.
കാണുമ്പോൾ ലാച്ചാർമാത്രം പറയുന്നവരുണ്ട്. വേവലാതികൾമാത്രം, കുറ്റങ്ങൾമാത്രം പറയുന്നവരുണ്ട്. സന്തോഷകരമായ കാര്യങ്ങളും വിവർത്തനംചെയ്ത് അവർ ലാച്ചാറാക്കി, വേവലാതിയാക്കി, പരനിന്ദയാക്കി പറയുന്നു. സ്തുതികൾപോലും നിന്ദാസ്തുതി. എന്നാൽ, എന്തും തമാശയാക്കി പരിഭാഷപ്പെടുത്തിപ്പറയുന്ന ഒന്നോ രണ്ടോ ആളുകൾ ഓരോ ഇടത്തിലുമുണ്ടാവും ഇടം വർധിപ്പിക്കാനായി. ഉദാഹരണത്തിന് അങ്ങനെയൊരാളോട്, ‘കല്യാണത്തിന് നിങ്ങളെല്ലാവരും വന്നിരുന്നല്ലോ ഇല്ലേ; തിരക്കിൽ എനിക്ക് കാണാൻ പറ്റിയില്ല’ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു. ‘ഞാളെല്ലാം വന്നീനു, പൂച്ചേന്റെ വയ്യാലെ പാഞ്ഞിറ്റ് കിട്ടീല.’ എവിടെയും അവർക്കുചുറ്റും ആളുകൾ. മരണവീട്ടിൽപ്പോലും അവർ തങ്ങിയപ്പോൾ മൂകതയുടെ കരിമ്പടത്തിന് തുളകൾവീണു. പക്ഷേ, മധ്യസ്ഥം പറയാനോ കാര്യഗൗരവമുള്ള സംഗതികൾക്കോ അവരെയാരും വിളിക്കില്ല. എഴുത്തുകാരിലുമുണ്ട് ഇവരെല്ലാം. അവരിലെ, എല്ലാം ചിരിക്കാനുള്ളതാക്കി വിവർത്തനംചെയ്തുമാത്രം അവതരിപ്പിക്കുന്ന നർമദേവതയുടെ, ആ ഭക്തരുടെ ബൃഹദാകാരമാണ് വി.കെ.എൻ.
ആരുതാണ്ടും ആ ഉയരം
തന്റെ വർഗത്തിന്റെ വിധി ചൂടൻ എന്നോ വട്ടൻ എന്നോ ഉള്ള വിളിയോ ഓർക്കുമ്പോൾത്തന്നെ തലയിലെ കുടലിളകിമറിയുന്ന ചിരിയോ ആണെങ്കിൽ അവരുടെ ഈ മഹാപ്രതിനിധിക്കുകിട്ടിയ അംഗീകാരവും മറിച്ചല്ല. പരക്കെ ചിരിയുണ്ട്. പക്ഷേ, നോവൽ ചർച്ചകളിലോ വിലയിരുത്തലുകളിലോ പിതാമഹൻപോലെ അനുപമമായ നോവലുകളെഴുതിയ വി.കെ.എന്നില്ല. വി.കെ.എന്നോളം ഇൻപുട്ടില്ലാത്ത ഒരാൾക്ക് വി.കെ.എന്നെ നിരൂപണംചെയ്യുക ദുഷ്കരമായതിനാൽ അക്കാദമിക് ലോകം അദ്ദേഹത്തിൽനിന്ന് പേടിപ്പാടകലെനിന്നു. കണ്ടത്തിലല്ല, മറുകണ്ടത്തിലാണ് കൃഷിചെയ്തത് എന്നതിനാൽ ആ വിളവ് സൂക്ഷിക്കാനുള്ള അറ പണിയപ്പെട്ടുമില്ല. ചെറുകഥാവിലയിരുത്തലുകളിൽ അത്യപൂർവസുന്ദരങ്ങളായ ഒട്ടേറെ കഥകളെഴുതിയ വി.കെ.എന്നില്ല. ഇന്ത്യയിൽത്തന്നെ സരസ്വതി ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് വി.കെ.എന്നൊപ്പമാണ്. പക്ഷേ, സരസ്വതീസമ്മാൻ അദ്ദേഹത്തിനില്ല. എഴുത്തച്ഛൻ പുരസ്കാരത്തിന്, അത് നിലവിൽവന്ന അന്നുമുതൽ രസനിഷ്യന്ദികളായ വാക്യങ്ങൾകൊണ്ടുമാത്രം സാഹിത്യംരചിച്ച വി.കെ.എന്നായിരുന്നു പ്രഥമയോഗ്യത. ‘അപ്പോൾ നിനക്ക് പക്ഷങ്ങൾ നവങ്ങളായ് ഉത്ഭവിച്ചീടുമതിനില്ല സംശയം’ എന്ന് എഴുത്തച്ഛനെ ഓർത്തപ്പോഴൊക്കെ ഞാൻ വി.കെ.എന്നെയും ഓർത്തു. അപ്പപ്പോൾ മുളച്ച ചിറകുകൾ വിടർത്തി പൂർവോപരി പറന്നുകൊണ്ടിരുന്ന വി.കെ.എൻ. താണ്ടിയ ഉയരം മലയാളത്തിൽ ആര് താണ്ടിയിരിക്കുന്നു? ഇന്നത് ഭാഷാപരമായി ഒരടി ഉയരത്തിൽപ്പോലും പറക്കാൻ ശേഷിയില്ലാത്തവർക്കുള്ള ധനസഹായമായി മാറിയിരിക്കുന്നു.
വി.കെ.എന്റെ വിവർത്തനവിധത്തിന്റെ ഒരുദാഹരണം പറയാം: ഉത്തരഭാരതത്തിൽ ജോലിചെയ്യുംകാലം. ഗോതമ്പ് രൂപാന്തരംവന്ന് ഫൂൽക്കയും പൊറോട്ടയും ചപ്പാത്തിയുമാകും. മറ്റൊന്നുമാകില്ല. ഒരിക്കൽ കഴിച്ചാൽ രണ്ടുതവണ ഭക്ഷിച്ചപോലിരിക്കും. അങ്ങനെ പതിനെട്ടുതവണ(ആറുദിവസം) മന്ദിച്ച കഥാകൃത്ത് ഞായറാഴ്ച ഒരുമണിച്ചോറിനായി ദൂരെയുള്ള മലയാളിപ്പട്ടരുടെ ഹോട്ടലിലേക്ക് ചെല്ലുന്നു. ‘വേലിയും മലയും ചാടി വളരുന്ന കേരളത്തെയും സംസ്കാരത്തെയും മറന്നുകളയരുതല്ലോ.’ ചോറുതിന്നുന്ന ഒരാൾ ഇങ്ങനെ പറയില്ല പോലുള്ള ദുഷ്പ്രയോഗങ്ങൾ ഒഴിവാക്കുകയും വേണ്ടേ? ചോറിനായി ഒരു വറ്റ് ചോറ് തിന്നാതെ പണിയെടുക്കുന്ന താനകപ്പെട്ട ദുരവസ്ഥയുടെ സമ്മർദം കഥാകൃത്തിനെ ഒരു കഥ ഓർമിപ്പിക്കുന്നു. കാനഡയിൽ പാസ്പോർട്ടില്ലാതെ എത്തിയ സർദാർ പിടികൂടപ്പെടുന്നു. ‘ഇത്ര അകലെനിന്ന് വന്നതല്ലേ വെറുംകൈയായി മടങ്ങുന്നതെങ്ങനെ? എന്തെങ്കിലുമൊരു പണി...’ -സർദാർ അധികൃതരോട് കെഞ്ചി. തരാം, ഒരാൾക്കുരങ്ങിന്റെ പണിയുണ്ട്. കാഴ്ചക്കാരുള്ളപ്പോൾ മരത്തിൽനിന്ന് മരത്തിലേക്ക് ചാടണം. ദിവസം പത്തുഡോളർ കൂലി. ഒരാഴ്ചക്കാലം കാഴ്ചബംഗ്ളാവിലെ ജോലി ആസ്വദിച്ച് ചെയ്തു. പൂർവസുകൃതം എന്നും തോന്നി. പക്ഷേ, ഒരുദിവസം ചാട്ടം പിഴച്ചു. എത്തിയത് സിംഹത്തിന്റെ കൂട്ടിൽ. ഒച്ചകേട്ട് ഉറക്കമുണർന്ന സിംഹം തന്നെ കൊന്നു തിന്നാനടുക്കുന്നതുകണ്ട പരവശനായ സർദാർജി സത് ശ്രീ അകാൽ എന്നുപറഞ്ഞ് സിംഹത്തിലെ ദൈവത്തിന് കൈകൂപ്പി. ഉടനെ സിംഹവും കൈകൂപ്പി. സത് ശ്രീ അകാൽ. പാസ്പോർട്ടില്ലാത്തതിന്റെ ബുദ്ധിമുട്ട് വ്യാപകമായിരിക്കുന്നു. പാസ്പോർട്ടുണ്ടെങ്കിലും ഇത്രയുമോ ഇതിലും നിരർഥകമോ ആയ തൊഴിലെടുത്ത് പുറത്തുകഴിയുന്നവരുടെ അനുഭവമല്ല ഈ സർദാർജിക്കഥയിലൂടെ വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നതെന്ന് പറയാനാവില്ല. വേദനയും അമർഷവും ആത്മനിന്ദയുമെല്ലാം വി.കെ.എൻ. ഇരുന്ന് ചിരിക്കാനുള്ള സന്ദർഭങ്ങളാക്കി തരണംചെയ്തു; ‘ചിരിക്കാനുള്ളതാണെങ്കിലിരിക്കും അല്ലെങ്കിൽ തിരിക്കും’ എന്ന് സദസ്യനെപ്പറ്റിയുള്ള മുൻഗാമിയുടെ ആത്മവിശ്വാസത്തോടെ.
കെടുകാലത്തെ വിവർത്തനം ചെയ്തയാൾ
വി.കെ.എൻ. സംഭവങ്ങളെ വിചിത്രകഥകളാക്കി വിവർത്തനംചെയ്തു. ഭാഷണത്തെ സരസഭാഷണമാക്കി വിവർത്തനംചെയ്തു. കേരളചരിത്രത്തെ ചിത്രകേരളമായും ഭാരത ചരിത്രത്തെ ചിത്രഭാരതമായും അവതരിപ്പിച്ചു. മഹാഭാരതത്തെ ദുര്യോധനവധമാക്കി. നളചരിതത്തെ ചിരിപ്പിക്കുന്ന മൂലം കണ്ടെത്തി നളചരിതം മൂലമാക്കി. ശാകുന്തളത്തെ ദുഷ്യന്തൻ മാഷാക്കി. അർധവിരാമത്തെ കാവിയാക്കി.
വിവർത്തനം മൂലത്തിന്റെ ഒരു സാധ്യതയുടെ ആവിഷ്കാരമായിരുന്നെങ്കിൽ വി.കെ.എന്നിൽ വിവർത്തനം മൂല്യാതിശായിയായി ബഹുവിതാനമായി. വി.കെ.എൻ. ദുരന്തത്തെ അവയുടെ രണ്ടാമവതാരമായ പ്രഹസനമാക്കി. പലപ്പോഴും രണ്ടാംകിട ദുരന്തങ്ങളുടെ ഒന്നാംകിട പ്രഹസനങ്ങൾ.
അവിഹിതത്തിൽമാത്രമാണ് രുചി എന്നതിനാൽ നിത്യവും അവിഹിതംചെയ്യാനായി ഏടത്തിയമ്മയെ ഭാര്യയാക്കി, നെറികേടുകൾ അത്യാനന്ദത്തോടെ പ്രവർത്തിച്ച് അതിന് സർ സ്ഥാനം നേടി, പരദ്രോഹം മാന്യവും ആദരണീയവുമായി രൂപപ്പെട്ടുവരുന്ന മുതലാളിത്ത കാലഘട്ടത്തിന്റെ പിതാമഹനായി വളർന്ന ചാത്തുവിലൂടെ ഒരു കെടുകാലത്തെ തലയറഞ്ഞുചിരിക്കാവുന്ന കാലമാക്കി വിവർത്തനംചെയ്തു. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനെ ദുഃഖിപ്പിക്കുന്നില്ലെങ്കിൽ എന്തിനുകൊള്ളാം? നഗരഭാരതത്തെ ചിരിയിലേക്ക് വിവർത്തനം ചെയ്യാൻ പയ്യനെയും വിപ്ളവകേരളത്തെ ഫലിതമയമാക്കാൻ ചാത്തൻസിനെയും നിയോഗിച്ചു. ‘ഭൂനയം പാസാക്കുന്നതിന്റെ തലേന്നുവരെ പാട്ടക്കുടിയാനും പമ്പര വിപ്ളവകാരിയുമായിരുന്നവൻ. അവന്റെ വിപ്ളവം വന്നപ്പോൾ ഭക്തനും സ്വാമിശരണവുമായ നീചൻ.’ സന്മാർഗകേരളത്തിന്റെ സമഗ്ര സൗന്ദര്യത്തെയും ഒരു ചാരുവാക്യത്തിൽ വി.കെ.എൻ. വിവർത്തനംചെയ്തത് കാണുക. ‘ചേട്ടാ മടങ്ങിവരൂ, ഇനി ജാരസംസർഗം ഞാൻ ചേട്ടനറിയാതെയായിക്കൊള്ളാം.’ വി.കെ.എൻ. എഴുതുന്നതുവരെ വാവിട്ട് കരഞ്ഞവർ പിൽക്കാലം ‘വാവിട്ടുചിരിച്ചു’. ഈ പരിണാമത്തിന്റെ ഇടനിലക്കാരനായി വി.കെ.എൻ.
പ്രതിപാദ്യത്തിൽ മാത്രമല്ല, പ്രതിപാദനത്തിന്റെ മുക്കിലും മൂലയിലും വി.കെ.എൻ. എഴുതുന്നത് തമാശ എന്ന ഭാഷയിലാണെന്ന് വരിതോറും വാക്കുതോറും വി.കെ.എൻ. ‘നീയെന്തു ധരിച്ചാലും കൊള്ളാം ഒന്നും ധരിച്ചില്ലെങ്കിലും കൊള്ളാം, നാലാൾ കാണരുത് എന്നുമാത്രം.’
വി.കെ.എന്നിൽ അടിക്കടി വി.കെ.എൻ. അങ്ങനെയായാൽമാത്രം പതിയുന്ന ഒരു വിചിത്രലോകത്തെ വി.കെ.എൻ. ഒരു നൂറായിരം ആംഗിളിൽ പകർത്തി. നമ്മൾ പരിണമിക്കാത്തിടത്തോളം, നമ്മുടെ ചരിത്രം മറ്റൊന്നാവാത്തിടത്തോളം വി.കെ.എൻ. മുഷിയില്ല. തിരുമ്പി ഉണക്കേണ്ട കാര്യമൊന്നുമില്ല.
ഇത്രയേറെ ചില്ലകളും ചില്ലകൾക്ക് ചില്ലകളുമുള്ള മറ്റൊരു വടവൃക്ഷവും നമുക്കില്ല. വി.കെ.എന്ന് പാകം, തികയാത്തതിനാൽ ഒ.വി. വിജയൻ കടംവാങ്ങിയുപയോഗിച്ച വള്ളത്തോളിന്റെ വാക്കുകൾ: ‘മറ്റെന്തതിൻ നേർക്ക് നമസ്കരിക്ക’.
Content Highlights: vkn death anniversary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..