വൈദ്യസഹായവുമായി മലയാളിവിദ്യാർഥികൾ


പ്രകാശൻ പുതിയേട്ടി

അതിർത്തിയിലേക്ക് 1000 കിലോമീറ്റർ

ന്യൂഡൽഹി: രാജ്യത്തേക്ക് മടങ്ങാൻ വിമാനത്തിൽ കയറാൻ റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ അതിർത്തികളിൽ എവിടെയെങ്കിലും എത്തണം. അത് ആയിരത്തോളം കിലോമീറ്റർ അകലെയാണ്. എങ്ങനെ അവിടെ എത്തുമെന്നറിയാതെ പലരും ബങ്കറുകളിൽ തളർന്നുതുടങ്ങി. ഇവിടെയിപ്പോൾ മെഡിസിന് പഠിക്കുന്ന മലയാളിവിദ്യാർഥികൾ എല്ലാവർക്കും വൈദ്യസഹായം നൽകിത്തുടങ്ങിയിരിക്കുകയാണ്. -ഹാർകിവിലെ പെരിമോഹ മെട്രോസ്റ്റേഷൻ ബങ്കറിൽ കുടുങ്ങിയ മലയാളിവിദ്യാർഥികളായ കണ്ണൂർ അഴീക്കോട്ടെ വിനോദ് കുമാർ മഞ്ചക്കണ്ടിയുടെ മകൾ അപർണാ വിനോദും സഹപാഠികളായ പത്തനംതിട്ടയിലെ രാഹുൽ കൃഷ്ണയും അശ്വിൻ പ്രസാദും പറഞ്ഞു. വാട്‌സാപ്പിലൂടെയാണ് അവർ ആശയവിനിമയം നടത്തിയത്. ഇവരുടെ സേവനം പ്രകീർത്തിച്ച് ഹാർകിവ് നാഷണൽ യൂണിവേഴ്‌സിറ്റി ട്വീറ്റും ചെയ്തു.
ദിവസങ്ങളായി ഈ അവസ്ഥയിലാണ്. ഭക്ഷണം തീർന്നുതുടങ്ങി. ‘വെള്ളത്തിന് രണ്ടു പൈപ്പുകളാണുള്ളത്. പുറത്ത് ഷെല്ലുകൾ പതിക്കുന്നതിന്റെയും സ്ഫോടനത്തിന്റെയും ശബ്ദമാണ്. ഞങ്ങളിരിക്കുന്ന സ്ഥലം മുഴുവൻ യുക്രൈൻ സൈന്യം വലിയ ഇരുമ്പു ഗ്രിഡുകളാൽ അടച്ചു. പുറത്തേക്കോ അകത്തേക്കോ ആർക്കും കടക്കാനാവില്ല. ഇന്ത്യൻ എംബസിയിൽ വിളിക്കുമ്പോൾ മോശം പ്രതികരണമാണ്. ഇപ്പോഴുള്ളിടത്ത് തുടരാനും സഹായം എപ്പോൾ എത്തുമെന്ന് പറയാനാവില്ലെന്നുമാണ് ഫസ്റ്റ് ഓഫീസർ അടക്കം അറിയിച്ചത്. പ്രതീക്ഷയില്ലാതെ, ഉറക്കമില്ലാത്ത രാത്രികൾ ഇനിയും കഴിച്ചുകൂട്ടണമോ എന്ന് ചോദിച്ചപ്പോൾ ‘മറ്റു വഴിയില്ല’ എന്നായിരുന്നു മറുപടി. പ്രതീക്ഷനൽകുന്ന ഒന്നും അവർ പറയുന്നില്ല. യുക്രൈന്റെ വടക്കു-കിഴക്ക് ഭാഗത്താണ് ഹാർകിവ്. മുക്കാൽമണിക്കൂറോളം സഞ്ചരിച്ചാൽ റഷ്യൻ അതിർത്തിയിലെത്താം. പക്ഷേ, അവിടെ വൻസൈനികസന്നാഹവും യുദ്ധവുമാണ്. വാട്‌സാപ്പിൽ ദൃശ്യങ്ങളോ വീഡിയോകളോ ആർക്കും അയക്കരുതെന്ന് സൈന്യം നിർദേശം നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.
ഇപ്പോൾ നാട്ടിലെത്തിയ വിദ്യാർഥികൾ താരതമ്യേന പ്രശ്നംകുറഞ്ഞ പടിഞ്ഞാറൻ മേഖലയിൽനിന്നുള്ളവരാണ്. ഹാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അവസാനവർഷ വിദ്യാർഥികളാണ് ബങ്കറിൽ കുടുങ്ങിയ ഭൂരിഭാഗവും. പാകിസ്താൻ, ഇസ്രയേൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ അവരുടെ കുട്ടികളെ കൊണ്ടുപോവുന്നുണ്ടെന്ന് രാഹുൽ കൃഷ്ണ പറഞ്ഞു.
“അത്യാവശ്യമില്ലാത്ത കുട്ടികൾ യുക്രൈനിൽനിന്ന് മടങ്ങണമെന്നാണ് ഈ മാസമാദ്യം ഇന്ത്യൻ എംബസി അറിയിച്ചത്. അവസാനവർഷ വിദ്യാർഥികൾ നാട്ടിൽ പോയാൽ ബിരുദം നൽകില്ലെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. ഇതേത്തുടർന്നാണ് ഞങ്ങൾ ഇവിടെ തുടർന്നത്. അതേസമയം, യൂറോപ്യൻ രാജ്യങ്ങളൊക്കെ അവരുടെ പൗരന്മാരെ നേരത്തേ കൊണ്ടുപോയി.” പെരിമോഹ മെട്രോ സ്റ്റേഷനിൽ എഴുനൂറോളം പേരുണ്ട്. ഇതിൽ നൂറോളം മലയാളികളടക്കം ഇരുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ. ഇത്തരത്തിൽ മുപ്പതോളം മെട്രോബങ്കറുകൾ ഹാർകിവിലുണ്ടെന്ന് അപർണാ വിനോദ് പറഞ്ഞു.

Content Highlights: ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..