രക്ഷാസമിതി പ്രമേയം വോട്ടുചെയ്യാതെ വീണ്ടും ഇന്ത്യ


യുക്രൈയിൻ സൈനികർ | Photo: AFP

യുണൈറ്റഡ് നേഷൻസ്: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യു.എൻ. പൊതുസഭ അടിയന്തരമായി വിളിച്ചുചേർക്കുന്നതിനായി രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും യു.എ.ഇ.യും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. റഷ്യ പ്രമേയം വീറ്റോ ചെയ്തു. എങ്കിലും 11 അംഗങ്ങളുടെ അനുകൂല വോട്ടോടെ പ്രമേയം പാസായി. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്. ഇതിനുമുമ്പ് 10 തവണ മാത്രമേ പൊതുസഭ അടിയന്തരമായി വിളിച്ചുചേർത്തിട്ടുള്ളൂ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ കടുത്ത അതൃപ്തിപ്രകടിപ്പിച്ച് വെള്ളിയാഴ്ച രക്ഷാസമിതികൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യയും യു.എ.ഇ.യും ചൈനയും വിട്ടുനിന്നിരുന്നു. റഷ്യ വീറ്റോ ചെയ്തതിനാൽ പ്രമേയം പാസായില്ല. ഞായറാഴ്ചത്തെ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നെങ്കിലും യുക്രൈനിലെ സാഹചര്യങ്ങളിൽ ഖേദിക്കുന്നതായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു. ബെലാറുസ് അതിർത്തിയിൽ റഷ്യയും യുക്രൈനും നടത്തുന്ന ചർച്ചയെ സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈൻ റെയിൽവേ സ്റ്റേഷനുകളിൽ ഇന്ത്യൻ വിദ്യാർഥികളെ ആട്ടിപ്പായിച്ചു

മനീഷ പ്രശാന്ത്, തിരുവനന്തപുരം

എംബസിയിൽനിന്നുള്ള അറിയിപ്പ്‌ കിട്ടിയതിനെത്തുടർന്ന്‌ റെയിൽവേ സ്റ്റേഷനിലെത്തിയ ഇന്ത്യക്കാരായ വിദ്യാർഥികളെ യുക്രൈനിലെ ഉദ്യോഗസ്ഥർ ട്രെയിനിൽ കയറാൻ അനുവദിക്കാതെ ആട്ടിയോടിച്ചെന്ന്‌ വിദ്യാർഥികൾ. മൂന്ന്‌ പ്ളാറ്റ്ഫോമുകളിലുമെത്തിയ ട്രെയിനിൽ കയറിപ്പറ്റാനുള്ള തിടുക്കത്തിൽ പാളം മുറിച്ചുകടന്നു. തദ്ദേശീയരെ മാത്രമേ കയറ്റിയുള്ളൂ. കമ്പിയുപയോഗിച്ച് അടിക്കാനും ശ്രമിച്ചു. കൊടുംതണുപ്പിൽ എന്തുചെയ്യണമെന്നറിയാതെ സ്റ്റേഷനിൽ അകപ്പെട്ടിരിക്കുകയാണ്‌ വിദ്യാർഥികൾ.

പ്രത്യേക ട്രെയിൻ ഏർപ്പെടുത്തുമെന്നായിരുന്നു എംബസിയിൽനിന്ന്‌ അറിയിച്ചത്‌. അതു കേട്ടാണ്‌ ബങ്കറിൽനിന്നിറങ്ങിയത്‌. ട്രെയിനിൽ കയറ്റാതായപ്പോൾ എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പരിലുൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. ബങ്കറിൽ കഴിയുന്നതായിരുന്നു സുരക്ഷിതമെന്ന്‌ ആറ്റുകാൽ മല്ലിയിടം റാണാ കോട്ടേജിൽ കീർത്തന മീനു സൻജോഗ്‌ പറഞ്ഞു.
സംഘങ്ങളായി തിരിഞ്ഞാണ്‌ യാത്ര. 650-ലധികം ഇന്ത്യക്കാർ കീവിലെ റെയിൽവേ സ്റ്റേഷനിൽ അധികൃതരുടെ കനിവുകാത്തിരിപ്പുണ്ട്‌. കൂടുതൽ പേരും മലയാളികളാണ്‌. കീവ്‌ ഒ.ഒ. ബോഗോമോളെറ്റ്‌സ് നാഷണൽ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർഥികളാണ്‌ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത്‌. കർഫ്യൂ പിൻവലിച്ചതായുള്ള അറിയിപ്പ്‌ ലഭിച്ചതിനു പിന്നാലെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലെത്താൻ സ്റ്റുഡന്റ്‌സ്‌ കോ-ഓർഡിനേറ്റർമാർക്ക്‌ എംബസിയിൽനിന്നുള്ള നോട്ടീസ്‌ ലഭിച്ചു. തുടർന്നാണ്‌ ആറരക്കിേലാമീറ്റർ അകലെയുള്ള സ്റ്റേഷനിലേക്കു നടന്നെത്തിയത്‌.

സ്റ്റുഡന്റ്‌സ്‌ കോ-ഓർഡിനേറ്റർമാരായ ആലപ്പുഴ സ്വദേശി ദേവാന്തു, കോഴിക്കോട്‌ സ്വദേശികളായ മിഷാബ്‌ അഹമ്മദ്‌, അലി ഷഹീൻ, കണ്ണൂർ സ്വദേശി തേജസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ബങ്കറിൽനിന്ന്‌ വിദ്യാർഥികൾ പുറപ്പെട്ടത്‌. സീനിയർ വിദ്യാർഥികളാണിവർ. ആഹാരം, വെള്ളം, വസ്ത്രം, ലാപ്ടോപ്പ്‌, രേഖകൾ എന്നിങ്ങനെ അത്യാവശ്യ സാധനങ്ങളടങ്ങിയ ബാഗ്‌ മാത്രമാണ്‌ ഇവരുടെ കൈയിലുള്ളത്‌. ബങ്കറിൽനിന്നിറങ്ങിയപ്പോൾ മുതൽ ഭയപ്പെടുത്തുന്ന കാഴ്ചകളാണ്‌. സൈനികവാഹനങ്ങളാണ്‌ റോഡിലുള്ളത്‌. വഴിയിൽ വെടിയേറ്റു മരിച്ചയാളുടെ ശരീരം കിടപ്പുണ്ടായിരുന്നു. അപകടമുന്നറിയിപ്പ്‌ നൽകുന്ന സൈറൺ നിരന്തരം മുഴങ്ങുന്നുണ്ടായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. ലഭിക്കുന്ന സൗകര്യത്തിൽ കഴിയുന്നത്ര പേരെ യാത്രയാക്കാനുള്ള ശ്രമത്തിലാണ്‌ സ്റ്റുഡന്റ്‌സ്‌ കോ-ഓർഡിനേറ്റർമാർ.

Content Highlights: ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..