ഫ്രെഡ് ഡബ്ല്യു. ഹെയ്‌സ്
60,000 കിലോമീറ്റർകൂടി സഞ്ചരിച്ചിരുന്നെങ്കിൽ ഫ്രെഡ് ഡബ്ല്യു. ഹെയ്‌സ്, ചന്ദ്രനെ തൊട്ടേനേ. ചന്ദ്രനിലെത്താതെ പോയതാണോ തിരിച്ച് ഭൂമിയിലെത്താനായതാണോ വലിയകാര്യമെന്ന ചോദ്യത്തിന് ഫ്രെഡിന് ഉത്തരം ഒന്നേയുള്ളൂ. ഇതു രണ്ടുമല്ല , ആദ്യ ചാന്ദ്രയാത്രയിൽ ഞാനും പരിഗണിക്കപ്പെട്ടു എന്നതുതന്നെ
മനുഷ്യന്റെ കാല്പാടുകൾ ചന്ദ്രനിൽ പതിഞ്ഞതിന്റെ വിജയഭേരി മുഴക്കുന്ന ലോക ചാന്ദ്രദിനാഘോഷം വ്യാഴാഴ്ച നടക്കുമ്പോൾ ഫ്രെഡ് ഡബ്ല്യു. ഹെയ്‌സ് ചാന്ദ്രദൗത്യങ്ങളിലെ ഒരു ത്രില്ലറാണ്.
1969 ജൂലായ് 21-ന് നീൽ ആംസ്‌ട്രോങ്, എഡ്വിൻ ഇ. ബസ് ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തിയപ്പോൾമുതൽ ദൗത്യരംഗത്ത് ഈ മനുഷ്യനുമുണ്ടായിരുന്നു.
അമേരിക്കൻസൈന്യത്തിലെ പൈലറ്റായിരുന്ന ഫ്രെഡിനെയും നാസ പരിശീലിപ്പിച്ച് തയ്യാറാക്കിനിർത്തിയിരുന്നു. ബാക്ക് അപ്പ് ക്രൂ എന്നപേരിലാണ് ഫ്രെഡ്, ജെയിംസ് എ. ലോവൽ എന്നിവരെ തയ്യാറാക്കിയിരുന്നത്. ആൽഡ്രിന് എന്തെങ്കിലും അസൗകര്യംവന്നാൽ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക ഫ്രെഡ് ആയിരുന്നു. എന്നാൽ, അശുഭകരമായി ഒന്നുമുണ്ടായില്ല.
സംഘത്തെ വഹിച്ചുള്ള അപ്പോളോ-11 വാഹനം ചന്ദ്രനിലേക്ക് കുതിച്ചപ്പോൾ ഫ്രെഡും സംഘവും സന്തോഷത്തോടെ, ആവേശത്തോടെ കൈവീശി യാത്രയാക്കി.
ശാരീരികക്ഷമതയിലും മനസ്ഥൈര്യത്തിലും അസാമാന്യ മികവുകാണിച്ചിരുന്ന ഫ്രെഡിനെ കൈവിടാൻ നാസ തയ്യാറായില്ല. 1970-ൽ അപ്പോളോ-13 എന്ന പേടകത്തിൽ ചന്ദ്രനിലേക്ക് പോകാനുള്ള സംഘത്തിലേക്ക് ഫ്രെഡ് നിയോഗിക്കപ്പെട്ടു. 1970 ഏപ്രിൽ 11-ന് വിക്ഷേപണത്തറയിൽനിന്ന് ഉയർന്നുപൊങ്ങിയ അപ്പോളോ-13-ന്റെ പൈലറ്റ് സ്ഥാനമാണ് കിട്ടിയത്. ചന്ദ്രനിലിറങ്ങേണ്ടവർ ജെയിംസും ഫ്രെഡും. ഏപ്രിൽ 13-ന് ചന്ദ്രന്റെ ഗുരുത്വാകർഷണവലയത്തിലേക്ക് കടന്ന് വലംവെച്ചുകൊണ്ടിരിക്കുമ്പോഴുണ്ടായ പൊട്ടിത്തെറി എല്ലാ പ്രതീക്ഷയും തെറ്റിച്ചു.
ചന്ദ്രനിലേക്ക് 60,000 കിലോമീറ്റർ മാത്രം. വാഹനത്തിന്റെ ഒരു ഓക്സിജൻ ടാങ്കിനാണ് പൊട്ടിത്തെറിയിൽ കേടുപറ്റിയത്. തിരിച്ചുപോരുകയല്ലാതെ വഴിയില്ല. ഓർബിറ്റിൽ ചുറ്റുന്ന വാഹനത്തെ തിരിച്ചിറക്കാൻ കാണിച്ച മികവിന്റെ പേരിലാണ് ഫ്രെഡ് ഇപ്പോഴും ബഹിരാകാശ ലോകത്തെ വിസ്മയിപ്പിക്കുന്നത്. പസഫിക് സമുദ്രത്തിൽ നങ്കൂരമിട്ടിരുന്ന ഇവോ ജിമ എന്ന വിമാനവാഹിനിക്കപ്പലിനടുത്ത് കൃത്യമായി വാഹനം ഇറക്കാനായി. ഇരിങ്ങാലക്കുട സ്വദേശിയും സൊസൈറ്റി ഫോർ സ്പേസ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ചെയർമാനുമായ സുജയ് ശ്രീധറുമായി ഫ്രെഡ് ആശയവിനിമയം നടത്തുന്നുണ്ട്.
? അപ്പോളോ-13 ചരിത്രത്തിൽ ചെലുത്തിയ സ്വാധീനമെന്തായിരുന്നു
= ഒരുപക്ഷേ അഞ്ഞൂറോ ആയിരമോ വർഷങ്ങൾക്കുശേഷം അപ്പോളോയെ തിരയുമ്പോൾ 8, 11, 17 എന്നിവമാത്രമേ കണ്ടെന്നുവരൂ. അപ്പോളോ എട്ട് ചന്ദ്രനടുത്തെത്തി. 11-ൽ മനുഷ്യൻ കാലുകുത്തി. 17-മായി സമാപനദൗത്യവും. ഓക്സിജൻ ടാങ്കിന്റെ പൊട്ടിത്തെറിയിൽനിന്ന് പഠിച്ച പാഠങ്ങൾ സുരക്ഷിത ബഹിരാകാശയാത്രയ്ക്ക് വഴിയൊരുങ്ങി. മികവുറ്റപേടകങ്ങൾ രൂപകല്പനചെയ്യാൻ കഴിഞ്ഞു. അങ്ങനെ ഞങ്ങളിലൂടെയുണ്ടായ ചെറിയ അദ്‌ഭുതം ശാസ്ത്രലോകത്തിന് നൽകിയത് മികച്ചസംഭാവനയായി മാറി.
? ഭൂമിയിലേക്ക് മടങ്ങുകയോ കുടുംബത്തെ വീണ്ടും കാണുകയോ ചെയ്യില്ലെന്ന് എപ്പോഴെങ്കിലും തോന്നിയോ
= ഒരു ഫൈറ്റർ പൈലറ്റ്, ടെസ്റ്റ് പൈലറ്റ്, ബഹിരാകാശയാത്രികൻ എന്നീ നിലകളിലുള്ള ജോലിക്ക് ഒരു റിസ്കുണ്ട്. തിരിച്ചുവരാൻ കഴിയാത്ത ഒരു സാധ്യത മുന്നിലുണ്ടെന്ന് എപ്പോഴും മനസ്സിലുണ്ടാകും. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തെ പരിപാലിക്കാൻ സ്ക്വാഡ്രനിലോ ഗ്രൂപ്പിലോ ഒരാളെ നിയോഗിക്കുന്ന പതിവുണ്ട്. അപ്പോളോ-13 പറക്കുന്നതിനുമുമ്പ് ജെറി കാറിനെയാണ് (പിന്നീട് സ്കൈലാബ് പറത്തിയ ആൾ) ഞാൻ നിയോഗിച്ചത്. വിൽപ്പത്രങ്ങൾ, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയ എല്ലാവ്യവസ്ഥകളും ഞാൻ പരിശോധിച്ചിരുന്നു.
? ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചപ്പോൾ എന്തുതോന്നി
= ചന്ദ്രനിലിറങ്ങാൻ ഞാൻ തയ്യാറെടുത്തിരുന്നു, ആ അവസരം ഒരു മിന്നലിൽ ഇല്ലാതായി. എന്നാൽ, ഭൂമിയിലേക്ക് തിരിച്ചുവരാൻ അവസരമില്ലെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.
Content Highlights: world moon day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..