'എന്നെ മനുഷ്യനാക്കിയ ആ വാക്കുകൾ'


ഉഷ വീരേന്ദ്രകുമാർ എംപി വീരേന്ദ്രകുമാറിനൊപ്പം

പൊതുരംഗത്തും മറ്റുമുള്ള തന്റെ പ്രവർത്തനങ്ങൾക്കിടെ തിരക്കുമൂലം ഭാര്യയെ പലഘട്ടങ്ങളിലും വേദനിപ്പിക്കേണ്ടിവന്നതിനെക്കുറിച്ച് വീരേന്ദ്രകുമാർ അഭിമുഖങ്ങളിലും മറ്റും പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1965-ൽ ആദ്യമകൻ മരിച്ചപ്പോൾ അടുത്തിരിക്കാനാവാതെ തിരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയത് ഭാര്യയുടെ മനസ്സിലുണ്ടാക്കിയ വിഷമത്തെക്കുറിച്ചായിരുന്നു അദ്ദേഹം കൂടുതലും പറയാറ്. മരിക്കുമ്പോൾ മകന് ഒരു വയസ്സായിരുന്നു. അച്ഛന്റെ ഓർമയിൽ പത്മപ്രഭ എന്നായിരുന്നു മകനിട്ട പേര്. വീരേന്ദ്രകുമാറിന്റെ അനുജത്തി രേണുകയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മകൻ മരിച്ചു. അതൊരു പൊതുതിരഞ്ഞെടുപ്പുകാലമായതിനാൽ മകന്റെ ശവസംസ്‌കാരം കഴിഞ്ഞയുടൻ പാർട്ടിയുടെ കൊടികെട്ടിയ കാറിൽ വീരേന്ദ്രകുമാർ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപോയി. ഉഷ ഒരു പരാതിയും പറഞ്ഞില്ല.

വർഷങ്ങൾക്കുശേഷം ഒരു വിദേശയാത്രയ്ക്കിടെ സ്വിറ്റ്‌സർലൻഡിലെ ലോസോൺ തടാകത്തിൽ ഒരു ടൂറിസ്റ്റ് ബോട്ടിൽവെച്ചുള്ള അപൂർവ സ്വകാര്യനിമിഷം. പ്രണയാതുരമായ ആ സന്ദർഭത്തിൽ ഭാര്യയുടെ സൗന്ദര്യം വർണിച്ച വീരേന്ദ്രകുമാറിനോട് ഉഷ ചോദിച്ചു: ‘‘നമ്മുടെ മകൻ മരിച്ചതിന്റെ പിറ്റേന്ന്, ആ ദുഃഖം അല്പമൊന്നു ശമിക്കുന്നതിനു മുമ്പുതന്നെ കാറിൽ കൊടിയുംകെട്ടി പ്രസംഗിക്കാൻ പോയില്ലേ, നിങ്ങളുടെ സാമീപ്യം കൊതിച്ചിരുന്നെങ്കിലും അന്ന് ഞാൻ തനിച്ചായിരുന്നു. നിങ്ങളെന്നിൽ ഭാര്യയെ മാത്രമേ കണ്ടുള്ളൂ, അമ്മയെ മറന്നു. ഇനി എന്തു സൗന്ദര്യം. ഏത് സൗന്ദര്യം.’’
ആ വാക്കുകൾ ഹൃദയത്തിൽ തറയ്ക്കുന്നതായിരുന്നു. ജീവിതത്തിൽ ഒപ്പംനിന്നൊരാൾ തനിക്കുപറ്റിയൊരു തെറ്റിനെക്കുറിച്ച് വർഷങ്ങൾക്കുശേഷം ചൂണ്ടിക്കാട്ടുന്നു. ഭർത്താവിന്റെ പൊതുപ്രവർത്തനത്തെ ബാധിക്കരുതെന്നു കരുതി കാലങ്ങളോളം മനസ്സിൽ വിങ്ങലായി സൂക്ഷിച്ച വാക്കുകൾ. ഒരു നിമിഷം പുറത്തേക്കുവന്നിരിക്കുന്നു. അതുപക്ഷേ, ജീവിതത്തിൽ വലിയൊരു മാറ്റത്തിനാണ് വഴിയൊരുക്കിയത്. അന്നുമുതലാണ് തന്റെയുള്ളിലെ രാഷ്ട്രീയക്കാരൻ ഒരു മനുഷ്യനായിമാറിയതെന്ന് വീരേന്ദ്രകുമാർ പറയാറുണ്ടായിരുന്നു. രാഷ്ട്രീയക്കാരനിലുപരി തന്നിൽ ഒരു അച്ഛനും ഭർത്താവും സഹോദരനും ഉണ്ടെന്ന തിരിച്ചറിവ് പലപ്പോഴായി ഉണ്ടാക്കിത്തന്നത് ഭാര്യയാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽക്കിടക്കുമ്പോൾ വായനയ്ക്കുപുറമേ ഭാര്യയെക്കുറിച്ചും അവർചെയ്ത ത്യാഗങ്ങളെക്കുറിച്ചുമാണ് വീരേന്ദ്രകുമാർ കൂടുതലായി ഓർത്തത്.

Content Highlights: usha veerendra kumar

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..