ചെറുത്തുനിൽപ്പിന്റെ ആഘോഷം, വൈവിധ്യത്തിന്റെയും


കെ. രേഖ

വിഷു ­ആശംസകൾ

.

സാമൂഹികമാധ്യമങ്ങളുടെ സമഗ്രാധിപത്യകാലത്ത് വിഷുത്തലേന്ന് മൊബൈൽഫോൺ തുറക്കാൻ തുടങ്ങുമ്പോൾ മടുപ്പുതോന്നും.
‘‘ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും... ’’
വിഷുവിനെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയ കവിയാണ്, വൈലോപ്പിള്ളി.
‘വിഷുക്കണി’ എന്ന പേരിൽത്തന്നെ പല കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പക്ഷേ, മലയാളിക്ക് അദ്ദേഹത്തിന്റെ ഈ ‘ധൂസരസങ്കല്പ’മാണ് കൂടുതൽ ബോധിച്ചത്. അതുകൊണ്ട് എപ്പോഴുമെപ്പോഴും ആശംസകളിൽ അതു നിറയുന്നു.
ഇപ്പോൾപിന്നെ, അയ്യപ്പപ്പണിക്കരുടെ ‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്ന കണിക്കൊന്നയുടെ ആത്മാലാപത്തിനും വിഷുദിനത്തിൽ വിശ്രമമില്ല.
സത്യത്തിൽ മൊബൈലിലെ വെർച്വൽ ആഘോഷങ്ങളിലേക്കും പൊൻനിറമാർന്ന കണിക്കാഴ്ചയിലേക്കും ഇലയിൽ നിറയുന്ന സദ്യയിലേക്കും തലകുനിക്കുമ്പോൾ ഉള്ളിലൊരു ഭാരമുണ്ട്. കഴിഞ്ഞ കുറെനാളുകളിൽ ഒരുപാടു സങ്കടങ്ങളിലൂടെ, വ്യാധികളിലൂടെ, ആധികളിലൂടെ, കഷ്ടപ്പാടിലൂടെ കടന്നുപോയവരാണ് നമ്മൾ.
ലോകത്തെ ഏതൊക്കെയോ ഇടങ്ങളിൽ, നമ്മുടെ സഹോദരങ്ങൾ അധികാരപ്പോരിൽ പിടഞ്ഞുവീഴുന്നു. യുക്രൈനിൽ യുദ്ധഭീതിയിൽ ജീവിതം കൊത്തിവെച്ച ഇടങ്ങൾ വിടേണ്ടിവരുന്നവർ, ലങ്കയിൽ ദാരിദ്ര്യം വിഴുങ്ങുന്നവർ. പിന്നെ അന്ധതയാർന്ന മതവും തീവ്രവാദവും വെട്ടിപ്പിളർക്കുന്നവർ...
വൈലോപ്പിള്ളി മറ്റൊരു ‘വിഷുക്കണി’യിൽ ചോദിക്കുന്നതുപോലെ
‘എങ്ങാനുമുണ്ടോ വെട്ടം?
ചുറ്റുമീയുൾനാട്ടിലെൻ
ചങ്ങാതിമാർതൻ ഗേഹ
മിപ്പോഴും ഇരുട്ടിൽതാൻ.’
ചുറ്റിനും ഇരുട്ടുള്ളപ്പോഴും ഈ വിഷുദിവസം നമ്മൾ പ്രതീക്ഷയുടെ പൊൻകണി തീർത്തേ തീരൂ!
ഇനി ഒരുവർഷം ജീവിക്കാൻ വേണ്ടുന്ന ഊർജമാണത്. വിശ്വാസികളും അവിശ്വാസികളും ഒരുപോലെ ഈ ആഘോഷത്തെ വരവേൽക്കും. കാരണം, ഇത് പ്രകൃതിയുടെ ഉത്സവമാണ്. പ്രകൃതിയുടെ ഹിതമാണ്.
വിഷുവിന് ഒരു പൂവുണ്ട്.
വിഷുവിന് ഒരു പക്ഷിയുണ്ട്.
ആ പക്ഷിയും പൂവും ഈ നാടുമുഴുവൻ എത്തും.
അവരെത്തുന്ന കാലത്തെ വിഷു എന്നു വിളിക്കും.
വേനലിന്റെ ഏറ്റവും ലളിതമായ ആഘോഷമാണത്. മുറ്റത്തെ മാമ്പഴം, തൊടിയിലെ ചക്കയും വെള്ളരിക്കയും പിന്നെ പുന്നെല്ലിന്റെ ചോറും തിരിയിട്ട വിളക്കും വെട്ടവും ഒരു പൊൻ നാണയവും. തീർന്നു, ആഡംബരം!
കൊടുംചൂടിനെയും ചൂടിന്റെ ദാനമായ പൂക്കളെയും പഴങ്ങളെയും പക്ഷിയെയും ആഘോഷമാക്കിമാറ്റുന്ന പ്രതിരോധ­തന്ത്രം.
പ്രകൃതി ചൂടുപിടിക്കുമ്പോൾ കണിക്കൊന്ന പൂത്തുലയും (ചൂട് 33 ഡിഗ്രി സെൽഷ്യസിലെത്തുമ്പോൾ). എല്ലാ ചെടികളും മരങ്ങളും വെള്ളമില്ലാതെ തളരുമ്പോൾ കൊടുംചൂടിലും പൂത്തുലയാൻ ശീലിച്ച കൊന്ന, മലയാളികളുടെ ഉൾക്കരുത്തിന്റെ പ്രതീകമാണ്.
നീണ്ടവാലും രണ്ടടിയോളം നീളവുമുള്ള പക്ഷി ! - മീനത്തിലെ കൊടുംചൂടിലെത്തി ‘വിത്തും കൈക്കോട്ടു’മെന്നു പാടി വിഷുവിന്റെ വരവറിയിക്കാൻ ഇതിനെ പഠിപ്പിച്ചതാരാണ്? വിഷുപ്പക്ഷിയുടെ പാട്ടിനെക്കുറിച്ചുതന്നെ പല സ്വരങ്ങളുണ്ട്. ‘ചക്കയ്ക്കുപ്പുണ്ടോ’, ‘അച്ഛൻ കൊമ്പത്ത്’, ‘വിത്തും കൈക്കോട്ടും’ എന്നിങ്ങനെ പലവാക്കുകൾ ആ തൊണ്ടയിൽ നാം കൊത്തിവെച്ചിരിക്കുന്നു.
കർഷകന്റെ ഉത്സവമാണത്. സമൃദ്ധിയുടെ വാഗ്ദാനം. ഉമ്മറത്ത്, കതിർക്കറ്റകൾ. വാതിൽപ്പടിമുതൽ പടിപ്പുരവരെ അരിമാവുകൊണ്ട് കോലങ്ങൾ. ഇലകളില്ലാതെ പൂക്കൾമാത്രം നിറഞ്ഞ കണിക്കൊന്ന. സ്വർണനിറമുള്ള വെയിൽ. നാട്ടുമാമ്പഴത്തിന്റെ മണം.
വിഷുദിനം സൂര്യൻ രാത്രിയും പകലും തുല്യമായി വീതിച്ചുനൽകും; തുല്യതയുടെ ആഘോഷം. കണിയൊരുക്കൽ, സദ്യ, പടക്കം ഇങ്ങനെ ചില സമാനതകളിൽ കൈകോർത്തുപിടിച്ചാലും. വിഷുവിനെ ഓരോ നാടും ഓരോ രീതിയിലാക്കിയിട്ടുണ്ട്.
വിഷുവിന് അടിയുത്സവം നടത്തുന്ന വടക്കുള്ള മാവിലാക്കാവ്. ഇങ്ങ് തെക്ക് എഴുമറ്റൂരിനു വിഷുപ്പടയണിയുടെ ചന്തം. കൃഷിയുടെ ഉത്സവമായതിനാൽ വിതയുടെയും കൊയ്‌ത്തിന്റെയും പാട്ടിന്റെ ഈണം. പുഞ്ചക്കൃഷിക്ക്‌ വിഷു കൊയ്ത്തുത്സവമാണെങ്കിൽ വിരിപ്പുകൃഷിക്കു വിതയുത്സവം. എത്ര താളങ്ങൾ... എത്ര മേളങ്ങൾ...
മാവിലാക്കാവിൽ ദൈവത്താർ എഴുന്നള്ളുമ്പോൾ അടിയുത്സവവും അവിൽപ്പൊതിയേറും കൊണ്ടാണ് വിഷുവാഘോഷം.
എറണാകുളത്തെ വടക്കൻ പറവൂരിലെ ചേന്ദമംഗലത്ത് വിഷുവിനുമുമ്പ് രണ്ടു ദിവസങ്ങളിലായി പാലിയം മാറ്റപ്പാടത്തു മാറ്റച്ചന്ത നടക്കും. കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരാണ് ജനങ്ങൾക്കു വിഷു ആഘോഷം ഗംഭീരമാക്കാനായി മാറ്റച്ചന്ത തുടങ്ങിവെച്ചത്.
വിഷുവിന് പാടത്ത് ഉഴുകുന്നത് (ചാലിടൽ) പ്രധാന കർമമായി പാലക്കാടൻ കർഷകൻ കരുതിയിരുന്നു. മണ്ണിലും മഴയിലും വിശ്വാസമർപ്പിച്ച് കർഷകൻ അനുഷ്ഠിക്കുന്ന കർമമാണ് ചാലിടൽ. ചിറ്റൂർ പ്രദേശത്ത് വിത്തിറക്കാനുള്ള മുഹൂർത്തം കുറിച്ച ഓലക്കാരണവർ, ­നേരത്തേ കർഷകഭവനങ്ങളിൽ എത്തിക്കും. വയലിന്റെ കിഴക്കേമൂലയ്ക്ക് സൂര്യന് അഭിമുഖമായി ഭൂമിപൂജ ­നടത്തും.
എഴുമറ്റൂരിലെ പനമുറ്റത്തുകാവിൽ ഏഴുദിവസമാണ്‌ വിഷുപ്പടയണിയുടെ ചടങ്ങുകൾ. പ്ലാവിലകൊണ്ട് പിശാചുകോലംമുതൽ ഭൈരവിക്കോലംവരെ ­തീർ­ക്കും.
കോഴിക്കോട് പേരാമ്പ്ര കൂത്താളിയിലെ കല്ലൂർകാവ് വിഷുവിനോടനുബന്ധിച്ച് കുട ഉത്സവം നടക്കും. നീളമുള്ള ഓടകൊണ്ടുള്ള കാലിൽ പനയോലകൊണ്ട് നിർമിച്ചതാണ് കുട. കൊന്നപ്പൂവ് അടക്കമുള്ള പൂക്കളാൽ അലങ്കരിച്ചാണ് ഘോഷയാത്രയിൽ കുട എഴുന്നള്ളിക്കുക.
ഐശ്വര്യപൂർണമായ വരുംവർഷത്തെ സങ്കല്പിച്ചാണ്‌ കണിവെക്കുന്നതും കാണുന്നതും. കൊന്നപ്പൂവും മാങ്ങാക്കുലയും ചേർത്ത്‌ കണിക്കായി കെട്ടിയിടുന്നതിനെ വടക്കോട്ടുള്ളവർ കണിക്കെട്ട് എന്നുവിളിക്കും. മലബാറിൽ ചിലയിടത്തു കണികണ്ടശേഷം കുട്ടികൾ ‘കണിയേ... കണികണിയേയ്... ’ എന്നുവിളിച്ച് വീടുവീടാന്തരം കയറിയിറങ്ങി കണിയപ്പം ശേഖരിക്കുന്ന ചടങ്ങിനെയാണു കണിവിളി എന്നു വിളിക്കുന്നത്.
കണിവിളിയുടെ മധുരംനിറയുന്ന സുന്ദരപ്രഭാതമാണിത്. പ്രതീക്ഷ ഉണ്ട്.
സുഗതകുമാരിയുടെ ‘വിഷുപ്പുലരിയിൽ’ എന്ന കവിത പാടി അവസാനിപ്പിക്കാം.
‘നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതുതന്നെ വരുമല്ലോ.
കൺമിഴിച്ചിങ്ങനെ നിന്നാലോ
കുഞ്ഞിക്കയ്യിങ്ങോട്ടു കാണട്ടെ.
അമ്മയിക്കയിലൊരുമ്മ വെയ്ക്കാം.
പിന്നൊരു തൂവെള്ളിത്തുട്ടുവെയ്ക്കാം.’

Content Highlights: vishu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..