തിരക്കിൽ നിൽക്കുമ്പോൾ പൂരനാളിൽ എറണാകുളത്തിനപ്പുറം കഥകളി ഏൽക്കാറില്ലെന്നത് ഒരു പതിവായിരുന്നു. രാത്രി കഥകളികഴിഞ്ഞ് വെടിക്കെട്ടിനുമുമ്പ് പൂരപ്പറമ്പിലെത്താനുള്ള ഓട്ടമായിരുന്നു. കോട്ടയ്ക്കൽ ശിവരാമനും കൂടെയുണ്ടാവും. തീവണ്ടിയിറങ്ങിയാൽ എത്രയും വേഗം പൂരപ്പറമ്പിലെത്താനുള്ള ഓട്ടം. ഞാൻ മുന്നിൽ, പിന്നാലേ ശിവരാമൻ. മനംനിറഞ്ഞ് വെടിക്കെട്ട് കാണും. ഹോ... അതു കഴിയുമ്പോൾ ഉണ്ടാകുന്ന രസമുണ്ടല്ലോ... അനുഭവിച്ചാലേ അതറിയൂ.’’

കുട്ടൻ മാരാർ: ‘‘കുട്ടിക്കാലംമുതൽ മേളം കണ്ടു വളർന്നവനാണ് ഞാൻ. അച്ഛൻ പൂരത്തിനുപോകുമ്പോൾ കൂടെ ഞാനും പോകാറുണ്ടായിരുന്നു. പുറത്തുനിന്ന് മേളം കാണും. അച്ഛന്റെ കൈകൾ‌ക്കൊപ്പം എന്റെ കൈകളും ചലിക്കും. അന്നൊരു മോഹമായിരുന്നു ഇലഞ്ഞിത്തറയിൽ കൊട്ടണമെന്നത്. അത് നടന്നു. പിന്നെ പ്രമാണിയായി. റെക്കോഡായി. ഇനി ഇതിൽക്കൂടുതലൊന്നും കിട്ടാനില്ല.’’

ഗോപിയാശാൻ: ‘‘കുട്ടേട്ടാ, ഈ കുടമാറ്റം ശരിക്കും ഒരു മാജിക് പോലെയല്ലേ. ഏതിനാണ് ഭംഗിയെന്ന് കാണുന്നവരെ ആശങ്കയിലാക്കുന്ന കാഴ്ചയ്ക്ക് കുടമാറ്റമെന്നല്ലാതെ എന്തു പേരിട്ടുവിളിക്കും.’’

കുട്ടൻ മാരാർ: ‘‘ശക്തൻ തമ്പുരാൻ പൂരം സംവിധാനം ചെയ്തപ്പോൾ ചെയ്ത ഏറ്റവും മികച്ച വിസ്മയമാണ് കുടമാറ്റം. കാണികൾ അധികം അറിയാത്ത ഒരു കാര്യം ഇതിലുണ്ട്. മേളത്തിന്റെ കലാശം തീരുന്നമുറയ്ക്കാണ് കുടകൾ മാറിവരുന്നതെന്ന കാര്യം. അതുപോലെ ഓരോ കലാശത്തിന്റെയും ഒടുവിലാണ് ആലവട്ടവും വെഞ്ചാമരവും വീശുന്നതെന്നകാര്യവും. അതായത് താളവും മേളവും വർണവും എല്ലാം ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന് ഇതില്പരം തെളിവു വേറെവേണോ. ഒന്നുകഴിഞ്ഞുവരുന്ന അടുത്തത് അതിലും കേമം എന്ന് മാജിക്കിൽ തോന്നുംപോലെയാണ് പൂരത്തിൽ ഓരോന്നും.’’

ഗോപിയാശാൻ: ‘‘എനിക്കൊരു സംശയം. ഒരു പൂരത്തിന് ഉപയോഗിക്കുന്ന കുടയും ചമയങ്ങളും അക്കൊല്ലം മാത്രമേ ഉപയോഗിക്കൂ എന്നു കേൾക്കാറുണ്ട്. ശരിയാണോ.’’

കുട്ടൻ മാരാർ: ‘‘ശരിയാണ്. കുടയുടെ ശീലകളും പിടിയിലെ പട്ടും ഒക്കെ മാറ്റും. പുത്തനാക്കും. ആനച്ചമയങ്ങളും പുതിയതാക്കും. ചമയപ്രദർശനത്തിൽ ഇതെല്ലാം പ്രദർശിപ്പിക്കുകയും ചെയ്യും.
ഗോപിയാശാൻ: ഇപ്പോ തൃശ്ശൂർ പൂരത്തിന്റെ ശൈലിയിൽ തെക്കോട്ടും വടക്കോട്ടും പൂരങ്ങൾ ഉണ്ടാവുന്നുണ്ടല്ലോ. അതൊരു നല്ലകാര്യമായിട്ടാ ഞാൻ കാണുന്നത്.’’
കുട്ടൻ മാരാർ: ‘‘ശരിയാണ്, തൃശ്ശൂർ പൂരത്തിന്റെ പ്രശസ്തി അങ്ങനെ വളരട്ടെ.’’
ഗോപിയാശാൻ: ‘‘ഇവിടന്നുള്ള കാറ്റ് തെക്കോട്ടും വടക്കോട്ടും വീശട്ടെ. തൃശ്ശൂർ പൂരം പുകൾപെറ്റതാകട്ടെ.’’

Content Highlights: thrissur pooram 2022thrissur pooram 2022

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..