മോടിയോടെ യോഗി...


പ്രകാശൻ പുതിയേട്ടി

ചരിത്രം തിരുത്തി ബി.ജെ.പി. കുതിപ്പ്‌

ചരിത്രക്കുതിപ്പിൽ യോഗിയുടെ യാഗാശ്വം

ന്യൂഡൽഹി: മൂന്നുപതിറ്റാണ്ടിനുശേഷം ഉത്തർപ്രദേശിൽ ഒരു മുഖ്യമന്ത്രി അഞ്ചുവർഷം കാലാവധി തികച്ച് വീണ്ടും അധികാരമുറപ്പിക്കുന്നു. ഒന്നരപ്പതിറ്റാണ്ടിനിടയിൽ ഒരു മുഖ്യമന്ത്രി ആദ്യമായി മത്സരിച്ച് എം.എൽ.എ.യായിരിക്കുന്നു -ബി.ജെ.പി.യുടെ ഹിന്ദുത്വപ്രതീകമായ യോഗി ആദിത്യനാഥ്. കർഷകസമരം തീർത്ത മുറിവുകളും കോവിഡ് രണ്ടാം തരംഗകാലത്തെ പാളിച്ചകളും പാർട്ടിയിൽനിന്ന് മുതിർന്ന ഒ.ബി.സി. മന്ത്രിമാർ വിട്ടുപോയതും തിരിച്ചടിയാവുമെന്ന് ബി.ജെ.പി. തന്നെ കണക്കുകൂട്ടിയ സന്ദർഭത്തിൽനിന്നാണ് ഈ തിരിച്ചുവരവ്. 20 കോടിയോളം ജനങ്ങളും 80 ലോക്‌സഭാ സീറ്റുകളുമുള്ള സംസ്ഥാനത്ത് ചിട്ടയായ തന്ത്രങ്ങൾ മെനഞ്ഞ് അധികാരം പിടിച്ചെടുത്തത് യോഗിയെ ഉയർത്തിയിരിക്കുന്നത് ദേശീയരാഷ്ട്രീയത്തിൽ മുഖ്യസ്ഥാനങ്ങളിലൊന്നിലേക്കാണ്.
വിജയിച്ച്‌ യു.പി. പ്ലാൻ
പടിഞ്ഞാറൻ യു.പി.യിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവും ആർ.എൽ.ഡി.യുടെ ജയന്ത് ചൗധരിയും ഭരണകക്ഷി ജനങ്ങളെ മതത്തിന്റെപേരിൽ വിഭജിക്കുന്നു എന്ന ആരോപണം അഴിച്ചുവിട്ടുതുടങ്ങിയപ്പോഴേ വികസനത്തിൽ കേന്ദ്രീകരിച്ചായി ബി.ജെ.പി.യുടെ പ്രചാരണം. അതേസമയം, പ്രകടനപത്രികയിൽ ലവ് ജിഹാദ്, അയോധ്യയിലെ രാമായൺ സർവകലാശാല, സന്ന്യാസിമാർക്കായുള്ള പദ്ധതികൾ എന്നിവ ഉൾപ്പെടുത്തി ഹിന്ദുത്വ അജൻഡ ഊട്ടിയുറപ്പിക്കുകയും ചെയ്തു. കാശിയിലെ 700 കോടി ചെലവഴിച്ച ഇടനാഴി, അയോധ്യയിലെ ക്ഷേത്രനിർമാണം എന്നിവയും മുന്നോട്ടുവെച്ചു.
മത്സരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഡബിൾ എൻജിൻ സർക്കാരും കുടുംബാധിപത്യപാർട്ടികളും തമ്മിലാണെന്ന് യോഗിയും പ്രധാനമന്ത്രി മോദിയും പരിഹസിച്ചു. ബി.ജെ.പി. ദുർബലമെന്നു വിലയിരുത്തിയ 90 മണ്ഡലങ്ങൾ സന്ദർശിച്ച യോഗി, 207 റാലികളിലും റോഡ് ഷോകളിലുമാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ വാരാണസിയിൽ താമസിച്ച് യു.പി.യിൽ 27 റാലികളിൽ പങ്കാളിയായി.
കർഷകസമരം അതിജീവിച്ച്‌
കർഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ പടിഞ്ഞാറൻ യു.പി.യിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനോടിച്ച വാഹനമിടിച്ച് നാലു കർഷകർ കൊല്ലപ്പെട്ട ലഖിംപുർ ഖേരിയിൽ ബി.ജെ.പി. ജയിച്ചെങ്കിലും കർഷകസമരം ബി.ജെ.പി.ക്ക് തിരിച്ചടിയായി എന്നതാണ് യാഥാർഥ്യം. എൻ.ഡി.എ.യ്ക്ക്‌ നഷ്ടപ്പെട്ട അമ്പതോളം സീറ്റുകളിൽ പടിഞ്ഞാറൻ യു.പി.യിൽ ആർ.എൽ.ഡി.യും എസ്.പി.യും പിടിച്ചെടുത്ത സീറ്റുകളും ഉൾപ്പെടുന്നു.
ലഖിംപുർ ഖേരിയിലാകട്ടെ, ഹാഥ്റസിലാകട്ടെ, ഉന്നാവിലാകട്ടെ ബി.ജെ.പി.യുടെ ശക്തമായ കോട്ട തകർക്കാൻ ദളിത്-സ്ത്രീപീഡന പരാതികൾക്കൊന്നുമായില്ല.
എസ്.പി. നേതാവ് അഖിലേഷ് യാദവ് മുൻവർഷത്തെക്കാൾ 70-ലധികം സീറ്റുകൾ നേടിയത് ബി.ജെ.പി.ക്ക് ചൂണ്ടുപലകയാണ്. യാദവ-മുസ്‌ലിം കൂട്ടുകെട്ടിനൊപ്പം കർഷകരുടെയും പിന്നാക്കവിഭാഗങ്ങളുടെ വോട്ടും കൂടി വാങ്ങിയാണ് എസ്.പി.ക്ക് നേട്ടമുണ്ടാക്കാനായത്. ഇത്തവണ വോട്ടിങ് ശതമാനത്തിൽ 10 ശതമാനം വളർച്ചയുണ്ടായാൽ എസ്.പി. മുന്നേറുമെന്നായിരുന്നു തുടക്കംമുതൽ നിരീക്ഷകരുടെ പ്രവചനം. എസ്.പി. വോട്ടുവിഹിതം 21.82 ശതമാനത്തിൽനിന്ന് 32.1 ശതമാനമാക്കി ഉയർത്തിയെങ്കിലും ബി.എസ്.പി.യുടെ 22.23 ശതമാനം വോട്ടുവിഹിതം 12.7 ശതമാനമായി ചുരുങ്ങിയതോടെ ഇതിന് ഭരണത്തിലേറ്റുന്ന ഫലമുണ്ടായില്ല. അതേസമയം, സീറ്റുകൾ കുറഞ്ഞ ബി.ജെ.പി.യുടെ വോട്ടുവിഹിതം 41 ശതമാനമായി ഉയരുകയുംചെയ്തു.
കോൺഗ്രസിന്റെ തളർച്ച
യോഗി ആദിത്യനാഥിനെ കഴിഞ്ഞ അഞ്ചുവർഷവും രാഷ്ട്രീയമണ്ഡലത്തിൽ ഏറ്റവും ശക്തമായി എതിരിട്ടത് കോൺഗ്രസ്. ഹാഥ്റസും ലഖിംപുർ ഖേരിയും ബുലന്ദ് ശഹറുമെല്ലാം കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഓടിയെത്തിയതോടെ വലിയ രാഷ്ട്രീയവിവാദമായി. അപ്പോഴെല്ലാം നിശ്ശബ്ദമായിരുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളിന്റെ ജയന്ത് ചൗധരിയും ചേർന്ന് കർഷകസമരത്തിനുപിന്നാലെ ജാതി-കർഷക രാഷ്ട്രീയത്തിലൂടെ ഈ വിതയുടെ വിളവെടുത്തതും കൂടിയായി തിരഞ്ഞെടുപ്പു ഫലം.
പ്രിയങ്കയുടെ പ്രവർത്തനം അടിത്തട്ടിൽ സംഘടനയില്ലാത്ത കോൺഗ്രസിന് വോട്ടാക്കാനായില്ല.

Content Highlights: yogi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..