റഷ്യ-യുക്രൈൻ സംഘർഷം മൂർച്ഛിക്കുമ്പോൾ ഇന്ത്യ സ്വീകരിക്കുന്ന നിലപാടാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. റഷ്യയെയും അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങളെയും പിണക്കാതെ ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര സമീപനം ശരിയാണെന്ന് മുതിർന്ന വിദേശകാര്യ വിദഗ്ധനായ കെ.പി. ഫാബിയാൻ. മാതൃഭൂമി പ്രതിനിധി മനോജ് മേനോനുമായി നടത്തിയ ആഭിമുഖസംഭാഷണത്തിൽനിന്ന്.
റഷ്യയുടെ നടപടിയെ അപലപിക്കുന്ന കരടുപ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ വോട്ടിനിട്ടപ്പോൾ ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം കൊണ്ടുവന്നത്. ഇന്ത്യയുടെ നിലപാടിനെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത് ?
പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്ന നിലപാട് ശരിയാണെന്നാണ് എന്റെ അഭിപ്രായം. കാരണം, അമേരിക്കയുമായും റഷ്യയുമായും നല്ലബന്ധം ഒരേസമയം നിലനിർത്തുക എന്നത് ഇന്ത്യയുടെ ആവശ്യമാണ്. നയതന്ത്രം എന്നാൽ, എല്ലാവർക്കുമൊപ്പം നിലയുറപ്പിക്കാനുള്ള ശേഷി എന്നാണർഥം. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി ടി.എസ്. തിരുമൂർത്തി നടത്തിയ പ്രസ്താവനയും യുക്തമാണ്. എല്ലാവരും സംയമനം പാലിക്കുക, സമാധാനം ഉറപ്പാക്കുക, എന്നിട്ട് ഒരു മേശയ്ക്കുചുറ്റുമിരുന്ന് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുക എന്ന സമീപനമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇന്ത്യയെടുത്ത നിലപാട് ശരിയാണ്. അമേരിക്കയ്ക്ക് അതത്ര ഇഷ്ടമായിട്ടില്ല. എന്നാൽ, റഷ്യയെ അപലപിക്കുന്ന പ്രമേയത്തിൽ നമ്മൾ വോട്ടു ചെയ്തിരുന്നെങ്കിൽ, നമ്മുടെ വോട്ടുകൊണ്ട് പ്രമേയത്തിന്റെ സ്ഥിതിയിൽ ഒരു വ്യത്യാസവും വരാൻപോകുന്നില്ല. റഷ്യ ആ പ്രമേയം നിരാകരിക്കുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അതോടെ റഷ്യയുമായുള്ള നമ്മുടെ ബന്ധം വഷളാകും. അതിനാൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത് ഉചിതമായി.
അമേരിക്കയുമായുള്ള ബന്ധവും ഇന്ത്യക്ക് സുപ്രധാനമാണ്. യു.എന്നിൽ ഇന്ത്യ സ്വീകരിച്ച നിലപാട് അമേരിക്കയെ ചൊടിപ്പിക്കും. ഭാവിയിൽ ഇത് എങ്ങനെ ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കും ?
അതും ഒരു നയതന്ത്രവിഷയമാണ്. മാത്രമല്ല, റഷ്യയിൽനിന്ന് എസ്.400 മിസൈൽ സംവിധാനം നമ്മൾ വാങ്ങുന്ന കാര്യത്തിൽ അമേരിക്ക കൂടുതൽ സമ്മർദം ചെലുത്തും. ഇക്കാര്യത്തിൽ തന്ത്രപരമായ സമീപനം ഇന്ത്യ സ്വീകരിക്കണം. ഇന്ത്യക്ക് എസ്.400 മിസൈൽ സംവിധാനം അനിവാര്യമാണെന്നും അതുകൊണ്ടാണ് റഷ്യയിൽനിന്ന് വാങ്ങുന്നതെന്നുമുള്ള നിലപാട് നമ്മൾ സ്വീകരിക്കണം. ഇന്ത്യയുടെ അടുത്തസുഹൃത്തായ അമേരിക്കയ്ക്ക് അത് മനസ്സിലാക്കാൻ കഴിയുമെന്നാണ് ഇന്ത്യ കരുതുന്നതെന്ന സമീപനം അവരെ ബോധ്യപ്പെടുത്തണം.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ആരുടെ പിന്തുണയാണ് നമുക്ക് അനിവാര്യം? അമേരിക്കയോ റഷ്യയോ ?
നമുക്ക് രണ്ടുപേരുമായും നല്ലബന്ധം വേണം. ഇതിൽ നമുക്ക് ഒരു തിരഞ്ഞെടുപ്പിന് സാധ്യതയില്ല. അമേരിക്കയുടെ ഇപ്പോഴുള്ള ദേഷ്യം കുറച്ചുകഴിയുമ്പോൾ മാറും.
യുക്രൈനെ റഷ്യ ആക്രമിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകൾ നിരാശപ്പെടുത്തുന്നെന്ന് കഴിഞ്ഞദിവസം യുക്രൈൻ സ്ഥാനപതി അഭിപ്രായപ്പെട്ടിരുന്നു. എന്താണ് പ്രതികരണം ?
നമ്മുടെ നിലപാട് നമ്മുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. അതിനാൽ ഇന്ത്യ എടുത്ത നിലപാട് ശരിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്നത്തിൽ ഇടപെടണമെന്നും യുക്രൈൻ സ്ഥാനപതി അഭ്യർഥിച്ചിരുന്നു. അതിലൊന്നും വലിയ കാര്യമില്ല. ഇന്ത്യയുടെ ഇടപെടലിനൊന്നും ഈ വിഷയത്തിൽ സാധ്യതയില്ല. അത് അത്ര കാര്യമായി എടുക്കേണ്ടതില്ല.
റഷ്യ-യുക്രൈൻ സംഘർഷം പരിഹരിക്കുന്നതിന് നയതന്ത്ര തലത്തിൽ ഇന്ത്യക്ക് എന്തെങ്കിലും പങ്കു വഹിക്കാൻ കഴിയുമോ ?പങ്ക് വഹിക്കാനുണ്ടോ ?
ഇല്ല. അതിനുള്ള സാധ്യതയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..