മനുഷ്യപ്പറ്റുള്ള നേതാവിന്റെ വിലാസം


മനോജ് മേനോൻ

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പടിയിറങ്ങുമ്പോൾ വിദ്യാർഥിരാഷ്ട്രീയത്തിലൂടെ വളർന്ന് നിയമസഭാംഗം, രാജ്യസഭാംഗം, രണ്ടുവട്ടം ബി.ജെ.പി. ദേശീയ അധ്യക്ഷൻ, കേന്ദ്രമന്ത്രി തുടങ്ങിയ ­പദവികളിലൂടെ ഉപരാഷ്ട്രപതിപദത്തിലേക്കുള്ള വെങ്കയ്യയുടെ ­വളർച്ച ­ദേശീയരാഷ്ട്രീയത്തിന്റെ ചരിത്രംകൂടിയാണ്. വെങ്കയ്യ പടിയിറങ്ങുമ്പോൾ മനുഷ്യപ്പറ്റുള്ള ­ഒരു നേതാവിന്റെ വിലാസവും ഒപ്പമുണ്ട്.

Photo: Print

അമ്മയെക്കുറിച്ചുള്ള ഓർമകളിൽ മാത്രമല്ല, അംഗങ്ങളുടെ പെരുമാറ്റം രാജ്യസഭയിൽ അതിരുവിട്ടപ്പോഴും വെങ്കയ്യ കരഞ്ഞു. ‘‘ഇന്നലെ രാത്രിയിൽ ഞാൻ ഉറങ്ങിയില്ല’’ -ഭരണപ്രതിപക്ഷങ്ങൾ കടുത്ത ബഹളമുയർത്തി സഭാനടപടികൾ അലങ്കോലമാക്കിയതിന്റെ തൊട്ടടുത്തദിവസം രാജ്യസഭയിൽ നടത്തിയ പ്രസ്താവനയ്ക്കിടയിൽ വിതുമ്പിക്കരഞ്ഞ്, വാക്കുകൾ മുറിഞ്ഞ് വെങ്കയ്യ നായിഡു പറഞ്ഞു. ആഹ്ലാദങ്ങളുടെ ചിരിമണികൾ പതിവായി വാരിയെറിയാറുള്ള അധ്യക്ഷന്റെ കണ്ണീരടർന്നപ്പോൾ സഭയിൽ അംഗങ്ങൾ നിശ്ശബ്ദരായി. ചെറുപ്രായത്തിൽ അമ്മയെ നഷ്ടമായതിന്റെ വേദന പരാമർശിക്കപ്പെട്ടപ്പോഴൊക്കെ വേദിമറന്ന് നൊമ്പരപ്പെടുന്ന വെങ്കയ്യയെ പിന്നീട് പലപ്പോഴും പലവേദികളിലും കണ്ടു. രാജ്യസഭയിലെ യാത്രയയപ്പ് വേളയിൽ മാത്രമല്ല, ഉപരാഷ്ട്രപതിസ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകിയശേഷം നടത്തിയ പത്രസമ്മേളനത്തിലും കുട്ടിക്കാലത്തെ തന്റെ അമ്മനഷ്ടത്തിൽ വെങ്കയ്യ സങ്കടപ്പെട്ടു. ‘‘അമ്മയെ നഷ്ടപ്പെട്ടപ്പോൾ പാർട്ടി തനിക്ക് അമ്മയായി’’ എന്ന് പറഞ്ഞായിരുന്നു വെങ്കയ്യ 2017-ൽ പത്രസമ്മേളനം തുടങ്ങിയത്.

‘‘എന്റെ അമ്മയെ എനിക്ക് ചെറിയ പ്രായത്തിൽ നഷ്ടമായി. ഒരു വയസ്സിനടുത്തായിരുന്നു അപ്പോൾ എനിക്ക് പ്രായം. അതിനുശേഷം ഞാൻ എന്റെ പാർട്ടിയെയാണ് അമ്മയായിക്കണ്ടത്. പാർട്ടിയാണ് എന്നെ ഇതുവരെ വളർത്തിയത്. അതിനാൽ പാർട്ടിവിടുക എന്നത് എനിക്ക് വേദനയാണ്.’’ - ഉപരാഷ്ട്രപതിപദത്തിലെത്തുമ്പോൾ സജീവരാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവരുന്നതിന്റെ ദുഃഖമായിരുന്നു അന്നത്തെ വെങ്കയ്യ നായിഡുവിന്റെ വാക്കുകളിൽ. രാഷ്ട്രപതിപദത്തിലും രാജ്യസഭാ അധ്യക്ഷപദത്തിലും കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന വേളയിലും വെങ്കയ്യയെ അലട്ടുന്നത്, ആൾക്കൂട്ടത്തിൽനിന്ന്‌ അകന്നുപോകേണ്ടിവരുമോയെന്ന ആശങ്കതന്നെയാണ്.

‘‘കാലാവധി പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെങ്കിലും നിങ്ങളെ വിട്ടുപിരിയേണ്ടിവരുന്നതിൽ സങ്കടമുണ്ടെന്ന്’’ വെങ്കയ്യ കഴിഞ്ഞദിവസം രാജ്യസഭാംഗങ്ങളോട് പറഞ്ഞത് അതുകൊണ്ടാണ്. അധികാരത്തിനും പദവിക്കും മനുഷ്യത്വത്തിന്റെ ഉടലും ഉയിരും നൽകിയ രാഷ്ട്രീയവ്യക്തിത്വം എന്ന് രാഷ്ട്രീയചരിത്രം മുപ്പവരപ്പ്‌ വെങ്കയ്യ നായിഡു എന്ന എം. വെങ്കയ്യ നായിഡുവിനെ അടയാളപ്പെടുത്തുന്നത് ഇക്കാരണങ്ങളാലാണ്.

പദവികളുടെ ഭ്രമമില്ലാതെ

അധികാരത്തിന്റെ കയറ്റിറക്കങ്ങളിൽ ദീർഘകാല സഞ്ചാരപരിചയമുള്ളതിനാൽ പദവികളുടെ ഭ്രമം ഏറെ പിടികൂടാത്ത നേതാക്കളിലൊരാളാണ് വെങ്കയ്യ നായിഡു. താഴെത്തട്ടുമുതൽ നേടിയ രാഷ്ട്രീയവിദ്യാഭ്യാസം സൃഷ്ടിച്ച ജനാധിപത്യബോധമാണ് ഈ ഭ്രമം തീണ്ടുന്നതിൽനിന്ന്‌ വെങ്കയ്യയെ പിടിച്ചുനിർത്തിയത്. മതവേർതിരിവിന്റെ രാഷ്ട്രീയം വിവാദങ്ങൾ സൃഷ്ടിച്ച നാളുകളിലൊന്നിൽ: ‘‘നിങ്ങൾ നിങ്ങളുടെ ഭഗവാനെ പൂജിക്കുന്നു, ഞാൻ എന്റെ ഭഗവാനെ പൂജിക്കുന്നു. അതിലെന്താണ് പ്രശ്നം? നിങ്ങൾ മുസ്‌ലിമാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും ഹിന്ദുവാണെങ്കിലും എന്താണ് പ്രശ്നം? നമ്മൾ എല്ലാവരും ഒന്നാണ്’’. എന്ന് ലോക്‌സഭയിൽ തുറന്നുപറയാൻ വെങ്കയ്യക്ക്‌ പ്രേരണനൽകിയത് ഈ ജനാധിപത്യവിശ്വാസമാണ്. 2015-ൽ മോദിസർക്കാരിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായി പ്രവർത്തിക്കുമ്പോഴായിരുന്നു ലോക്‌സഭയിൽ വെങ്കയ്യയുടെ ഈ പരാമർശം. ‘‘വിവിധതാ മേ ഏകത, ഭാരത് കാ സവിശേഷത’’ എന്ന് കൂട്ടിച്ചേർക്കാനും അദ്ദേഹം മറന്നില്ല.

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ ചവട്ടപാലെം ഗ്രാമത്തിലെ വിദ്യാർഥിസംഘടനാ പ്രവർത്തകനിൽനിന്ന് രാജ്യത്തിന്റെ ഉപരാഷ്ട്രപതിപദത്തിലേക്ക് നടന്നുകയറിയ വെങ്കയ്യയുടെ ഉടലിനുള്ളിൽ എക്കാലത്തും ഒരു ഗ്രാമീണനുണ്ടായിരുന്നു. ബി.ജെ.പി. രാഷ്ട്രീയത്തിലെ നേതൃനിരയിൽ വാഴ്ചകൾ പലതും മാറിയപ്പോഴും വീഴാതെനിൽക്കാനുള്ള രാഷ്ട്രീയസാമർഥ്യം പ്രയോഗിക്കാൻ അദ്ദേഹത്തെ സഹായിച്ചത് മണ്ണിൽച്ചവിട്ടിയുള്ള ഈ നിലനിൽപ്പിന്റെ കരുത്തായിരുന്നു.

ആൾക്കൂട്ടത്തിന്റെ നേതാവ്

ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കൊപ്പം ആകുന്നത്ര കഴിയാനാഗ്രഹിക്കുന്ന നേതാവാണ് വെങ്കയ്യ. നിമിഷങ്ങൾകൊണ്ട് ഒരാൾക്കൂട്ടത്തെ കൈയിലെടുക്കാനുള്ള മാന്ത്രികവിദ്യ ഭാഷയായും ഭാവനയായും വെങ്കയ്യ നായിഡുവിനൊപ്പം എപ്പോഴുമുണ്ട്. എൺപതുകളിൽ ബി.ജെ.പി.ക്ക് കാര്യമായ മേൽവിലാസങ്ങളില്ലാത്ത കാലത്ത് ബംഗാളിലെ ഉൾഗ്രാമങ്ങളിലും കേരളത്തിലെ ഉൾഗ്രാമങ്ങളിലും ആൾനിറയുന്ന വേദികൾക്കായി പാർട്ടി നിയോഗിച്ചത് വെങ്കയ്യയെയായിരുന്നു. ഇംഗ്ലീഷടക്കം പല ഭാഷകളിലും അടിമുടി കൈയടക്കമുള്ള വെങ്കയ്യ വാക്കുകൾകൊണ്ടും ഭാഷാപ്രയോഗംകൊണ്ടും ജനങ്ങളെ സ്വന്തമാക്കി.

ശ്വാസം പോയാലും പ്രാസം വിടില്ലെന്ന ചൊല്ലിനെ അന്വർഥമാക്കി ഭാഷകൊണ്ട് വെങ്കയ്യ കാട്ടുന്ന കസർത്തുകേൾക്കാൻ ഗ്രാമവേദികൾ മാത്രമല്ല, പിന്നീട് പാർലമെന്റിന്റെ അകത്തളങ്ങളും പലവട്ടം കാതോർത്തു. വിറ്റി വൺ ലൈനേഴ്‌സ് എന്ന് വിളിക്കുന്നതരത്തിലുള്ള വെങ്കയ്യയുടെ പരാമർശങ്ങളിൽ പലപ്പോഴും നിറയുന്നത് ഭാഷയുടെ നൃത്തമാണ്. അതിന് ഭാഷയുടെ പരിമിതിയില്ല, സാധ്യതമാത്രം. ഇംഗ്ളീഷ്, ഹിന്ദി, തെലുഗു, തമിഴ് തുടങ്ങി ഭാഷകളുടെ മാറിമാറിയുള്ള കുടമാറ്റമാണ് പലപ്പോഴും കേൾവിക്കാർക്കുമുന്നിൽ. രാഷ്ട്രപതിസ്ഥാനാർഥിയാകുമോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, തനിക്ക് രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്നും തനിക്ക് ഉഷാപതി(ഉഷയുടെ ഭർത്താവ്, വെങ്കയ്യയുടെ ഭാര്യയുടെ പേര് ഉഷയെന്നാണ്)യായാൽ മതിയെന്നും 2017-ൽ വെങ്കയ്യ പറഞ്ഞതിന്റെ ലളിതമായ പൊരുൾമുതൽ ‘‘ഇൻ പാർലമെന്റ്, എയ്തർ യു ഷുഡ് ടോക്ക് ഔട്ട് ഓർ വാക്ക് ഔട്ട്. ബട്ട് വാട്ട് ഈസ് ഹാപ്പനിങ്‌ ഈസ് എ ഫ്രീക്വന്റ് ബ്രേക്ക് ഔട്ട്. ഇഫ് ദിസ് കണ്ടിന്യൂസ്, ദ ഡെമോക്രസി വിൽബി ഓൾ ഔട്ട്’’ എന്ന പരാമർശംവരെ നൽകുന്ന ഭാഷാനുഭവം ലളിതമായ ചിരിയുണർത്തലുകളാണ്.

എന്നാൽ, യു.പി.എ. ഭരണത്തെക്കുറിച്ച് നടത്തിയ, ‘പി.എം. പ്രിസൈഡ്‌സ്, മാഡം ഡിസൈഡ്‌സ്’ എന്ന പരാമർശവും നോട്ട് പിൻവലിക്കലിനെ വിമർശിച്ച ഇടതുപാർട്ടികളെക്കുറിച്ച് ‘ലെഫ്റ്റ് പാർട്ടീസ് ക്യാൻ നെവർ ബി റൈറ്റ്’ എന്ന വിമർശനവും ആന്ധ്രാ വിഭജനചർച്ചയ്ക്കിടയിൽ ഭരണപക്ഷത്തോട് ‘ഇൗഫ് യു ഹാവ് ദ വിൽ, ബ്രിങ്‌ ദ ബിൽ’ എന്ന വെല്ലുവിളിയും ഭാഷകൊണ്ടുള്ള കളിക്കപ്പുറം രാഷ്ട്രീയംനിറഞ്ഞ ഉള്ളടക്കമാണ്. ഈ ഭാഷാചാതുര്യം പാർട്ടിക്കുള്ളിലും പുറത്തും പടവുകൾകയറാൻ വെങ്കയ്യക്ക് പ്രധാന പിന്തുണയായിരുന്നു.

ഉപരാഷ്ട്രപതി ഭരണകാലയളവിലുടനീളം മാതൃഭാഷാ പഠനത്തിനായി വാദിച്ച വെങ്കയ്യ, രാജ്യസഭയ്ക്കുള്ളിൽ 22 ഭാഷകളുടെ തത്‌സമയവിവർത്തനം ഉറപ്പാക്കി തന്റെ ഭാഷാപ്രണയം ഉറപ്പിച്ചതും ചരിത്രം. രാജ്യത്തിന്റെ ഭാഷാവൈവിധ്യവും പ്രാദേശികഭാഷകളുടെ ചാരുതയും വെങ്കയ്യയുടെ പ്രഭാഷണങ്ങളിൽ ആവർത്തിക്കപ്പെടുന്ന ­പ്രമേയങ്ങളാണ്. ഈ അടുപ്പം പ്രാദേശികഭാഷാ മാധ്യമങ്ങളോടും വെങ്കയ്യ കാത്തുവെക്കുന്നു.

മാതൃഭൂമി ദിനപത്രത്തോടുള്ള ഇഷ്ടവും അടുപ്പവും പലവട്ടം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ലേഖനങ്ങളെഴുതിയും ചടങ്ങുകളിൽ പങ്കെടുത്തും തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. മാനേജിങ്‌ ഡയറക്ടറും രാജ്യസഭാംഗവുമായിരുന്ന എം.പി. വീരേന്ദ്രകുമാറുമായുള്ള അടുത്തസൗഹൃദവും ഇഴയടുപ്പമുള്ളതായിരുന്നു.

Content Highlights: venkaiah naidu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..