സഹോദരിയെ പിരിഞ്ഞ വേദന


 പി.വി. ചന്ദ്രൻ 

എം പി വീരേന്ദ്രകുമാർ, ഭാര്യ ഉഷ, മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ എന്നിവർ, ഫയൽ ചിത്രം

പതിറ്റാണ്ടുകളുടെ ഹൃദയബന്ധമുള്ള സഹോദരി -അതായിരുന്നു എനിക്ക് ഉഷാ വീരേന്ദ്രകുമാർ. ഇനി അവരില്ലെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. എനിക്ക് ജ്യേഷ്ഠസഹോദരനായിരുന്നു എം.പി. വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ ഉഷാ വീരേന്ദ്രകുമാർ എനിക്ക് ജ്യേഷ്ഠപത്നിയും. ഒരു കുടുംബമെന്നതുപോലെയാണ് ഞങ്ങൾ കഴിഞ്ഞത്. വീടുകൾ തമ്മിലുള്ള ബന്ധംമാത്രമായിരുന്നില്ല അത്. മാതൃഭൂമി എന്ന വലിയ കുടുംബത്തെ സ്നേഹവും പരിഗണനയും പരസ്പരബഹുമാനവും ചേർത്ത് ഇഴയടുപ്പത്തോടെ മുന്നോട്ടുനയിക്കുന്നതിലും ഈ ബന്ധത്തിന് വലിയ പങ്കുണ്ട്. 1977-ലാണ് വീരേന്ദ്രകുമാറും ഞാനും മാതൃഭൂമി ഡയറക്ടർ ബോർഡിൽ വരുന്നത്. അക്കാലംമുതലുള്ള ഹൃദയൈക്യം.
ഞങ്ങളുടെ കുടുംബങ്ങൾ ഒന്നിച്ചുള്ള ഒട്ടേറെ യാത്രകളുടെ ഓർമകളാണ് ഇപ്പോൾ മനസ്സിലേക്കുവരുന്നത്. ഇന്ത്യക്കകത്തും പുറത്തും വീരേന്ദ്രകുമാറും ഞാനും നടത്തിയ എല്ലായാത്രയിലും ഞങ്ങളുടെ ഭാര്യമാർ ഒപ്പമുണ്ടായിരുന്നു. യാത്രകളിൽ ലതയും (ഭാര്യ ഹേമലതയെ ഉഷാ വീരേന്ദ്രകുമാർ അങ്ങനെയാണ് വിളിച്ചിരുന്നത്) ഒപ്പമുണ്ടാകണമെന്ന് ഉഷയ്ക്ക് നിർബന്ധമായിരുന്നു.

ഇടയ്ക്കിടെ വിളിച്ച് ലതയുമായി സംസാരിക്കും. ഒന്നരമാസംമുമ്പ് ഒരുനാൾ ലതയെ ഫോണിൽ കിട്ടാതായപ്പോൾ, വയ്യാതിരുന്നിട്ടും വീട്ടിലേക്കുവന്നു. ആശുപത്രിയിലേക്ക്‌ പോകുന്നതിനുമുമ്പുള്ള ആ വരവ്‌ അവരുടെ അവസാനത്തെ വരവായിരുന്നുവെന്ന് അപ്പോൾ കരുതിയില്ല.
അമേരിക്കയിലും കാനഡയിലും ഇംഗ്ളണ്ടിലുമൊക്കെ പലതവണ ഞങ്ങൾ ഒന്നിച്ച് യാത്രചെയ്തിട്ടുണ്ട്. യൂറോപ്പിലൂടെ 7000 കിലോമീറ്റർ ഒറ്റയടിക്ക് യാത്രചെയ്തത് അവിസ്മരണീയമായ അനുഭവമാണ്. ഇറ്റലിയിലെ യാത്രയിൽ സോണിയാഗാന്ധിയുടെ ജന്മസ്ഥലമായ ടൊറിനോയിലൂടെ കാറിൽ സഞ്ചരിച്ച് അവിടമൊക്കെ കണ്ടത് മനസ്സിൽ തെളിഞ്ഞുവരുന്നു. അവിടെവെച്ച് ഒരുദിവസം ഹോട്ടൽമുറിയിൽ ഉഷ പെട്ടെന്ന് ബോധരഹിതയായി. വീരേന്ദ്രകുമാർ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന എന്നെ വിളിച്ചു. ഞാൻ ഹോട്ടൽ റിസപ്ഷനിൽ ബന്ധപ്പെട്ട് പെട്ടെന്ന് ഒരു ആംബുലൻസ്‌ ഏർപ്പാടാക്കി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ഞങ്ങൾ ഉത്കണ്ഠയോടെ കാത്തുനിന്നത് ഓർമവരുന്നു. അപകടസ്ഥിതി ഒഴിഞ്ഞെന്ന്‌ വ്യക്തമായതോടെ വലിയ ആശ്വാസമായി. അടുത്ത ദിവസം റോമിലേക്ക് പോകാനിരുന്നതാണെങ്കിലും അവർക്ക് വിശ്രമം ആവശ്യമായതിനാൽ ആ യാത്ര ഞങ്ങൾ റദ്ദാക്കി. ഇന്ത്യക്കകത്ത് ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഞങ്ങളൊന്നിച്ച്‌ യാത്രചെയ്തു. അതേക്കുറിച്ചൊക്കെ ‘ഹൈമവതഭൂവിൽ’ എന്ന ഗ്രന്ഥത്തിൽ വീരേന്ദ്രകുമാർ വിശദമായി എഴുതിയിട്ടുണ്ട്.

രാഷ്ട്രീയത്തിരക്കുകളുടെ യാത്രകളിലായിരുന്ന താൻ ഭാര്യയോട് നീതിചെയ്തുവോ എന്ന ചോദ്യം വീരേന്ദ്രകുമാറിനെ അലട്ടിയിരുന്നു. അതുകൊണ്ടുകൂടിയാണ് എല്ലാ യാത്രയിലും അദ്ദേഹം അവരെ കൂടെക്കൂട്ടിയത്.
അസുഖബാധിതയായി ഒരിക്കൽ ചെന്നൈയിൽ അവർ കഴിയുമ്പോൾ ഞാനും ലതയും പി.വി. ഗംഗാധരനും ഭാര്യ ഷെറിനും അവിടെ ചെന്നിരുന്നു. ആ ആശുപത്രിയിൽനിന്ന് അപ്പോളോയിലേക്ക് എത്രയും പെെട്ടന്ന്‌ മാറ്റണമെന്ന് ഞങ്ങൾ നിർബന്ധിച്ചു. അപ്പോളോയിലെ വിദഗ്ധചികിത്സകൊണ്ട് ഉഷ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് വീരേന്ദ്രകുമാർതന്നെ എഴുതിയിട്ടുണ്ട്.
‘മാതൃഭൂമി’യുടെ സാരഥ്യം ഏറ്റെടുത്തശേഷം വീരേന്ദ്രകുമാർ കോഴിക്കോട്ടും ഉഷ വയനാട്ടിലുമായിരുന്നു. ആ സ്ഥിതി മാറണമെന്ന് ഞാനാണ് നിർദേശിച്ചത്. കോഴിക്കോട്ടുകാരിയായി മാറിയ അവർക്ക് ഇവിടം ഏറെ ഇഷ്ടമായിരുന്നു. സസ്യഭക്ഷണമാണ് പ്രിയം. അധികമൊന്നും കഴിക്കില്ല. സ്നേഹമധുരം നിറഞ്ഞതാണ് പെരുമാറ്റം. യാത്രകളിൽ ഉല്ലാസപ്രകൃതമാണ് അവർക്ക്. എവിടെച്ചെന്നാലും അതിന്റെ സ്മരണയ്ക്കായി എന്തെങ്കിലും െമമന്റോ വാങ്ങണം. അതോടൊപ്പം ഞാനും വാങ്ങണമെന്ന് നിർബന്ധമാണ്.

രാഷ്ട്രീയം ഉൾപ്പെടെ എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയായിരുന്നു. മാതൃഭൂമിയുടെ ഡയറക്ടറായി അവരെ നിർദേശിച്ചത് ഞാനാണ്. ഹേമലതയുടെ പേര് നിർദേശിച്ചത് വീരേന്ദ്രകുമാറും. ഡയറക്ടറെന്ന നിലയിൽ മാതൃഭൂമിയുടെ എല്ലാ ­കാര്യത്തിലും അവരുടെ ശ്രദ്ധ പതിഞ്ഞിരുന്നു.

Content Highlights: usha veerendra kumar pv chandran

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..