എംപി വീരേന്ദ്രകുമാർ ഭാര്യ ഉഷ വീരേന്ദ്രകുമാറിനൊപ്പം
രാഷ്ട്രീയവും പരിസ്ഥിതിയും പുസ്തകവും എഴുത്തുമൊക്കെ ലഹരിയാക്കി എം.പി. വീരേന്ദ്രകുമാർ കാടും മേടും നാടും കടന്ന് യാത്രചെയ്തപ്പോൾ വയനാട്ടിലെ വീട്ടിലിരുന്ന് അദ്ദേഹത്തിന്റെ ഇരട്ടി ദൂരം സഞ്ചരിച്ചിട്ടുണ്ട് ഭാര്യ ഉഷാ വീരേന്ദ്രകുമാർ. മനസ്സുകൊണ്ട് ഭർത്താവിനൊപ്പവും കുടുംബത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ഉണ്ടാക്കാനിടയുള്ള ശൂന്യതകൾ നികത്താനുമുള്ള ഓട്ടമായിരുന്നു അത്. സമൂഹത്തിനുവേണ്ടി തിരക്കുകളിലലിഞ്ഞൊരു മനുഷ്യനോട് പരിഭവമേതുമില്ലാതെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ കൂടി സധൈര്യം തോളിലെടുക്കുകയായിരുന്നു ഉഷ.
വയനാട്ടിൽനിന്ന് അഞ്ഞൂറിലേറെ കിലോമീറ്റർ ദൂരെയുള്ള ബെൽഗാമിൽനിന്ന് ചെറിയപ്രായത്തിലാണ് ഉഷാ വീരേന്ദ്രകുമാർ കാടുതിങ്ങിയ വയനാട്ടിലേക്കെത്തിയത്, വലിയൊരു രാഷ്ട്രീയകുടുംബത്തിന്റെ മരുമകളായിട്ട്... ‘‘അന്ന് ഇവിടെ ആനയും പുലിയുമൊക്കെ വന്നുകൊണ്ടിരുന്ന കാലമാണ്. ഒരിക്കൽ എന്റെ അമ്മ ഇവിടെ വന്നപ്പോൾ തമാശയായി ചോദിച്ചിട്ടുണ്ട്. ‘എന്റെ മോളെ നിങ്ങൾ കൊണ്ടുപോയി ഫോറസ്റ്റിൽ ആക്കി അല്ലേ’ എന്ന്. എനിക്ക് അന്ന് പതിനെട്ട് വയസ്സാണ്. അദ്ദേഹത്തിന് 22-ഉം. അദ്ദേഹം എപ്പോഴും യാത്രകളിലായിരുന്നു. ഞങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ അമ്മയാണ് (മരുദേവി അവ്വ) നോക്കിയത്. ഒരു മകളേക്കാൾ നന്നായി അവർ എന്നെയും നോക്കി. അവരായിരുന്നു എന്റെ ധൈര്യം. അതുകൊണ്ട് ഞാനൊരു കഷ്ടപ്പാടും അറിഞ്ഞിട്ടില്ല...’’ -ഉഷാ വീരേന്ദ്രകുമാർ ഒരിക്കൽ, ആ കാലം ഓർത്തത് ഇങ്ങനെ.
വീരേന്ദ്രകുമാറിന്റെ അച്ഛൻ എം.കെ. പത്മപ്രഭാ ഗൗഡറും ഉഷയുടെ അച്ഛൻ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയും സുഹൃത്തുക്കളായിരുന്നു. ബാബുറാവ് വയനാട്ടിലെത്തുമ്പോൾ പത്മപ്രഭയുടെ വീട്ടിലാണ് താമസം, തിരിച്ചും. ആ കുടുംബസൗഹൃദമാണ് ഉഷയെ വയനാട്ടിലെത്തിച്ചത്. ‘‘വിവാഹം കഴിഞ്ഞയുടനെ ഞാൻ കുറച്ച് കുഴങ്ങിയിട്ടുണ്ട്. നാടുമായി യാതൊരു സാമ്യവുമില്ലാത്ത സ്ഥലം, വേറൊരു രീതി. വേറിട്ട സംസ്‌കാരം. ഭാഷ അറിയില്ല. രീതികൾ അറിയില്ല. എന്നാലും ഈ കുടുംബത്തിന്റെ സ്നേഹത്തിൽ അതെല്ലാം വേഗം മറികടക്കാനായി. അദ്ദേഹത്തിന്റെ അച്ഛന് (പത്മപ്രഭാ ഗൗഡർ) എന്നോട് വലിയ സ്നേഹമായിരുന്നു. ആദ്യം എന്നെ കാണാൻ ബെൽഗാമിൽ വന്നതും അദ്ദേഹമാണ്. ഞാനപ്പോൾ വീടിനുപുറത്ത് കൂട്ടുകാരികളൊത്ത് കളിക്കുകയായിരുന്നു. അതു കണ്ടപ്പോഴാണ് അദ്ദേഹം അച്ഛനോട് എന്നെക്കുറിച്ച് ചോദിക്കുന്നത്. രണ്ടുപേരുംകൂടി എന്നെ അടുത്തേക്ക് വിളിച്ചു. കാര്യമൊന്നും അറിയാതെയാണ് ഞാൻ ഓടിച്ചെന്നത്. എന്തൊക്കെയോ അവരോട് സംസാരിച്ച് ഞാൻ വീണ്ടും കളിക്കാനോടി. അപ്പോൾത്തന്നെ അച്ഛനോട് അദ്ദേഹം പറഞ്ഞത്രേ: ‘ഇവളാകും എന്റെ മരുമകൾ, എന്റെ മകന്റെ ഭാര്യ...’. അങ്ങനെ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഇടയ്ക്കിടെ എന്നെ കാണാൻവേണ്ടി മകനെ (വീരേന്ദ്രകുമാർ) പറഞ്ഞയക്കും. കോളേജിൽനിന്ന് അദ്ദേഹം എന്നെ കാണാൻ ബെൽഗാമിൽ വരും. പക്ഷേ, പരസ്പരം കണ്ടാലോ, ഞങ്ങൾ തമ്മിൽ ഒരക്ഷരം സംസാരിക്കില്ല. വിവാഹം ഉറപ്പിച്ചശേഷമുള്ള നാലുകൊല്ലവും ഞങ്ങൾ രണ്ടുപേരും തമ്മിൽ മിണ്ടിയിട്ടില്ല, പലവട്ടം കണ്ടിട്ടുണ്ടെങ്കിലും. ഈ കാലത്താണെങ്കിൽ കല്യാണം ഉറപ്പിച്ചവർ നാലുവർഷം എത്ര സംസാരിച്ചിട്ടുണ്ടാവും.’’

വിവാഹത്തോടെ വലിയൊരു കൂട്ടുകുടുംബത്തിലേക്കാണ് ഉഷ കയറിച്ചെല്ലുന്നത്. പക്ഷേ, പേടിയും ആശങ്കയുമൊക്കെ പെട്ടെന്ന് മാറിപ്പോയെന്ന് അവർ ഓർത്തു. ‘‘ഇവിടെ വന്നശേഷമാണ് ഞാൻ മലയാളം പഠിച്ചത്. എപ്പോഴും അതിഥികൾവരുന്ന വീടായിരുന്നു ഇത്. അധികവും രാഷ്ട്രീയക്കാർ. എ.കെ.ജി.യൊക്കെ വന്നത് പലവട്ടം കണ്ടിട്ടുണ്ട്. എനിക്ക് മലയാളം ഒഴുക്കോടെ സംസാരിക്കാൻ അറിയാത്തതുകൊണ്ട് അവരോടൊന്നും മിണ്ടാൻ പറ്റിയിട്ടില്ല. എന്റെ ഭർത്താവ് എപ്പോഴും യാത്രകളിലായിരുന്നു. എപ്പോഴും രാഷ്ട്രീയവും പാർട്ടിയുമാണ് മനസ്സിൽ. മാസങ്ങൾ കൂടുമ്പോഴാണ് ഞങ്ങൾ തമ്മിലൊന്ന് കാണുക. ഞാൻ പിന്നെ അതേക്കുറിച്ചൊന്നും പരിഭവിക്കാറില്ല.’’ അറുപത്തിരണ്ടുവർഷംനീണ്ട ദാമ്പത്യത്തിൽ വീരേന്ദ്രകുമാറുമായി ഒരിക്കൽപ്പോലും പിണങ്ങിയിട്ടില്ലെന്ന് ഉഷ ഓർക്കുന്നു. അതിലൊരു രഹസ്യമുണ്ട്. ‘‘ഞങ്ങൾ രണ്ടാൾക്കും ദേഷ്യം വരാറില്ല. അതുകൊണ്ടുതന്നെയാവും പിണക്കവും ഉണ്ടായിട്ടില്ല.
മക്കൾ വലുതായശേഷമാണ് ഞാൻ അദ്ദേഹത്തിന്റെകൂടെ യാത്രപോവാൻ തുടങ്ങിയത്. ഹിമാലയത്തിൽ മൂന്നുതവണ പോയി. കുറെ വിദേശരാജ്യങ്ങളിലും സഞ്ചരിച്ചു. യാത്ര കഴിഞ്ഞാൽ അദ്ദേഹം പിന്നെയും രാഷ്ട്രീയവുമായി തിരക്കുകളിലാകും. ഞങ്ങൾ തമ്മിൽ അധികം കാണാറില്ല. വർഷത്തിൽ ഒരു മാസം വൈദ്യമഠത്തിൽ ചികിത്സയ്ക്ക് പോകാറുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നത്. ഇത്തിരി മിണ്ടുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽ രാഷ്ട്രീയംവിട്ട് ഒന്നുമുണ്ടായിരുന്നില്ല. ശരിക്കും ഒരു രാഷ്ട്രീയജീവിതന്നെയായിരുന്നു.’’ അവർക്കിടയിലെ മനസ്സിന്റെ ഇഴയടുപ്പം ഉഷയുടെ അടുത്ത വാചകത്തിൽ തുളുമ്പി. ‘‘അവർ പോയശേഷം എനിക്കൊരിടത്തും പോകാൻ തോന്നാറില്ല...’’ എങ്കിലും ഒടുവിലത്തെ ഈ യാത്ര ഉഷ ഇഷ്ടത്തോടെ തന്നെയാവും പുറപ്പെട്ടിരിക്കുക. അതവരുടെ സ്വന്തം രാഷ്ട്രീയജീവിയുടെ അടുത്തേക്കുള്ള മടക്കയാത്രകൂടിയാണല്ലോ..
എന്നെ മനുഷ്യനാക്കിയ വാക്കുകൾ
പൊതുരംഗത്തും മറ്റുമുള്ള തന്റെ പ്രവർത്തനങ്ങൾക്കിടെ തിരക്കുമൂലം ഭാര്യയെ പലഘട്ടങ്ങളിലും വേദനിപ്പിക്കേണ്ടിവന്നതിനെക്കുറിച്ച് വീരേന്ദ്രകുമാർ അഭിമുഖങ്ങളിലും മറ്റും പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1965-ൽ ആദ്യമകൻ മരിച്ചപ്പോൾ അടുത്തിരിക്കാനാവാതെ തിരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയത് ഭാര്യയുടെ മനസ്സിലുണ്ടാക്കിയ വിഷമത്തെക്കുറിച്ചായിരുന്നു അദ്ദേഹം കൂടുതലും പറയാറ്. മരിക്കുമ്പോൾ മകന് ഒരു വയസ്സായിരുന്നു. അച്ഛന്റെ ഓർമയിൽ പത്മപ്രഭ എന്നായിരുന്നു മകനിട്ട പേര്. വീരേന്ദ്രകുമാറിന്റെ അനുജത്തി രേണുകയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മകൻ മരിച്ചു. അതൊരു പൊതുതിരഞ്ഞെടുപ്പുകാലമായതിനാൽ മകന്റെ ശവസംസ്‌കാരം കഴിഞ്ഞയുടൻ പാർട്ടിയുടെ കൊടികെട്ടിയ കാറിൽ വീരേന്ദ്രകുമാർ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപോയി. ഉഷ ഒരു പരാതിയും പറഞ്ഞില്ല.
വർഷങ്ങൾക്കുശേഷം ഒരു വിദേശയാത്രയ്ക്കിടെ സ്വിറ്റ്‌സർലൻഡിലെ ലോസോൺ തടാകത്തിൽ ഒരു ടൂറിസ്റ്റ് ബോട്ടിൽവെച്ചുള്ള അപൂർവ സ്വകാര്യനിമിഷം. പ്രണയാതുരമായ ആ സന്ദർഭത്തിൽ ഭാര്യയുടെ സൗന്ദര്യം വർണിച്ച വീരേന്ദ്രകുമാറിനോട് ഉഷ ചോദിച്ചു: ‘‘നമ്മുടെ മകൻ മരിച്ചതിന്റെ പിറ്റേന്ന്, ആ ദുഃഖം അല്പമൊന്നു ശമിക്കുന്നതിനു മുമ്പുതന്നെ കാറിൽ കൊടിയുംകെട്ടി പ്രസംഗിക്കാൻ പോയില്ലേ, നിങ്ങളുടെ സാമീപ്യം കൊതിച്ചിരുന്നെങ്കിലും അന്ന് ഞാൻ തനിച്ചായിരുന്നു. നിങ്ങളെന്നിൽ ഭാര്യയെ മാത്രമേ കണ്ടുള്ളൂ, അമ്മയെ മറന്നു. ഇനി എന്തു സൗന്ദര്യം. ഏത് സൗന്ദര്യം.’’
ആ വാക്കുകൾ ഹൃദയത്തിൽ തറയ്ക്കുന്നതായിരുന്നു. ജീവിതത്തിൽ ഒപ്പംനിന്നൊരാൾ തനിക്കുപറ്റിയൊരു തെറ്റിനെക്കുറിച്ച് വർഷങ്ങൾക്കുശേഷം ചൂണ്ടിക്കാട്ടുന്നു. ഭർത്താവിന്റെ പൊതുപ്രവർത്തനത്തെ ബാധിക്കരുതെന്നു കരുതി കാലങ്ങളോളം മനസ്സിൽ വിങ്ങലായി സൂക്ഷിച്ച വാക്കുകൾ. ഒരു നിമിഷം പുറത്തേക്കുവന്നിരിക്കുന്നു. അതുപക്ഷേ, ജീവിതത്തിൽ വലിയൊരു മാറ്റത്തിനാണ് വഴിയൊരുക്കിയത്. അന്നുമുതലാണ് തന്റെയുള്ളിലെ രാഷ്ട്രീയക്കാരൻ ഒരു മനുഷ്യനായിമാറിയതെന്ന് വീരേന്ദ്രകുമാർ പറയാറുണ്ടായിരുന്നു. രാഷ്ട്രീയക്കാരനിലുപരി തന്നിൽ ഒരു അച്ഛനും ഭർത്താവും സഹോദരനും ഉണ്ടെന്ന തിരിച്ചറിവ് പലപ്പോഴായി ഉണ്ടാക്കിത്തന്നത് ഭാര്യയാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽക്കിടക്കുമ്പോൾ വായനയ്ക്കുപുറമേ ഭാര്യയെക്കുറിച്ചും അവർചെയ്ത ത്യാഗങ്ങളെക്കുറിച്ചുമാണ് വീരേന്ദ്രകുമാർ കൂടുതലായി ഓർത്തത്.
Content Highlights: Usha Veerendrakumar passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..