മല്ലപ്പള്ളി (പത്തനംതിട്ട): പോളണ്ട് അതിർത്തി തുറക്കുന്നതും കാത്ത് യുക്രൈനിലെ ഷെയ്‌നിൽ ആയിരങ്ങൾ നിൽക്കാൻ തുടങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടുകഴിഞ്ഞു. ലിവീവ് നഗരം വിട്ട് എത്തിയവരാണിവർ.
മുന്നൂറിലധികം ഇന്ത്യക്കാരുണ്ട്. അതിൽ നൂറോളം മലയാളികൾ. മിക്കവരുടെ കൈകളിലും ഒരു ബാഗും പാസ്പോർട്ടും മാത്രം. ലിവീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ രണ്ടാംവർഷ വൈദ്യശാസ്ത്ര വിദ്യാർഥിയായ കോട്ടാങ്ങൽ ചുങ്കപ്പാറ മേലേമണ്ണിൽ അൽഫോൺസ് തോമസും ഇവരിലൊരാൾ.
ആറ് ഡിഗ്രിയാണ് ഇവിടെ താപനില. ഇട്ടിരിക്കുന്ന വസ്ത്രമേ അൽഫോൺസിനും ഉള്ളൂ. യുദ്ധമെത്തുംമുമ്പ് നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. മാർച്ച് മൂന്നിനാണ് വിമാനം. പക്ഷേ, റഷ്യയുടെ ആദ്യ ആക്രമണത്തിൽത്തന്നെ ലിവീവ് നടുങ്ങി. എല്ലാവരും കിട്ടിയതുമായി ഓടി ബങ്കറുകളിൽ ഒളിച്ചു. കിട്ടിയ കാറിൽ പോളണ്ട് അതിർത്തിയിലേക്ക് തിരിച്ചു. 70 കിലോമീറ്റർ കാറിലും ബാക്കി നടന്നും ഒരുവിധത്തിൽ ലക്ഷ്യത്തിലെത്തി. ഭക്ഷണം കുറവാണ്.
‘‘പോളണ്ട് അതിർത്തിയിലെ കൂറ്റൻ കവാടം അടച്ചിട്ടിരിക്കുകയാണ്. തുറന്നാൽ ഇന്ത്യക്കാരെയെങ്കിലും കടത്തിവിടുമെന്ന പ്രതീക്ഷയിലാണ്’’- അൽഫോൺസ് പറഞ്ഞു.
ആഹാരം കുറച്ചേയുള്ളൂ...
തിരുവനന്തപുരം: കരുതിയിരുന്ന ആപ്പിളും ബ്രഡും വെള്ളവുമൊക്കെ തീരാറായി. തരിമണൽപ്പൊടി നിറഞ്ഞ ബങ്കറിലെ തണുപ്പ് സഹിക്കാനാകുന്നില്ല. പലർക്കും പനിയും ജലദോഷവും. കടുത്ത ആശങ്കയിലാണ് കീവിലെ ഒ.ഒ. ബോഗോമോളെറ്റ്‌സ് നാഷണൽ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർഥിനി ആറ്റുകാൽ റാണാകോട്ടേജിൽ കീർത്തന മീനു സൻജോഗും കൂട്ടുകാരും.
നാനൂറോളം മലയാളികൾ ഉൾപ്പെടെ ആയിരത്തോളം വിദ്യാർഥികൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ ബങ്കറിലുണ്ട്. തൊട്ടടുത്ത് കടയുണ്ടെങ്കിലും ബോംബാക്രമണം ഭയന്ന് പുറത്തിറങ്ങാൻ പേടി.
എവിടെയൊക്കെയോ ബോംബ് െപാട്ടുന്ന ശബ്ദം കേൾക്കാം. റോഡിൽ പട്ടാളക്കാരും അവരുടെ വാഹനങ്ങളും മാത്രമേയുള്ളൂ. വൈദ്യുതിനിലയം ബോംബാക്രമണത്തിൽ തകർന്നുവെന്നാണ് കേൾക്കുന്നത്. ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. കീർത്തന വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിക്കാറുണ്ടെന്ന് അച്ഛൻ എം.പി. സൻജോഗ് പറഞ്ഞു.
പേടിയാണ് ഞങ്ങൾക്ക്...
കോഴിക്കോട്: ‘‘മെട്രോ ബങ്കറിലെ ഇരുട്ടിൽ തങ്ങൾ നിസ്സഹായരാണ്’’- കണ്ണൂർകാരി അപർണ വിനോദ് പറഞ്ഞു. റഷ്യയുടെ അടുത്തുള്ള കിഴക്കൻ യുക്രൈനിൽ അയ്യായിരത്തോളം വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഏറെയും ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവർ.
എ.ടി.എമ്മിൽ പണമെടുക്കാൻ പോയവർ യുദ്ധത്തിന്റെ സൈറൺ മുഴങ്ങുമ്പോൾ ഓടിപ്പോരുകയാണെന്ന് കടലുണ്ടിയിലെ ഖ്യാതി ചെറുകാട്ട് സെറിൻ പറഞ്ഞു. അപ്പാർട്ട്മെന്റുകളുടെ ബേസ്‌മെൻറിൽ കഴിയുന്ന കുട്ടികൾക്ക് മൊബൈൽ ചാർജ് ചെയ്യാൻ പോലുമാവുന്നില്ല. ‘സൈറൺ മുഴങ്ങുമ്പോൾ ആകെ പകച്ചുപോവുന്നു’- മൈക്കോലേവിൽനിന്ന് ആയഞ്ചേരി സ്വദേശി അഞ്ജലിയും മാരാരികുളത്തെ ആര്യയും പറഞ്ഞു. പെട്രോ മൊഹാലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണിവർ.
മാവൂരിലെ കൂളിമാട് തീരത്തെ അലവിയുടെ മകൻ അജ്‌വദും കീവിലെ നൊമാണോസോവയിൽ ബേസ്‌മെൻറിൽ കഴിയുകയാണ്. താരാഷെവ്ശങ്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. ഇവാനോയിൽനിന്ന് 150 മലയാളി വിദ്യാർഥികളുമായി രണ്ടു ബസ് റൊമാനിയാ അതിർത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏജൻറുമാർതന്നെ ഏർപ്പാടാക്കിയ ബസുകളിലാണ് രണ്ടുംകല്പിച്ച് യാത്രപുറപ്പെട്ടതെന്ന് ഇവാനോ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഭിമന്യു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..