ജീവന് യാചിച്ച് 700 മലയാളികൾ


മിഥുൻ ഭാസ്കർ

ആണവനിലയം പൊട്ടിയാൽ പിന്നെ ഞങ്ങളില്ല

മലപ്പുറം
: ‘‘വെറും രണ്ടുകിലോമീറ്റർ അകലെയാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം. അത്‌ റഷ്യൻസൈന്യം വളഞ്ഞതായാണ്‌ വിവരം. അവിടെ എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ 1,697 ഇന്ത്യൻ വിദ്യാർഥികളെക്കുറിച്ച് പിന്നീട് ഒരുവിവരവും നിങ്ങൾക്കു ലഭിക്കില്ല.’’ -യുക്രൈനിലെ സാപ്രോഷ്യ മെഡിക്കൽ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികളെ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടിയാണിത്.
‘‘5700 മെഗാവാട്ട് വൈദ്യുതിയാണ് നിലയത്തിൽ ഉത്‌പാദിപ്പിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ സർവകലാശാലാ ഹോസ്റ്റലിന്റെ തൊട്ടടുത്താണ് ബോംബു വീണത്.’’ -വിദ്യാർഥികൾ‍ ആശങ്ക പങ്കുവെച്ചു. ഇന്ത്യൻ വിദ്യാർഥികളിൽ എഴുനൂറോളംപേർ മലയാളികളാണ്. അതിൽ നാനൂറിലേറെപ്പേർ പെൺകുട്ടികളും.
വൻദുരന്തം മുന്നിൽക്കാണുന്ന ഭയത്തോടെയാണ് പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിനി പാറപ്പുറത്ത് സംഘമിത്ര, പാലക്കാട് പെരിങ്ങോട് സ്വദേശിനി നടുവത്തുമന സാവിത്രി, അങ്ങാടിപ്പുറം സ്വദേശിനി പുഴയ്ക്കൽ ഗ്രീഷ്മ എന്നിവർ ‘മാതൃഭൂമി’യോട് സംസാരിച്ചത്.
‘‘ഇതുവരെയും എംബസി ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. രക്ഷപ്പെടണമെങ്കിൽ 500 കിലോമീറ്റർ അകലെയുള്ള മോൾഡൊ വവരെ എത്തണം. പക്ഷേ, അവിടേക്കുള്ള യാത്ര സുരക്ഷിതമല്ല. വിശപ്പും ദാഹവും അലട്ടുന്നുണ്ട്. 10 മിനിറ്റ് നടക്കണം തൊട്ടടുത്ത കടയിലേക്ക്. അവിടെയും സാധനങ്ങൾ തീർന്നതായാണ് വിവരം. എന്തെങ്കിലും തിരക്കി ഇറങ്ങുമ്പോഴേക്ക് സൈറൺ മുഴങ്ങും. ബങ്കറിലാണ് നാലുദിവസമായി താമസം. ഇവിടെ ശൗചാലയമില്ല. നിറയെ പൊടിയാണ്. ആസ്‌ത്‌മയുള്ളവരും കൂടെയുണ്ട്.’’ -മൂന്നുപേരും സങ്കടം വിവരിച്ചു.

കുട്ടികളെ കപ്പലിൽ എത്തിക്കാനുള്ള സാധ്യത തേടുന്നു
കുട്ടികളെ രക്ഷപ്പെടുത്താൻ ബുദ്ധിമുട്ടാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചതായി സംഘമിത്രയുടെ അമ്മ എൻ.കെ. സംഗീത പറഞ്ഞു. മലപ്പുറം ഡി.ഡി.ഇ. ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് സംഗീത. റോഡുവഴിയുള്ള യാത്ര അപകടമാണ്. റഷ്യവരെ കപ്പലിൽ കുട്ടികളെ എത്തിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, നാലുകുട്ടികളെ കഴിഞ്ഞദിവസം എംബസി അതിർത്തിയിലെത്തിച്ചു. ചിലർക്കുമാത്രം പരിഗണന എങ്ങനെ കിട്ടുന്നുവെന്ന് അറിയുന്നില്ലെന്നും ഇവർ പറഞ്ഞു. നോർക്കയ്ക്കും കേന്ദ്രമന്ത്രി വി. മുരളീധരനും കുട്ടികളുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

Content Highlights: ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..