ആര്യ പറഞ്ഞു, ജീവനാണ് സെറ


സാജു ആലയ്ക്കാപ്പള്ളി 

മൂന്നാർ: കീവിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. തീമഴ പെയ്യുന്ന നാട്ടിൽനിന്ന് പിറന്ന മണ്ണിലേക്ക് യാത്ര തിരിക്കുമ്പോൾ ആര്യ ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ. പൊന്നോമനയായ സെറയെയും നാട്ടിലേക്ക്‌ കൊണ്ടുപോകാൻ അനുവദിക്കണം. ആര്യയുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ തടസ്സങ്ങളെല്ലാം മാറി. പ്രിയപ്പെട്ട സൈബീരിയൻ വളർത്തുനായ സെറ, ആര്യയ്ക്കൊപ്പം നാട്ടിലേക്ക് തിരിച്ചുകഴിഞ്ഞു.
ദേവികുളം ലാക്കാട് സ്വദേശികളായ ആൾട്രിൻ-കൊച്ചുറാണി ദമ്പതിമാരുടെ മകൾ ആര്യ, യുക്രൈയിൻ കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ്. കീവിൽ യുദ്ധം രൂക്ഷമായതോടെ സെറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തിൽനിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സെറയ്ക്കുള്ള യാത്രാരേഖകൾ സംഘടിപ്പിച്ചു.
ഇതിനിടയിൽ നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നു. തന്നോടൊപ്പം സെറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ജോലിയിലുള്ള പി.എസ്.മഹേഷിനെ അറിയിച്ചു. അദ്ദേഹവും വളരെയധികം സഹായിച്ചു. സർക്കാർ ഇടപാടുചെയ്ത ബസിൽ, അയൽരാജ്യമായ റൊമാനിയായിലേക്ക് ഞായറാഴ്ചയാണ് പുറപ്പെട്ടത്. രാത്രി പുറപ്പെട്ട ബസ് റൊമാനിയൻ അതിർത്തിയിൽനിന്നു 12 കിലോമീറ്റർ ദൂരെ നിർത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ നടന്ന് അതിർത്തിയിലെത്തി. ഇതിനിടയിൽ സെറയ്ക്ക് നടക്കാനാകാതെ വന്നു. പിന്നീട് ആര്യയ്ക്ക് സെറയെ എടുക്കേണ്ടിവന്നു. അതിർത്തിയിലെത്തിയപ്പോൾ റൊമാനിയൻ പട്ടാളക്കാർ സെറയെ തടഞ്ഞുവെച്ചു.
എന്നാൽ, സെറയെയുംകൊണ്ടേ പോകൂവെന്ന് ആര്യ ശഠിച്ചു. പട്ടാളക്കാർ വഴങ്ങി. ഇതോടെ ബസിൽ റൊമാനിയൻ വിമാനത്താവളത്തിലേക്ക്. തിങ്കളാഴ്ച വൈകീട്ട് ഭാരത സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ മകളും സെറയും യാത്രതിരിക്കുമെന്നും ചൊവ്വാഴ്ച വെളുപ്പിന് ഡൽഹിയിലെത്തുമെന്നും ആര്യയുടെ അച്ഛൻ ആൾട്രിൻ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തുന്ന ആര്യയെ സ്വീകരിക്കാൻ രാവിലെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
അഭിനന്ദിച്ച് മന്ത്രി
ആര്യ മനുഷ്യത്വത്തിന്റെ ആൾരൂപമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ആര്യയെ അഭിനന്ദിച്ച് മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വൈറലാകുകയും ചെയ്തു.

Content Highlights: ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..