ഉദ്ധവ്താക്കറെ| Photo: ANI
മഹാരാഷ്ട്രാരാഷ്ട്രീയത്തിലെ ഭരണപ്രതിസന്ധിക്കുകാരണം ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ഭ്രമണപഥത്തിലെ ഏതാനും ഉപഗ്രഹങ്ങളും സൃഷ്ടിച്ചെടുത്തതാണെന്ന് പറയാം. ബാൽതാക്കറെ കുടുംബത്തിൽനിന്ന് ആരും അധികാരത്തിന്റെ വഴിയിൽ സഞ്ചരിച്ചിട്ടില്ല. പിറകിലിരുന്ന് ഭരണനിർവഹണം നടത്തുകയാണ് പതിവ്. ഭരണാധികാരിയെക്കാൾ അധികാരവും സമ്പത്തും ബാന്ദ്ര കലാനഗറിലെ മാതോശ്രീ എന്ന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത് അങ്ങനെയാണ്. അവിടെനിന്നാണ് ശരദ്പവാർ രൂപംനൽകിയ മഹാവികാസ് അഘാഡിയുടെ അധികാരത്തിലേക്ക് ഉദ്ധവ് താക്കറെ നിയമിതനാവുന്നത്. വന്യജീവി ഫോട്ടോഗ്രാഫിയും കുടുംബജീവിതവുമായിനടന്ന ഉദ്ധവിനെ, മുഖ്യമന്ത്രിപദത്തിൽ വാഴിച്ചതിനും വീഴിച്ചതിനും പിന്നിൽ ശരദ്പവാറിനും പങ്കുണ്ട്. ഹൃദ്രോഗമുൾപ്പെടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടുന്ന ഉദ്ധവ് താക്കറെ, അധികാരത്തെക്കാൾ തന്നിലേക്കൊതുങ്ങി ഭരണം നിർവഹിക്കാനാണ് ശ്രമിച്ചത്. ഇത് സഖ്യപാർട്ടികൾ നന്നായി മുതലെടുത്തു.
പാർട്ടിയെ അറിഞ്ഞില്ല, പണി കിട്ടി
അധികാരത്തിലെത്തിയതോടെ ഉദ്ധവ് താക്കറെ ചിലരുടെ വാക്കുകൾക്കുമാത്രം കാതുനൽകി. ശിവസേനയിലെ മുൻനിരനേതാക്കളെയും എം.എൽ.എ.മാരെയും അവഗണിച്ചു. സഖ്യം രൂപപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർന്നുവന്ന പേരാണ് താനെ മേഖലയിലെ ശിവസേനാമുഖമായ ഏക്‌നാഥ് ഷിന്ദേയുടേത്. എന്നാൽ, സഖ്യത്തെ നയിക്കാൻ ഉദ്ധവ് താക്കറെതന്നെ മുഖ്യമന്ത്രിയാവണമെന്ന നിർദേശം വന്നതോടെ പിറകിലേക്ക് മാറ്റിനിർത്തപ്പെട്ട ഷിന്ദേയാണ് ഇപ്പോൾ ശിവസേനാഛത്രപതിക്കും ഭരണത്തിനും ശരദ്പവാറിന്റെ സ്വപ്നസഖ്യത്തിനും തലവേദനയായിട്ടുള്ളത്.ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ, രാജ്യസഭാംഗം സഞ്ജയ് റാവുത്ത് എന്നീ മുൻനിരനേതാക്കളും വിരലിലെണ്ണാവുന്ന ഏതാനുംപേരുംമാത്രം ഉണ്ടാക്കിയ ഭരണനിർവഹണ കൂട്ടുകെട്ടാണ് മഹാരാഷ്ട്ര മഹാവികാസ് അഘാഡി സർക്കാരിനെ ഈ പതനത്തിലേക്കെത്തിച്ചത്. ബാൽതാക്കറെയുടെ കാലത്ത് അദ്ദേഹത്തോട് ചേർന്നുനിന്ന ഏക്‌നാഥ് ഷിന്ദേ, സുഭാഷ് ദേശായി ഉൾപ്പെടെയുള്ള ഒട്ടേറെ നേതാക്കൾക്ക് പുതി യ ശിവസേനാകാലത്ത് മുഖവും ശബ്ദവുമുണ്ടായിരുന്നില്ല. നഗരവികസന-പൊതുമരാമത്ത് മന്ത്രിയായിരുന്നെങ്കിലും ഏക്‌നാഥ് ഷിന്ദേയുടെ വകുപ്പിലെ കാര്യങ്ങളിൽ ശിവസേനയിലെ കൊച്ചുപയ്യനായ ആദിത്യ താക്കറെ നടത്തിയ ഇടപെടലുകളും അമിതമായ കൈകടത്തലും ഷിന്ദേയെ ചൊടിപ്പിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ബി.ജെ.പി. കാത്തിരുന്ന അവസരം
ശിവസേനയ്ക്കുള്ളിൽ സ്വാഭാവികമായി രൂപപ്പെട്ട ആഭ്യന്തരകലാപത്തെ നിശ്ശബ്ദമായി വീക്ഷിക്കുകയായിരുന്നു ബി.ജെ.പി. അത് പൊട്ടിത്തെറിയിലെത്തുമെന്ന് വന്നതോടെയാണ് വിമത എം.എൽ.എ.മാരെ സൂറത്തിലേക്കും അവിടെനിന്ന് ഗുവാഹാട്ടിയിലേക്കും അവർ മാറ്റിയത്.ബി.ജെ.പി. ദേശീയനേതൃത്വത്തിന്റെ ഇടപെടലിനൊപ്പം ദേവേന്ദ്ര ഫഡ്‌നവിസ്, പാർട്ടി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ എന്നിവരുടെ നിർദേശങ്ങളാണ് ഇപ്പോൾ ഏക്‌നാഥ് ഷിന്ദെയെ നയിക്കുന്നത്. ശിവസേനാ എം.എൽ.എ.മാരുടെ മൂന്നിൽരണ്ട് ഭൂരിപക്ഷം ഏക്‌നാഥ് ഷിന്ദേ സംഘടിപ്പിക്കുമെന്നതിൽ സംശയമില്ല. ബി.ജെ.പി.യുടെ എല്ലാ ആശീർവാദങ്ങളും ഷിന്ദേയ്ക്കുണ്ട്. ഫഡ്‌നവിസ് മുഖ്യമന്ത്രിയായും ഏക്‌നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയായുമുള്ള പുതിയ സർക്കാരിനെ അധികാരത്തിലെത്തിക്കാനാണ് പദ്ധതി. മഹാരാഷ്ട്രാ രാജ്ഭവൻ ഇതിനുവേണ്ട ചരടുകൾ വലിച്ചുതുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ‘വർഷ’യിൽനിന്ന് ബുധനാഴ്ചരാത്രി ഒമ്പതുമണിയോടെ ഉദ്ധവ് താക്കറെ ഒഴിഞ്ഞുപോയതിനുപിന്നിൽ ഈ സന്ദേശമുണ്ട്. തനിക്ക് മുഖ്യമന്ത്രിപദവി ആവശ്യമില്ലെന്നും പാർട്ടി നേതൃസ്ഥാനവും വിട്ടൊഴിയാൻ തയ്യാറാണെന്നുമുള്ള സന്ദേശംനൽകി ഉദ്ധവ് താക്കറെ നിഗൂഢമായി രക്തസാക്ഷിപരിവേഷവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാലത് അസാധ്യമാക്കുംവിധം ശിവസേനാ വിമതക്യാമ്പ് ശക്തമാണ്. ബി.ജെ.പി.യും ഏക്‌നാഥ് ഷിന്ദേയും വിമതരും ചേർന്ന് സർക്കാർ രൂപവത്‌കരിച്ചാൽ എൻ.സി.പി.യുടെ, ജയിലിൽക്കിടക്കുന്ന രണ്ട് മന്ത്രിമാരുടെപേരിലുള്ള കേസും മറ്റുകേസുകളും സജീവമാകും. ഹിന്ദുത്വത്തെ അംഗീകരിക്കുന്ന ബി.ജെ.പി.യോടൊപ്പം ചേർന്നുനിൽക്കാനാണ് ഏക്‌നാഥ് ഷിന്ദേ ക്യാമ്പിന് താത്‌പര്യം. മഹാവികാസ് അഘാഡി സർക്കാരിലൂടെ നേട്ടമുണ്ടാക്കിയത് എൻ.സി.പി.യും കോൺഗ്രസുമാണെന്ന് ഏക്‌നാഥ് ഷിന്ദേ ക്യാമ്പ് ആരോപിച്ചതിനുപിന്നിലും ഈ താത്‌പര്യമുണ്ട്.
ലക്ഷ്യം ലോക്‌സഭ-പ്രസിഡന്റ് തിരഞ്ഞെടുപ്പ്
2024-ൽ നടക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിൽ 48 ലോക്‌സഭാംഗങ്ങളുള്ള മഹാരാഷ്ട്ര ബി.ജെ.പി.യെ സംബന്ധിച്ച് പ്രധാനമാണ്. ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനമായ മുംബൈ ഉൾക്കൊള്ളുന്ന മഹാരാഷ്ട്രയെ നിയന്ത്രണത്തിലാക്കുക എന്നത് ബി.ജെ.പി.യുടെ രാഷ്ട്രീയ അജൻഡയുമായിരുന്നു. ശിവസേനാവിമതർ നടത്തിയ നീക്കം അതിന് വഴിയൊരുക്കുകയുംചെയ്യും. ആദർശത്തെക്കാൾ പണവും അധികാരവും പ്രബലമായ മഹാരാഷ്ട്രാരാഷ്ട്രീയത്തിൽ വരുംനാളുകളിൽ കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിൽനിന്ന് ശക്തമായ കൊഴിഞ്ഞുപോക്ക് ഉണ്ടാവുമെന്നതിൽ സംശയമില്ല. ദുർബലനായ ഉദ്ധവ് താക്കറെയോടൊപ്പം കോൺഗ്രസ്-എൻ.സി.പി. സഖ്യം തുടരുമോ എന്നകാര്യം കാത്തിരുന്നുകാണാം.
ഏക്‌നാഥ് ഷിന്ദേ ഓട്ടോഡ്രൈവറിൽനിന്ന് മന്ത്രിപദവിയിലേക്ക്
ഏക്‌നാഥ് ഷിന്ദേ. ഓട്ടോഡ്രൈവറിൽനിന്ന് ബാൽതാക്കറെയുടെ ‘മാതോശ്രീ’യിലെ വിശ്വസ്തനായി വളർന്ന് മന്ത്രിപദംവരെയെത്തിയ ശിവസൈനികൻ. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറയിൽ പാവപ്പെട്ട കുടുംബത്തിലാണ് ഷിന്ദേയുടെ ജനനം. ഉപജീവനത്തിന് ഓട്ടോഡ്രൈവറുടെ വേഷമണിഞ്ഞിരുന്ന ഷിന്ദേ, സ്വകാര്യകമ്പനിയിലെ ജോലിയുമായി കഴിയവേയാണ് ശിവസേനയുമായി അടുക്കുന്നത്. ശിവസേനാ നേതാവ് പരേതനായ ആനന്ദ് ദിഗെയുമായുള്ള ബന്ധമാണ് രാഷ്ട്രീയത്തിൽ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ വലംകൈയായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് ഇടംപിടിച്ചു.താനെയിൽ ശിവസേനയുടെ കരുത്തനായ നേതാവാണ് ഷിന്ദേ. ആനന്ദ് ഡിഗെയ്ക്കുശേഷം പാർട്ടിയുടെ താനെ ജില്ലയിലെ അനിഷേധ്യനേതാവായി ഷിന്ദേ ഉയരുകയായിരുന്നു.
ശിവസേനയുടെ വാഗ്ലെ എസ്റ്റേറ്റ് ശാഖാപ്രമുഖ് ആയാണ് തുടക്കം. പിന്നീട് താനെ കോർപ്പറേഷൻ കൗൺസിലറായി. നാലുവർഷം താനെ കോർപ്പറേഷൻ മേയറായിരുന്നു. തുടർന്ന് തുടർച്ചയായി നാലു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം. ആദ്യം 2004-ൽ താനെ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ഷിന്ദേ, 2009 മുതൽ മൂന്നുതവണ കോപ്രി -പഞ്ച്പഖാഡിയിലാണ് ജയിച്ചത്. നിലവിൽ ഈ മണ്ഡലത്തിന്റെ എം.എൽ.എ.യാണ് ഈ അൻപത്തെട്ടുകാരൻ. പ്രവർത്തനരീതിയും പാർട്ടിയോടുള്ള അർപ്പണബോധവും ഷിന്ദേക്ക് ബാൽതാക്കറെയുടെ വസതിയായ ‘മാതോശ്രീ’യിലേക്കുള്ള വാതിൽ തുറന്നു. പാർട്ടിയിലെ സഹപ്രവർത്തകർക്കിടയിൽ ‘ഭായ്’ എന്നപേരിൽ സ്നേഹത്തോടെ വിളിക്കപ്പെടുന്ന ഷിന്ദേ, എല്ലാ പാർട്ടികളിലെയും നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു.
താനെയിലും പുറത്തും ശിവസേനയുടെ വളർച്ചയ്ക്ക് നിർണായകസംഭാവനകൾ ചെയ്ത ഷിന്ദേ, കുടുംബക്കാർക്ക് ‘സീറ്റ് ഉറപ്പി’ക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. മകൻ ശ്രീകാന്ത് ഷിന്ദേ കല്യാണിൽനിന്നുള്ള ലോക്‌സഭാ എം.പി.യും സഹോദരൻ പ്രകാശ് ഷിന്ദേ കൗൺസിലറുമാണ്.
ബി.ജെ.പി.യുമായി ശിവസേന വഴിപിരിഞ്ഞ 2014-ൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവായി ഷിന്ദേയാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മഹാ വികാസ് അഘാഡി (എം.വി.എ.) സർക്കാരിൽ കാബിനറ്റ് മന്ത്രിയായി. താനെയിലും പരിസരപ്രദേശങ്ങളിലും അദ്ദേഹം ശിവസേനയുടെ ട്രബിൾഷൂട്ടറായാണ് അറിയപ്പെട്ടിരുന്നത്. പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് വിജയംകൊയ്ത 2017-ലെ താനെ കോർപ്പറേഷൻ, ജില്ലാപരിഷത്ത് തിരഞ്ഞെടുപ്പുകളിൽ ഷിന്ദേക്ക് പ്രധാനപങ്കുണ്ടായിരുന്നു.
Content Highlights: Udhav Thackeray Maharastra Political Crises
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..