ഉത്തർപ്രദേശിലെ കുശിനഗറിൽ സമാജ് വാദി പാർട്ടിയുടെ പ്രചാരണം | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ
ലഖ്നൗവിൽനിന്ന് പ്രകാശൻ പുതിയേട്ടി
ഉത്തർപ്രദേശിലെ 16 ജില്ലകളിലുള്ള 59 മണ്ഡലങ്ങളിലായി ഞായറാഴ്ച മൂന്നാംഘട്ട പോളിങ്ങും കഴിഞ്ഞു. കാൻപുർ, ബുന്ദേൽഘണ്ഡ് മേഖലകളിലെ 40-ഉം ബ്രജ് മേഖലയിലെ 19-ഉം മണ്ഡലങ്ങളിലായി നടന്ന മൂന്നാംഘട്ട പോളിങ്ങിൽ 58.57 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലിത് 62.21 ശതമാനമായിരുന്നു.
പോളിങ് പൊതുവേ കുറഞ്ഞെങ്കിലും ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് (നേരത്തേ അഖിലേഷ് മുഖ്യമന്ത്രിയായത് എം.എൽ.സി. സ്ഥാനം വഴിയാണ്.) മത്സരിക്കുന്ന മെയ്ൻപുരി ജില്ലയിലെ കർഹലിൽ വൻപോളിങ്ങാണ് രേഖപ്പെടുത്തിയത്. 63 ശതമാനത്തോളം. അതും 1974-നുശേഷം ആദ്യമായി. അഖിലേഷിന്റെ വോട്ടുബാങ്കായ യാദവർ തിങ്ങിപ്പാർക്കുന്ന മേഖലയിലെല്ലാം വോട്ടിങ് ശതമാനം വർധിച്ചത് ബി.ജെ.പി.യുടെ ചങ്കിടിപ്പ് ഉയർത്തുന്നതാണ്.
വെല്ലുവിളിയുയർത്തി എസ്.പി.
യു.പി.യിൽ ഫെബ്രുവരി 10-ന് പടിഞ്ഞാറൻ യു.പി.യിലെ 11 ജില്ലകളിലുള്ള 58 മണ്ഡലങ്ങളിലായി നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് 60.17 ശതമാനം ആയിരുന്നു. രണ്ടാംഘട്ടത്തിൽ ഷഹറാൻപുർ, മൊറാദാബാദ്, ബറൈലി മേഖലയിലെ ഒമ്പതു ജില്ലകളിലായി 55 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 60.44 ശതമാനവും.
കർഷകസമരത്തിന്റെ തുടർച്ചയായി പടിഞ്ഞാറൻ യു.പി.യിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളുമായി ചേർന്നു പോരാടിയ എസ്.പി.ക്ക് മുൻതൂക്കമെന്നാണ് സൂചനകൾ. രണ്ടാംഘട്ടത്തിലും ഭൂരിഭാഗം മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് എസ്.പി. കാഴ്ചവെച്ചത്. മൂന്നാം ഘട്ടത്തിലും ബി.ജെ.പി.ക്ക് വൻ എതിർപ്പുയർത്താൻ എസ്.പി.ക്ക് ആയതോടെ തലസ്ഥാനമായ ലഖ്നൗവിനോട് ചേർന്നും അയോധ്യ, ഖൊരഖ്പുർ, വാരാണസി, പ്രയാഗ് രാജ് മേഖലകളിലും അടുത്ത നാലു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഗതി നിർണായകമാവും. ഈ മേഖലയിൽ ബി.ജെ.പി. വൻമുന്നേറ്റം നടത്തി ഭരണത്തിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ബി.ജെ.പി. നേതാവും ഗൗരിഗഞ്ച് എം.എൽ.എ.യുമായ ചന്ദ്ര പ്രകാശ് മിശ്ര അടക്കമുള്ള നേതാക്കൾ പറയുന്നു.
കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ഉയർത്തുന്ന പുരോഗമനപരമായ പ്രചാരണമുൾപ്പെടെയുള്ളവയെ ഫലപ്രദമായി പ്രതിരോധിക്കാൻ ബി.ജെ.പി. ഇത്തവണ കൂടുതലും ശ്രദ്ധകേന്ദ്രീകരിക്കുന്നത് വികസനത്തിലൂന്നിയുള്ള പ്രചാരണത്തിലാണ്. നഗരങ്ങളുടെ മാറുന്ന മുഖം, മെച്ചപ്പെട്ട റോഡുകൾ, ദിവസം മുഴുവനുള്ള വൈദ്യുതി, സൗജന്യറേഷൻ എന്നിവയൊക്കെയാണ് പ്രചാരണത്തിൽ മുഖ്യമായും ബി.ജെ.പി. ഉയർത്തുന്നത്. എസ്.പി.യാകട്ടെ ദരിദ്രൻ കൂടുതൽ ദരിദ്രനാകുന്നതിന്റെ ദുരിതങ്ങളും ഉയർത്തിക്കാട്ടുന്നു. അതെന്തുതന്നെയായാലും, യു.പി.യിൽ ഇത്തവണ ‘പുരോഗമനപരമായ’ ഒരു ജനാധിപത്യമുന്നേറ്റമുണ്ട്. ക്രിമിനൽക്കേസ് പ്രതികൾക്കും ജയിലിൽക്കിടക്കുന്ന ഗുണ്ടകൾക്കും വലിയതോതിൽ മുഖ്യ രാഷ്ട്രീയപ്പാർട്ടികളൊന്നും സീറ്റ് നൽകിയില്ല എന്നതാണത്. പകരം അവരുടെ മക്കൾക്കും ഭാര്യമാർക്കും കൊടുക്കുന്ന തലത്തിലേക്കാണ് ഈ ‘പുരോഗതി.’
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..