മാതൃഭൂമി ഹെൽപ്  ഡെസ്കിലേക്ക് ഫോൺവിളിപ്രവാഹംകോഴിക്കോട്: ‘‘മക്കളെ ബന്ധപ്പെടാൻ കഴിയുന്നില്ല. അതിർത്തി കടത്തിവിടാൻ എംബസി വഴി എന്തെങ്കിലും ചെയ്യാനാവുമോ...?’’ -യുെെക്രനിലുള്ള ഉറ്റവരെ രക്ഷിച്ച് നാട്ടിലെത്തിക്കാനുള്ള കച്ചിത്തുരുന്പ് തേടിയായിരുന്നു ആകുലതയോടെ ആ രക്ഷിതാവിന്റെ ഫോൺവിളി. യുക്രൈനിൽ യുദ്ധക്കെടുതികൾക്കിടെ പുറത്തിറങ്ങാൻപോലും കഴിയാതെ ഒറ്റപ്പെട്ട പ്രിയപ്പെട്ടവർക്കായി സമാനമായി സഹായമഭ്യർഥിച്ച് മാതൃഭൂമി ഹെൽപ് ഡെസ്കിലേക്ക് ഫോൺവിളികളുടെ പ്രവാഹമായിരുന്നു ശനിയാഴ്ച.
യാത്രയ്ക്ക് വാഹനം കിട്ടാൻ മാർഗമില്ലെന്ന ആശങ്കകളും പലരും പങ്കുവെച്ചു. യുക്രൈനിൽനിന്ന് കഴിഞ്ഞദിവസം തിരിച്ചെത്തി ഹെൽപ് ഡെസ്കിന്റെ ഭാഗമായ മെഡിക്കൽ വിദ്യാർഥികൾ ഫോണിലൂടെ കാര്യങ്ങൾ വിശദീകരിച്ചതോടെ പലരുടെയും ആശങ്ക കുറഞ്ഞു. സഹപാഠികളെ വിളിച്ചപ്പോൾ അവരെല്ലാം സുരക്ഷിതരാണെന്നും അപകടത്തിലല്ലെന്നും പറഞ്ഞതോടെ പലർക്കും ആശ്വാസമായി. ഫോണിലൂടെ ലഭിച്ച വിവരങ്ങൾ അവരുടെ അവസ്ഥയടക്കം വിവരിച്ച് ഹെൽപ് ഡെസ്കിൽനിന്ന് വിദേശകാര്യ മന്ത്രാലയത്തിനും നോർക്ക റൂട്ട്‌സിനും കൈമാറി.
ഇന്ത്യക്ക്‌ എംബസി ഇല്ലാത്ത മൊൾഡോവ പോലുള്ള രാജ്യങ്ങളുടെ അതിർത്തിയിൽപ്പെട്ടവരെ രക്ഷിക്കാൻ പകരംസംവിധാനമൊരുക്കുമെന്ന് ഹെൽപ് ഡെസ്കിൽ നിന്നയച്ച ഇ-മെയിൽ സന്ദേശത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. അകപ്പെട്ടുപോയ എല്ലാ മലയാളികളുടെയും വിവരങ്ങൾ യുക്രൈൻ എംബസിക്കും വിദേശകാര്യ മന്ത്രാലയം കൈമാറി.
നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഹെൽപ് ഡെസ്ക് ടീം അംഗങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. എംബസികളില്ലാത്ത അതിർത്തികളിൽപ്പെട്ടുപോയവർക്കായി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ബദൽ സഹായങ്ങളൊരുക്കാൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഹെൽപ് ഡെസ്കിൽ വിളിച്ച മാതാപിതാക്കൾക്ക് യുക്രൈനിലുള്ള മക്കളെ മാതൃഭൂമി ന്യൂസിലൂടെ കാണാനും സംസാരിക്കാനുമുള്ള അവസരവുമൊരുക്കി. രാവിലെ ഏഴുമുതൽ പ്രവർത്തനമാരംഭിച്ച ഹെൽപ് ഡെസ്കിൽ മുന്നൂറോളം ഫോൺ വിളികളാണെത്തിയത്.
യുക്രൈനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളായ അനാമിക, ആവണി ബിജു, നിധി എസ്. രമേശ്, ഐശ്വര്യ പട്ടയിൽ, വിഷ്ണു റാം എന്നിവരാണ് മാതൃഭൂമിസംഘത്തോടൊപ്പം ഹെൽപ് ഡെസ്കിലുണ്ടായിരുന്നത്. ഹെൽപ് ഡെസ്കിലേക്ക് വിളിക്കാം: 9656000708.

Content Highlights: ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..