വിളിക്കാതെയും വിരുന്നു വരുന്ന വിഷു


സി. രാധാകൃഷ്ണൻ

3 min read
Read later
Print
Share

ഒരു കാര്യം തീർച്ചയാണ്, കൊന്ന എവിടെയെങ്കിലും ശേഷിക്കുന്നിടത്തോളം കാലം വിഷുവന്നാൽ അത് സ്വർണപ്പൂക്കൾ ചൂടും. ആയിരം കാതംതാണ്ടി ദേശാടനംനടത്തി വിഷുപ്പക്ഷിവരും. പക്ഷേ....

.

വിപണിയിലെ ചലനങ്ങളും ചിഹ്നങ്ങളും മാധ്യമങ്ങളിലെ അലകളുംമാത്രമാണ് ഈ കാലങ്ങളിൽ വിഷുവിന്റെ വരവ് രേഖപ്പെടുത്തുന്നത്. പുറത്തെ ലോകം കാണാനും കേൾക്കാനുമുള്ള ഔത്സുക്യവും സൗകര്യവും മിക്കവാറും ഇല്ലാതായ നാം, കൊന്നയുടെ കാലേക്കൂട്ടിയുള്ള കനകച്ചിരിയോ വിത്തും കൈക്കോട്ടുമായി പതിവുപോലെ വിഷുപ്പക്ഷി വരുന്നതോ മിക്കപ്പോഴും അറിയാറില്ല.

എറണാകുളംപോലൊരു നഗരത്തിലെ നടപ്പാതകളിൽ ശേഷിക്കുന്ന തണൽമരങ്ങളിലും കെട്ടിടസമുച്ചയങ്ങളുടെ മകുടങ്ങളിൽപ്പോലും വിഷുപ്പക്ഷികൾ വിരുന്നുവന്നിരിക്കുന്നു. പക്ഷേ, ഫ്ലാറ്റിന്റെ നെറ്റിയിൽ ആരണിയിക്കാനാണ് ഒരു കുല കൊന്നപ്പൂ? ഫ്ലാറ്റിൽ കഴിയുന്നവരിൽ എത്രപേർക്കറിയാം, വിത്ത് എന്നാലെന്താണ്, കൈക്കോട്ട് എന്തിന് എന്നൊക്കെ!
എങ്കിലും, കവിപറഞ്ഞപോലെ, ‘കണിക്കൊന്നയല്ലേ? പൂക്കാതെങ്ങനെ! വിഷുക്കാലമല്ലേ?
വിഷുപ്പക്ഷിയല്ലേ...? പാടാതിരിക്കുന്നതെങ്ങനെ!

പ്രകൃതിയും മനുഷ്യനുംതമ്മിൽ സഹജമായുള്ള മഹാപ്രേമത്തിന്റെ മഹോത്സവങ്ങളാണല്ലോ വിഷുവും ഓണവും തിരുവാതിരയും. ആ പ്രേമത്തിന്റെ ലീലയായ കൃഷി വളരെ കാര്യമായി ഈ ഉത്സവങ്ങളിൽ വരുകയുംചെയ്യുന്നു. കൃഷിയില്ലാത്ത ഒരു കാലത്ത് സ്വാഭാവികമായും ഈ ഉത്സവങ്ങൾക്ക് ശോഭകെടുന്നു. അത്രയേ ഇപ്പോൾ സംഭവിച്ചിട്ടുമുള്ളൂ. കാലശരം ഏകമുഖമായതുകൊണ്ട് തിരിച്ചുപോക്ക് അസാധ്യവും.
പിന്നെന്തിന് ഇത് കുറിക്കുന്നു എന്നല്ലേ? ഗൃഹാതുരത്വത്തിന്റെ വെറുമൊരു നെടുവീർപ്പ് വിളിച്ചുവരുത്താൻ മാത്രമാണോ? അല്ല. വിലയ്ക്കുവാങ്ങാവുന്നതും വിൽക്കാവുന്നതുമായ സന്തോഷങ്ങളേ മനുഷ്യജീവിതത്തിൽ ആകെയുള്ളൂ എന്ന തെറ്റായ ധാരണ ഇത്തിരിയെങ്കിലും നീങ്ങിക്കിട്ടുമോ എന്ന് പരീക്ഷിക്കാൻ. കിട്ടുമെന്ന പ്രതീക്ഷയല്ലേ നമ്മുടെ കുട്ടികൾക്ക് നാളെ ഇവിടെ ജീവിക്കാൻ ഊന്നാകേണ്ടത്.

വിഷുവിന് പുതിയ വർഷവും പുതിയ ആണ്ടത്തെ കൃഷിയും ഒരുമിച്ച് തുടങ്ങുന്നു. പുതിയ പ്രതീക്ഷയിലേക്കുള്ള സംക്രമം. കാലാവസ്ഥാപ്രവചനത്തിന്റെ ഓലയുമായി ജ്യൗതിഷി വീടുകൾ കയറിയിറങ്ങുന്നു: പ്രതീകാത്മകമാണ് അവതരണം. ‘സംക്രമപുരുഷൻ സിംഹപ്പുറത്ത് കടന്നുവരവ്, തെക്കോട്ട് മുഖം, വജ്രമാല ആയുധം, വായുഭക്ഷണം, ഖഡ്ഗം ആയുധം. ഒരു പറ വർഷം...’ ഇതിന്റെകൂടെ ‘ചാലെടു’പ്പിന് (കൃഷിയുടെ ഉദ്ഘാടനത്തിന്) മുഹൂർത്തവും കുറിച്ചിരിക്കും. (വിഷുഫലത്തെ ഒരു ഉത്തരാധുനികകവിതയായി കണക്കാക്കാം. അതൊരു വെല്ലുവിളിയായി സ്വീകരിച്ച് അതിലെ പ്രതീകങ്ങളുടെ വ്യാഖ്യാനത്തിന് ഏതെങ്കിലും പഴമക്കാരെ സമീപിക്കുക!)
പുതുവത്സരത്തെ പൊറുതിക്കും കൃഷിക്കും ഒരുക്കങ്ങൾ പലതുണ്ട്. തൊഴുത്തും വിറകുപുരയും കെട്ടിമേയണം. കിണർ കലക്കി തേവിവറ്റിച്ച് വൃത്തിയാക്കണം. തൊടിയുടെ അഴു മാടണം (തൊടിയുടെ അതിർത്തി മണ്ണുപൊത്തി ഇടിവ് തൂർക്കണം).

സംക്രമത്തലേന്നാൾ വീടും പരിസരവും വൃത്തിയാക്കുന്നു. തോടിയിലെ എല്ലാ ചവറും അടിച്ചുകൂട്ടി കൂമ്പാരമാക്കുന്നു. കൊന്നപ്പൂപറിച്ച് വെള്ളംതളിച്ച് വഴക്കൂമ്പിൽ പൊതിഞ്ഞുവെക്കുന്നു. കന്നുകാലികളെ വിസ്തരിച്ച് കുളിപ്പിച്ച് മൃഷ്ടാന്നം നൽകുന്നു. വിത്ത് പത്തായത്തിൽനിന്ന് പുറത്തെടുത്ത് ചേറ്റി കൊഴിച്ചുവെക്കുന്നു.
കൊഴു ഊട്ടുറപ്പിക്കുന്നു. കരിയും നുകവും സജ്ജമാക്കുന്നു. ഇത് ചെയ്യുന്നത് ഗ്രാമത്തിൽ മരവും ഇരിമ്പും പണിയുന്നവരുടെ അവകാശമാണ്. അതിനവർക്ക് പാരിതോഷികങ്ങളുണ്ട്. ഒരു മനസ്സാണ് ഗ്രാമംമുഴുവൻ.
സംക്രമസന്ധ്യയിൽ ഇരുൾ വ്യാപിക്കുന്നതോടെ എല്ലാ വീടുകളിലും ‘കുമ്പിരി’ക്ക് (ചവറുകൂമ്പാരത്തിന്) തീയിടുന്നു. എല്ലാ ജീവജാലങ്ങളുടെയും എല്ലാ വ്യാധികളും ഈ അഗ്നിയിൽ അവസാനിക്കട്ടെയെന്ന് ആർപ്പുവിളിക്കുന്നു. ഗംഭീരശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കുന്നു. അടിഞ്ഞുകൂടിയ മാലിന്യമാകെ ഭസ്മരൂപത്തിൽ വളമാവുന്നു. കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളിൽ പറന്നുനടക്കുന്നവയെല്ലാം തീയിൽ വന്നുവീഴുന്നു. രാത്രി വൈകുവോളം കരിമരുന്നുപ്രയോഗം തുടരുന്നു. പണ്ട് വന്യമൃഗങ്ങളെ അകറ്റാൻകൂടി ഈ ശബ്ദകോലാഹലം പ്രയോജനപ്പെട്ടിരിക്കാം.
ഏഴരനാഴിക പുലരെ വിഷുക്കണി. നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയ്ക്ക് ഇതിലും നല്ലൊരു ദൃശ്യപ്രതീകം വിഭാവനംചെയ്യാൻ പ്രയാസം. സൗഭാഗ്യ ആശംസകളുടെ പ്രതീകമായി വിഷുക്കൈനീട്ടം. തുടർന്ന് എല്ലാ വീടുകളിൽനിന്നും ഒരേസമയം കരിമരുന്നു പ്രയോഗത്തിന്റെ ശബ്ദപ്രകാശപ്രാചുര്യം.

ഇതും കഴിഞ്ഞാണ് കുളിച്ചുശുദ്ധമായി ഉമ്മറവാതിൽക്കൽ കൊന്നപ്പൂ ചാർത്തുന്നത്. പിന്നെ കരിയും നുകവും വിത്തും കൈക്കോട്ടും വെള്ളവും വിളക്കും അവിലും മലരും പൂവും പഴവുമൊക്കെയായി കാലികളെ തെളിച്ച് വയലിൽ ‘ചാലെടുക്കാ’നുള്ള യാത്ര. അഞ്ചുതിരിയിട്ട വിളക്കുവെച്ച് ഭൂമിയെ പൂജിച്ച് സാഷ്ടാംഗം നമസ്കരിച്ച് ക്ഷമാപണപ്രാർഥനയോടെ ഭൂമിയുടെ മാറിൽ കൊഴുതാഴ്ത്തി ആദ്യത്തെ ഉഴവുചാൽ വീഴ്ത്തുന്നു. മനശ്ശുദ്ധിയോടെ അതിൽ ആദ്യത്തെ വിത്തിടുന്നു.

സംക്രമരാത്രിയിലോ അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലോ ഒരു മഴ പതിവാണ്. ഈ മഴ വയലിൽ അരയടിയോളം ആഴത്തിൽ നനവുണ്ടാക്കിയെങ്കിൽ വിഷുദിനം ഉച്ചവരെ മഹാപ്രവൃത്തിദിനം. എല്ലാ വയലുകളിലും പണിയോടുപണി! കാലികളെ അക്ഷീണം തെളിക്കുന്ന താരസ്വരം. അടരുന്ന കട്ടകൾ തട്ടിയുടയ്ക്കണം, കടപുഴകുന്ന താളും പുല്ലും മണ്ണ്‌ കുടഞ്ഞുകളഞ്ഞ് പെറുക്കിക്കൂട്ടി തീയിടണം. വിത്ത് ‘പൊടിയിൽ കൂട്ടി’ (വിതച്ച് ) ‘പടല’ (നിലം നിരപ്പാക്കാനുള്ള മുളമുള്ളുവിരി) വലിച്ച് പ്രാർഥനയോടെ മടക്കം.
ഉച്ചയ്ക്ക് ചക്കപ്പുഴുക്കും കാന്താരിച്ചമ്മന്തിയും ചുട്ടപപ്പടവുമായി കഞ്ഞി. പിന്നെ കളിക്കാൻ പോകാം. മുതിർന്നവർക്ക് അവരുടെ കളി, കുട്ടികൾക്ക് അവരുടെയും.
ഒരു കാര്യം തീർച്ചയാണ്, കൊന്ന എവിടെയെങ്കിലും ശേഷിക്കുന്നിടത്തോളം കാലം വിഷുവന്നാൽ അത് സ്വർണപ്പൂക്കൾ ചൂടും. ആയിരം കാതംതാണ്ടി ദേശാടനംനടത്തി വിഷുപ്പക്ഷിവരും. പക്ഷേ, വിഷു വരില്ല. മാറ്റങ്ങളുടെ വെള്ളപ്പൊക്കത്തിൽ അത് ഒഴുകിപ്പോയി.
പ്രതീക്ഷകൾക്കുമാത്രം ഇപ്പോഴും നികുതിയില്ലാത്തതുകൊണ്ട് വേണമെങ്കിൽ മോഹിക്കാം: ചിലപ്പോൾ, ഭാവിമനുഷ്യൻ പ്രകൃതിയുമായി തന്റെ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നൊരു കാലത്ത് ഏതെങ്കിലും പുതിയ രൂപഭാവങ്ങളിൽ...
ആ കുളിര് ഹൃദയത്തിലുമായി നമുക്ക് ഒരിക്കൽക്കൂടി സ്നേഹപ്പൂത്തിരികൾ കത്തിക്കാം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..