ഈ സർക്കാരല്ല,ഞങ്ങളാണ് ഇടതുപക്ഷം-വി.ഡി.സതീശൻ


5 min read
Read later
Print
Share

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ രാഷ്ട്രീയം പറയുന്നു. ചോദ്യവുമായി സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോൺ

വി.ഡി സതീശൻ, സി.പി ജോൺ

ഒരിക്കൽ നിയമസഭയിൽ മുഖ്യമന്ത്രി എന്നോട് പറഞ്ഞു: ‘‘നിങ്ങൾ വികസനത്തിന് എതിരായാണ് നിൽക്കുന്നത്, ഞങ്ങൾ ഭാവിനോക്കിയിട്ടാണ് ചെയ്യുന്ന’’തെന്ന്. ഞാൻ അദ്ദേഹത്തോടു ചോദിച്ചു: ‘‘എന്താണ് ഇന്നത്തെ കാലത്തെ നിങ്ങളുടെ വികസനകാഴ്ചപ്പാട്. കേരളം ഏറ്റവും മോശമായ അവസ്ഥ നേരിടുമ്പോൾ വികസന കാഴ്ചപ്പാട് സുസ്ഥിരമാകണം. കേരളത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് ബോധമുണ്ടാകണം. വികസനത്തിന്റെ ഗുണഭോക്താക്കൾ ആരാണ് എന്നതാണ് പ്രധാനം. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ മാറ്റമുണ്ടാകുന്നതാണ് യഥാർഥ വികസനം. അത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂട്ടാനുള്ളതല്ല. ഈ സർക്കാർ ഇടതുപക്ഷമല്ല. ഞങ്ങളാണ് ഇടതുപക്ഷം.’’

? തൃക്കാക്കര ഒരു വഴിത്തിരിവാണ്. ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായ തിരിച്ചടി എന്നുപറയാം. ഇതിന്റെ അലയൊലി ആ മുന്നണിയിലും സി.പി.എമ്മിലും ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ

= ഈ തിരഞ്ഞെടുപ്പിൽ അവർ സ്വീകരിച്ച ജനാധിപത്യവിരുദ്ധമായ ചില രീതികളുണ്ട്. അത് ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. 99-ൽനിന്ന് 100 സീറ്റ് ആക്കണമെന്നാണ് ആദ്യത്തെ അവരുടെ പ്രചാരണം. പ്രതിപക്ഷത്തിന് ഒരു എം.എൽ.എ.യെ കൊടുത്തിട്ട് എന്തു കാര്യം എന്നതാണ് രണ്ടാമത്തേത്. എത്രമാത്രം ജനാധിപത്യവിരുദ്ധമാണ്‌ അതെന്ന് ഓർത്തുനോക്കൂ. പ്രതിപക്ഷ ­എം.എൽ.എ.യുണ്ടായാൽ ആ മണ്ഡലത്തിൽ വികസനപ്രവർത്തനം നടത്തില്ലേ. എൽ.ഡി.എഫിനോട് ആഭിമുഖ്യമുള്ളവർപോലും ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. 99 നൂറായാൽ പിന്നെ ഞങ്ങളും ഉണ്ടാവില്ലെന്നാണ് അവരിൽ ചിലർ പറഞ്ഞത്. മുന്നണിയിലും ആ ചിന്തയുണ്ടായിരുന്നു. 140 സീറ്റിലും ഞങ്ങൾ മതി എന്ന ചിന്ത വളരാതിരിക്കാനുള്ള ഒരു പ്രതിവിപ്ലവമാണ് തൃക്കാക്കരയിലെ ജനങ്ങൾ നടത്തിയത്.

? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേടിയ വോട്ടാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പിലും തൃക്കാക്കരയിൽ നേടിയത്. 30 വോട്ടിന്റെ കുറവേയുള്ളൂ. അതേസമയം, എൽ.ഡി.എഫ്. അവരുടെ പരമാവധി വോട്ടുകൾ നേടിയിട്ടുമില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ബലാബലത്തിലേക്ക് കേരള രാഷ്ട്രീയം എത്തിയെന്നാണോ ഇത് കാണിക്കുന്നത്

= തൃക്കാക്കരയിലേത് വലിയൊരു മുന്നേറ്റമാണ്. അതിന് പല ഘടകങ്ങളുണ്ട്. പി.ടി.യുടെ ഓർമകൾ, സ്ഥാനാർഥിയുടെ സ്വീകാര്യത എന്നിവയെല്ലാമുണ്ട്. അതിനെക്കാളുപരി യു.ഡി.എഫിലെ ഘടകകക്ഷികളെല്ലാം ചേർന്ന് ചിട്ടയായി പ്രവർത്തിച്ചു. വോട്ടർപട്ടികയിലുൾപ്പെട്ടവരെക്കുറിച്ചുള്ള പരിശോധന നടത്തിയത് സി.പി. ജോണിന്റെ നേതൃത്വത്തിലായിരുന്നല്ലോ. അങ്ങനെ ഏറ്റെടുത്ത ജോലികൾ ചെയ്യുകയും അത് വിലയിരുത്തുകയും ചെയ്തത് കിട്ടാവുന്ന മുഴുവൻ വോട്ടുകളും നേടിത്തന്നു. പലപ്പോഴും യു.ഡി.എഫ്. ദയനീയമായി തോൽക്കുന്നത് എതിരാളികളുടെ ഗുണം കൊണ്ടായിരുന്നില്ല. മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും ഇല്ലാത്തതുകൊണ്ടാണ്.

? അതായത് , യു.ഡി.എഫിന് ‘സിനർജി’ ഉണ്ടായി എന്നാണോ. സിസ്റ്റവും എനർജിയും ഒരേപോലെ ഉണ്ടായി ഒരു സിനർജിയായി മാറി എന്നാണോ കാണേണ്ടത്

= അതെ, അങ്ങനെയൊരുവാക്ക് നമുക്കുപയോഗിക്കാം. ഇത് വലിയ അനുഭവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവി യു.ഡി.എഫ്. കാര്യമായി പഠിച്ചിരുന്നു. അത് തൃക്കാക്കരയിൽ വലിയ സഹായമായിട്ടുണ്ട്. സാധാരണ നോമിനേഷൻ പിൻവലിക്കുന്നതിന്റെ അവസാനംവരെ ആരാണ് സ്ഥാനാർഥി എന്ന് ചോദിക്കേണ്ട അവസ്ഥയായിരുന്നു യു.ഡി.എഫിന്. തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ആ മുന്നൊരുക്കത്തിന്റെ ഭാഗമാണ്.

? രാഷ്ട്രീയമായി ഉണർവ് ഉണ്ടായി എന്ന് പറയാമല്ലേ. സർക്കാരിനെതിരേ വികാരമുണ്ടായി എന്ന് മാത്രമല്ല, പ്രതിപക്ഷത്തിന് അനുകൂലമായി അത് മാറി എന്നർഥം. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇനി തൃക്കാക്കര മോഡൽ എന്നുപറയാനാകുന്ന വിധമാകുമോ

= എതിരാളിയുടെ ശക്തിയും ദൗർബല്യവും എന്താണെന്ന് തിരിച്ചറിയുകയും ഞങ്ങളുടെ ശക്തി മനസ്സിലാക്കി അത് മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നതാണ് തൃക്കാക്കരമോഡൽ നൽകുന്ന അനുഭവം. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വ്യാജമായി ഉണ്ടാക്കിയാണ് കള്ളവോട്ടിന് നീക്കം നടന്നത്. പാൻകാർഡ് വ്യാജമായി ഉണ്ടാക്കിയിട്ടുണ്ട്. ആ മണ്ഡലത്തിലുള്ള 19,000 വോട്ടർമാർ സ്ഥലത്തില്ലാത്തവരാണെന്ന് കണ്ടെത്തി ഉദ്യോഗസ്ഥർക്ക് പട്ടിക കൈമാറിയാണ് ഇത് പൊളിച്ചത്. എന്നിട്ടും ഒരാൾ വന്നപ്പോൾ, അയാളെ പിടിക്കാനുമായി. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകയാണ് പിടിച്ചത്. യു.ഡി.എഫിന് അത് പറ്റുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് തൃക്കാക്കര. ഇത് സംഘടനാപരമായി യു.ഡി.എഫ്. ഇനി ഏറ്റെടുക്കുന്ന രീതിയാണ്.

? പി.ടി. തോമസിന്റെ ഭാര്യ എന്നതിലുപരി ഉമാ തോമസ് ഒരു മതേതര കുടുംബ ജീവിതം നയിക്കുന്ന വ്യക്തിയാണ്. ഉമയെ സ്ഥാനാർഥിയായി നിശ്ചയിക്കുന്നതിലൂടെ മതേതര ജീവിതം നയിക്കുന്നവർക്ക് രാഷ്ട്രീയ ഇടം നിശ്ചയിച്ചുകൊടുക്കുന്നുവെന്ന ഒരു സന്ദേശം അതിലുണ്ടോ

= ഈ സ്ഥാനാർഥിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ പല സമ്മർദങ്ങളുമുണ്ടായിരുന്നു. പി.ടി. തോമസ് ക്രിസ്ത്യൻ സഭകളുമായി സംഘർഷത്തിലുണ്ടായിരുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയാൽ സഭ അത് സ്വീകരിക്കാനിടയില്ലെന്ന വാദമുണ്ടായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിൽപ്പെട്ട ഒരാളെ മാത്രമാണ് ആ വിഭാഗം പിന്തുണയ്ക്കുകയെന്ന തോന്നൽ പലർക്കുമുണ്ടായിരുന്നു. സങ്കീർണമായ രാഷ്ട്രീയസാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിൽ ഒരുരാഷ്ട്രീയപ്പാർട്ടിയും എടുക്കാത്ത നിലപാട് നമ്മൾ പ്രഖ്യാപിച്ചു. നാല് വോട്ടിനുവേണ്ടി വർഗീയ പാർട്ടികളുടെ തിണ്ണ നിരങ്ങില്ലെന്നും അവരുടെ വോട്ടുവേണ്ടെന്നും നമ്മൾ പറഞ്ഞു. മതേതരവാദികൾ ഉമാ തോമസിനെ ജയിപ്പിക്കുമെന്ന് യു.ഡി.എഫ്. പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹം മതേതരമാണ്. ഓരോരുത്തർക്കും വിശ്വാസമുണ്ട്. പക്ഷേ, മറ്റുള്ളവരുടെ വിശ്വാസം അവരെ അസ്വസ്ഥപ്പെടുത്തുന്നില്ല. ചില സാമുദായിക-രാഷ്ട്രീയ നേതാക്കൾക്ക് താത്‌കാലിക ലാഭത്തിനുവേണ്ടി ഉണ്ടാക്കുന്നതാണ് വർഗീയത. മതേതരമായി നിലപാടെടുത്താൽ അതിനൊപ്പം പൊതുസമൂഹം നിൽക്കും.

? എൽ.ഡി.എഫിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോസ്റ്ററിൽ സ്ഥാനാർഥിയുടെ പടമായിരുന്നില്ല, സിൽവർലൈൻ തീവണ്ടിയായിരുന്നു. പക്ഷേ, അവസാനഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പടം മാത്രമായി. എൽ.ഡി.എഫിന്റെ മുദ്രാവാക്യപ്പട്ടികയിൽനിന്ന് സിൽവർലൈൻ അപ്രത്യക്ഷമായി. താങ്കൾ കരുതുന്നുണ്ടോ സിൽവർലൈൻ ഇനി നടക്കുമെന്ന്

= നഗരവാസികളായ വോട്ടർമാർ എന്ന നിലയിലാണ് സിൽവർലൈൻ ചർച്ചയാക്കി വോട്ടുചോദിക്കാമെന്ന് അവർ കരുതിയത്. മധ്യവർഗവിഭാഗത്തിന് മോഹിപ്പിക്കുന്ന സൗകര്യങ്ങൾ വിശദീകരിച്ചാൽ അവർ വിശ്വസിക്കുമെന്നായിരുന്നു ധാരണ. അവർക്കുതെറ്റി. യു.ഡി.എഫിന്റെ പ്രചാരണമാണ് ഇവിടെ വിശ്വസിച്ചത്. കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തമാണ്, കേരളം ശ്രീലങ്കയായി മാറും ഈ രണ്ട് പ്രചാരണം ഗുണം ചെയ്തു. ആദ്യഘട്ട പ്രചാരണം കഴിഞ്ഞപ്പോൾ എൽ.ഡി.എഫ്. പ്രവർത്തകർക്കും സിൽവർലൈൻ തിരിച്ചടിക്കുമെന്ന് ബോധ്യമായിരുന്നു. അങ്ങനെയാണ് മഞ്ഞക്കുറ്റി വേണ്ടാ എന്നു തീരുമാനിച്ചത്. പിന്മാറിയെന്ന് തോന്നരുതെന്ന മുഖ്യമന്ത്രിയുടെ വാശിയാണ് ഡിജിറ്റൽ സർവേ എന്നൊക്കെ പറഞ്ഞത്. ഇനി അതുമായി മുന്നോട്ടുപോകാനാകില്ല. മുഖം രക്ഷിക്കാൻ ഇനി പിന്മാറുന്നതിന് ഒരുകാരണം കണ്ടെത്തും.

? ഫാൻസി പ്രോജക്ട് ആയതുകൊണ്ടാണോ സിൽവർലൈനും വികസന ചർച്ചയും തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായത്

= അതുകൊണ്ടല്ല. വികസന പദ്ധതികൾ ചർച്ചയാക്കാമെന്ന് എൽ.ഡി.എഫ്. പറഞ്ഞപ്പോൾ ഞങ്ങൾ അത് ഏറ്റെടുത്തു. കൊച്ചി വിമാനത്താവളം, വല്ലാർപ്പാടം, ഗോശ്രീപ്പാലം, കലൂർ സ്റ്റേഡിയം അങ്ങനെ യു.ഡി.എഫ്. കൊണ്ടുവന്ന ഒരുപട്ടികതന്നെ ഞങ്ങൾ അവതരിപ്പിച്ചു. ഇതെല്ലാം തൃക്കാക്കരയിലെ ഓരോ വീട്ടിലും ലഘുലേഖയായി എത്തിച്ചു. എൽ.ഡി.എഫ്. ഭരണകാലത്ത് കൊണ്ടുവന്ന ഒരു പദ്ധതി വിശദീകരിക്കാൻ വെല്ലുവിളിച്ചു. ഇതോടെ അവർ നിശ്ശബ്ദരാവുകയാണുണ്ടായത്.

? എൽ.ഡി.എഫ്. സർക്കാരിന്റെ വെട്ടിപ്പോയ തുരുപ്പുചീട്ടാണ് സിൽവർലൈൻ. അങ്ങനെ വരുമ്പോൾ അടിസ്ഥാനസൗകര്യ വികസനത്തിൽ ശരിയായ ഒരു വികസന കാഴ്ചപ്പാടുകൂടി മുന്നോട്ടുവെക്കേണ്ടതുണ്ടല്ലോ. അത്തരമൊരു ബദൽ നിർദേശിക്കാൻ താങ്കൾക്കുണ്ടോ

= നിലവിലെ റെയിൽവേ സംവിധാനത്തിന്റെ പോരായ്മ പരിഹരിച്ചുള്ള വികസനപദ്ധതിയാണ് വേണ്ടത്. വളവുകൾ നിവർത്തണം. സിഗ്നൽ സംവിധാനം പരിഷ്കരിക്കണം. പൊതുഗതാഗത സംവിധാനമെന്നാൽ, സാധാരണക്കാരന് പ്രാപ്യമാകുന്നതാകണം. കെ.എസ്.ആർ.ടി.സി.യെ ദയാവധത്തിന് വിട്ടുകൊടുത്തിട്ട് കെ-റെയിൽ നടപ്പാക്കാൻ പോയിട്ട് എന്തുകാര്യമാണ്. റോഡ്-റെയിൽ-ജല ഗതാഗത സംവിധാനങ്ങളുടെ കണക്ടിവിറ്റി പ്രധാനമാണ്. ചരക്കുനീക്കം ജലമാർഗമാക്കുകയെന്നത് റോഡിന്റെ ഭാരം കുറയ്ക്കുന്നതാണ്. പൊതുഗതാഗത സംവിധാനത്തിന് ഇന്ധന സബ്‌സിഡി വേണമെന്ന നിർദേശം മുന്നോട്ടുവെച്ചത് യു.ഡി.എഫ്. ആണ്.

? തിരഞ്ഞെടുപ്പിനുവേണ്ടിയല്ലാതെ പുതിയ വികസന കാഴ്ചപ്പാട് മുന്നോട്ടുവെക്കുകയാണോ യു.ഡി.എഫ്. ചെയ്യുന്നത്

= സാമ്പ്രദായികരീതിയിൽ സർക്കാരിനെ വിമർശിക്കുന്ന രീതിയല്ല യു.ഡി.എഫിന് ഇപ്പോഴുള്ളത്. സർക്കാരിന്റെ ഏതു കാര്യവും ചാടിക്കയറി എതിർക്കുന്ന രീതിയില്ല. പഠിച്ച് കാര്യങ്ങൾ പറയുക. പുതിയ കാര്യങ്ങൾ അവതരിപ്പിക്കുക. വിശ്വാസ്യത പ്രധാനമാണ്. പൊതുസമൂഹം മാറുകയാണ്. അവർ സർക്കാരിനെപ്പോലെ പ്രതിപക്ഷത്തെയും വിലയിരുത്തുന്നുണ്ട്. വികസനത്തിന്റെ ഗുണഭോക്താക്കൾ ആരാണ് എന്നതാണ് പ്രധാനകാര്യം. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ മാറ്റമുണ്ടാകുന്നതാണ് യഥാർഥവികസനം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂട്ടാനുള്ളതല്ല വികസനപദ്ധതി. നമ്മളാണ് ഇടതുപക്ഷം. ഇടതുപക്ഷമെന്ന് പറയുന്ന ഈ സർക്കാർ ആസൂത്രണത്തിൽനിന്ന് പദ്ധതികളിലേക്ക് മാറുകയാണ്. അവിടെ ജനങ്ങളുടെ പ്രശ്നങ്ങളില്ല. കമ്മിഷൻ മാത്രമേയുള്ളൂ. വികസനത്തിനുവേണ്ടി മനുഷ്യനെ അവന്റെ ആവാസ വ്യവസ്ഥയിൽനിന്ന് എടുത്തെറിയുകയല്ല വേണ്ടത്. കുടിയൊഴിപ്പിക്കുകയാണെങ്കിൽ ഒരു സ്ഫടികപാത്രംപോലെ അവരെ എടുത്ത് സുരക്ഷിതമാക്കാനുള്ള മനസ്സുണ്ടാകണം.

? യു.ഡി.എഫിന്റെ ശക്തിയെന്നത് ന്യൂനപക്ഷ വിഭാഗമാണെന്ന് പറയാറുണ്ട്. ഇപ്പോൾ അവർക്കിടയിൽ വലിയ തർക്കങ്ങളും വിഭാഗീയതുമുണ്ടാക്കുന്ന സ്ഥിതിയുണ്ടാകുന്നുണ്ടോ

= വളരെ സങ്കീർണമായ ഒരു സ്ഥിതിയാണ് കേരളത്തിലേത്. വിദ്വേഷപ്രചാരണം വ്യാപകമാകുകയാണ്. ജനങ്ങളുടെ പ്രശ്നം ചർച്ചചെയ്യാതെ വൈകാരികത പ്രചരിപ്പിക്കയെന്നത് സത്യാനന്തര യുഗത്തിലേ നേതാക്കളുടെ പ്രത്യേകതയാണ്. അപകടകരമായ സ്ഥിതിയാണ് കേരളത്തിലുള്ളത്. ക്രൈസ്തവ, മുസ്‌ലിം വിഭാഗങ്ങളിൽ ശത്രുതയുണ്ടാക്കാനാണ് ശ്രമം. സാമൂഹികമാധ്യമങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. സർക്കാർ ഇതിൽ കണ്ണുകെട്ടിയിരിക്കുകയാണ്‌. ഒരേ വ്യക്തിതന്നെ മുസ്‌ലിം-ക്രിസ്ത്യൻ പേരുകൾ ഉപയോഗിച്ച് വിദ്വേഷ പ്രചരണം നടത്തി സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിനൊന്നും സർക്കാർ നടപടിയില്ല. വെറുപ്പിനെ മാത്രം വെറുക്കുക എന്ന രീതിയിലുള്ള പ്രചാരണം മാത്രമാണ് പ്രതിപക്ഷത്തിന് ചെയ്യാനാകുക.

Content Highlights: VD Satheesan Interview

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..