കടലിനെ കൊല്ലരുത്‌ | ലോക സമുദ്രദിനം ഇന്ന്‌


 പ്രൊഫ. ജയനാരായണൻ കുറ്റിപ്പുറത്ത് , ആഞ്ജനേയൻ പി.

3 min read
Read later
Print
Share

1- മനോഹരം... തിരുവനന്തപുരം തീരത്ത് കടലിനടിയിലെ കടൽഫാനുകൾ, 2- ഭയാനകം... കടലിനടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ തേൾ മത്സ്യങ്ങൾ.

അതിശയകരമാം വിധം വൈവിധ്യപൂർണവും പരസ്പരബന്ധിതവുമായ ആവാസവ്യവസ്ഥകളുടെ മഹത്തായ ഒരു സഞ്ചയമാണ് സമുദ്രം. പവിഴപ്പുറ്റുകൾ (Coral reef), കടൽപ്പുല്ലുകൾ (Seagrass), കടൽപ്പായൽ (Algae) എന്നിവ സമുദ്രപരിസ്ഥിതിയിൽ കാണപ്പെടുന്ന സമ്പന്നതയുടെയും സങ്കീർണതയുടെയും ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. സൂക്ഷ്മാണുക്കൾമുതൽ സമുദ്ര സസ്തനികൾവരെയുള്ള ഒരുകൂട്ടം ജീവിവർഗങ്ങളുടെ നിലനിൽപ്പിന്റെ ആധാരമാണ് ഈ ആവാസവ്യവസ്ഥകൾ. വാസ്തവത്തിൽ, ഭൂമിയിലെ ജീവന്റെ 80 ശതമാനവും സമുദ്രത്തിലാണ് കാണപ്പെടുന്നത്. ഏകദേശം 5,00,000 മുതൽ 10 ദശലക്ഷംവരെ സമുദ്രജീവികൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അവയിൽ പലതും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കാലാവസ്ഥയുടെ കടിഞ്ഞാൺ

ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ സമുദ്രത്തിന്റെ പങ്ക് നിസ്തുലമാണ്‌. താരതമ്യേന ഉയർന്ന സൗരോർജം ലഭ്യമാകുന്ന ഭൂമധ്യരേഖയോടടുത്തുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്ന് തണുത്തുറഞ്ഞ ധ്രുവപ്രദേശങ്ങളിലേക്ക് ചൂടുകൂടിയ ജലവും ധ്രുവങ്ങളിൽനിന്ന് തിരികെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് തണുത്ത ജലവും കൊണ്ടുപോകുന്നതിലൂടെ, സമുദ്രപ്രവാഹങ്ങൾ ഒരു കൺവെയർ ബെൽറ്റുപോലെ പ്രവർത്തിക്കുകയും ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്ന സൗരവികിരണത്തിന്റെ അസമമായ വിതരണത്തെ സന്തുലിതമാക്കി ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആഗോള സമുദ്രജലപ്രവാഹപരീക്ഷണം (World Ocean Circulation Experiment) ഈ നിഗമനകൾക്ക് ഉപോദ്ബലകമായ തെളിവുകൾ നൽകിയിട്ടുണ്ട്.

അന്തരീക്ഷവും സമുദ്രവും

സമുദ്രങ്ങൾ ചലനാത്മകമായതിനാൽ, അവ ഭൗതികമായും രാസപരമായും അന്തരീക്ഷവുമായി സംവദിക്കുന്നു. മുഖ്യമായും താപം, ജലം, ആക്കം എന്നിവയുടെ കൈമാറ്റമാണ് ഭൗതികഘടകങ്ങൾ. സമുദ്രങ്ങൾ വലിയ അളവിലുള്ള താപോർജത്തിന്റെ സംഭരണികളായി പ്രവർത്തിക്കുന്നു. വാസ്തവത്തിൽ, ഗണിത മോഡലുകളെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതും അതേസമയം, അന്തരീക്ഷത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതുമായ ഹരിതഗൃഹതാപനതോതിൽ ഏറിയപങ്കും സമുദ്രങ്ങൾ ആഗിരണംചെയ്ത് സംഭരിക്കുന്നുണ്ട്. മുഴുവൻ അന്തരീക്ഷത്തിനും ഉൾക്കൊള്ളാവുന്ന അത്രയും തന്നെ താപം, ഉപരിതലത്തിൽനിന്നും ഏകദേശം 10 അടി ആഴത്തിൽവരെ നിലനിർത്തുന്നതിന് സമുദ്രത്തിനു കഴിയുന്നു.

രാസപരമായ ഇടപെടൽ

സമുദ്രവും അന്തരീക്ഷവുമായുള്ള രാസപരമായ ഇടപെടലുകളിൽ പ്രധാനപ്പെട്ടവയാണ് ജല, കാർബൺ ചക്രങ്ങൾ (Cycles). സമുദ്രത്തിന്റെ ഉപരിതലത്തിൽനിന്ന് ജലം ബാഷ്പീകരിക്കപ്പെട്ട് മേഘങ്ങൾ രൂപംകൊള്ളുന്നു. ജലബാഷ്പം ഒരു ഹരിതഗൃഹവാതകമായതിനാൽ അത് അന്തരീക്ഷത്തെ ചൂടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ, ഈ പ്രക്രിയ വഴി രൂപപ്പെടുന്ന മേഘങ്ങൾ ഭൂമിയിലെത്തുന്ന സൗരോർജത്തെ കുറച്ചെങ്കിലും തടയുകയും അതുവഴി അന്തരീക്ഷതാപം കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.
അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ്‌ സംഭരിക്കുന്നതിലും സംവഹനം ചെയ്യുന്നതിലും സമുദ്രങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. പരമ്പരാഗത ജൈവ ഇന്ധനങ്ങളുടെ ജ്വലനം, വനനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അന്തരീക്ഷത്തിൽ വർധിച്ചുവരുന്ന മനുഷ്യജന്യമായ കാർബൺഡയോക്‌സൈഡി​ന്റെ പകുതിയിലേറെ സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. സമുദ്രോപരിതലത്തിലുള്ള സൂക്ഷ്മ സസ്യപ്ലവകങ്ങൾ (Phytoplankton) പ്രകാശസംശ്ലേഷണം വഴി കാർബൺ ­ഡയോക്‌സൈഡിനെ ജൈവവസ്തുവാക്കി മാറ്റുകയും അത് പിന്നീട് ജൈവഗമനപ്രക്രിയയിലൂടെ (Biological Pump) സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയ അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡി​ന്റെ അളവ് നിയന്ത്രിച്ച്‌ അധിക കാർബൺ ബഹിർഗമനം സൃഷ്ടിക്കുന്ന ആഘാതം ലഘൂകരിക്കുന്നു.
സമകാലീന പഠനങ്ങളനുസരിച്ച് 1950 മുതൽ 2015 വരെ സമുദ്രോപരിതല താപനില ഒരുഡിഗ്രി സെൽഷ്യസ്‌ വരെ വർധിച്ചിട്ടുണ്ടെന്നുള്ളത് ആശങ്കാജനകമാണ്. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസമിതിയുടെ (IPCC) ആറാമത് വിലയിരുത്തൽക്കുറിപ്പ് (AR6) പ്രകാരം ഇന്ത്യൻ മഹാസമുദ്രം മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച് ഉയർന്നതോതിൽ ചൂടാകുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ഉഷ്ണമേഖലാപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ, സമുദ്രോപരിതലത്തിൽനിന്നും ഏകദേശം 700 മീറ്റർവരെ ആഴത്തിൽ ദ്രുതഗതിയിലുള്ള താപവർധന നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള താപതരംഗ വർധനയ്ക്കും (ഏകദേശം നാലുമടങ്ങ് വർധന), താരതമ്യേന ചുഴലിക്കാറ്റിന്റെ രൂപവത്‌കരണസാധ്യത കുറഞ്ഞ അറബിക്കടലിൽപ്പോലും ഇത്തരം തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ വർധിക്കാനും ഇടയാക്കി.

ഇന്ത്യാസമുദ്രവും അറബിക്കടലും

ഇന്ത്യൻ മഹാസമുദ്രത്തിലെ താപതരംഗങ്ങൾ മത്സ്യബന്ധനം, പവിഴപ്പുറ്റുകൾ, സസ്യ പ്ലവകങ്ങൾ എന്നിവയെ ഹാനികരമായി ബാധിക്കുന്നു. ഉദാഹരണത്തിന്, 1988-ലെ കോറൽ ബ്ലീച്ചിങ്, ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകളുടെ 46 ശതമാനം കുറയാൻ കാരണമായി. സമുദ്രോപരിതലത്തിലെ താപനില വർധന, സസ്യജന്തു പ്ലവകങ്ങളിൽ മാറ്റം വരുത്താനും അതുവഴി മത്സ്യോത്പാദനം കുറയാനും ഇടയാക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിലെ മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും മിതോഷ്ണമേഖലകളിലേക്ക് നീങ്ങുകയും (Regime Shift), അവിടത്തെ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രതികൂല പാരിസ്ഥിതിക മാറ്റങ്ങൾ, കേരളതീരത്തെ വാണിജ്യപരമായും പാരിസ്ഥിതികമായും പ്രാധാന്യമുള്ള മത്സ്യമായ മത്തിയുടെ (Oil Sardine) ലഭ്യത വൻതോതിൽ കുറയാൻ ഇടയാക്കിയതായി പുതിയപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രാഥമിക ഉത്‌പാദനക്ഷമത കുറയുന്നതിലേക്ക് നയിക്കുന്ന, ലംബമായും തിരശ്ചീനമായും നൂറുകണക്കിന് മീറ്ററുകളോളം നീണ്ടുകിടക്കുന്ന, ഓക്സിജൻ കുറഞ്ഞ മണ്ഡലങ്ങൾ (Oxygen Minimum Zone, OMZ) ഉള്ള ലോകത്തെ ചുരുക്കം സമുദ്രമേഖലകളിൽ ഒന്നാണ് അറബിക്കടൽ. ഇവിടെ ഓക്സിജന്റെ മൂല്യം ഒരു ലിറ്റർ കടൽജലത്തിന് 0.1 മില്ലി ലിറ്ററിൽ താഴെയാണ് (ml/L). കാലാവസ്ഥാ വ്യതിയാനവും മനുഷ്യസമ്മർദവും കാരണം അറബിക്കടലിൽ OMZ കൂടുതൽ വേഗത്തിൽ വികസിക്കുന്നതായി സമീപകാല റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നുമുണ്ട്.
ഇന്തോ-പസഫിക് സമുദ്രത്തിലെ ദ്രുതഗതിയിലുള്ള താപവർധനകാരണം ലോകമെമ്പാടുമുള്ള മഴയുടെ രീതിയും മാറുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയുടെ ലഭ്യതയിൽ പ്രാദേശികമായി വ്യതിയാനങ്ങളുണ്ടാവുകയും അത് കാർഷികരാജ്യമായ ഇന്ത്യയുടെ ഭക്ഷ്യ-സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

സമുദ്ര മലിനീകരണം ഉയർത്തുന്ന വെല്ലുവിളികൾ!

നമ്മുടെ സമുദ്രവും ജലപാതകളും സൂക്ഷ്മപ്ലാസ്റ്റിക് പദാർഥങ്ങൾമുതൽ മത്സ്യബന്ധന ഉപകരണങ്ങളും ഉപേക്ഷിക്കപ്പെട്ട കപ്പലുകളും വരെയുള്ള വിവിധ അവശിഷ്ടങ്ങൾകൊണ്ട് മലിനമായിരിക്കുന്നു.
മലിനജലത്തിൽനിന്നും കാർഷികകീടനാശിനികളുടെ ഒഴുക്കിൽനിന്നുമുള്ള അമോണിയയും ഫോസ്‌ഫേറ്റും പോലുള്ള ഉയർന്ന അളവിലുള്ള മൂലകങ്ങൾ സമുദ്രത്തിൽ ചേരുമ്പോൾ അമിതപോഷണം (Eturophication), ഓക്സിജൻലഭ്യത കുറവ് (Hypoxia) തുടങ്ങിയവയുണ്ടായി ആവാസവ്യവസ്ഥയ്ക്ക്‌ ഭീഷണി ഉയർത്തുന്നു. സമുദ്ര ആവാസവ്യവസ്ഥയിൽ, ആൽഗകളുടെയും സസ്യപ്ലവകങ്ങളുടെയും ആധിക്യത്തോടെ ആരംഭിക്കുന്ന ഒരു പ്രതിപ്രവർത്തനശൃംഖലയ്ക്ക് അമിതപോഷണം തുടക്കംകുറിക്കുന്നു. അനിയന്ത്രിതമായ വളരുന്ന ആൽഗകളിൽ ചിലത് മത്സ്യം, സസ്തനികൾ, പക്ഷികൾ എന്നിവയുടെ നിലനിൽപ്പിന് ഹാനികരമായ വിഷവസ്തുക്കളെ ഉത്‌പാദിപ്പിക്കുകയും അതിനുപുറമേ മനുഷ്യരുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.
സമുദ്രത്തെ സംരക്ഷിക്കുന്നതിന് മലിനീകരണം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവയുടെ നിയന്ത്രണം പരമപ്രധാനമാണ്. ഇതിനായി സുസ്ഥിരമായ സമ്പ്രദായങ്ങൾ (Sustainable practices) സ്വീകരിച്ച് സമുദ്രങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് നമ്മുടെ മുഖ്യ കടമയാണ്.

ഐ.ഐടി. ഖരഗ്‌പുരിൽ സെന്റർ ഫോർ ഓഷ്യൻ, റിവർ, അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസസിൽ അസോ. പ്രൊഫസറാണ്‌ ജയനാരായണൻ, അതേ വകുപ്പിൽ റിസർച്ച് സ്കോളറാണ്‌ ആഞ്ജനേയൻ

Content Highlights: world oceans day

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..