ശങ്കരനാരായണൻ എന്ന ജനഹൃദയങ്ങളിലെ ഗവർണർ


എൻ. ശ്രീജിത്ത്

കെ ശങ്കരനാരായണൻ | ഫോട്ടോ: ഇ.എസ് അഖിൽ/മാതൃഭൂമി

മലബാർഹില്ലിലെ വാൽക്കേശ്വറിലാണ് മഹാരാഷ്ട്ര രാജ്ഭവന്റെ ആസ്ഥാനം. മലയാളികളായ ഡോ. പി.വി. ചെറിയാനും പി.സി. അലക്‌സാണ്ടറും ഗവർണർമാരായി ഇവിടെയെത്തിയിരുന്നെങ്കിലും ജനങ്ങൾക്ക് അപരിചിതമായ പ്രദേശം തന്നെയായിരുന്നു അത്. കെ. ശങ്കരനാരായണൻ ഗവർണറായി എത്തിയതിനുശേഷമാണ് രാജ്ഭവന്റെ വാതിലുകൾ ജനങ്ങൾക്കുമുന്നിൽ മലർക്കെ തുറന്നിട്ടത്. മഹാരാഷ്ട്ര കണ്ട ഏറ്റവും ജനകീയനായ ഗവർണർ.

വാൽക്കേശ്വറിൽ വിശാലമായിക്കിടക്കുന്ന ഈ ഭൂപ്രദേശത്തെയും ഗവർണർ എന്ന പദവിയെയും മഹാരാഷ്ട്രയിലെ സാധാരണക്കാരന് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ആറുപതിറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതത്തിൽനിന്ന് ഭിന്നമായി മറ്റൊരു ജീവിതം എളുപ്പത്തിൽ സാധ്യമല്ലാത്തതിനാലാവാം ഗവർണർ പദവിയെ, ഭരണഘടനാ പദവിക്കപ്പുറത്തേക്ക് ഉയർത്താൻ അദ്ദേഹത്തിന്‌ സാധ്യമായത്. വെള്ളത്തിലെ മത്സ്യത്തെപ്പോലെയാണ് പൊതുപ്രവർത്തകൻ എന്ന നിർവചനത്തെ എല്ലാ അർഥത്തിലും അതിന്റെ പൂർണതയിലെത്തിച്ചു കെ. ശങ്കരനാരായണൻ. ഗവർണറായിരിക്കുമ്പോഴും പൊതുപ്രവർത്തകന്റെ മനസ്സാണ് അദ്ദേഹത്തെ ഭരിച്ചിരുന്നത്.

മഹാരാഷ്ട്രയിലെ സർവകലാശാലകളുടെ പരമാധികാരി എന്ന നിലയിൽ വൈസ് ചാൻസലർ നിയമനത്തെ അടിമുടി പരിഷ്‌കരിക്കാനും ആ പദവിയിൽ അർഹരെത്തന്നെ നിയോഗിക്കാനും കഴിഞ്ഞു. ഇതുവഴി മഹാരാഷ്ട്രയിലെ പത്തൊമ്പത് സർവകലാശാലകളിലും പ്രാപ്തരായ വൈസ്ചാൻസലർമാരെ നിയോഗിക്കാൻ കഴിഞ്ഞു.

തെറ്റാത്ത നിലപാടുകൾ

ഏഷ്യൻ ഹാർട്ട് ഹോസ്പിറ്റലിലെ ബീനാ ബേബി എന്ന മലയാളി നഴ്‌സ് മരിച്ചപ്പോൾ നഴ്‌സ് സമൂഹം മുഴുവൻ സമരത്തിനിറങ്ങി. പ്രതിസന്ധിരൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് പ്രശ്‌നത്തിൽ ഇടപെടാനുള്ള ധൈര്യം ശങ്കരനാരായണൻ കാണിച്ചത് വലിയ ധൈര്യവും പിന്തുണയുമാണ് ഈ വിഭാഗത്തിനുണ്ടാക്കിയത്. പ്രശ്‌നം എളുപ്പത്തിൽ പരിഹരിക്കാനായത് ഗവർണരുടെ ആർജവം കൊണ്ടുതന്നെയായിരുന്നു.

മഹാരാഷ്ട്ര സർക്കാരുമായി നല്ലബന്ധം നിലനിർത്തുമ്പോൾത്തന്നെ, ബജറ്ററി അധികാരങ്ങൾ ഉള്ള ഗവർണർ എന്ന നിലയിൽ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ചില മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകേണ്ടി വന്നിട്ടുണ്ട്. എങ്കിലും രാജ്ഭവനെ മറ്റൊരു അധികാരകേന്ദ്രമാക്കിമാറ്റാൻ ഗവർണർ ശ്രമിച്ചില്ല.

പ്രതിപക്ഷം പറയുന്ന ക്രിയാത്മക നിർദേശങ്ങൾ ഗൗരവത്തിൽ എടുക്കുകയും അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതുവഴി പ്രതിപക്ഷ നേതാക്കളിൽപ്പോലും ശങ്കരനാരായണന് നല്ല ബഹുമാനം ഉണ്ടാക്കാൻ കഴിഞ്ഞു. മലയാളിയായ ഒരാളെ സംബന്ധിച്ച് വലിയകാര്യം തന്നെയായിരുന്നു ഇത്.

ആദർശ് ഹൗസിങ് സൊസൈറ്റി അഴിമതിയിൽപ്പെട്ട ഐ.എ.എസ്.ഓഫീസർ രാമാനന്ദ് തിവാരിയെ സംസ്ഥാന വിവരാവകാശകമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ട് ശങ്കരനാരായണൻ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നക്‌സലൈറ്റ് പ്രശ്‌നം രൂക്ഷമായ ഗഡ്ചിരോളി ഉൾപ്പെട്ട പ്രദേശങ്ങളിൽ ആദ്യമായി സന്ദർശിക്കുന്ന ഗവർണർ എന്ന പേര് നേടിയെടുത്തതോടൊപ്പം അവിടത്തെ ജനകീയപ്രശ്‌നങ്ങൾ പഠിക്കാനും അത് ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

രാജ്ഭവനിലെ ജീവനക്കാർക്ക് താമസിക്കാൻ 14 നില കെട്ടിടം പണിയാൻ കഴിഞ്ഞത് ഗവർണർ കാലത്തെ ശങ്കരനാരായണന്റെ വലിയ നേട്ടം തന്നെയാണ്. നാഗ്പുർ രാജ്ഭവൻ കേന്ദ്രമാക്കി ഔഷധോദ്യാനം ആരംഭിച്ചു. അതിന്റെ ഉദ്ഘാടനച്ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പറഞ്ഞത് ഇത് മഹാരാഷ്ട്രക്കാർക്കുള്ള ഗവർണറുടെ സമ്മാനമാണെന്നാണ്.

മുംബൈയിലുണ്ടായിരുന്ന കാലത്ത് ഒട്ടേറെ പൊതുപരിപാടികൾ ദിവസവും ഗവർണർക്കുണ്ടായിരുന്നു. ഓരോ വേദിയിലും തന്റെ നർമബോധത്താൽ തന്നെത്തന്നെ മറന്ന്, തന്റെ ഹൃദയഭാഷയിലൂടെ സദസ്സിനെ കൈയിലെടുത്ത് സംസാരിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. മലയാളികൾക്ക് എന്നതിനെക്കാൾ മറ്റുള്ള ജനവിഭാഗങ്ങൾക്കും പ്രിയങ്കരമായി തന്നെ മാറാനും ജനകീയനാകാനും കഴിഞ്ഞു. ആറ് സംസ്ഥാനങ്ങളിൽ ഗവർണർ പദവി അലങ്കരിച്ച ആ വലിയ മനുഷ്യൻ ഗവർണർ എന്ന നിലയിൽ തിളങ്ങിയത് മഹാരാഷ്ട്രയിലായിരുന്നപ്പോഴാണ്.

Content Highlights: Veteran Congress leader K. Sankaranarayanan passes away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..